Quantcast
MediaOne Logo

മഹേഷ് പോലൂര്‍

Published: 19 July 2022 11:21 AM GMT

മിന്നല്‍ ചുഴലി ഗസ്റ്റനാഡോ പ്രതിഭാസമോ?

തുലാവര്‍ഷത്തിനും, വേനല്‍ മഴയിലുമാണ് ഗസ്റ്റനാഡോ പ്രതിഭാസങ്ങള്‍ സാധാരണ കാണാറുള്ളത്. ഇപ്പോള്‍ പക്ഷേ, മിന്നല്‍ ചുഴലി ഏറിവരുന്നതായി കാണാം. അതിന് ഏറ്റവും പ്രധാനപ്പെട്ട കാരണം ഭൂപ്രകൃതിയില്‍ ഉണ്ടാകുന്ന മാറ്റം തന്നെയാണ്.

മിന്നല്‍ ചുഴലി ഗസ്റ്റനാഡോ പ്രതിഭാസമോ?
X
Listen to this Article

മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത ഈ വാക്ക് കഴിഞ്ഞ കുറച്ച് കാലങ്ങളായിട്ടെ കേള്‍ക്കാന്‍ തുടങ്ങിയിട്ടുള്ളൂ. ഇപ്പോള്‍ പക്ഷെ മിന്നല്‍ ചുഴലിയുടെ വാര്‍ത്തകള്‍ ദിവസേനയെന്നോണം നമ്മള്‍ കേള്‍ക്കുന്നു. അതുണ്ടാക്കുന്ന നാശനഷ്ടങ്ങളും ഏറിവരികയാണ്. മിന്നല്‍ ചുഴലി എന്ന് പേരിട്ട നമ്മള്‍ വിളിക്കുന്ന അപകടം നിറഞ്ഞ ഈ കാറ്റ് ഗസ്റ്റനാഡോ പ്രതിഭാസമോ, അതിന്റെ സൂചനകളോ ആണ്.

അന്തരീക്ഷ താപനില വര്‍ധിക്കുകയും, പിന്നീട് മഴമേഘങ്ങള്‍ രൂപപ്പെട്ട് അന്തരീക്ഷം തണുക്കുകയും ചെയ്യുമ്പോഴാണ് മിന്നല്‍ ചുഴലിയുണ്ടാവുന്നത്. ഭൂമിയില്‍ നിന്ന് രണ്ടോ മൂന്നോ കിലോമീറ്റര്‍ മുകളിലായിട്ടായിരിക്കും മിന്നല്‍ ചുഴലിക്ക് കാരണമായ മാറ്റങ്ങള്‍ നടക്കുക എന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ചൂട് കൂടുന്ന സമയത്ത് പെയ്യുന്ന മഴവെള്ളം ഭൂമിയില്‍ നിന്ന് രണ്ട് കിലോമീറ്ററോളം മുകളില്‍ വെച്ച് ബാഷ്പീകരിക്കും. ഇതിലൂടെ അവിടുത്തെ വായു പെട്ടെന്ന് തണുക്കുന്നു. തണുത്ത വായുവിന് സാന്ദ്രത കൂടുതലായതിനാല്‍ അത് പെട്ടെന്ന് തന്നെ താഴേക്കെത്തും. അന്തരീക്ഷത്തിലെ ഘര്‍ഷണം കാരണം അത് മിന്നല്‍ ചുഴലിയായി മാറുന്നു. തുലാവര്‍ഷത്തിനും, വേനല്‍ മഴയിലുമാണ് ഇത്തരം പ്രതിഭാസങ്ങള്‍ സാധാരണ കാണാറുള്ളത്. ഇപ്പോള്‍ പക്ഷേ, മിന്നല്‍ ചുഴലി ഏറിവരുന്നതായി കാണാം. അതിന് ഏറ്റവും പ്രധാനപ്പെട്ട കാരണം ഭൂപ്രകൃതിയില്‍ ഉണ്ടാകുന്ന മാറ്റം തന്നെയാണ്.


കോണ്‍ക്രീറ്റ് കെട്ടിടങ്ങളും ടാറിട്ട റോഡുകളും വര്‍ധിക്കുന്നത് സൂക്ഷ്മ സസ്യ ജാലങ്ങള്‍ മുതല്‍ വലിയ മരങ്ങള്‍ വരെ ഇല്ലാതാക്കുന്നു. കരയിലെ അന്തരീക്ഷോഷ്മാവ് കടലിനെ അപേക്ഷിച്ച് പെട്ടെന്ന് ചൂട് പിടിക്കുകയും, പെട്ടെന്നുതന്നെ തണുക്കുകയും ചെയ്യുന്നു. കടല്‍ വെള്ളത്തിന് വിശിഷ്ടതാപധാരിത (specific heat capasity) കൂടുതലായതിനാല്‍ കടല്‍ വെള്ളത്തിന്റെ താപനില അതേപടി തുടരുകയോ കുറയാന്‍ സമയമെടുക്കുകയോ ചെയ്യും. വായുവിലെ ഈര്‍പ്പം താപ വ്യതിയാനവും, മര്‍ദ വ്യത്യാസവും ഇത്തരം ചെറു ചുഴലിക്കാറ്റുകള്‍ രൂപപ്പെടുന്നതിന് കാരണമാകുന്നു. ചുരുക്കിപ്പറഞ്ഞാല്‍ കടലിലെയും കരയിലെയും താപ വ്യതിയാനങ്ങള്‍ കാരണം വായു പെട്ടെന്ന് കുതിച്ചുകയറി ചുഴലിക്കാറ്റിനെ തുടക്കം ആകുന്നതാണ് ഈ പ്രതിഭാസത്തിന് കാരണം.


110 കിലോമീറ്റര്‍ വേഗതക്ക് മുകളില്‍ വരെ ആഞ്ഞു വീശാന്‍ കെല്‍പുള്ളവയാണ് ഇത്തരം ഗസ്റ്റനാടോകള്‍. പെട്ടെന്ന് തന്നെ കാറ്റിന്റെ വേഗത കൂടാന്‍ ഈ പ്രതിഭാസത്തിന് ആകുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് അധികസമയത്തേക്ക് ഇല്ലെങ്കിലും കൂടുതല്‍ വിനാശകാരി ആകുന്നത്. മൂന്നു മിനിറ്റു മുതല്‍ 10 മിനിറ്റ് വരെ വീശിയാല്‍ പോലും നാശനഷ്ടങ്ങള്‍ ഏറെയുണ്ടാകും. കേരളത്തിലെ ഏതാനും ചില മേഖലകളില്‍ അടിക്കടി ഈ മിന്നല്‍ ചുഴലി രൂപപ്പെടുന്നു എന്നത് ആശങ്കാജനകം തന്നെയാണ്. പ്രത്യേകിച്ച് തീരമേഖലകളോട് ചേര്‍ന്ന പ്രദേശങ്ങളില്‍, ഇടനാടുകളില്‍ എല്ലാം. അതിന് ഏറ്റവും പ്രധാനപ്പെട്ട കാരണവും ഭൂമിക്കുമേല്‍ മനുഷ്യന്റെ കൈകടത്തല്‍ തന്നെയാണ്. മിന്നല്‍ ചുഴലി എന്ന പേരിട്ട് വിളിക്കുന്ന, ഗസ്റ്റനിഡോകള്‍ സമീപഭാവിയില്‍ വര്‍ധിക്കുമെന്നു തന്നെയാണ് കാലാവസ്ഥാ ഗവേഷകര്‍ പറയുന്നത്.

TAGS :