Quantcast

200 ദിവസത്തെ യുദ്ധം ഗസ്സയെ തരിപ്പണമാക്കി, പുനർനിർമ്മാണത്തിന് വർഷങ്ങളെടുക്കും: യു.എൻ ഏജൻസി

‘രണ്ടാം ലോകമഹായുദ്ധ കാലത്ത് ജർമ്മനിയിലെ നഗരങ്ങളിൽ സംഭവിച്ചതിനേക്കാൾ വലിയ നാശമാണ് ഗസ്സയിലുണ്ടായത്’

MediaOne Logo

Web Desk

  • Published:

    24 April 2024 10:06 AM GMT

gaza
X

200 ദിവസമായി തുടരുന്ന ഇസ്രായേലിന്റെ ആക്രമണം ഗസ്സയെ തകർത്ത് തരിപ്പണമാക്കിയെന്നും അടിസ്ഥാന സൗകര്യങ്ങൾക്ക് കാര്യമായ നാശനഷ്ടങ്ങൾ സംഭവി​ച്ചുവെന്നും യുനൈറ്റഡ് നാഷൻസ് റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി (യു.എൻ.ആർ.ഡബ്ല്യു.എ). തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ നീക്കാനും ഗസ്സയെ പുനർനിർമ്മിക്കാനും വർഷങ്ങൾ വേണ്ടിവരുമെന്നും ഏജൻസി അറിയിച്ചു.

‘യുദ്ധം 200 ദിവസം പിന്നിട്ടിരിക്കുന്നു. ഗസ്സയിൽ എല്ലായിടത്തും നാശനഷ്ടങ്ങളാണ്. അടിസ്ഥാന സൗകര്യങ്ങൾക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചു. പത്ത് ലക്ഷത്തിന് മുകളിൽ ആളുകൾക്ക് വീടുകൾ നഷ്ടപ്പെട്ടു. 75 ശതമാനം ജനങ്ങളും ആഭ്യന്തരമായി പലായനം ചെയ്തു. അവശിഷ്ടങ്ങൾ നീക്കാൻ വർഷങ്ങളെടുക്കും. വെടിനിർത്തൽ മാത്രമാണ് അവശേഷിക്കുന്ന ഏക പ്രതീക്ഷ’ -യു.എൻ.ആർ.ഡബ്ല്യു.എ സാമൂഹിക മാധ്യമമായ ‘എക്സി’ൽ കുറിച്ചു.

യുദ്ധത്തിൽ ഏകദേശം 23 ദശലക്ഷം ടൺ അവശിഷ്ടങ്ങളാണ് കുന്ന് കൂടിയിരിക്കുന്നതെന്ന് യു.എൻ ഏജൻസി കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. പൊട്ടിത്തെറിക്കാത്ത ആയുധങ്ങളും കെട്ടിട അവശിഷ്ടങ്ങളും നീക്കാൻ വർഷങ്ങളെടുക്കും. സ്കൂളുകൾ, ആശുപത്രികൾ, സിവിലയൻ അടിസ്ഥാന സൗകര്യങ്ങൾ എന്നിവക്കെല്ലാം വ്യാപക നാശമാണ്. ഇതിനാൽ തന്നെ രണ്ട് ദശലക്ഷത്തിലധികം ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിച്ചുവെന്നും യു.എൻ ഏജൻസി വ്യക്തമാക്കി.

അതേസമയം, ഫലസ്തീൻ ജനതക്കായി പ്രവർത്തിക്കുന്ന യു.എൻ.ആർ.ഡബ്ല്യു.എക്കുള്ള സഹായവിതരണം പുനരാരംഭിക്കാൻ നോർവേ ലോക​രാജ്യങ്ങളോട് ആവശ്യപ്പെട്ടു. ഒക്ടോബർ ഏഴിലെ ഹമാസിന്റെ ആക്രമണത്തിൽ ഏജൻസിയുടെ പ്രവർത്തകരും പങ്കാളിയായെന്ന് ആരോപിച്ച് യു.എൻ.ആർ.ഡബ്ല്യു.എക്കുള്ള സഹായവിതരണം അമേരിക്കയുൾപ്പെടെ വിവിധ രാജ്യങ്ങൾ നിർത്തി​വെച്ചിരുന്നു. ഈ ആരോപണത്തിന് ഇതുവരെ ഇസ്രായേൽ തെളിവ് നൽകിയിട്ടില്ലെന്ന് കഴിഞ്ഞദിവസം റിപ്പോർട്ട് പുറത്തുവന്നിരു​ന്നു. ഇതിന് പിന്നാലെയാണ് നോർവേയുടെ ആഹ്വാനം. നിലവിൽ ജൂൺ വരെയുള്ള പ്രവർത്തനങ്ങൾക്കുള്ള ഫണ്ടാണ് ഏജൻസിയുടെ കൈവശമുള്ളതെന്ന് യു.എൻ വക്താവ് പറഞ്ഞു.

ഗസ്സയിൽ ഇസ്രായേലിന്റെ നേതൃത്വത്തിൽ 200 ദിവസമായി തുടരുന്ന യുദ്ധം സമീപകാല ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതവും വിനാശകരവുമായ ഒന്നാണെന്ന് ലോകമെമ്പാടുമുള്ള വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഹമാസിനെ ഇല്ലാതാക്കാനാണ് യുദ്ധമെന്നും സാധാരണക്കാരായ ജനങ്ങ​ൾക്ക് പരിക്കേൽക്കാതിരിക്കാൻ തങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ടെന്നുമാണ് ഇസ്രായേൽ വാദം. എന്നാൽ, മരണസംഖ്യയും ഗസ്സയിലെ നാശത്തിന്റെയും വ്യാപ്തി മറിച്ചാണ് വ്യക്തമാക്കുന്നത്.

രണ്ടാം ലോകമഹായുദ്ധ കാലത്ത് ജർമ്മനിയിലെ നഗരങ്ങളിൽ സംഭവിച്ചതിനേക്കാൾ വലിയ നാശമാണ് ഗസ്സക്കെതിരായ ഇസ്രായേലിൻ്റെ യുദ്ധത്തിൽ സംഭവിച്ചിരിക്കുന്നതെന്ന് യൂറോപ്യൻ കമ്മീഷൻ വൈസ് പ്രസിഡൻ്റും വിദേശകാര്യ, സുരക്ഷാ നയങ്ങളുടെ ഉന്നത പ്രതിനിധിയുമായ ജോസെഫ് ബോറെൽ പറഞ്ഞു.

ഫ്രഞ്ച് നഗരമായ സ്ട്രാസ്ബർഗിൽ യൂറോപ്യൻ പാർലമെൻ്റിൻ്റെ പ്ലീനറി സെഷനിൽ നടത്തിയ പ്രസംഗത്തിലാണ് ജോസഫ് ബോറെൽ ഇക്കാര്യം വ്യക്തമാക്കിയത്.

34,200ന് മുകളിൽ ആളുകളാണ് ഗസ്സയിൽ കൊല്ലപ്പെ​ട്ടത്. 72,000ന് മുകളിൽ ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഭൗതിക അടിസ്ഥാന സൗകര്യങ്ങളുടെ 60 ശതമാനത്തിനും കേടുപാടുകൾ സംഭവിച്ചു. അതിൽ 35 ശതമാനവും പൂർണ്ണമായും നശിച്ചുവെന്നും തനിക്ക് പറയാൻ സാധിക്കുമെന്ന് ബോറെൽ പറഞ്ഞു.

രണ്ടാം ലോകമഹായുദ്ധ സമയത്ത് ജർമ്മൻ നഗരങ്ങളിലുണ്ടായ നാശനഷ്ടങ്ങളേക്കാൾ കൂടുതലാണ് ഗസ്സയിലെ നഗരങ്ങളിലുണ്ടായത്. ഇത് കൂടാതെ ഇസ്രായേൽ ആക്രമണത്തിൽ 249 മാനുഷിക പ്രവർത്തകരും 100ഓളം മാധ്യമപ്രവർത്തകരുമാണ് കൊല്ലപ്പെ​ട്ടത്.

ഇസ്രായേൽ അന്താരാഷ്ട്ര നിയമങ്ങളെ മാനിക്കുകയും അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ താൽക്കാലിക തീരുമാനങ്ങൾ നടപ്പാക്കുകയും എല്ലാ സിവിലയൻമാരുടെയും സംരക്ഷണം ഉറപ്പാക്കുകയും വേണം. കൂടാതെ സന്നദ്ധ പ്രവർത്തകരെ ലക്ഷ്യം വെക്കാതെ അവരുടെ പ്രവർത്തനങ്ങൾ തുടരാൻ അനുവദിക്കണമെന്നും ബോറൽ ഇസ്രായേലിനോട് ആവശ്യപ്പെട്ടു.

TAGS :

Next Story