Quantcast

രാത്രി പുറപ്പെടുമെന്ന് അറിയിച്ച വിമാനം ഉച്ചയ്ക്ക് പുറപ്പെട്ടു: മലയാളി കുടുംബത്തിന്‍റെ യാത്ര മുടങ്ങി

നാല് പേരുടെ ടിക്കറ്റിന് ഏകദേശം 66400 രൂപ വരും. കഷ്ടപ്പെട്ട് ഉണ്ടാക്കിയ ഈതുക നഷ്ടപ്പെടുമോയെന്നും ഇനി എന്നാണ് നാട്ടിലേക്ക് പോകാന്‍ സാധിക്കുക എന്നും ഉള്ള ആശങ്കയില്‍ ഷഫീഖും കുടുംബവും

MediaOne Logo

  • Published:

    14 Jun 2020 2:41 AM GMT

രാത്രി പുറപ്പെടുമെന്ന് അറിയിച്ച വിമാനം ഉച്ചയ്ക്ക് പുറപ്പെട്ടു: മലയാളി  കുടുംബത്തിന്‍റെ യാത്ര മുടങ്ങി
X

ഖത്തറിലെ ഇന്ത്യന്‍ എംബസി അധികൃതരുടെ അനാസ്ഥ മൂലം മലയാളി കുടുംബത്തിന്‍റെ വന്ദേഭാരത് മിഷന്‍ വഴിയുള്ള മടക്കയാത്ര മുടങ്ങി. ഉച്ചയ്ക്ക് പുറപ്പെട്ട വിമാനം രാത്രിയെ പുറപ്പെടൂവെന്നാണ് ഇവരെ മെയില്‍ വഴി അറിയിച്ചിരുന്നത്. പണമടച്ചിട്ടും ടിക്കറ്റിന് പകരം റെസിപ്റ്റ് മാത്രമാണ് തന്നതെന്നും പ്രവാസി കുടുംബം പറയുന്നു.

മുഖ്യമന്ത്രി, വിദേശകാര്യമന്ത്രി, പ്രവാസി കാര്യമന്ത്രി തുടങ്ങിയവര്‍ക്കെല്ലാം അപേക്ഷകളയച്ച് നീണ്ട കാത്തിരിപ്പിന് ശേഷമാണ് തിരുവനന്തപുരം വള്ളക്കടവ് സ്വദേശി ഷെഫീഖ് ഷറഫുദ്ദീന്‍റെ സന്ദര്‍ശകവിസയില്‍ കൊണ്ടുവന്ന ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബത്തിന് വന്ദേഭാരത് മിഷന്‍ വഴി ദോഹയില്‍ നിന്നും നാട്ടിലേക്ക് മടങ്ങാന്‍ അവസരം ലഭിച്ചത്.

ഏഴാം തീയതിയാണ് തനിക്ക് എംബസിയില്‍ നിന്ന് മെയില്‍ വന്നതെന്നും അത് അനുസരിച്ച് എട്ടാം തീയതി താന്‍ പോയി ടിക്കറ്റ് എടുത്തെന്നും ഷെഫീഖ് പറയുന്നു. ടിക്കറ്റിന് പകരം തനിക്ക് ലഭിച്ചത് ഒരു ഇന്‍വോയിസ് ആണ്. മെയിലായും അറിയിപ്പ് വന്നു. ടിക്കറ്റ് തരാത്തത് എന്താണെന്ന് ചോദിച്ചപ്പോള്‍, ടിക്കറ്റ് മെയില്‍ വഴി വരുമെന്ന് അറിയിച്ചു. മെയില്‍ വഴിയും ടിക്കറ്റ് കിട്ടാതെ ആയപ്പോള്‍, അക്കാര്യം കാണിച്ച് ഒരു മെയില്‍ അയച്ചു. ടിക്കറ്റിന് പകരം ലഭിച്ച ഇന്‍വോയ്സ് തന്നെയാണ് ടിക്കറ്റ് എന്ന മറുപടിയാണ് അപ്പോള്‍ ലഭിച്ചത്. എയര്‍പോര്‍ട്ടില്‍ അത് കാണിച്ചാല്‍ മതിയെന്നും അറിയിച്ചു.

അതുപ്രകാരം ഇന്നലെ രാത്രി 11.10 നാണ് ഫ്ളൈറ്റ് എന്നാണ് അറിയിച്ചിരുന്നത്. പക്ഷേ ഉച്ചയ്ക്ക് ഒരുമണിക്ക് ഫോണ്‍വിളിച്ച് 1.55 നാണ് ഫ്ലൈറ്റ് എന്നും എത്രയുംപെട്ടെന്ന് എയര്‍പോര്‍ട്ടിലെത്തണമെന്നും അറിയിച്ചു. എത്ര ശ്രമിച്ചാലും ആ സമയം കൊണ്ട് എയര്‍പോര്‍ട്ടിലെത്തില്ല എന്ന് തുറന്നു പറഞ്ഞു ഷെഫീഖ്. എങ്കില്‍ നിങ്ങള്‍ എംബസിയുമായി ബന്ധപ്പെടൂ എന്നു പറഞ്ഞ് അവര്‍ ഫോണ്‍ വെച്ചു.

നാല് പേരുടെ ടിക്കറ്റിന് ഏകദേശം 66400 രൂപ വരും. കഷ്ടപ്പെട്ട് ഉണ്ടാക്കിയ ഇത്രയും വലിയ തുക നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് ഷഫീഖ്. ഇനി എപ്പോള്‍ ഈ കുടുംബത്തിന് നാട്ടില്‍ പോകാനാകും എന്നതിനും, നഷ്ടമായ പണം എന്ന് തിരിച്ചു കിട്ടും എന്നതിനും മറുപടി നല്‍കേണ്ടത് ദോഹയിലെ ഇന്ത്യന്‍ എംബസിയും എയര്‍ഇന്ത്യയുമാണ്.

TAGS :

Next Story