Quantcast

സീരീസിലെ വിവാദ രംഗം; നെറ്റ്ഫ്ലിക്സ് ബഹിഷ്കരണ ക്യാംപെയിനുമായി ഹിന്ദുത്വവാദികള്‍

ഇന്ത്യൻ നോവലിസ്റ്റും കവിയുമായ വിക്രം സേത്തിന്‍റെ ശ്രദ്ധേയമായ നോവലിനെ ആസ്പദമാക്കിയാണ് 'എ സ്യൂട്ടബിൾ ബോയ്' എന്ന സീരീസ് മീര നായര്‍ ഒരുക്കിയിരിക്കുന്നത്.

MediaOne Logo

  • Published:

    22 Nov 2020 12:09 PM GMT

സീരീസിലെ വിവാദ രംഗം; നെറ്റ്ഫ്ലിക്സ്  ബഹിഷ്കരണ ക്യാംപെയിനുമായി ഹിന്ദുത്വവാദികള്‍
X

പ്രശസ്ത സംവിധായക മീര നായര്‍ സംവിധാനം ചെയ്ത 'എ സ്യൂട്ടബിള്‍ ബോയ്' എന്ന നെറ്റ്ഫ്ലിക്സ് സീരീസിലെ വിവാദ രംഗങ്ങളില്‍ കടുത്ത പ്രതിഷേധവുമായി ഹിന്ദുത്വവാദികള്‍. സീരീസിലെ ക്ഷേത്രപരിസരത്തെ രംഗത്തില്‍ ഹൈന്ദവ വിശ്വാസിയായ നായിക കാമുകനായ അന്യമതസ്ഥനെ ചുംബിക്കുന്ന രംഗത്തിനെതിരെയാണ് നെറ്റ്ഫ്ലിക്സിനെതിരെ ബഹിഷ്കരണ ആഹ്വാനവുമായി ഹിന്ദുത്വവാദികള്‍ പ്രതിഷേധം ഉയര്‍ത്തുന്നത്.

ഈ സീരീസ്, ഹിന്ദുക്കളുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്നും ലൗ ജിഹാദ് പ്രോത്സാഹിപ്പിക്കുന്നുവെന്നും ആരോപിച്ചാണ് ട്വിറ്റര്‍ വഴി നെറ്റ്ഫ്ലിക്സിനെതിരെ ബഹിഷ്കരണ ആഹ്വാനം ഉയര്‍ത്തുന്നത്. വിവാദരംഗത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ബിജെപി നേതാവ് ഗൗരവ് തിവാരി വീഡിയോ പങ്കുവച്ച് വിമർശനം ഉന്നയിച്ചെത്തിയതോടെയാണ് സോഷ്യൽ മീഡിയയില്‍ പ്രതിഷേധം കനത്തത്. ക്ഷേത്രത്തിനുള്ളിൽ ഇത്തരമൊരു രംഗം ചിത്രീകരിച്ചത് സംബന്ധിച്ച് ചോദ്യം ഉയർത്തിയ തിവാരി, അണിയറ പ്രവർത്തകരെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. #BoycottNetflix നിലവില്‍ ട്വിറ്ററിൽ ട്രെന്‍ഡിംഗ് ആണ്.

ഇന്ത്യൻ നോവലിസ്റ്റും കവിയുമായ വിക്രം സേത്തിന്‍റെ ശ്രദ്ധേയമായ നോവലിനെ ആസ്പദമാക്കിയാണ് 'എ സ്യൂട്ടബിൾ ബോയ്' എന്ന സീരീസ് മീര നായര്‍ ഒരുക്കിയിരിക്കുന്നത്. നെറ്റ്ഫ്ലിക്സിൽ ആറ് എപ്പിസോഡ് ആയാണ് സീരീസ് സ്ട്രീം ചെയ്യുന്നത്. ബിബിസിയുടെ സ്ട്രീമിങ് പ്ലാറ്റ്‍ഫോം ആയ ബിബിസി ഐ പ്ലെയറില്‍ ജൂലൈ 26ന് ആദ്യം പ്രദര്‍ശനത്തിനെത്തിയ സിരീസ് മാസങ്ങള്‍ക്കിപ്പുറമാണ് നെറ്റ്ഫ്ലിക്സിൽ പ്രദര്‍ശനം ആരംഭിച്ചത്. സ്വാതന്ത്ര്യാന്തരവുമുള്ള ഇന്ത്യൻ കാലഘട്ടത്തിലെ നാല് കുടുംബങ്ങളുടെ കഥയാണ് നോവലില്‍ പ്രതിപാദിക്കുന്നത്. 1993 ലാണ് വിക്രം സേത്തിന്‍റെ നോവൽ പുറത്തിറങ്ങിയത്.

നേരത്തെ ഹിന്ദു-മുസ്‍ലിം ഐക്യം പ്രകടിപ്പിച്ചു കൊണ്ടുള്ള തനിഷ്ക് ജ്വല്ലറിയുടെ പരസ്യത്തിനെതിരെയും ലൗ ജിഹാദ് ആരോപിച്ച് പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

TAGS :

Next Story