Quantcast
MediaOne Logo

ബഷീര്‍ തൃപ്പനച്ചി

Published: 21 May 2023 6:29 PM GMT

മലബാര്‍ വിവേചനം: കണക്കുകള്‍ വിളിച്ചു പറയുന്നത്

മലബാര്‍ ജില്ലകളോടുള്ള വിവേചന ഭീകരത ഘട്ടംഘട്ടമായെങ്കിലും അവസാനിപ്പിക്കുന്നിടത്താണ് സാമൂഹിക നീതിയും അവസര സമത്വവും നിലകൊള്ളുന്നത്. അത് തിരിച്ചറിഞ്ഞ് നടപടികള്‍ സ്വീകരിക്കുക എന്നത് ഒരു പ്രാഥമിക ജനാധിപത്യ മര്യാദയുമാണ്.

മലബാറിലെ വിദ്യാഭ്യാസ വിവേചനം
X

പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള ആറ് ജില്ലകളിലായി ഈ വര്‍ഷം എസ്.എസ്.എല്‍.സി വിജയിച്ചത് 225702 വിദ്യാര്‍ഥികളാണ്. സര്‍ക്കാര്‍-എയ്ഡഡ് മേഖലകളിലായി ഈ ജില്ലകളിലുള്ള പ്ലസ് വണ്‍ സീറ്റുകള്‍ 144500. അപ്പോള്‍ 81202 പേര്‍ക്ക് നിലവില്‍ ഇവിടെ +1 സീറ്റില്ല.

പ്ലസ് വണ്‍ മാത്രമല്ലല്ലോ ഉപരിപഠന സാധ്യത എന്ന് ചോദിക്കുന്നവരുണ്ട്. ആറ് ജില്ലകളിലായി വി.എച്ച്.എസ്.ഇ സീറ്റുകളുള്ളത് 9625. ഐ.ടി.ഐ സീറ്റുകള്‍ 11350. പോളിടെക്‌നിക് 4175. ഇതൊക്കെ ചേര്‍ത്താലും 169650 ഉപരിപഠന സാധ്യതകളെ മലബാറില്‍ ഉള്ളൂ. അപ്പോഴും 56052 കുട്ടികള്‍ക്ക് ഉപരിപഠന സാധ്യത പൊതുമേഖലയില്‍ ലഭ്യമല്ല.

തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ എസ്.എസ്.എല്‍.സി കഴിഞ്ഞവര്‍ക്ക് സര്‍ക്കാര്‍-എയ്ഡഡ് മേഖലയില്‍ ഉളള ഉപരി പഠന സീറ്റുകള്‍ അറിയുമ്പോഴേ എന്താണ് മലബാര്‍ നേരിടുന്ന വിവേചനമെന്ന് മനസ്സിലാവൂ.ഈ എട്ട് ജില്ലകളിലായി 191375 പേരാണ് ഈ വര്‍ഷം എസ്.എസ്.എല്‍.സി പാസായത്. അവിടെ സര്‍ക്കാര്‍ - എയ്ഡഡ് മേഖലയില്‍ 165650 പ്ലസ് വണ്‍ സീറ്റുകളുണ്ട്. വി എച്ച്.എസ്.ഇ സീറ്റുകള്‍ 17900. ഐ.ടി.ഐ കളില്‍ 21976 വിദ്യാര്‍ഥികള്‍ക്ക് പഠിക്കാം. പോളിടെക്‌നിക്കില്‍ 7623 സീറ്റുകളുമുണ്ട്. മൊത്തം പൊതുമേഖലയില്‍ 213149 ഉപരിപഠന സാധ്യതകളുണ്ട്. അതായത് പത്താം ക്ലാസ് വിജയിച്ചവരേക്കാള്‍ 21774 സീറ്റുകള്‍ അധികം തെക്കന്‍ ജില്ലകളില്‍ ലഭ്യമാണ്.


അതിനാല്‍ തന്നെ ഓരോ വര്‍ഷവും അഡ്മിഷന്‍ കഴിയുമ്പോള്‍ ആ ജില്ലകളില്‍ സീറ്റുകളും ഡിവിഷനുകള്‍ തന്നെയും കാലിയായി കിടക്കുന്നു. ഒരേ നികുതി നല്‍കുന്ന സംസ്ഥാനത്തിന്റെ രണ്ട് ഭാഗങ്ങളിലുള്ള വ്യത്യാസമാണിത്. ഉന്നത വിദ്യാഭ്യാസരംഗത്തും ഈ വ്യത്യാസം കാണാം. മറ്റ് വികസന മേഖലയെടുത്താലും സ്ഥിതി ഇതുതന്നെ. ഈ വിവേചന ഭീകരത ഘട്ടംഘട്ടമായെങ്കിലും അവസാനിപ്പിക്കുന്നിടത്താണ് സാമൂഹിക നീതിയും അവസര സമത്വവും നിലകൊള്ളുന്നത്. അത് തിരിച്ചറിഞ്ഞ് നടപടികള്‍ സ്വീകരിക്കുക എന്നത് ഒരു പ്രാഥമിക ജനാധിപത്യ മര്യാദയുമാണ്. പക്ഷേ, ഇന്നുവരെയുള്ള കേരള സര്‍ക്കാറുകളത് പാലിച്ചിട്ടില്ലെന്നത് നമ്മുടെ സിസ്റ്റത്തിനകത്തെ ജനാധിപത്യ ബലഹീനതയെ കൂടിയാണ് വെളിപ്പെടുത്തുന്നത്.

TAGS :