Quantcast
MediaOne Logo

നബില്‍ ഐ.വി

Published: 12 Dec 2023 6:58 AM GMT

പെണ്‍നോട്ടവും ശരീര രാഷ്ട്രീയവും സിനിമയില്‍

ഇരുപത്തെട്ടാമത് കേരള സംസ്ഥാന രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി 'പെണ്‍ നോട്ടവും ശരീര രാഷ്ട്രീയവും സിനിമയില്‍' എന്ന തലക്കെട്ടില്‍ നടന്ന ഓപണ്‍ഫോറത്തില്‍ ശ്രേയ ശ്രീകുമാര്‍, ശ്രുതി ശരണ്യം, വിധു വിന്‍സെന്റ് എന്നിവര്‍ സംസാരിച്ചതിന്റെ സംക്ഷിപ്ത രൂപം. | IFFK 2023 | റിപ്പോര്‍ട്ട്: നബില്‍ ഐ.വി

ശ്രേയ ശ്രീകുമാര്‍, ശ്രുതി ശരണ്യം, വിധു വിന്‍സെന്റ്
X

ശ്രേയ ശ്രീകുമാര്‍

നോട്ടം എന്നുള്ള സങ്കല്‍പ്പം യൂറോപ്യന്‍ ചിത്രകലയുമായി ബന്ധപ്പെട്ട് നഗ്‌നതയെ കുറിച്ച് പഠിക്കുന്ന സമയത്ത് ജോണ്‍ ബര്‍ഗര്‍ അവതരിപ്പിക്കുന്ന ഒരു സങ്കല്‍പ്പം ആണ്. ആണ്‍ നോട്ടങ്ങള്‍ക്ക് എതിരായിട്ടുള്ള ഒരു സങ്കല്‍പ്പം ആണോ പെണ്‍ നോട്ടം എന്നുള്ളത് ഇന്ന് ഉയര്‍ന്നു വരുന്ന ഒരു ചോദ്യം ആണ്. നിലനില്‍ക്കുന്ന എല്ലാ നോട്ടങ്ങളെയും ചോദ്യംചെയ്യാന്‍ അല്ലെങ്കില്‍ അപനിര്‍മിക്കാന്‍ ശേഷിയുള്ള ഒരു നോട്ടമായിട്ടാണ് താന്‍ പെണ്‍ നോട്ടങ്ങളെ കാണുന്നത്. ഇത് യഥാര്‍ഥത്തില്‍ ഒരു പ്രതിരോധത്തിന്റെ നോട്ടം കൂടിയാണ്. ഇത് സംഭവിക്കുമ്പോള്‍ കൂടുതലായും സ്ത്രീകളുടെ കാഴ്ചപ്പാടുള്ള കഥാപാത്രങ്ങള്‍ ഉണ്ടാവുന്നു. സ്ത്രീകളുടെ വൈകാരിക തലങ്ങള്‍ സിനിമയില്‍ പ്രകടമാവുന്നു. സ്ത്രീകളുടെ വൈകാരിക ലോകത്തെകുറിച്ചുള്ള ചിന്തകളെ ഇത്രയും നാള്‍ അവതരിപ്പിച്ചതില്‍ നിന്നും മാറ്റാന്‍ ഇത് സഹായിക്കുന്നു.

സ്ത്രീയുടെ ശരീരം നിരന്തരം താരതമ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് സമൂഹത്തിലെ മൂല്യ വ്യവസ്ഥകള്‍ സിനിമയിലും പ്രതിഫലിക്കുന്നു. അതുകൊണ്ട് സിനിമയിലും സ്ത്രീയെ മറ്റു ചില കാര്യങ്ങളോട് താരതമ്യം ചെയ്യുന്നു. അത്തരത്തില്‍ സ്ത്രീ ശരീരത്തെ അടിച്ചമര്‍ത്താനുള്ള നിരവധി ശ്രമങ്ങള്‍ ഉണ്ടാവുന്നു. അതിനെ പ്രതിരോധിക്കാവുന്ന ഒരു വഴി എന്നു പറയുന്നത് സ്ത്രീകള്‍ കൂടുതല്‍ സിനിമാ രംഗത്തേക്ക് കടന്നു വരുക എന്നതാണ്

ശ്രുതി ശരണ്യം

സാധാരണയായി ബോഡി പൊളിറ്റിക്‌സ്, സ്ത്രീപക്ഷ വാദങ്ങള്‍ തുടങ്ങിയ സംവാദങ്ങള്‍ക്ക് മാത്രമാണ് തന്നെ വിളിക്കുന്നത്. എന്തുകൊണ്ടാണ് ഒരു പുരുഷ സംവിധായകര്‍ ഇരിക്കുന്ന വേദിയില്‍ തന്നെ ക്ഷണിക്കാത്തത്?

പുരുഷ സംവിധായകര്‍ വളരെ നല്ല രീതിയില്‍ തന്നെ മുന്നോട്ട് പോകുന്നുണ്ട്. അതുകൊണ്ട് തന്നെ അവരുടെ കൂടെയാണ് ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത്. അതുകൊണ്ട് തന്നെ ആ ഒരു അവസരത്തിനായാണ് കാത്തിരിക്കുന്നത്.

പെണ്‍ നോട്ടവും ശരീര രാഷ്ട്രീയവും എന്ന വിഷയത്തില്‍ വാക്കുകളിലൂടെ കൂടുതല്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല. കാരണം, തന്റെ സിനിമ ഇതിനകം ആ ജോലി ചെയ്തിട്ടുണ്ട്. ഒരിക്കലും ഒരു വാചാലനായ പ്രഭാഷകയാവാന്‍ ആഗ്രഹിക്കുന്നില്ല. സിനിമയാണ് ഭാഷ. അതില്‍ തൃപ്തയാണ്.


'My film is about body politics...it's about Breast'

ഈ ശരീരഭാഗം ഒരു ഉപകരണമാക്കുകയും പിന്നീട് പുരുഷന്റെയും സ്ത്രീയുടെയും നോട്ടത്തെ നിര്‍വചിക്കുകയും ചെയ്തു. അത് ആകര്‍ഷണീയതയ്ക്കുള്ള ഒരു രാഷ്ട്രീയ ഉപകരണവുമാണ്. അഞ്ച് സ്ത്രീ കഥാപാത്രങ്ങളുടെയും ഒരു ട്രാന്‍സ് പുരുഷന്റെയും ജീവിതത്തിലൂടെയാണ് ബി. 32 മുതല്‍ 44 വരെ എന്ന സിനിമ സഞ്ചരിക്കുന്നത്. ഒരുപാട് പരിമിതികള്‍ ഉണ്ടായിരുന്നു. കാരണം, സിനിമ സംസാരിക്കുന്നത് ഒരു പ്രത്യേക ശരീരഭാഗത്തെ കുറിച്ചാണ്.

ഭൂരിഭാഗം ട്രാന്‍സ്മാനും മാസ്‌ടെക്ടമിക്ക് വിധേയമായി തങ്ങളുടെ ശരീരഭാഗം നീക്കം ചെയ്തവരാണ്. അതിനാല്‍ ആ വേഷം ചെയ്യാന്‍ സ്ത്രീ കഥാപാത്രത്തെ ഉപയോഗിച്ചു. ആളുകള്‍ എങ്ങനെ ഇരകളാക്കപ്പെട്ടു എന്നതിനെക്കുറിച്ചാണ് അടിസ്ഥാനപരമായി സംസാരിക്കുന്നത്. ഒരു സ്ത്രീ ആയതുകൊണ്ട് തന്നെ അതിന്റെ വേദന അറിയാം. അതുകൊണ്ട് തന്നെ കഥാപാത്രങ്ങളില്‍ ഞാന്‍ എന്നെ തന്നെയാണ് കണ്ടത്.

വിധു വിന്‍സെന്റ്

'മാന്‍ഹോളില്‍' നിന്ന് 'സ്റ്റാന്‍ഡപ്പില്‍' എത്തുമ്പോഴും അവിടെ നിന്ന് മൂന്നാമത്തെ സിനിമയിലേക്ക് എത്തുമ്പോഴും, കഥാപാത്രങ്ങളെ സംബന്ധിച്ച് മാനസികമായി അകത്തും പുറത്തും നടത്തുന്ന സഞ്ചാരങ്ങളെകുറിച്ചുള്ള വ്യത്യസ്ത കാഴ്ചപ്പാടിലേക്കാണ് താന്‍ എത്തിയത്. രണ്ടാമത്തെ സിനിമ ഒരു റേപ്പ് അതിജീവനത്തിന്റെ കഥയാണ് സംസാരിച്ചത്. അവര്‍ എന്തൊക്കെ അവസ്ഥകളിലൂടെയാണ് കടന്നു പോവുന്നത് എന്നും ഇരയല്ല എന്നും പറയുന്ന ഒരു സിനിമയായിരുന്നു അത്. എന്നാല്‍, ആ സമയത്തുണ്ടായിരുന്നു ഒരു കാഴ്ചപ്പാടല്ല ഇന്നുള്ളത്. ഇന്നാണ് ആ സിനിമ എടുക്കുന്നത് എങ്കില്‍ വ്യത്യസ്തമായൊരു ദൃശ്യ ഭാഷയായിരിക്കും അതിനുണ്ടാവുന്നത്.

ശരീരം എന്ന ഭൂപ്രദേശത്തുകൂടിയുള്ള സഞ്ചാരം ഇല്ലാതെ തന്നെ സിനിമയെക്കുറിച്ച് സംസാരിക്കാന്‍ സാധിക്കും എന്ന് ഇന്ന് പല വനിതാ സംവിധായകരും തെളിയിച്ചു കഴിഞ്ഞു. റേപ്പ് അതിജീവനത്തിന്റെ കഥ പറയുമ്പോള്‍ ആരുടെ വീക്ഷണത്തിലാണ് അത് നോക്കി കാണേണ്ടത് എന്ന ഒരു ആലോചന ഉണ്ടായിരുന്നു. കാരണം, അത്രനാളും പുരുഷന്റെ കാമനകളെയാണ് റേപ്പ് ചിത്രീകരിക്കുന്ന സിനിമകളില്‍ കണ്ടത്. എന്നാല്‍, സ്ത്രീ എന്ത് അവസ്ഥയിലാണ് ആ സമയത്ത് കടന്നു പോകുന്നത് എന്നും, അവളുടെ ശരീരവും മനസ്സും എന്താണ് പ്രേക്ഷകനോട് പറയാന്‍ ശ്രമിക്കുന്നത് എന്ന ആലോചനയിലാണ് അന്ന് ആ രംഗങ്ങള്‍ ചിത്രീകരിച്ചത്. ലോക സിനിമയില്‍ ഇത് എങ്ങനെ ചര്‍ച്ചചെയ്യുപ്പെടുന്നു എന്ന് കാണാന്‍ ആഗ്രഹിക്കുന്നു.n

TAGS :