Quantcast

ഫ്രീസറില്‍ നാല് കുഞ്ഞുങ്ങളുടെ മൃതദേഹം; 69 കാരിക്കെതിരെ തെളിവുകള്‍ കണ്ടെത്താനായില്ല

ഷൂ ബോക്‌സില്‍ ഫോയില്‍ പേപ്പറില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങള്‍. ഡിഎന്‍എ ടെസ്റ്റില്‍ നാല് കുട്ടികളും സഹോദരങ്ങളാണെന്ന് കണ്ടെത്തിയിരുന്നു.

MediaOne Logo

Web Desk

  • Updated:

    2024-05-04 05:22:52.0

Published:

4 May 2024 5:17 AM GMT

Alexis Aldamir
X

വാഷിങ്ടണ്‍: യു.എസിലെ ബോസ്റ്റണ്‍ അപ്പാര്‍ട്ട്‌മെന്റില്‍ ഫ്രീസറില്‍ നിന്നും നാല് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ വീട്ടുടമയായ സ്ത്രീക്കെതിരെ കേസ് എടുത്തില്ല. പല ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടെത്താന്‍ കഴിയാത്തതിനാല്‍, 2022 നവംബറില്‍ നടന്ന സംഭവത്തില്‍ വീട്ടുടമയായ 69 കാരി അലെക്‌സിസ് അല്‍ഡമിറിനെതിരെ കേസ് നിലനില്‍ക്കാന്‍ സാധ്യതയില്ലെന്ന് യു.എസ് സഫോള്‍ക്ക് ജില്ലാ അറ്റോര്‍ണി അറിയിച്ചു. ഏറെ സങ്കീര്‍ണവും അസാധാരണവും പ്രയാസമേറിയതുമായിരുന്നു ഈ സംഭവമെന്നും എന്നാല്‍ പല കാരണങ്ങളാല്‍ ഇവര്‍ ഈ കേസില്‍ വിചാരണ ചെയ്യപ്പെടുമെന്ന് താന്‍ കരുതുന്നില്ലെന്നും ജില്ലാ അറ്റോര്‍ണി അറിയിച്ചു.

കേസുമായി ബന്ധപ്പെട്ട അന്വേഷണം ഏറെ പ്രയാസവും അസാധാരണവുമായിരുന്നു. കേസിനെ ചുറ്റിപ്പറ്റി അസാധാരണമായ കാര്യങ്ങളാണുള്ളത്. ചിലതെല്ലാം കണ്ടെത്താന്‍ കഴിഞ്ഞെങ്കിലും പല ചോദ്യങ്ങള്‍ക്കും ഇനിയും ഉത്തരമില്ലെന്നും ഡിസ്ട്രിക്റ്റ് അറ്റോര്‍ണിയായ ഹെയ്ദന്‍ പറഞ്ഞു.

കേസിലെ പ്രതിയായ അലെക്‌സിസിന് നാല് കുട്ടികളെ എവിടെ നിന്ന് കിട്ടി എന്നതിനെ കുറിച്ചോ അവര്‍ അപ്പാര്‍ട്ട്‌മെന്റില്‍ പ്രസവിച്ചതാണോ എന്നതിനെ കുറിച്ചോ ഞങ്ങള്‍ക്ക് അറിയില്ല. കുട്ടികള്‍ക്ക് പ്രസവസമയത്ത് ജീവനുണ്ടായിരുന്നോ അതോ മരിച്ചിരുന്നോ എന്നതും അറിയില്ല. ഇനി അലെക്‌സിസ് ആണ് പ്രസിച്ചതെങ്കില്‍ അവര്‍ സ്വന്തം ഗര്‍ഭം എങ്ങനെ മറച്ചുവച്ചു എന്നതിനെ കുറിച്ചും വ്യക്തമായ ഉത്തരമില്ലെന്നും ഹെയ്ദന്‍ പറഞ്ഞു.

സൗത്ത് ബോസ്റ്റണിലെ അപ്പാര്‍ട്ട് മെന്റിലെ ഫ്രീസറില്‍ നിന്നും രണ്ടു വര്‍ഷം മുമ്പാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. അപ്പാര്‍ട്ട്‌മെന്റ് വൃത്തിയാക്കുന്നതിനിടെ ജീവനക്കാരിയാണ് മൃതദേഹം കണ്ടത്. പിന്നാലെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. രണ്ട് പെണ്‍കുട്ടികളുടെയും രണ്ട് ആണ്‍കുട്ടികളുടെയും മൃതദേഹമാണ് കണ്ടെത്തിയത്. ഷൂ ബോക്‌സില്‍ ഫോയില്‍ പേപ്പറില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങള്‍. ഡിഎന്‍എ ടെസ്റ്റില്‍ നാല് കുട്ടികളും സഹോദരങ്ങളാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ മരണകാരണമോ കുഞ്ഞുങ്ങള്‍ ജീവനോടെയാണോ ജനിച്ചതെന്നോ കണ്ടെത്താന്‍ മെഡിക്കല്‍ എക്‌സാമിനര്‍ക്ക് കഴിഞ്ഞില്ല. കുഞ്ഞുങ്ങള്‍ എത്രത്തോളം മരവിച്ചിരിക്കുകയായിരുന്നുവെന്ന് നിര്‍ണ്ണയിക്കാന്‍ ശാസ്ത്രീയമായ ഒരു രീതിയും ഇല്ലെന്നും അവര്‍ റിപ്പോര്‍ട്ട് ചെയ്തു. ഡിഎന്‍എ ടെസ്റ്റിലൂടെ കുട്ടികളുടെ പിതാവിന്റെ വിവരം കണ്ടെത്തിയെങ്കിലും ഇയാള്‍ 2011 ല്‍ മരിച്ചയാളാണെന്നായിരുന്നു റിപ്പോര്‍ട്ട്. അതേസമയം ചോദ്യം ചെയ്യലില്‍ സ്ത്രീ പരസ്പര ബന്ധമില്ലാതെയാണ് സംസാരിക്കുന്നതെന്നും. മാനസിക പ്രശ്‌നം നേരിടുന്നതായും അതിനാല്‍ തന്നെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുക പ്രയാസമാണെന്നും ജില്ലാ അറ്റോര്‍ണി പറഞ്ഞു.

Next Story