Quantcast
MediaOne Logo

ഡോ. ബിനോജ് നായര്‍

Published: 9 March 2023 10:10 AM GMT

നീതിയൊഴിഞ്ഞ നീതിപീഠങ്ങള്‍

സംഘ്പരിവാര്‍ ഭരണകൂടത്തിന്റെയും ഹിന്ദുത്വ തെരുവു തെമ്മാടികളുടെയും അതിക്രമങ്ങള്‍ക്കെതിരെ ഒന്നുമുരിയാടാതെ കണ്ണുമടച്ചിരിക്കുന്ന രാജ്യത്തിന്റെ ജുഡിഷ്യറിയുടെ നിര്‍വികാരതയുടെയും നിലപാട് വൈകല്യങ്ങളുടെയും പിന്നിലെ കാണാച്ചരടുകള്‍ നമ്മെ കൂടുതല്‍ ഞെട്ടിക്കുന്ന ചില യാഥാര്‍ഥ്യങ്ങളിലേക്ക് നയിക്കും. | TheFourthEye

നീതിയൊഴിഞ്ഞ നീതിപീഠങ്ങള്‍
X

ജനാധിപത്യം, മതേതരത്വം, മനുഷ്യാവകാശങ്ങള്‍ തുടങ്ങിയ ഒരുപിടി മഹദ് സങ്കല്‍പങ്ങളുടെ ഉദാത്ത മാതൃകയായി ഒരു കാലത്ത് ലോകഭൂപടത്തിന്റെ നെറുകയില്‍ സ്ഥാനം പിടിച്ച മഹാരാജ്യമാണ് നമ്മുടെ ഇന്ത്യ. എന്നാല്‍, ഒരു കാലത്ത് ലോകം അദ്ഭുതാദരവുകളോടെ വീക്ഷിച്ച അതേ ഇന്ത്യയെ നോക്കി ഇന്നവര്‍ സഹതാപവും അസ്വസ്ഥതയും ആശങ്കയും പങ്കുവെക്കുന്നു. മതന്യൂനപക്ഷങ്ങളെയും ദലിതുകളെയും കിട്ടുന്ന അവസരങ്ങളിലെല്ലാം ആക്രമിയ്ക്കാനും അത് റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങളെ ശ്വാസം മുട്ടിച്ച് വരുതിയ്ക്ക് നിര്‍ത്താനും മോദി ഭരണകൂടം പുലര്‍ത്തുന്ന സര്‍പ്പജാഗ്രത ലോകസമക്ഷം ഇന്ത്യയെ ഒരു കടലാസ്സ് ജനാധിപത്യമാക്കി വിലകുറച്ചു കളഞ്ഞിരിക്കുന്നു.

മുസ്‌ലിം വിരുദ്ധരായ രാഷ്ട്രീയ യജമാനന്മാരുടെ ഇച്ഛ നടപ്പാക്കാന്‍ വേണ്ടി എന്ത് വൃത്തികേടും ചെയ്യാന്‍ മടിയില്ലാത്ത ഇന്ത്യയിലെ പൊലീസ് സംവിധാനം നടത്തുന്ന മുസ്‌ലിം വേട്ട പരിഷ്‌കൃത സമൂഹങ്ങള്‍ക്കാകെ നാണക്കേടുണ്ടാക്കുന്നവയാണ്. ഇന്‍ഡോറിലെ ഇരുപത്തിയൊന്നുകാരിയായ മുസ്‌ലിം വിദ്യാര്‍ഥിനിയെ തങ്ങളുടെ മുന്നിലുള്ള തെളിവുകളൊന്നും പരിഗണിയ്ക്കാതെ PFI ഏജന്റ് എന്ന ഒരുപറ്റം ഹിന്ദുത്വ ഭീകരന്മാര്‍ എഴുതിക്കൊടുത്ത കള്ളക്കഥയുടെ ബലത്തില്‍ മാത്രം തടവിലാക്കിയ വാര്‍ത്ത പുറത്തുവന്നത് ഇക്കഴിഞ്ഞ ദിവസമാണ്. ഹരിയാനയിലെ ഭിവാനിയില്‍ ബജ്രംഗ്ദളിന്റെ കൊലയാളികള്‍ കാട്ടിലിട്ട് ചുട്ടുകരിച്ച ജുനൈദിന്റെയും നസീറിന്റെയും ജീവനെടുത്ത സംഭവത്തിനും കളമൊരുക്കിയത് അവിടത്തെ ബി.ജെ.പി സര്‍ക്കാര്‍ നിയന്ത്രിക്കുന്ന പൊലീസാണെന്ന വസ്തുതയും നമുക്ക് മുന്നിലുണ്ട്.

വോട്ട് ചെയ്ത് അധികാരത്തിലേറ്റിയ പട്ടിണി കിടക്കുന്ന പൗരനെ തിരിഞ്ഞുനോക്കാതെ ഗോമാതാവിന് സംരക്ഷണമൊരുക്കുന്ന ഗോസംരക്ഷണ നിയമങ്ങള്‍ വഴി മുസ്‌ലിംകളെ തിരഞ്ഞുപിടിച്ചു കൊല്ലുന്നതിന് ഹിന്ദുത്വ ഭ്രാന്തന്മാര്‍ക്ക് കുറുക്കുവഴിയൊരുക്കി കൊടുക്കുന്നതില്‍ ബി.ജെ.പിയുടെ സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ മത്സരമാണ്. ഭക്ഷണമോ മരുന്നോ പാര്‍പ്പിടമോ ഇല്ലാതെ ലക്ഷക്കണക്കിന് മനുഷ്യര്‍ കടത്തിണ്ണകളില്‍ അന്തിയുറങ്ങുന്ന നാട്ടില്‍ പശുക്കള്‍ക്ക് ആംബുലന്‍സും ഇന്‍ഷുറന്‍സുമൊരുക്കാന്‍ തൊഴുത്തുകള്‍ കയറിയിറങ്ങുന്ന ജില്ലാ മജിസ്ട്രേറ്റുമാരും സീനിയര്‍ പൊലീസ് ഉഗ്യോഗസ്ഥരും പ്രാകൃത ഗോത്രീയതയില്‍ അഭിരമിയ്ക്കുന്ന ഹിന്ദുത്വ ഇന്ത്യയില്‍ മാത്രം കാണാനാവുന്ന കാഴ്ചയാണ്.

ഗോസംരക്ഷണ നിയമങ്ങള്‍ പാസ്സാക്കി പ്രത്യേക ഗോസംരക്ഷണ സെല്ലുകള്‍ രൂപീകരിക്കുകയും മുസ്‌ലിംകളെ കശാപ്പ് ചെയ്യാനുള്ള മാര്‍ഗം തേടിയലയുന്ന ബജ്രംഗ്ദള്‍ പോലുള്ള തീവ്രവാദികളെ അതിലേയ്ക്ക് നിയമിക്കുകയും ചെയ്യുക എന്നതാണ് ഹരിയാന പോലുള്ള സംസ്ഥാനങ്ങളിലെ ബി.ജെ.പി സര്‍ക്കാരുകള്‍ ഇപ്പോള്‍ ചെയ്തു വരുന്നത്. അതോടെ നിയമനിര്‍വഹണം എന്ന പേരില്‍ സര്‍ക്കാരിന്റെ പൂര്‍ണ്ണ അറിവോടെയും സമ്മതത്തോടെയും ഏത് മുസ്‌ലിമിനെയും മതപരമായി ലക്ഷ്യം വെച്ച് വേട്ടയാടാനും അകാരണമായി കൊന്നുതള്ളാനുമുള്ള അനിയന്ത്രിതമായ സൗകര്യമാണ് സംഘപരിവാറിന്റെ ഗുണ്ടകള്‍ക്ക് കൈവന്നിട്ടുള്ളത്. രാഷ്ട്രീയ പാദസേവയ്ക്ക് കുപ്രസിദ്ധി നേടിയിട്ടുള്ള ഇന്ത്യയിലെ പൊലീസ് സംവിധാനത്തിനും ഇത് മുസ്‌ലിംകളോടുള്ള കണക്കുകള്‍ തീര്‍ക്കാനുള്ള സുവര്‍ണ്ണാവസരമായി മാറുന്നു.


എക്‌സിക്യു്ട്ടിവ് സംവിധാനം ഇപ്രകാരം രാജ്യമാകെ മുസ്‌ലിംകള്‍ക്ക് കശാപ്പുശാലകള്‍ ഒരുക്കുമ്പോള്‍ സാധാരണക്കാരന്റെ അവസാന ആശ്രയമായ ജുഡീഷ്യറിയും അതിനൊപ്പം ഹിന്ദുത്വ അജണ്ടയുടെ നടത്തിപ്പുകാരായി അധഃപതിക്കുന്ന ദയനീയമായ കാഴ്ചയും നാം കാണുന്നു. സംഘ്പരിവാര്‍ ഭരണകൂടത്തിന്റെ തീവ്രഹിന്ദുത്വ നയങ്ങളുടെ രക്ഷാധികാരികളും പ്രചാരകരുമായി ഊറ്റം കൊള്ളുന്ന ഇന്ത്യന്‍ ജുഡീഷ്യറിയിലെ ഒരു വലിയ വിഭാഗത്തിന്റെ നിന്ദ്യവും ജുഗുപ്‌സാവഹവുമായ നിര്‍വികാരത മനുഷ്യമനഃസാക്ഷിയെ തന്നെ മരവിപ്പിക്കുന്നതാണ്. നിഷ്പക്ഷ നീതിയുടെ കാവലാള്‍ എന്ന് നാമെല്ലാം തെറ്റിദ്ധരിച്ചു പോയ ഇക്കൂട്ടരില്‍ താനൊരു മോദി ഭക്തനാണെന്ന് ഉറക്കെ പ്രഖ്യാപിക്കാനുള്ള വങ്കത്തം പോലും അലങ്കാരമായി കരുതുന്നവരുണ്ട് എന്നറിയുമ്പോഴാണ് രാജ്യം നീതിയുടെ വിനാശകാലത്തേയ്ക്ക് പ്രവേശിച്ചു കഴിഞ്ഞു എന്ന് നാം നെഞ്ചിടിപ്പോടെ മനസ്സിലാക്കുന്നത്.

Post-retirement appointment എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന കൈക്കൂലി നല്‍കി പരസ്യമായി ജഡ്ജിമാരെ വിലയ്ക്ക് വാങ്ങുക എന്നതാണ് സാമാന്യ നീതിയുടെ ഘാതകരായി മാറിക്കഴിഞ്ഞ മോദി ഭരണകൂടം ഇപ്പോള്‍ ഏര്‍പ്പെട്ടിട്ടുള്ള ജനാധിപത്യ ധ്വംസനത്തിന്റെ കുറുക്കുവഴി. സ്വതന്ത്ര ഇന്ത്യ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും അനീതി നിറഞ്ഞ വിധി എന്ന് കണ്ണുമടച്ചു വിളിയ്ക്കാവുന്ന അയോധ്യാ വിധിയില്‍ സാമാന്യനീതി അട്ടിമറിച്ച് കയ്യേറ്റക്കാര്‍ക്ക് ഭൂമി വിട്ട് നല്‍കിയ അഞ്ച് ജഡ്ജിമാരില്‍ മൂന്നിനേയും വിരമിച്ച ശേഷം മോദി സര്‍ക്കാര്‍ ഇപ്രകാരം ഉപകാരസ്മരണയോടെ ഉയര്‍ന്ന സ്ഥാനങ്ങളില്‍ പ്രതിഷ്ഠിച്ചു എന്നത് മറന്നു കൂടാ. സ്ഥാനക്കയറ്റത്തിനും സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കുമായി മോദിയെ ബഹുമുഖ പ്രതിഭയും വിശ്വഗുരുവുമായി വാഴ്ത്തുന്ന അരുണ്‍ മിശ്രയെപ്പോലുള്ള സുപ്രീം കോടതി ജഡ്ജിമാര്‍ നീതിപീഠത്തില്‍ ഇരിപ്പുറപ്പിച്ചിട്ടുള്ള രാജ്യത്ത് നീതി പുലരുമെന്ന് സ്വപ്നം കാണുന്നവരെപ്പറ്റി സഹതപിക്കുകയേ വഴിയുള്ളൂ.

മോദീ ഭാരതത്തിലെ ന്യായാധിപന്മാര്‍ നീതിയെ തൃണവത്ഗണിച്ചു കൊണ്ട് ഹിന്ദുത്വ താല്‍പര്യങ്ങള്‍ക്ക് കുടപിടിച്ചു കൊടുത്ത ലജ്ജാകരമായ ഉദാഹരണങ്ങള്‍ അനവധിയാണ്. സംഘ പരിവാര്‍ പടച്ചു വിടുന്ന നുണകളെയും ബി.ജെ.പിയുടെ IT Cell നടത്തുന്ന കലാപശ്രമങ്ങളെയും തുറന്നു കാണിക്കാന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ വൈമുഖ്യം കാണിക്കുമ്പോള്‍ ജനങ്ങള്‍ക്ക് മുന്നില്‍ വസ്തുതകള്‍ തുറന്നു വയ്ക്കുന്ന AltNews ന്റെ നടത്തിപ്പുകാരനായ മുഹമ്മദ് സുബൈറിന് നേരിടേണ്ടി വന്ന നീതിനിഷേധം തന്നെ ആദ്യം പരിശോധിക്കാം. ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ ബി.ജെ.പി വക്താവ് നൂപുര്‍ ശര്‍മ്മ നടത്തിയ പ്രവചനിന്ദ മൂടിവെയ്ക്കാതെ ജനശ്രദ്ധയില്‍ കൊണ്ടുവന്നതിനെ കലാപശ്രമമെന്ന് മുദ്രകുത്തി ഡല്‍ഹി പൊലീസ് സുബൈറിനെ അറസ്റ്റ് ചെയ്യുകയുയായിരുന്നു. സുബൈര്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാതിരുന്നെങ്കില്‍ മുസ്‌ലിംകളുടെ പ്രതിഷേധവും ഭാരതത്തിന് ലോകരാഷ്ട്രങ്ങളുടെ മുന്നില്‍ അപമാനവും ഉണ്ടാവില്ലായിരുന്നു എന്നായിരുന്നു ഹിന്ദുത്വ പൊലിസിന്റെ കണ്ടെത്തല്‍.


രാജ്യത്തെ പ്രമുഖ മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്ത അതേ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിനാണ് സുബൈറിനെ ഒറ്റതിരിഞ്ഞ് പൊലീസ് വേട്ടയാടിയത് എന്നോര്‍ക്കുക. ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ തന്റെ കടമ നിറവേറ്റുക മാത്രം ചെയ്ത സുബൈറിന്റെ പ്രവര്‍ത്തിയെ വലിയ പ്രത്യാഘാതമുണ്ടാക്കുന്നത് എന്ന് വിശേഷിപ്പിച്ച് ജാമ്യാപേക്ഷ തള്ളിയ ഡല്‍ഹി കോടതിയുടെ വിധി നീതിന്യായ വ്യവസ്ഥയ്ക്ക് തന്നെ നാണക്കേടല്ലേ? സ്റ്റാന്‍ സ്വാമി, ഉമര്‍ ഖാലിദ്, സഫൂറ സര്‍ഗാര്‍, ആനന്ദ് തെല്‍തുംഡേ, സുധ ഭരദ്വാജ്, ഷര്‍ജീല്‍ ഇമാം തുടങ്ങി നിരവധി നിരപരാധികളെ യാതൊരു തെളിവുമില്ലാതെ അനിശ്ചിതകാലത്തേയ്ക്ക് കാരാഗൃഹത്തില്‍ തള്ളാന്‍ മോദിയുടെ ഫാഷിസ്റ്റ് ഭരണകൂടത്തിന് കുടപിടിച്ചു കൊടുത്ത ഇന്ത്യയിലെ കോടതികളുടെ ഭരണവിധേയത്വം ലജ്ജാകരവും പ്രതിഷേധാര്‍ഹവുമാണ്.

ഇനി, മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് ഹിജാബ് നിര്‍ബന്ധമില്ലെന്ന് വിധി പറഞ്ഞ കര്‍ണ്ണാടക ഹൈക്കോടതി വിധിയെപ്പറ്റി പറയാം. ഒരു ബി.ജെ.പി MLA യുടെ കുബുദ്ധിയില്‍ നിന്ന് ഉടലെടുത്തത് എന്ന് പകല്‍ പോലെ സ്പഷ്ടമായ അനാവശ്യമായ ഹിജാബ് വിവാദത്തില്‍ അന്ന് വരെ മുസ്‌ലിം കുട്ടികള്‍ സ്‌കൂളില്‍ ധരിയ്ക്കാറുള്ള ഹിജാബ് പെട്ടെന്നൊരു ദിവസം വിലക്കുകയാണ് ഉണ്ടായത് എന്ന് നമുക്കറിയാം. ഇസ്‌ലാമിക ചര്യാപദ്ധതികളിലോ നിയമശാസ്ത്രത്തിലോ യാതൊരു അവഗാഹവും അവകാശപ്പെടാനില്ലാത്ത കര്‍ണ്ണാടക ഹൈക്കോടതിയിലെ ജഡ്ജിമാര്‍ തങ്ങളുടെ വിധിയില്‍ മതകാര്യങ്ങളിലുള്ള ഖുര്‍ആനിന്റെ വിവക്ഷയെപ്പറ്റി ഖണ്ഡിതമായ ഒരു തീരുമാനത്തില്‍ എത്തിയതിനെ അപഹാസ്യം എന്നേ വിശേഷിപ്പിക്കാനാവൂ. ജീവിതത്തില്‍ ഒരാവൃത്തി പോലും ഖുര്‍ആന്‍ വായിച്ചിരിയ്ക്കാന്‍ ഇടയില്ലാത്ത ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്ഥിയും സംഘവും നിരവധി കുട്ടികളുടെ ഭാവിയെ ബാധിയ്ക്കുന്ന ഒരു മര്‍മ്മപ്രശ്‌നത്തില്‍ ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളെപ്പറ്റി തങ്ങള്‍ക്ക് ഇല്ലാത്ത അറിവ് ഉണ്ടെന്ന ഭാവത്തില്‍ തീര്‍പ്പിലെത്തിയതിനെ നിരുത്തരവാദിത്വപരം എന്നതില്‍ കുറഞ്ഞ വാക്കില്‍ വിശേഷിപ്പിക്കാനാവില്ല. മുസ്‌ലിം പെണ്‍കുട്ടികളുടെ മതചിഹ്നങ്ങള്‍ മാത്രം ഭരണഘടനാ സത്തയായ Positive secularism ന് കളങ്കമാകും എന്ന് കണ്ടെത്തിയ കോടതിയ്ക്ക് ഇതരമതങ്ങളുടെ ചിഹ്നങ്ങളില്‍ അങ്ങനെയൊരപകടം കാണാനായുമില്ല.

കീഴ്ക്കോടതികളുടെ അതിരുകടന്ന അന്യായവിധിയെ ചോദ്യം ചെയ്ത് കുട്ടികള്‍ സുപ്രീം കോടതിയില്‍ കൊടുത്ത അപ്പീല്‍ വര്‍ഷമൊന്ന് കഴിഞ്ഞിട്ടും കടലാസുകെട്ടുകള്‍ക്കിടയില്‍ മോക്ഷം കാത്തു കഴിയുകയാണ്. ഹിജാബ് നിരോധനത്തെത്തുടര്‍ന്ന് പരീക്ഷ പോലും എഴുതാനാവാതെ കുട്ടികളുടെ ഭാവി അവതാളത്തിലാക്കിയ കര്‍ണ്ണടക ഹൈക്കോടതിയുടെ വിധി അടിയന്തിരമായി പുനഃപരിശോധിക്കേണ്ടതുണ്ടെന്ന് രാജ്യത്തിന്റെ സുപ്രീം കോടതിക്ക് പോലും തോന്നുന്നില്ല എന്നര്‍ഥം. ഭരണകൂടം മാവോയിസ്റ്റ് ബന്ധമാരോപിച്ച് ജയിലില്‍ അടച്ചിട്ടുള്ള ജി.എന്‍ സായിബാബ എന്ന വികലംഗനായ മനുഷ്യന് ബോംബെ ഹൈക്കോടതി എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം നല്‍കിയ ജാമ്യം ഒരു ശനിയാഴ്ച അടിയന്തിര സിറ്റിങ്ങിലൂടെ റദ്ദാക്കിയ സുപ്രീം കോടതിയാണ് മതവിശ്വാസം മുറുകെപ്പിടിച്ച് കൊണ്ട് വിദ്യാഭ്യാസം നേടാനുള്ള മുസ്‌ലിം പെണ്‍കുട്ടികളുടെ ഭരണഘടനാവകാശത്തിന്റെ ലംഘനത്തിനെതിരെ ഒരക്ഷരം മിണ്ടാതെ ഒരു വര്‍ഷം തള്ളി നീക്കിയിട്ടുള്ളത്.


സായിബാബയുടെ ജാമ്യം റദ്ദാക്കുന്നതില്‍ ഉണ്ടായ ശുഷ്‌കാന്തി പരമോന്നത കോടതിയ്ക്ക് ബില്‍ക്കീസ് ബാനു കേസിലെ പ്രതികളായ ഹിന്ദുത്വരാക്ഷസക്കൂട്ടങ്ങളെ വെറുതെ വിട്ട ഗുജറാത്ത് സര്‍ക്കാരിന്റെ മനുഷ്യത്വവിരുദ്ധമായ തീരുമാനം റദ്ദാക്കുന്നതില്‍ തോന്നിയില്ല എന്നതും ശ്രദ്ധേയം. മറ്റൊരു കേസില്‍ 41 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ ബി.ജെ.പി MLA ആയ വിരൂപക്ഷയുടെ ജാമ്യഹര്‍ജി പരിഗണിയ്ക്കാന്‍ കര്‍ണ്ണാടക ഹൈക്കോടതിയ്ക്ക് ഇരുപത്തിനാല് മണിക്കൂര്‍ പോലും വേണ്ടി വന്നില്ല എന്നതും ഓര്‍ക്കുക. ഇന്നലെ പൊലീസില്‍ കീഴടങ്ങിയ സംഘ്പരിവാറിന്റെ ഈ വി.ഐ.പിയെ കോടതി ഇന്ന് ജാമ്യം നല്‍കി വീട്ടില്‍ പറഞ്ഞയച്ചിരിക്കുന്നു.

മുസ്‌ലിംകളോടും സമൂഹത്തിലെ മറ്റു പാര്‍ശ്വവത്കൃത സമൂഹങ്ങളോടുമുള്ള ജ്യുഡീഷ്യറിയുടെ ചിറ്റമ്മനയം വ്യക്തമാക്കുന്ന ഇത്തരം നിരവധി ഉദാഹരണങ്ങള്‍ ദിവസവും പത്രത്താളുകളിലും ടെലിവിഷന്‍ സ്‌ക്രീനുകളിലും മിന്നിമറഞ്ഞു മറവിയില്‍ അസ്തമിയ്ക്കുന്നു. പക്ഷേ, ഈ വിധം കൊടിയ നീതിധ്വംസനം നടത്തുന്ന ന്യായാധിപന്മാര്‍ക്കെതിരെ യാതൊരു ശിക്ഷാനടപടിയും ഉണ്ടാവുന്നില്ല എന്നിടത്താണ് ജുഡിഷ്യറിയിലുള്ള സാധാരണക്കാരന്റെ വിശ്വാസം തന്നെ ത്രിശങ്കുവില്‍ ആകുന്നത്.

നൂപുര്‍ ശര്‍മ്മ പ്രവാചകനെതിരെ നടത്തിയ നിന്ദ്യമായ പരാമര്‍ശങ്ങള്‍ക്കെതിരെ സമാധാനപരമായി പ്രതിഷേധിച്ച മുസ്‌ലിംകളെ ഒരു പാഠം പഠിപ്പിക്കാനായി യു.പി സര്‍ക്കാര്‍ അവരുടെ വീടുകള്‍ ബുള്‌ഡോസറുകള്‍ കയറ്റി പൊളിച്ചുമാറ്റിയപ്പോള്‍ തങ്ങള്‍ക്ക് ഇടപെടാനാവില്ല എന്ന് പറഞ്ഞു കൈമലര്‍ത്തിയ സുപ്രീം കോടതി നിയമവാഴ്ചയില്‍ വിശ്വാസമുള്ളവരെയെല്ലാം അത്ഭുതപ്പടുത്തി. മറ്റൊരു അവസരത്തില്‍ മുസ്ലിംകള്‍ക്ക് പ്രാര്‍ത്ഥിയ്ക്കാന്‍ പള്ളിയുടെ ആവശ്യമില്ല എന്ന കോടതിയുടെ വിചിത്രനിരീക്ഷണമാണ് പിന്നീട് വേട്ടക്കാരന് തന്നെ സുപ്രീം കോടതി കവര്‍ച്ച മുതല്‍ വിട്ടുകൊടുത്ത അയോധ്യാ വിധിയ്ക്ക് വഴിയൊരുക്കിയതും എന്നതും മറന്നുകൂടാ.

ആയിരക്കണക്കിന് മുസ്‌ലിംകളെ കശാപ്പ് ചെയ്ത ഗുജറാത്ത് വംശഹത്യ, മക്ക മസ്ജിദ് സ്‌ഫോടനം, സംജോഝ എക്‌സ്പ്രസ്സ് സ്‌ഫോടനം, ദില്ലി കലാപം, അയോധ്യാ കലാപം എന്നിവയിലൊക്കെ ചാര്‍ജ്ഷീറ്റ് ചെയ്യപ്പെട്ട സംഘ്പരിവാറുകാരായ ക്രിമിനലുകള്‍ അറസ്റ്റ് ഒഴിവാക്കി രാജ്യത്തിന്റെ ഭരണയന്ത്രത്തിന് ചുറ്റും അന്തസ്സോടെ നിലയുറപ്പിച്ചിരിയ്‌ക്കെയാണ് ആരോപിക്കപ്പെട്ട ഒരൊറ്റ കേസില്‍ പോലും തെളിവില്ലാഞ്ഞിട്ടും അബ്ദുന്നാസര്‍ മഅ്ദനിയുടെ ജീവിതത്തിന്റെ സിംഹഭാഗവും നിയമക്കുരുക്കിന്റെയും നൂലാമാലയുടെയും പഴുതിലൂടെ ഇന്ത്യയിലെ മാറിമാറിവന്ന ഭരണകൂടങ്ങള്‍ നിഷ്‌കരുണം കവര്‍ന്നെടുത്തത്. ആന്തരികാവയവങ്ങളില്‍ മിക്കതും തകരാറിലായിക്കഴിഞ്ഞ മഅ്ദനിയ്ക്ക് നീതിദേവതയുടെ കൃപാകടാക്ഷം ഇനിയും എത്രയകലെ എന്ന ചോദ്യം ഇന്നും ഉത്തരമില്ലാതെ തുടരുന്നു.

സ്വന്തം കര്‍ത്തവ്യനിര്‍വഹണത്തിന്റെ ഭാഗമായി യോഗിയുടെ ഗുണ്ടാരാജിലെത്തിയ മലയാളി മാധ്യമപ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പനെ ഹിന്ദുത്വഭരണകൂടം ജയിലിലടച്ചത് രണ്ടു വര്‍ഷത്തിലേറെ കാലമാണ്. സംഘ്പരിവാര്‍ തീറ്റിപ്പോറ്റിയ സവര്‍ണ്ണഭീകരന്മാരുടെ ക്രൂരമായ ബലാത്സംഗത്തിന് ഇരയായി മരണപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനായി ഹത്രാസിലേക്കുള്ള യാത്രാമധ്യേയാണ് കാപ്പനെ യോഗിയുടെ ഹിന്ദുത്വപൊലീസ് അറസ്റ്റ് ചെയ്യുന്നത്. സംഘ്പരിവാറിന്റെ അതിക്രമങ്ങള്‍ വെളിച്ചത്തു കൊണ്ടുവരാനുള്ള അദ്ദേഹത്തിന്റെ ശ്രമത്തെ രാജ്യദ്രോഹമായി ചിത്രീകരിച്ച് അവര്‍ UAPA ചാര്‍ത്തി ജയിലിലടച്ചപ്പോള്‍ കാപ്പന്‍ ഒരുകാലത്തും പുറത്തിറങ്ങരുത് എന്ന വാശിയോടെ ഓരോ ജാമ്യാപേക്ഷയും തള്ളിയത് ഹിന്ദുത്വബാധ കൂടിയ ജുഡിഷ്യറി ആയിരുന്നു എന്നതും മറക്കാതിരിക്കുക. അപ്പോഴും രാജ്യത്തെ നെടുകെ പിളര്‍ക്കുന്ന വിദ്വേഷപ്രസംഗങ്ങളും മുസ്‌ലിം വംശഹത്യാ ആഹ്വാനവുമായി നിര്‍ബാധം സഞ്ചരിക്കുന്ന കാവിധരിച്ച തീവ്രവാദികളെയും ഗാന്ധിഘാതകനായ ഗോഡ്സെയുടെ ആരാധകരെയും നാട്ടിലെ ഒരു കോടതിയും കാണുന്നില്ല എന്നതും നീതിപീഠത്തിന്റെ കൊടിയ അനീതിയിലേക്ക് വിരല്‍ ചൂണ്ടുന്നു.


സംഘ്പരിവാര്‍ ഭരണകൂടത്തിന്റെയും അവരുടെ പിണിയാളുകളായ ഹിന്ദുത്വ തെരുവു തെമ്മാടികളുടെയും അതിക്രമങ്ങള്‍ക്കെതിരെ ഒന്നുമുരിയാടാതെ കണ്ണുമടച്ചിരിക്കുന്ന രാജ്യത്തിന്റെ ജുഡിഷ്യറിയുടെ നിര്‍വികാരതയുടെയും നിലപാട് വൈകല്യങ്ങളുടെയും പിന്നിലെ കാണാച്ചരടുകള്‍ നമ്മെ കൂടുതല്‍ ഞെട്ടിക്കുന്ന ചില യാഥാര്‍ഥ്യങ്ങളിലേക്ക് നയിക്കും. രാജ്യത്തിന്റെ സമസ്ത മേഖലയെയും വിഴുങ്ങിക്കഴിഞ്ഞ ഹിന്ദുത്വം എന്ന കാളകൂടവിഷം നീതിയുടെയും നിഷ്പക്ഷതയുടെയും പര്യായമാകേണ്ട ഇന്ത്യയിലെ കോടതികള്‍ക്കുള്ളിലും അതിന്റെ മാരകസ്വാധീനം എത്തിച്ചുകഴിഞ്ഞു എന്നത് ഇന്ത്യയിലെ ദലിതുകള്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കും ദുരന്തസൂചകമായ വാര്‍ത്തയാണ്. ബി.ജെ.പിയുടെ മഹിളാമോര്‍ച്ച ദേശീയ സെക്രട്ടറിയും സോഷ്യല്‍ മീഡിയയില്‍ കൃസ്ത്യാനികളെയും മുസ്‌ലിംകളെയും വംശീയാധിക്ഷേപം നടത്തുന്നതില്‍ വിരുതയുമായ വിക്‌റ്റോറിയാ ഗൗരി എന്ന അഭിഭാഷകയെ മദ്രാസ് ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജിയായി ഉയര്‍ത്തിയ സുപ്രീം കോടതി കൊളീജിയത്തിന്റെ നടപടി രാജ്യത്തിന്റെ ഭരണഘടനയ്ക്ക് തീയിടുന്നതിന് തുല്യമാണെന്ന് പറയേണ്ടതില്ലല്ലോ. രാജ്യത്തിന്റെ നിയമവ്യവസ്ഥയെത്തന്നെ താറടിക്കുന്ന ലജ്ജാകരമായ ഈ തീരുമാനം പുനഃപരിശോധിക്കാനുള്ള ഒരു പറ്റം അഭിഭാഷകരുടെ ഹര്‍ജി ചവറ്റുകൊട്ടയിലെറിഞ്ഞ് ജുഡീഷ്യറിയെ ഉള്ളില്‍ നിന്ന് തകര്‍ക്കുന്ന പണി തുടരാന്‍ തന്നെ സുപ്രീം കോടതി തീരുമാനിച്ചതും നാം ഞെട്ടലോടെ കണ്ടു.

നീതിയെക്കാളേറെ ഭരണകൂടത്തോട് പ്രതിബദ്ധത പുലര്‍ത്തുന്ന തീരുമാനങ്ങള്‍ നിരന്തരം കൈക്കൊള്ളുന്ന ഇന്ത്യന്‍ കോടതികളിലെ ചുരുക്കം രജതരേഖകളില്‍ ഒന്നായ സീനിയര്‍ അഭിഭാഷകന്‍ ദുഷ്യന്ത് ദവേയുടെ ഒരു പ്രസംഗം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. Campaign for Judicial Accountability and Reforms (CJAR) സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കവെ ദവെ ഏറ്റവും ശക്തിയായി ആക്രമിച്ചത് കൊട്ടിഘോഷിക്കപ്പെട്ട ഇന്ത്യന്‍ നീതിവ്യവസ്ഥയുടെ വിധേയത്വ മനോഭാവത്തെയാണ്. എക്‌സിക്യൂട്ടിവിനെ ജുഡിഷ്യറിയ്ക്ക് മേലെ സ്ഥാപിക്കാനുള്ള ഇസ്രായേല്‍ പ്രധാനമന്ത്രി നേതന്യാഹുവിന്റെ ശ്രമങ്ങളെ എതിര്‍ത്ത് തെരുവിലിറങ്ങുന്ന യുവാക്കളെയും പ്രഫഷണലുകളെയും പറ്റി പരാമര്‍ശിച്ച ദവെ പ്രധാനമന്ത്രിയുടെ ഏകാധിപത്യ പ്രവണതയെ ചോദ്യം ചെയ്ത അവിടത്തെ പ്രസിഡന്റിന്റെ ധീരതയെപ്പറ്റിയും സദസ്സിനെ ഓര്‍മിപ്പിച്ചു.

നിയമവ്യവസ്ഥയോ ജനാധിപത്യമോ ഇല്ലാത്ത, ഒരു പരാജയപ്പെട്ട രാഷ്ട്രമായി ഹിന്ദുത്വവാദികളും ഭൂരിഭാഗം ഇന്ത്യക്കാരും സദാ ഇകഴ്ത്തുന്ന പാകിസ്താനിലെ സുപ്രീം കോടതി പര്‍വേസ് മുഷറഫ് എന്ന ഏകാധിപതിയുടെ അമിതാധികാര പ്രയോഗത്തെ തുറന്നെതിര്‍ത്തത് ഇവിടെ പരാമര്‍ശിക്കാന്‍ യോഗ്യമായ ഒരു സംഗതിയെണെന്ന് തോന്നുന്നു. ഒപ്പം, പെഷവാറിന് അടുത്തുള്ള കരക് പട്ടണത്തിലെ കൃഷ്ണ ക്ഷേത്രവും തൊട്ടടുത്തുള്ള ശ്രീ പരമഹന്‍സ്ജി സമാധിയും കുറെ മതഭ്രാന്തന്മാര്‍ തകര്‍ത്തപ്പോള്‍ അതേസ്ഥലത്തു തന്നെ അവ പുനര്‍നിര്‍മിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട പാകിസ്താനിലെ സുപ്രീം കോടതിയുടെ ഇടപെടല്‍ നാം ഓര്‍ക്കേണ്ടതുണ്ട്. അക്രമത്തിന് കാരണക്കാരനായ നേതാവിന്റെ സ്വന്തം ചിലവില്‍ ക്ഷേത്രം പുനര്‍നിര്‍മിക്കാനാണ് അന്ന് കോടതി ഉത്തരവിട്ടത്. റഹിം ഖാന്‍ യാര്‍ ജില്ലയിലെ മറ്റൊരു ഹിന്ദു ക്ഷേത്രത്തിന് നേരെ നടന്ന ആക്രമണത്തില്‍ പ്രതികളായ അഞ്ച് മുസ്‌ലിംകളെ പഞ്ചാബിലെ ഭീകരവാദ വിരുദ്ധ കോടതി അഞ്ചു വര്‍ഷം കഠിനതടവിന് വിധിച്ചതും നാം കണ്ടു. സിന്ധില്‍ ഒരു ഹിന്ദു ബാലനെ ആക്രമിക്കുകയും നിര്‍ബന്ധിച്ചു 'അള്ളാഹു അക്ബര്‍' വിളിപ്പിക്കുകയും ചെയ്ത അബ്ദുല്‍ സലാം അബു ദൗദ് എന്ന അക്രമിയ്‌ക്കെതിരെ നടപടിയുണ്ടാവാന്‍ വൈകിയപ്പോള്‍ മതന്യൂനപക്ഷക്കാരനായ ഇരയ്ക്ക് വേണ്ടി നേരിട്ട് ഇടപെട്ടത് രാജ്യത്തിന്റെ രാഷ്ട്രപതിയായ ആരിഫ് അല്‍വിയായിരുന്നു.

അതിര്‍ത്തിയ്ക്ക് ഇപ്പുറത്താവട്ടെ, ലോകാസമസ്താ സുഖിനോഭവന്തുവെന്ന് അധരവ്യായാമം ചെയ്യുകയും ഒപ്പം നാസി ഭരണകൂടത്തിന്റെ വംശീയവെറിയെ നാണിപ്പിയ്ക്കും വിധം മതന്യൂനപക്ഷങ്ങളെ ശ്വാസം മുട്ടിക്കുകയും ചെയ്യുന്ന ഇന്ത്യയിലെ ഹിന്ദുത്വഫാഷിസത്തിന് വെള്ളവും വളവും നല്‍കുന്ന പരിചാരകരുടെ നിലവാരത്തിലേക്ക് അധഃപതിച്ച ജുഡീഷ്യറിയെയാണ് നാം കാണുന്നത്. നീതിയുടെ കാവലാളുകള്‍ ആവേണ്ട ജഡ്ജിമാരില്‍ ഒരു വലിയ വിഭാഗം കഴിവോ അറിവോ സമര്‍പ്പണമോ ഇല്ലാത്ത, ദാസ്യമനോഭാവം മാത്രം വെച്ച് പുലര്‍ത്തുന്ന ഭരണകൂടത്തിന്റെ വെറും ഉപകരണങ്ങള്‍ മാത്രമാണെന്ന് ദുഷ്യന്ത് ദവേയുടെ വാക്കുകളില്‍ നിന്ന് നമുക്ക് വായിച്ചെടുക്കാനാവും. പ്രധാനമന്ത്രിയെ വിമര്‍ശിക്കുകയോ ഹാസ്യാത്മകമായി ചിത്രീകരിക്കുകയോ ചെയ്താല്‍ ജാമ്യം നിഷേധിക്കുന്ന ജഡ്ജിമാരെ നയിക്കുന്ന തത്വശാസ്ത്രം ഹിന്ദുത്വമോ അതോ ഇന്ത്യന്‍ ഭരണഘടനയോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു എന്ന ദവെയുടെ അപായസൂചന അങ്ങേയറ്റം പ്രസക്തമാണ്. കൊളീജിയം എന്ന ഗൂഢവ്യവസ്ഥയിലൂടെ കഴിഞ്ഞ എട്ട് വര്‍ഷങ്ങള്‍ക്കിടെ കടന്ന് വന്നിട്ടുള്ള ജഡ്ജിമാരില്‍ പലരും ആ പണിയ്ക്ക് പറ്റിയവരേയല്ലെന്നും ഈയടുത്ത നാളുകളില്‍ സുപ്രീം കോടതിയിലേക്ക് ഉയര്‍ത്തപ്പെട്ട ഒരു ജഡ്ജി അയാളുടെ ഔദ്യോഗിക ജീവിതത്തില്‍ കൊള്ളാവുന്ന ഒരൊറ്റ വിധി പോലും സ്വന്തം പേരില്‍ ഇല്ലാത്തവനാണെന്നും ദവെ തുറന്നടിച്ചു.


എതിരാളികളെ നിശ്ശബ്ദരാക്കുക വഴി സ്വന്തം അധികാരപരിധി വാനോളമുയര്‍ത്തി കൂടുതല്‍ ശക്തനാവാന്‍ ശ്രമിക്കുന്ന മോദിയെപ്പോലുള്ള ഭരണാധികാരികളെ നിലയ്ക്ക് നിര്‍ത്താനുള്ള ആര്‍ജവം ജുഡീഷ്യറി പ്രകടിപ്പിയ്ക്കണമെന്ന ദുഷ്യന്ത് ദവെയുടെ ആഹ്വാനം വിധേയദാസന്മാരാവാന്‍ മത്സരിക്കുന്ന ഇന്ത്യയിലെ ജഡ്ജിമാര്‍ ചെവിക്കൊള്ളുമെന്ന് തീരെ പ്രതീക്ഷ വേണ്ട. എക്‌സിക്യൂട്ടീവിനെ അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് കുതറി മാറാന്‍ അനുവദിക്കാതെ ഭരണഘടന തങ്ങളില്‍ ഏല്‍പിച്ചിട്ടുള്ള കര്‍ത്തവ്യം നീതിപൂര്‍വം നിര്‍വഹിക്കാനുള്ള സാഹചര്യം ഇന്ത്യയില്‍ അവര്‍ക്ക് ഇന്നുണ്ടെന്ന് തോന്നുന്നില്ല. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ പതാകവാഹകരായ സംഘ്പരിവാര്‍ രാഷ്ട്രീയക്കാര്‍ പോലും ജഡ്ജിയുടെ വേഷമിട്ട് കോടതികളിലിരുന്ന് ഭരണകൂടത്തിന്റെ ന്യൂനപക്ഷ വേട്ടയ്ക്ക് നിയമസാധുത ഉറപ്പുവരുത്തുമ്പോള്‍ ഒരു നാള്‍ പരിഷ്‌കൃത ജനാധിപത്യങ്ങള്‍ക്കിടയില്‍ പൊന്‍താരകമായി ജ്വലിച്ച ഒരു മഹാരാജ്യം അരാജകത്വത്തിലേക്ക് വഴുതിവീഴുന്ന ദയനീയമായ കാഴ്ചയാണ് നാം ഇന്ന് കാണുന്നത് എന്ന് വേദനയോടെ പറയേണ്ടി വരുന്നു.

മഹത്തായ ഒരു ഭരണഘടനയെയും ജനാധിപത്യത്തെയും ചവറ്റുകൊട്ടയില്‍ തള്ളുന്ന മോദി സര്‍ക്കാര്‍ പട്ടാപ്പകല്‍ നിയമവാഴ്ചയെ അട്ടിമറിയ്ക്കാന്‍ തങ്ങളുടെ ആജ്ഞാനുവര്‍ത്തികളായ ഹിന്ദുത്വഭീകരന്മാര്‍ക്ക് ബ്ലാങ്ക് ചെക്ക് ഒപ്പിട്ടു നല്‍കിയിരിയ്ക്കുന്ന കാഴ്ചയാണ് ഇന്ന് നാം ഇന്ത്യയുടെ തെരുവുകളില്‍ കാണുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലത്ത് അഹമ്മദാബാദിലും നരോദാ പാട്യയിലും മുസ്‌ലിംകളെ കൂട്ടത്തോടെ കൊന്നൊടുക്കാന്‍ മൗനാനുവാദം നല്‍കിയതായി പരക്കെ കരുതപ്പെടുന്ന മോദി പ്രധാനമന്ത്രിക്കസേരയിലും അതേ നിസ്സംഗത സമാനമായ ഉദ്ദേശ്യലക്ഷ്യങ്ങളോടെ പുലര്‍ത്തുമ്പോള്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് മുന്നില്‍ ഉറ്റവരുടെ ചോരമണം പേറുന്ന ഭീകരസ്മരണകള്‍ വീണ്ടും പല്ലിളിച്ചു നില്‍ക്കന്നു എന്ന യാഥാര്‍ഥ്യത്തെ ആര്‍ക്ക് അവഗണിയ്ക്കാനാവും! നെഞ്ചുരുക്കുന്ന ക്രൂരതകള്‍ക്ക് നടുവിലും നീതിയ്‌ക്കെതിരെ മുഖം തിരിക്കുന്ന ഇന്ത്യയിലെ ജുഡിഷ്യറി പലപ്പോഴും രാജ്യത്തെ ഹിന്ദുത്വ രാഷ്ട്രീയനേതൃത്വത്തിന്റെ ഒരു എക്സ്റ്റന്‍ഷന്‍ മാത്രമായി അധഃപതിക്കുന്നു എന്ന വസ്തുതയില്‍ നിന്ന് മാധ്യമങ്ങള്‍ക്കും രാഷ്ട്രീയമോഹികള്‍ക്കും മറ്റ് ദേശസ്‌നേഹികള്‍ക്കും എത്രകാലം ഒളിച്ചോടാനാവും!

ദുഷ്യന്ത് ദവെയെപ്പോലെ രാജ്യത്തെ നിയമരംഗത്തെ ഏറ്റവും പ്രതിഭാധനരില്‍ ഒരാള്‍ തന്നെ ഇന്ത്യന്‍ ജുഡീഷ്യറിയുടെ ഇന്നത്തെ അവസ്ഥയെപ്പറ്റി തികഞ്ഞ അശുഭപ്രതീക്ഷ പ്രകടിപ്പിച്ച സാഹചര്യത്തില്‍ പണമോ പിടിപാടോ ഇല്ലാത്ത സാധാരണക്കാരും മുസ്‌ലിമോ ദലിതനോ ആയിപ്പോയതിന്റെ പേരില്‍ സംഘ്പരിവാറിനാല്‍ നിരന്തരം വേട്ടയാടപ്പെടുന്ന നിസ്സഹായരും ആരില്‍ നിന്ന് ഇനി എന്ത് പ്രതീക്ഷിയ്ക്കാന്‍!

TAGS :