Quantcast

തമിഴ്നാട്ടില്‍ കോവിഡ് കേസുകളും മരണവും കൂടുന്നു: ഇന്നലെ രോഗം സ്ഥിരീകരിച്ചത് 1989 പേര്‍ക്ക്

ചെന്നൈയിൽ മാത്രം കോവിഡ് രോഗികളുടെ എണ്ണം 30408 ആയി

MediaOne Logo

  • Published:

    14 Jun 2020 12:51 AM GMT

തമിഴ്നാട്ടില്‍ കോവിഡ് കേസുകളും മരണവും കൂടുന്നു: ഇന്നലെ രോഗം സ്ഥിരീകരിച്ചത് 1989 പേര്‍ക്ക്
X

നിയന്ത്രാണാതീതമായി പടരുകയാണ് ദക്ഷിണേന്ത്യയില്‍ കോവിഡ്. വിവിധ സംസ്ഥാനങ്ങളിലായി ഇന്നലെ മരിച്ചത് 43 പേരാണ്. അഞ്ച് സംസ്ഥാനങ്ങളിലായി ഇതുവരെ മരിച്ചവരുടെ എണ്ണം 746 ആയി. 2785 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 60282 ആണ് രോഗബാധിതരുടെ എണ്ണം.

തമിഴ്നാട്ടില്‍ ഏറ്റവും അധികം രോഗികളും മരണവും റിപ്പോര്‍ട്ട് ചെയ്ത ദിവസമായിരുന്നു ഇന്നലെ. 1989 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 30 മരണം റിപ്പോര്‍ട്ട് ചെയ്തു. ചെന്നൈയിലെ രണ്ട് സര്‍ക്കാര്‍ ആശുപത്രികളിലായാണ് കൂടുതല്‍ മരണങ്ങള്‍ സംഭവിച്ചത്. 397 ആണ് സംസ്ഥാനത്തെ ആകെ മരണസംഖ്യ. രോഗബാധിതര്‍ 42,687. 1484 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ചെന്നൈയിൽ മാത്രം 30408 രോഗികളായി.

രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച, കോവിഡ് പ്രതിരോധ വിദഗ്ധ സമിതി യോഗം ചേരും. ലോക്ഡൌണില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള ശിപാര്‍ശകള്‍ നേരത്തെ തന്നെ സമിതി നല്‍കിയിരുന്നു. കോവിഡ് സ്ഥിരീകരിച്ച അണ്ണാഡിഎംകെ എംഎല്‍എ കെ.പഴനിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ചെന്നൈയിലെ ഹോട്സ്പോട്ടുകളില്‍ സഞ്ചരിക്കുന്ന കോവിഡ് ലാബുകള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ലോക്ഡൌണ്‍ നീട്ടുന്നതുമായി ബന്ധപ്പെട്ടുള്ള ഹര്‍ജികള്‍ മദ്രാസ് ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.

തെലങ്കാന, കര്‍ണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലായി 13 പേര്‍ കൂടി മരിച്ചു. നാല് സംസ്ഥാനങ്ങളിലായി 796 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 182 ആണ് തെലങ്കാനയിലെ മരണ സംഖ്യ. രോഗബാധിതരുടെ എണ്ണം 4737 ആണ്. തമിഴ്നാട് കഴിഞ്ഞാല്‍ ദക്ഷിണേന്ത്യയില്‍ കൂടുതല്‍ മരണങ്ങള്‍ നടന്നത് തെലങ്കാനയിലാണ്. 6824 ആണ് കര്‍ണാടകയിലെ രോഗബാധിതരുടെ എണ്ണം. ആന്ധ്രയിലും കര്‍ണാടകയിലും ഇതുവരെ മരിച്ചത് 82 പേര്‍ വീതമാണ്. 5858 പേര്‍ക്കാണ് ആന്ധ്രാപ്രദേശില്‍ ഇതുവരെ രോഗം ബാധിച്ചത്. 176 ആണ് പുതുച്ചേരിയിലെ രോഗബാധിതരുടെ എണ്ണം.

TAGS :

Next Story