Quantcast

വിധിയെഴുതാനൊരുങ്ങി ഗുജറാത്ത്: മൂന്നാം തവണയും ബി.ജെ.പി തൂത്തുവാരുമോ? ട്രെൻഡ് തിരുത്തുമോ ഇൻഡ്യ സഖ്യം?

ലോക്സഭാ തെരഞ്ഞെടുപ്പിലെ ആദ്യ വിജയം നേടി ഗുജറാത്തിൽ ബി.ജെ.പി അക്കൗണ്ട് തുറന്നെന്നതും ശ്രദ്ധേയമാണ്

MediaOne Logo

Lissy P

  • Updated:

    2024-05-05 08:15:29.0

Published:

5 May 2024 6:58 AM GMT

lok sabha election 2024,gujarat lok sabha election,Election2024,LokSabha2024,ഗുജറാത്ത് ലോക്സഭാ തെരഞ്ഞെടുപ്പ്,ഗുജറാത്ത് രാഷ്ട്രീയം,ഗുജറാത്ത് പോളിങ് ബൂത്തിലേക്ക്,ഗുജറാത്തില്‍ ആര് നേടും,ബി.ജെ.പി,മോദി ഇഫക്ട്
X

മെയ് ഏഴിന് ഗുജറാത്ത് പോളിങ് ബൂത്തിലേക്ക് നീങ്ങുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടത്തിലാണ് ഗുജറാത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെയും തട്ടകം. തുടർച്ചയായി രണ്ടു ലോക്സഭാ തെരഞ്ഞെടുപ്പിലും മുഴുവൻ സീറ്റിലും ബി.ജെ.പി തൂത്തുവാരിയ സംസ്ഥാനം. ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഗുജറാത്ത് ഏറ്റവും ശ്രദ്ധാകേന്ദ്രമാകുന്നതും ഇതൊക്കെക്കൊണ്ട് തന്നെയാണ്.

ഇത്തവണയും ബി.ജെ.പി തൂത്തുവാരുമെന്ന് തന്നെയാണ് ബി.ജെ.പിയുടെ ആത്മവിശ്വാസം. എന്നാൽ ഗുജറാത്തിൽ ഇത്തവണ മറിച്ചൊരു വിധിയെഴുത്തുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസും ഇൻഡ്യ മുന്നണിയും. അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പിലെ ആദ്യ വിജയം നേടി ഗുജറാത്തിൽ ബി.ജെ.പി അക്കൗണ്ട് തുറന്നിരിക്കുകയാണ്. സൂറത്തിലാണ് ബി.ജെ.പി സ്ഥാനാർഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.

2014 ഉം 2019 ആവർത്തിക്കുമോ?

26 ല്‍ 25 സീറ്റുകളിലേക്കാണ് ഗുജറാത്തിൽ മത്സരം നടക്കുന്നത്. ഇതില്‍ ഒരു സീറ്റില്‍ ഇതിനോടകം തന്നെ സ്ഥാനാര്‍ഥി എതിരില്ലാതെ തെരഞ്ഞെടക്കപ്പെട്ടു. രണ്ട് സീറ്റുകൾ പട്ടികജാതി (എസ്സി) വിഭാഗത്തിനും നാലെണ്ണം പട്ടികവർഗക്കാർക്കും (എസ്ടി) സംവരണം ചെയ്തിരിക്കുന്നു. 2014 ലിലും 2019 ലും 26 സീറ്റും ബി.ജെ.പിക്കൊപ്പമായിരുന്നു. കോൺഗ്രസിന് ഒരു സീറ്റ് പോലും നേടാനായില്ല. സംസ്ഥാനത്തെ ആകെ വോട്ടിന്റെ 62.21 ശതമാനം ബി.ജെ.പി സ്വന്തമാക്കിയപ്പോൾ 32 ശതമാനം വോട്ടു മാത്രമേ കോൺഗ്രസിന് നേടാനായൊള്ളൂ.


ട്രെൻഡ് തിരുത്തുമോ കോൺഗ്രസ്-ആം ആദ്മി-ഇൻഡ്യ സഖ്യം?

മുൻ കാലങ്ങളെ പോലെയല്ല, ഇത്തവണ ഗുജറാത്തിൽ ട്രെൻഡ് മാറുമെന്നാണ് കോൺഗ്രസും ആംആദ്മിയും ഉൾപ്പെടുന്ന ഇൻഡ്യ സഖ്യം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. ബി.ജെ.പിയുടെ പ്രധാന എതിരാളികളാണ് കോൺഗ്രസ്-ആംആദ്മി സഖ്യം..24 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കുമ്പോൾ രണ്ട് സീറ്റുകളിലാണ് ആം ആദ്മി മത്സരിക്കുന്നത്. ബി.എസ്.പിയാണ് മത്സരത്തിനിറങ്ങുന്ന മറ്റൊരു പാർട്ടി.


വോട്ടെടുപ്പിന് മുന്നേ ഗുജറാത്തില്‍ അക്കൗണ്ട് തുറന്ന് ബി.ജെ.പി

ഗുജറാത്തിലെ സൂറത്ത് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി മുകേഷ് ദലാൽ ആണ് എതിരില്ലാതെ തെരഞ്ഞെടുത്തത്. കോൺഗ്രസിന്റെ നിലേഷ് കുംഭാനിയുടെ പത്രിക തള്ളിയതിന് പിന്നാലെ ബിഎസ്പി സ്ഥാനാർഥിയും സ്വതന്ത്രൻമാരും പത്രിക പിൻവലിച്ചതോടെയാണ് ബി.ജെ.പി സ്ഥാനാർഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ തന്നെ അപൂർവമാണ് എതിരില്ലാത്ത വിജയം. പത്രിക സമർപ്പണം പൂർത്തിയായപ്പോൾ ബി.ജെ.പി അക്കൗണ്ട് തുറന്നുവെന്നതും ശ്രദ്ധേയമാണ്.


ഗുജറാത്തിലെ കണക്കിലെ കളികൾ

1960 ലാണ് ഗുജറാത്ത് സംസ്ഥാനം രൂപീകരിക്കുന്നത്. 1962ൽ ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നപ്പോൾ കോൺഗ്രസിനായിരുന്നു വിജയം. 1989 വരെ കോൺഗ്രസ് എം.പിമാർ തന്നെയാണ് ലോക്സഭയിലേക്ക് വിജയിച്ചു കയറിയത്. 84-ൽ ആകെ 26 സീറ്റിൽ 24-ഉം കോൺഗ്രസ് നേടി. ഒരു സീറ്റ് വീതം ബി .ജെ.പിയും ജനതാ പാർട്ടിയും നേടി. എന്നാൽ 89 ലെ തെരഞ്ഞെടുപ്പിലാണ് ബി.ജെ.പി വരവ് അറിയിക്കുന്നത്.

12 സീറ്റുകളാണ് ആ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്വന്തമാക്കിയത്. കോൺഗ്രസിന് വലിയ തിരിച്ചടി നേരിട്ടതും ആ തെരഞ്ഞെടുപ്പിലാണ്. വെറും മൂന്ന് സീറ്റായിരുന്നു കോൺഗ്രസിന് 89 ലെ തെരഞ്ഞെടുപ്പിൽ ലഭിച്ചത്. എന്നാൽ ജനതാദളാകട്ടെ 11 സീറ്റും നേടി. പിന്നീട് ഇങ്ങോട്ട് ബി.ജെ.പിയുടെ ആധിപത്യം തന്നെയാണ് ഗുജറാത്ത് തെരഞ്ഞെടുപ്പിൽ രാജ്യം കണ്ടത്.

2014 ലും 2019 ലും ബി.ജെ.പി മുഴുവൻ സീറ്റുകളും നേടി അവരുടെ കുത്തക ഉറപ്പിക്കുകയും ചെയ്തു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഗുജറാത്തിലെ 26 സീറ്റും നേടിയാണ് ബി.ജെ.പി കേന്ദ്രത്തിൽ അധികാരത്തിലെത്തിയത്.മോദി തരംഗം തന്നെയായിരുന്നു അന്ന് കോൺഗ്രസിനെ പരാജയത്തിന്റെ പടുകുഴിയിലേക്ക് നയിച്ചത്. 59.1 ശതമാനം വോട്ടുകളാണ് അന്ന് ബി.ജെ.പി നേടിയത്. 2009 ലെ തെരഞ്ഞെടുപ്പിലെ 11 സീറ്റുകളാണ് പൂജ്യം സീറ്റിലേക്ക് കോൺഗ്രസിനെ നയിച്ചത്.

ഭരണവിരുദ്ധത,തൊഴില്ലായ്മ; പോരായ്മകൾ വോട്ടാക്കാൻ പ്രതിപക്ഷം

ഭരണ വിരുദ്ധത, തൊഴിലില്ലായ്മ, പണപ്പെരുപ്പം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ എന്നിവയാണ് ഗുജറാത്ത് തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാവിഷയമാകുന്നത്. കഴിഞ്ഞ 10 വർഷത്തെ ബി.ജെ.പി ഭരണത്തിൽ ഭരണവിരുദ്ധ വികാരം മുതലെടുക്കാനാണ് കോൺഗ്രസടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ശ്രമിക്കുന്നത്. ഇതിന് പുറമെ കഴിഞ്ഞ 10 വർഷത്തിനിടെയുണ്ടായ വിലക്കയറ്റം ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. താഴ്ന്നതും ഇടത്തരം കുടുംബങ്ങളെയുമാണ് പണപ്പെരുപ്പം കൂടുതലായും ബാധിച്ചിരിക്കുന്നത്. ഈ വിഷയം ഉയർത്തിക്കാട്ടി മോദി സർക്കാരിനെതിരെ പ്രതിപക്ഷം നിരന്തരം ആക്രമണം നടത്തുകയാണ്. ഇത് തെരഞ്ഞെടുപ്പിൽ നിർണായകമാകുമെന്നാണ് പ്രതിപക്ഷപാർട്ടികളുടെ കണക്ക് കൂട്ടൽ.

തൊഴിലില്ലായ്മയാണ് പ്രതിപക്ഷ പാർട്ടികൾ കേന്ദ്രത്തിനെതിരെ ആഞ്ഞടിക്കാൻ ഉപയോഗിക്കുന്ന മറ്റൊരു ആയുധം. സാധാരണക്കാരുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്നതിനാൽ തെരഞ്ഞെടുപ്പിലുടനീളം തൊഴില്ലായ്മ പ്രശ്നം ഉയർത്തിക്കാട്ടുകയും ചെയ്യുന്നുണ്ട്. വോട്ടർമാർ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുമ്പോൾ ഈ പ്രശ്നം അവരുടെ മനസ്സിൽ ഉയർന്നുവരുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം.

വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ഗുജറാത്തിൽ ഇപ്പോഴും കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. ആവശ്യത്തിന് സ്‌കൂളുകളില്ലാത്തതും അധ്യാപകരുടെ കുറവുമെല്ലാം സംസ്ഥാനം നേരിടുന്ന വെല്ലുവിളികളാണ്. ഇതിന് പുറമെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും ഡോക്ടർമാരുടെയും അഭാവം ഗ്രാമങ്ങളിലെ ആരോഗ്യ സേവനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നു. ഈ വിഷയവും തെരഞ്ഞെടുപ്പിൽ ഉയർന്നുവരും. സംസ്ഥാനത്ത് കർഷകരും നിരവധി പ്രശ്നങ്ങൾ നേരിടുന്നുണ്ട്. മഴക്കെടുതിയിൽ ഉണ്ടായ കൃഷിനാശത്തിന് മതിയായ നഷ്ടപരിഹാരം ലഭിക്കാത്തത്, കൃഷിക്കാവശ്യമായ ഉല്‍പ്പന്നങ്ങളുടെ ലഭ്യതക്കുറവ് തുടങ്ങിയ വിഷയങ്ങളും ഈ വോട്ടെടുപ്പിൽ പ്രധാന പങ്കുവഹിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.


മോദി,അമിത്ഷാ...പ്രമുഖരുടെ കോട്ടകൾ...

പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ തുറപ്പുചീട്ട്. രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുന്നതിന് പുറമെ 2001 മുതൽ 2014 വരെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തിരുന്നയാളാണ് മോദി. സ്വന്തം സംസ്ഥാനത്ത് അനുയായികളുടെ മേലുള്ള ആധിപത്യം ഇപ്പോഴുമുണ്ട്. ആദ്യതവണ എം എൽ എ ആയപ്പോൾ തന്നെ മോദി ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. അതേ പോലെ തന്നെ അദ്ദേഹം ആദ്യ തവണ എം.പി ആയപ്പോൾ തന്നെ ഇന്ത്യയുടെ പ്രധാനമന്ത്രിയായെന്നതും പ്രത്യേകതയാണ്. 2014 ൽ വഡോദരയിൽ നിന്നാണ് മോദി വിജയിക്കുന്നത്. പിന്നീട് ഉത്തർപ്രദേശിലെ വാരാണസിയിൽ നിന്നാണ് ജനവിധി തേടിയയത്. മോദി ഇത്തവണയും ജനവിധി തേടുന്നത് വാരാണസിയിൽ നിന്നാണ്.

മുതിർന്ന നേതാവ് എൽ.കെ അദ്വാനിക്ക് പകരമാണ് അമിത്ഷാ 2019 ൽ ഗാന്ധിനഗറിൽ നിന്ന് മത്സരിക്കുന്നത്. 5.57 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ് ഷാക്ക് ലഭിച്ചത്. ഗാന്ധിനഗറിൽ നിന്ന് തന്നെയാണ് ഷാ ഇത്തവണയും മത്സരിക്കുന്നത്. രാജ്‌കോട്ടിൽ കേന്ദ്രമന്ത്രിയും മുൻ ഗുജറാത്ത് മന്ത്രിയുമായ പർഷോത്തം രൂപാല,പോർബന്തറിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ,നവസാരിയിൽ സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ സി.ആർ പാട്ടീൽ തുടങ്ങിയ പ്രമുഖരെല്ലാം മത്സരരംഗത്തുണ്ട്.

മത്സരിക്കാനില്ലെന്ന് സ്ഥാനാർഥികൾ; ബി.ജെ.പിയിലെ പൊട്ടിത്തെറികള്‍

സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ മത്സരിക്കാനില്ലെന്ന് രണ്ടു സ്ഥാനാർഥികൾ പ്രഖ്യാപിച്ചത് ബി.ജെ.പിക്ക് തലവേദനയായിരിക്കുകയാണ്. വഡോദരയിലെ സിറ്റിങ് എം.പിയും സ്ഥാനാർഥിയുമായ രഞ്ജൻബെൻ ഭട്ട്, സബർക്കന്ധയിലെ സ്ഥാനാർഥി ഭിക്കാജി താക്കൂർ എന്നിവരാണ് മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചത്. മൂന്നാംതവണയും ബി.ജെ.പി സീറ്റ് നൽകിയ രഞ്ജൻബെൻ ഭട്ട് വ്യക്തിപരമായ കാരണങ്ങളാൽ പിന്മാറുന്നുവെന്നാണ് അറിയിച്ചത്. സമൂഹമാധ്യമങ്ങളിലൂടെയാണ് തീരുമാനം ഇവർ പ്രഖ്യാപിച്ചത്. രഞ്ജൻബെൻ ഭട്ടിൻറെ സ്ഥാനാർഥിത്വത്തിൽ രൂക്ഷ വിമർശനവുമായി മഹിള മോർച്ച മുൻ ദേശീയ വൈസ് പ്രസിഡൻറ് ജ്യോതി പാണ്ഡ്യ രംഗത്തെത്തിയിരുന്നു. പാർട്ടിക്കുള്ളിലെ പടലപ്പിണക്കം വ്യക്തമാക്കുന്നതായിരുന്നു ഇത്. രഞ്ജൻബെൻ ഭട്ട് പിന്മാറിയതിന് പിന്നാലെ ജ്യോതി പാണ്ഡ്യയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു.

ഭട്ടിന്റെ പിന്മാറ്റത്തിന് പിന്നാലെയാണ് സബർക്കന്ധയിലെ സ്ഥാനാർഥി ഭിക്കാജി താക്കൂറും പിന്മാറ്റം പ്രഖ്യാപിച്ചത്. രണ്ടുതവണയായി ഇവിടെ വിജയിച്ചിരുന്ന ദീപ് സിങ് താക്കൂറിനെ മാറ്റിയാണ് ഭിക്കാജിക്ക് ടിക്കറ്റ് നൽകിയത്. മുൻ വി.എച്ച്.പി. നേതാവായ ഭിക്കാജി പാർട്ടിയുടെ ആരവല്ലി ജില്ല ജനറൽ സെക്രട്ടറിയാണ്. ഇദ്ദേഹത്തിന് സീറ്റ് നൽകിയതിൽ അതൃപ്തരായവർ ജാതിയെച്ചൊല്ലി വിവാദമുയർത്തിയിരുന്നു. ഇതാണ് ഭിക്കാജി താക്കൂറിൻറെ പിന്മാറ്റത്തിന് കാരണമെന്ന് പറയപ്പെടുന്നു. സ്ഥാനാർഥി പ്രഖ്യാപനം നേരേത്ത പൂർത്തിയാക്കിയതിനാൽ പ്രചാരണത്തിൽ ഇൻഡ്യ സഖ്യത്തെക്കാൾ ഏറെ മുന്നേറാൻ ബി ജെ പിക്ക് കഴിഞ്ഞിട്ടുണ്ട്. അതിനിടെ, പാർട്ടിയിൽ ചില പടലപ്പിണക്കങ്ങളുമുണ്ട്. കേതൻ ഇനാംദാർ എം.എൽ.എ രാജിവച്ചത് ബി.ജെ.പിക്ക് തിരിച്ചടിയാണ്.


കൂറുമാറി സ്ഥാനാർഥികൾ; കോൺഗ്രസിനും തിരിച്ചടി

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ നാല് എം.എൽ.മാർ ബി.ജെ.പിയിലേക്കുപോയത് കോൺഗ്രസിന് വൻ തിരിച്ചടിയാണ്. ഗുജറാത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷനും പോർബന്തർ എം.എൽ.എയുമായ അർജുൻ മോഢ് വാഡിയയും സംസ്ഥാന വർക്കിങ് പ്രസിഡന്റ് അംബരീഷ് ഡേറും പാർട്ടിവിട്ട് ബി.ജെ.പിയിൽ ചേർന്നതും മറ്റൊരു തിരിച്ചടിയായി.

അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കേണ്ടതില്ല എന്ന പാർട്ടി നേതാക്കളുടെ തീരുമാനമാണ് കോൺഗ്രസ് വിടാനുള്ള കാരണമായി അംബരീഷ് പറയുന്നത്. അഹമ്മദാബാദി ഈസ്റ്റിലെ കോൺഗ്രസ് സ്ഥാനാർഥി രോഹൻ ഗുപ്ത മത്സരത്തിൽനിന്ന് പിന്മാറിയതാണ് പാർട്ടിക്കേറ്റ മറ്റൊരു തിരിച്ചടി. പിതാവിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് പിൻമാറ്റമെന്ന് അദ്ദേഹം പറയുന്നുണ്ടെങ്കിലും പാർട്ടിയുമായുള്ള ഭിന്നതയാണ് കാരണമെന്ന് സൂചനയുണ്ട്.

പോളിങ് റെക്കോർഡുകൾ

2019ൽ സർവകാല പോളിങ്ങായിരുന്നു ഗുജറാത്തിലുണ്ടായിരുന്നത്. 64.11 ശതമാനമായിരുന്നു കഴിഞ്ഞ തവണത്തെ പോളിങ്. 1967 ലെ 63.77 എന്ന റെക്കോർഡാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തിരുത്തിക്കുറിച്ചത്. 2014 ൽ ഇത്63.6 ശതമാനമായിരുന്നു. സൗരാഷ്ട്ര മേഖലയിലെ അമ്രലിയിൽ ആയിരുന്നു ഏറ്റവും കുറവ് പോളിങ് - 55.75 ശതമാനം. പോർബന്തർ (56.79), സുരേന്ദ്രനഗർ (57.85), കച്ച് (58.22), ഭാവ്നഗർ (58.41) എന്നിവിടങ്ങളിലാണ് പിന്നീട് കുറവ് പോളിങ് രേഖപ്പെടുത്തിയത്. മറ്റിടങ്ങളിൽ എല്ലാം 60 ശതമാനത്തിൽ അധികം പോളിങ് ഉണ്ടായിരുന്നു. അമിത് ഷാ മൽസരിച്ച ഗാന്ധിനഗറിൽ 65.57 ശതമാനമായിരുന്നു പോളിങ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വോട്ടും ഇവിടെയായിരുന്നു. സെൻട്രൽ, സൗത്ത് ഗുജറാത്തിലെ നാലു മണ്ഡലങ്ങളിൽ 70 ശതമാനത്തിൽ കൂടുതൽ ആയിരുന്നു പോളിങ്. ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് വൽസാദിലാണ്- 75.21 ശതമാനം. ബർദോലി (73.57), ഛോട്ട ഉദയ്പൂർ (73.44), ബഹ്റൗച്ച് (73.21), വഡോദര (67.86) എന്നിവിടങ്ങളിലാണ് പിന്നീട് ഉയർന്ന പോളിങ്. ഇതിൽ വഡോദര ഒഴികെയുള്ള നാലു മണ്ഡലങ്ങളും ആദിവാസികൾക്ക് വലിയ പ്രാധാന്യമുള്ള മേഖലകൾ ആണ്.


എന്തുകൊണ്ട് ഗുജറാത്ത് ശ്രദ്ധാകേന്ദ്രമാകുന്നു ?

ഭാരതീയ ജനതാ പാർട്ടിയുടെ ശക്തികേന്ദ്രമായ ഗുജറാത്ത് ലോക്‌സഭാതെരഞ്ഞെടുപ്പിൽ ശ്രദ്ധാകേന്ദ്രമാകുന്നത് പല കാരണങ്ങൾ കൊണ്ടാണ്. കേന്ദ്രം ഭരിക്കുന്ന രണ്ട് അതികായരായ മോദിയുടെയും അമിത്ഷായുടെയും സ്വന്തം തട്ടകം എന്നത് തന്നെയാണ് ആദ്യത്തെ പ്രത്യേകത. കൂടാതെ ഭരണം നിലനിർത്തുന്നതിൽ ഗുജറാത്തിലെ വിജയവും നിർണായകമാണ്.പാർലമെന്റിന്റെ അധോസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഫലം തീരുമാനിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്.അതുകൊണ്ട് തന്നെ ഗുജറാത്ത് തെരഞ്ഞെടുപ്പ് രാജ്യം ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. 2014ലെ പൊതുതെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിച്ചത് രാജ്യത്തെങ്ങും ആഞ്ഞടിച്ച മോദി ഇഫക്ട് ആയിരുന്നു. പിന്നീട് നോട്ട് നിരോധനവും ജിഎസ്ടിയും ബീഫ് കൊലപാതകങ്ങളുമെല്ലാം മോദിയുടെ ജനപ്രീതി വല്ലാതെ ഇടിച്ച് താഴ്ത്തിയിരുന്നു. എന്നിട്ടും മോദി പ്രഭാവം കൊണ്ട് തന്നെ തുടർച്ചയായി രണ്ടുതവണയും ബി.ജെ.പി ഗുജറാത്തിൽ സീറ്റുകൾ മുഴുവൻ നേടിയെടുത്തു.


2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 63.1 ശതമാനവും കോൺഗ്രസിന് 32.6 ശതമാനവും ലഭിച്ചപ്പോൾ ബിജെപിയുടെ വോട്ട് വിഹിതം മൂന്ന് ശതമാനം വർധിച്ചു. 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് വിഹിതം 60.1 ശതമാനവും എതിരാളിയായ കോൺഗ്രസിന് 33.5 ശതമാനവും ആയിരുന്നു. കോൺഗ്രസും ബിജെപിയും തമ്മിലുള്ള നേരിട്ടുള്ള മത്സരത്തിനാണ് സംസ്ഥാനം പരമ്പരാഗതമായി സാക്ഷ്യം വഹിക്കുന്നത്.

2022-ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ആം ആദ്മി പാർട്ടിയും മത്സര രംഗത്തുണ്ട്. 2022 ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ, 182-ൽ 156-ൽ 156-ഉം നേടി സംസ്ഥാനഭരണം നിലനിർത്തി. പ്രതിപക്ഷമായ കോൺഗ്രസിന് 17 സീറ്റും എഎപിക്ക് 5 സീറ്റും ലഭിച്ചു. 1995 മുതൽ ബിജെപി തന്നെയാണ് സംസ്ഥാനം ഭരിക്കുന്നത്. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ, നരേന്ദ്ര മോദി തുടർച്ചയായി മൂന്നാം തവണയും കേന്ദ്രത്തിൽ അധികാരം പിടിക്കുമെന്നും മൂന്നാം തവണയും എല്ലാ സീറ്റുകളിലും വിജയം രേഖപ്പെടുത്തുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി.

കണ്ണുകളെല്ലാം ഇവിടേക്ക്

കച്ച്, ബനസ്‌കന്ത, പാടാൻ, മഹേശന, സബർകാന്ത, ഗാന്ധിനഗർ, അഹമ്മദാബാദ് ഈസ്റ്റ്, അഹമ്മദാബാദ് വെസ്റ്റ്, സുരേന്ദ്രനഗർ, രാജ്കോട്ട്, പോർബന്തർ, ജാംനഗർ, ജുനാഗഡ്, അമ്രേലി, ഭാവ്നഗർ, ആനന്ദ്, ഖേഡ, പഞ്ച്മഹൽ, ദാഹോദ്, വഡോദര, ഛോട്ടാ ഉദയ്പൂർ, ബറൂച്ച്,ബർദോലി, , നവസാരി, വൽസാദ് തുടങ്ങി ഗുജറാത്തിലെ 25 സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്.

TAGS :

Next Story