Quantcast

ബുണ്ടസ്‌ലിഗ കിരീടത്തിലേക്ക് ഒരുപടികൂടി അടുത്ത് ബയേണ്‍ മ്യൂണിച്ച്

മൂന്ന് മത്സരങ്ങള്‍ കൂടി ശേഷിക്കെ ഒരു ജയം മാത്രം അകലെയാണ് ബയേണിന് ബുണ്ടസ് ലിഗ കിരീടം...

MediaOne Logo

  • Published:

    14 Jun 2020 1:13 AM GMT

ബുണ്ടസ്‌ലിഗ കിരീടത്തിലേക്ക് ഒരുപടികൂടി അടുത്ത് ബയേണ്‍ മ്യൂണിച്ച്
X

86ാം മിനുറ്റില്‍ ലിയോണ്‍ ഗൊരെറ്റ്‌സ്‌കയുടെ വിന്നറിലൂടെ ബുണ്ടസ്‌ലിഗയിലെ അപ്രമാദിത്വം ബയേണ്‍ മ്യൂണിച്ച് ഒരിക്കല്‍ കൂടി ഉറപ്പിച്ചു. ബൊറൂസിയ മോന്‍ചെഗ്ലാഡ്ബാച്ചിനെ 2-1ന് തോല്‍പിച്ചതോടെ ഏഴ് പോയിന്റിന്റെ മുന്‍തൂക്കം വീണ്ടും ബയേണ്‍ നിലനിര്‍ത്തി. മൂന്ന് മത്സരങ്ങള്‍ കൂടി ശേഷിക്കെ ഒരു ജയം മാത്രം അകലെയാണ് ബയേണിന് ബുണ്ടസ് ലിഗ കിരീടം.

സസ്‌പെന്‍ഷനിലായിരുന്ന ലെവന്‍ഡോവ്‌സ്‌കിയും തോമസ് മുള്ളറുമില്ലാതെ ഇറങ്ങിയ ബയേണ്‍ തുടക്കത്തില്‍ താളം കണ്ടെത്താന്‍ ബുദ്ധിമുട്ടി. 26ാം മിനുറ്റില്‍ ഗ്ലാഡ്ബാക്ക് ഗോളി യാന്‍ സോമറിന്റെ പിഴവാണ് ബയേണിനെ മുന്നിലെത്തിച്ചത്. സഹതാരത്തെ ലക്ഷ്യമിട്ട് യാന്‍ സോമര്‍ അടിച്ച പന്ത് നേരെയെത്തിയത് ലെവന്‍ഡോവ്‌സ്‌കിയുടെ പകരക്കാരനായിറങ്ങിയ ജോഷ്വയുടെ കാലില്‍. പരിശീലനത്തിന്റെ ലാഘവത്തോടെ ജോഷ്വ അവസരം ഗോളാക്കി മാറ്റി.

പതിനൊന്ന് മിനുറ്റിന് ശേഷം ബയേണ്‍ താരം ബെഞ്ചമിന്‍ പവാര്‍ഡിന്റെ സെല്‍ഫ് ഗോളാണ് ഗ്ലാഡ്ബാക്കിന് സമനില നേടിക്കൊടുത്തത്. എന്നാല്‍, നിശ്ചിത സമയം അവസാനിക്കാന്‍ നാല് മിനുറ്റ് ബാക്കി നില്‍ക്കെ ഗൊരെറ്റ്‌സ്‌ക ബയേണിന്റെ രക്ഷക്കെത്തി. ഇതോടെ തുടര്‍ച്ചയായി എട്ടാമത്തെ ബുണ്ടസ് ലിഗ കിരീടത്തിന് തൊട്ടടുത്തെത്തിയിരിക്കുകയാണ് ബയേണ്‍ മ്യൂണിച്ച്.

മറ്റൊരു മത്സരത്തില്‍ അവസാന വിസിലിന് തൊട്ട് മുമ്പ് 95ാം മിനുറ്റില്‍ ഹാലന്‍ഡ് നേടിയ ഗോളിലാണ് രണ്ടാം സ്ഥാനക്കാരായ ബൊറൂസിയ ഡോട്ട്മുണ്ട് ജയിച്ചത്. ലീഗില്‍ പതിനാറാം സ്ഥാനത്തുള്ള ഫോര്‍ച്യുന ദസല്‍ഡോര്‍ഫിനെയാണ് ഡോട്ട്മുണ്ട് കഷ്ടിച്ച് പരാജയപ്പെടുത്തിയത്. സീസണിലെ 41ാം ഗോളാണ് പകരക്കാരനായിറങ്ങിയ നോര്‍വീജിയന്‍ താരം ഹാലന്‍ഡ് നേടിയത്.

കളിയിലൊരിക്കലും ഡോട്ട്മുണ്ട് പതിവ് ഫോമിലേക്കുയര്‍ന്നില്ല. പലപ്പോഴും ഫോര്‍ച്യുന ദസല്‍ഡോര്‍ഫ് ഗോളിനടുത്തെത്തുകയും ചെയ്തു. തരംതാഴ്ത്തല്‍ ഭീഷണിയിലുള്ള ഫോര്‍ച്യുനയുടെ ഗോള്‍ ശ്രമങ്ങള്‍ രണ്ട് തവണയാണ് ബാറില്‍ തട്ടി മടങ്ങിയത്. 82ാം മിനുറ്റിലും 88ാം മിനുറ്റിലും പകരക്കാരനായിറങ്ങിയ സ്റ്റീവന്‍ സ്‌ക്രിബ്‌സ്‌കിയുടെ ഷോട്ടുകളാണ് ബാറില്‍ തട്ടി തീര്‍ന്നത്.

61ാം മിനുറ്റില്‍ പകരക്കാരനായാണ് എര്‍ലിംഗ് ഹാലഡ് കളിക്കളത്തിലെത്തിയത്. രണ്ടാം പകുതിയുടെ പരിക്ക് സമയത്ത് 95ാം മിനുറ്റിലായിരുന്നു നിര്‍ണ്ണായക ഗോള്‍ വന്നത്. മാനുവല്‍ അകാന്‍ജിയുടെ ക്രോസില്‍ തലവെച്ചാണ് ഹാലന്‍ഡ് ഡോട്ട്മുണ്ടിനെ ജയിപ്പിച്ചത്. കഴിഞ്ഞ 12 മത്സരങ്ങളില്‍ ഹാലന്‍ഡിന്‍റെ 11ാം ഗോളാണിത്. ഡോട്ട്മുണ്ടിനൊപ്പം ബയേണും ജയിച്ചതോടെ ഇനി ബൊറൂസിയ ഡോട്ട് മുണ്ടിന് രണ്ടാം സ്ഥാനത്തിനായി കളിക്കാം.

ബുണ്ടസ് ലിഗയിലെ മറ്റു മത്സരങ്ങളില്‍ എയിന്റ്‌റിച്ച് ഫ്രാങ്ക്ഫര്‍ട്ട് ഹെര്‍ത്തയേയും(4-1), വെര്‍ഡര്‍ പാഡെര്‍ബോണിനേയും(5-1), യൂണിയന്‍ ബെര്‍ലിന്‍ എഫ്.സി കോലിനേയും(2-1) തോല്‍പിച്ചു. വോള്‍വ്‌സ്ബര്‍ഗ് എസ്.സി ഫ്രെയ്ബര്‍ഗ് മത്സരം(2-2) സമനിലയിലായി.

TAGS :

Next Story