Quantcast

കാലിവയറില്‍ ഇവയൊന്നും കഴിക്കല്ലേ, ഒരു ദിവസം പോയിക്കിട്ടും..

രാവിലെ എന്ത് കഴിക്കുന്നോ അത് ആദിവസത്തെ മുഴുവന്‍ എനര്‍ജിയെയും ദഹനത്തെയും വരെ ബാധിക്കും.

MediaOne Logo

Web Desk

  • Published:

    4 May 2024 10:21 AM GMT

FOOD
X

പ്രഭാത ഭക്ഷണം എത്ര മാത്രം പ്രധാനമാണെന്ന് എല്ലാവര്‍ക്കും അറിയാമായിരിക്കും. ഇതെല്ലാം അറിയാമെങ്കിലും പ്രഭാത ഭക്ഷണം പലപ്പോഴായി പലകാരണങ്ങളാല്‍ കഴിക്കാന്‍ വിട്ടു പോകുന്നവരാണ് ഭൂരിഭാഗവും. ഇനി കഴിക്കുന്നതോ പല ഭക്ഷണങ്ങളുമാവും. രാവിലെ എന്ത് കഴിക്കുന്നോ അത് ആദിവസത്തെ മുഴുവന്‍ എനര്‍ജിയെയും ദഹനത്തെയും വരെ വലിയ രീതിയിൽ ബാധിക്കും. വെറും വയറ്റില്‍ കഴിക്കുന്ന ചില ഭക്ഷണങ്ങള്‍ ശരീരത്തിനും മനസിനും നല്ല ഉന്മേഷം നല്‍കുന്നതാണെങ്കില്‍ ചിലത് പിരിമുറുക്കങ്ങളും അസ്വസ്ഥതക്കും വരെ ഇടയാക്കും. ഒരു ദിവസം മുഴുവന്‍ നല്ല ഉന്മേഷം ഉണ്ടായിരിക്കാന്‍ ഈ ഭക്ഷണങ്ങളെ പ്രഭാത ഭക്ഷണത്തില്‍ നിന്നും മാറ്റിനിര്‍ത്തിയാല്‍ മതി.

സ്‌പൈസി ഫുഡുകളാണ് ഇതില്‍ പ്രധാനം. കഴിക്കാന്‍ രുചിയുണ്ടാവുമെങ്കിലും വെറും വയറ്റില്‍ ഇത്തരം ഫുഡുകള്‍ കഴിക്കുന്നത് നല്ലതല്ല. എരിവ് വയറ്റില്‍ പുകച്ചിലുണ്ടാക്കുകയും നെഞ്ചെരിച്ചില്‍ ഉണ്ടാക്കുകയും ചെയ്യും.

കോഫിയാണ് മറ്റൊരു വില്ലന്‍. പലരുടേയും പ്രഭാത ഭക്ഷണത്തിലെ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് കോഫി. ബ്ലാക്ക് കോഫിയിലെ അസിഡിക് സ്വഭാവവും പഞ്ചസാരയും പാലുത്പന്നങ്ങളും വയറിന് അസ്വസ്ഥതയുണ്ടാക്കും. വെറും വയറ്റിലാണെങ്കില്‍ കോഫി പോലുള്ള അസിഡിക് പാനീയങ്ങളും കാര്‍ബോണേറ്റഡ് പാനീയങ്ങളും ഒഴിവാക്കുന്നതാണ് നല്ലത്.

പൊരിച്ച കടികളും വെറും വയറ്റില്‍ കഴിക്കുന്നത് നല്ലതല്ല. വലിയ തോതില്‍ ഫാറ്റ് അടങ്ങിയ ഇവ ദഹിക്കാനും ഒരുപാട് സമയമെടുക്കും. ഇത് ദിവസം മുഴുവന്‍ അസ്വസ്ഥത, ക്ഷീണം, ഓക്കാനം തുടങ്ങിയവക്ക് ഇടയാക്കും. കൂടുതല്‍ ഊര്‍ജ്ജസ്വലമായ പ്രഭാതഭക്ഷണത്തിനായി ഓട്സ് അല്ലെങ്കില്‍ മുട്ട പോലുള്ള ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

ഫ്രൂട്ട് ജ്യൂസ് ആരോഗ്യകരമായ ഒരു ഓപ്ഷനാണെന്ന് തോന്നുമെങ്കിലും, പല്ലിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതിനാല്‍ ഒഴിഞ്ഞ വയറ്റില്‍ ഇത് കുടിക്കുന്നത് ഒഴിവാക്കാം. പഴച്ചാറിലെ ആസിഡ് പല്ലിന്റെ ഇനാമലിനെ നശിപ്പിക്കുകയും പല്ല് കേടാവാന്‍ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

ഒരു ദിവസം മുഴുവന്‍ ഉന്മേഷത്തോടെ ഇരിക്കാന്‍ ദഹനം വേഗത്തില്‍ നടക്കുന്ന ഭക്ഷണങ്ങളും പ്രോട്ടീന്‍, ഫൈബര്‍ എന്നിവ അടങ്ങുന്ന ഭക്ഷണങ്ങളും പ്രഭാത മെനുവില്‍ ഉള്‍പ്പെടുത്തുന്നതാണ് നല്ലത്.

TAGS :

Next Story