Quantcast

പൊലീസ് നിയമ ഭേദഗതി ഓർഡിനന്‍സ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഗവർണറോട് ആവശ്യപ്പെടും

പുതിയ നിയമം അനുസരിച്ച് കേസെടുക്കരുതെന്ന് പൊലീസിന് നിർദേശം നല്‍കിയിട്ടുണ്ടെന്ന് സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിച്ചു. പൊലീസ് നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹരജികള്‍ കോടതി നാളെ വീണ്ടും പരിഗണിക്കും.

MediaOne Logo

  • Published:

    24 Nov 2020 7:15 AM GMT

പൊലീസ് നിയമ ഭേദഗതി ഓർഡിനന്‍സ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഗവർണറോട് ആവശ്യപ്പെടും
X

പൊലീസ് നിയമ ഭേദഗതി ഓർഡിനന്‍സ് പിന്‍വലിക്കാനുള്ള നടപടികള്‍ സർക്കാർ ആരംഭിച്ചു. നാളെ ചേരുന്ന മന്ത്രിസഭായോഗം ഓർഡിനന്‍സ് പിന്‍വലിക്കണണമെന്ന് ഗവർണറോട് ആവശ്യപ്പെടും. പുതിയ നിയമം അനുസരിച്ച് കേസെടുക്കരുതെന്ന് പൊലീസിന് നിർദേശം നല്‍കിയിട്ടുണ്ടെന്ന് സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിച്ചു. പൊലീസ് നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹരജികള്‍ കോടതി നാളെ വീണ്ടും പരിഗണിക്കും. അതിനിടെ പരസ്യ വിമര്‍ശനവുമായി എം എ ബേബി രംഗത്ത് വന്നു.

പാര്‍ട്ടിയുടെയും മുന്നണിയുടെയും നയങ്ങളില്‍ നിന്ന് വ്യതിചലിച്ചെന്ന വിമര്‍ശനം ഒഴിവാക്കാന്‍ സര്‍ക്കാരിന് മുന്നില്‍ മറ്റ് വഴികള്‍ ഇല്ലാതായതോടെയാണ് സര്‍ക്കാര്‍ നിയമത്തില്‍ നിന്ന് പിന്നോട്ട് പോയത്. പൊലീസ് നിയമ ഭേദഗതി പിന്‍വലിക്കാന്‍ രാഷ്ട്രീയ തീരുമാനം എടുത്തെങ്കിലും ഭരണപരമായ നടപടിക്രമങ്ങള്‍ ബാക്കിയാണ്. ഇനി മൂന്നു വഴികളാണ് സര്‍ക്കാരിനു മുന്നിലുള്ളത്. ഭരണഘടനയുടെ അനുച്ഛേദം 213(2) പ്രകാരം നിയമസഭാ സമ്മേളനം തുടങ്ങുന്ന ദിവസം മുതല്‍ ആറാഴ്ച വരെ ഓര്‍ഡിനന്‍സ് നിയമ പ്രാബല്യമുണ്ടാകും. ആറാഴ്ചയ്ക്കുള്ളില്‍ ബില്‍ അവതരിപ്പിച്ച് പാസാക്കിയില്ലെങ്കില്‍ ഓര്‍ഡിനന്‍സ് റദ്ദാകും. ഓര്‍ഡിനന്‍സ് റദ്ദ് ചെയ്യണമെന്ന പ്രമേയം സഭയില്‍ അവതരിപ്പിച്ച് പാസാക്കിയെടുക്കാമെന്നാണ് മറ്റൊരു വഴി.

എന്നാല്‍ സഭാ സമ്മേളനം ഇനി ജനുവരിയിലേ ഉണ്ടാകൂ. ഓര്‍ഡിനന്‍സ് റദ്ദ് ചെയ്യാനുള്ള തീരുമാനം വൈകുംതോറും രാഷ്ട്രീയ സമ്മര്‍ദ്ദമേറും. ഓര്‍ഡിനന്‍സില്‍ നിന്ന് പിന്മാറുന്നെന്ന് വെറുതേ പറഞ്ഞാല്‍ പോരാ റദ്ദ് ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു കഴിഞ്ഞു. അതിനാലാണ് സര്‍ക്കാര്‍ മൂന്നാമത്തെ വഴി തേടുന്നത്. മന്ത്രിസഭ ശുപാര്‍ശ ചെയ്താല്‍ ഗവര്‍ണര്‍ക്ക് ഓര്‍ഡിനന്‍സ് പിന്‍വലിക്കാം. ഈ വഴിയിലൂടെയാകും സര്‍ക്കാര്‍ നീങ്ങുക. നാളത്തെ മന്ത്രിസഭാ യോഗം റിപ്പീലിങ് ഓര്‍ഡിനന്‍സ് പരിഗണിച്ച് ഗവര്‍ണര്‍ക്ക് അയക്കും.

അതേസമയം നിയമ ഭേദഗതിക്കെതിരെ പ്രതിപക്ഷ നേതാക്കള്‍ നല്‍കിയ ഹര്‍ജികള്‍ നാളെ പരിഗണിക്കാന്‍ ഹൈക്കോടതി മാറ്റി. പൊലീസ് നിയമ ഭേദഗതി പരിഷ്കരിക്കാൻ തീരുമാനിച്ചതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. നിയമം പരിഷ്കരിക്കും വരെ പുതിയ നിയമം നിലനിൽക്കുമെങ്കിലും അതിന്‍റെ പരിധിയിൽപ്പെടുന്ന കേസുകൾ രജിസ്റ്റർ ചെയ്യില്ലെന്നും സർക്കാർ അറിയിച്ചു.

TAGS :

Next Story