Quantcast

ബാഴ്‌സലോണയുടെ മത്സരത്തിനിടെ ഗുരുതര സുരക്ഷാ വീഴ്ച്ച, മെസിക്ക് തൊട്ടടുത്ത് ആരാധകന്‍

ഇടവേളക്ക് തൊട്ടു മുമ്പ് സുരക്ഷാ മതില്‍ ചാടിക്കടന്നാണ് ഇയാള്‍ സ്റ്റേഡിയത്തിനകത്തെത്തിയത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ മൈതാനത്തേക്ക് അതിക്രമിച്ചു കയറി മത്സരം തടസപ്പെടുത്തുകയും ചെയ്തു...

MediaOne Logo

  • Published:

    14 Jun 2020 3:30 AM GMT

ബാഴ്‌സലോണയുടെ മത്സരത്തിനിടെ ഗുരുതര സുരക്ഷാ വീഴ്ച്ച, മെസിക്ക് തൊട്ടടുത്ത് ആരാധകന്‍
X

കോവിഡ് ഇടവേളക്ക് ശേഷം ലാലിഗയില്‍ മത്സരങ്ങള്‍ വീണ്ടും ആരംഭിച്ചത് നിരവധി മുന്നൊരുക്കങ്ങളോടെയായിരുന്നു. അടച്ചിട്ട സ്‌റ്റേഡിയത്തില്‍ കാണികളെ ഒഴിവാക്കിയാണ് മത്സരങ്ങള്‍ നടന്നത്. എങ്കിലും ബാഴ്‌സലോണ റിയല്‍ മല്ലോര്‍ക മത്സരത്തിനിടെ ആരാധകനെന്ന് അവകാശപ്പെടുന്നയാള്‍ അതിക്രമിച്ചു കയറി മത്സരം തടസപ്പെടുത്തിയത് ഗുരുതര സുരക്ഷാ വീഴ്ച്ചയായി.

ബാഴ്‌സലോണ മല്ലോര്‍ക്കയെ നാല് ഗോളിന് തോല്‍പ്പിച്ച മത്സരത്തിനിടെയായിരുന്നു ആരാധകന്റെ കടന്നുകയറ്റം. പിന്നീട് സ്പാനിഷ് റേഡിയോ കാഡെന കോപിനോട് മല്ലോര്‍ക്കയിലെ താമസക്കാരനായ ഒരു ഫ്രഞ്ചു പൗരനാണ് താനെന്ന് ഇയാള്‍ പറഞ്ഞു.

മത്സരത്തിന്റെ ഇടവേളക്ക് തൊട്ടു മുമ്പ് രണ്ട് മീറ്റര്‍ ഉയരമുള്ള സുരക്ഷാ മതില്‍ ചാടിക്കടന്നാണ് ഇയാള്‍ സ്റ്റേഡിയത്തിനകത്തെത്തിയതെന്ന് കരുതപ്പെടുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിലായിരുന്നു ആരാധകന്റെ കളിക്കളത്തിലേക്കുള്ള കടന്നുകയറ്റം. മെസിയുടെ അര്‍ജന്‍റീന ജേഴ്സിയും ധരിച്ചായിരുന്നു ഇയാളുടെ വരവ്.

കളിക്കിടെ മൈതാനത്തെത്തിയ കടന്നുകയറ്റക്കാരനെ പിടികൂടാന്‍ ശ്രമിക്കുന്ന സുരക്ഷാ ജീവനക്കാരന്‍

'കളി നടക്കുന്നു എന്നറിഞ്ഞപ്പോള്‍ മുതല്‍ ഇതിന് ഞാന്‍ പദ്ധതിയിട്ടിരുന്നു. ഏറെ ആരാധിക്കുന്ന മെസിക്കൊപ്പം ഒരു ഫോട്ടോ എടുക്കുക മാത്രമായിരുന്നു ലക്ഷ്യം. അത്ര വ്യക്തമല്ലാത്ത ഒരു ഫോട്ടോ എടുക്കാനായെങ്കിലും പിന്നീട് പൊലീസ് അത് ഫോണില്‍ നിന്നും നീക്കം ചെയ്തു. എങ്കിലും അതൊരു നല്ല അനുഭവമായിരുന്നു' എന്നായിരുന്നു പേരു വെളിപ്പെടുത്താത്ത കടന്നുകയറ്റക്കാരന്‍ ആരാധകന്റെ പ്രതികരണമെന്ന് ഇ.എസ്.പി.എന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

ये भी पà¥�ें- നാല് ഗോള്‍ ജയത്തോടെ ബാഴ്‌സലോണ, അരങ്ങിലും അണിയറയിലും മെസി

മെസിയുടെ തൊട്ടരികില്‍ വെച്ച് ഇയാളെ സ്‌റ്റേഡിയം സുരക്ഷാ ജീവനക്കാരും പൊലീസും ചേര്‍ന്ന് പിടികൂടി. ആകെ 229 പേര്‍ക്ക് മാത്രം പ്രവേശനമുണ്ടായിരുന്ന മത്സരത്തിനിടെ സ്റ്റേഡിയത്തിലേക്ക് ഒരാള്‍ ഒളിച്ചുകടന്നത് ഗുരുതര സുരക്ഷാ വീഴ്ച്ചയായാണ് കണക്കാക്കുന്നത്. സുരക്ഷാ വീഴ്ച്ചയെക്കുറിച്ച് പ്രതികരിക്കാന്‍ മല്ലോര്‍ക്ക അധികൃതര്‍ തയ്യാറായിട്ടില്ല.

കോവിഡിനെ തുടര്‍ന്ന് നിരവധി നിയന്ത്രണങ്ങളാണ് കളിക്കാര്‍ക്കും ഒഫീഷ്യലുകള്‍ക്കും ഏര്‍പ്പെടുത്തിയിരിക്കുന്നത്. കളിക്കാര്‍ സ്റ്റേഡിയത്തിലേക്കെത്തുമ്പോഴും ഡ്രസിംങ് റൂമിലിരിക്കുമ്പോഴും കയ്യുറകളും മാസ്‌കും ധരിക്കണമെന്നതും നിര്‍ദേശമുണ്ടായിരുന്നു. നിശ്ചിത ഇടവേളകളില്‍ കളിക്കാര്‍ക്കും ഒഫീഷ്യലുകള്‍ക്കും കോവിഡ് പരിശോധനയും നടത്തുന്നുണ്ട്

TAGS :

Next Story