Quantcast
MediaOne Logo

ഷെല്‍ഫ് ഡെസ്‌ക്

Published: 1 May 2023 1:02 PM GMT

രാമനവമി ഘോഷയാത്രക്കിടെ അക്രമം നടന്നത് അധികാരികളുടെ ഒത്താശയോടെ; എ.പി.സി.ആര്‍ റിപ്പോര്‍ട്ട്

തന്റെ പുതുതായി പണികഴിപ്പിച്ച വീടിനുള്ളില്‍ ഉച്ചഭക്ഷണം തയ്യാറാക്കുന്ന തിരക്കിലായിരുന്നു അഞ്ചു മക്കളുടെ മാതാവായ ഷ്ബ്ബാന്‍. ചുറ്റുമുള്ള വീടുകള്‍ കത്തുന്നത് കണ്ട് അവര്‍ കുട്ടികളുമായി രക്ഷപ്പെട്ട് ഓടുകയായിരുന്നു. പിറ്റേദിവസം വീട്ടിലെ വിലപ്പെട്ടതെല്ലാം കൊള്ളയടിക്കപ്പെട്ടതായാണ് അവര്‍ കാണുന്നത്.

രാമനവമി ഘോഷയാത്രക്കിടെ അക്രമം
X

രാമനവമി ഘോഷയാത്രക്കിടെ ബീഹാറില്‍ മുസ്ലിം കുടുംബങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെ ഉണ്ടായ ആക്രമണങ്ങളെക്കുറിച്ച് അഡ്വ. മുഹമ്മദ് മുബഷിര്‍ അനീഖ്, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ പ്രശാന്ത് ടാണ്ടന്‍, അഡ്വ. സെയ്ഫുല്‍ ഇസ്ലാം, അഡ്വ. നാസിഖുസ്സമാന്‍ ആക്ടിവിസ്റ്റുകളായ ഗുല്‍റേസ് അന്‍ജും, മുഹമ്മദ് സാഹിദ്, അക്ബര്‍ എന്നിവരടങ്ങിയ എ.പി.സി.ആര്‍ സംഘം തയ്യാറാക്കിയ വസ്തുതാന്വേഷണ റിപ്പോര്‍ട്ട്. സംസ്ഥാനത്തെ ബീഹാര്‍ ശരീഫ്, സാസാറാം എന്നീ രണ്ടു ജില്ലകളിലും എ.പി.സി.ആര്‍ സംഘം നേരിട്ട് സന്ദര്‍ശിച്ച് ഇരകളുടെ അനുഭവവിവരണങ്ങള്‍ ശേഖരിച്ച് തയ്യാറാക്കിയ ഈ റിപ്പോര്‍ട്ട് പ്രകാരം ബന്ധപ്പെട്ട അധികാരികളുടെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്നുണ്ടായ തികച്ചും നിരുത്തരവാദപരവും പരാജയപൂര്‍ണവുമായ സമീപനമാണ് സംഭവത്തിന്റെ കാരണമായി പ്രതിഫലിക്കുന്നത്.

(ഇന്ത്യയിലെ പാര്‍ശ്വവല്‍ക്കരികൃത വിഭാഗങ്ങള്‍ക്ക് സൌജന്യ നിയമസഹായം നല്‍കാന്‍ 2006-ല്‍ സ്ഥാപിതമായ സര്‍ക്കാരിതര പൗരാവകാശ സംഘടനയാണ് അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സ് (APCR))

ആമുഖം

2023 മാര്‍ച്ച് 30, 31 തീയതികളില്‍ ബീഹാറിലെ നളന്ദ, സാസാറാം ജില്ലകളില്‍ രാമനവമി ഘോഷയാത്രയ്ക്കിടെയുണ്ടായ വര്‍ഗീയ ആക്രമങ്ങളില്‍ 16 വയസ്സുള്ള ഒരു കുട്ടി വെടിവെപ്പില്‍ കൊല്ലപ്പെടുകയും മദ്രസ, സ്വത്തുക്കള്‍, വ്യാപാര സ്ഥാപനങ്ങള്‍, വീടുകള്‍ തുടങ്ങി കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തു.

അക്രമത്തെ തുടര്‍ന്ന് പൊലീസ് 20 എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 200 ഓളം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 20 എഫ്.ഐ.ആറുകളില്‍ 15 എണ്ണവും ബീഹാര്‍ ഷെരീഫിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കലാപത്തിന്റെ മുഖ്യസൂത്രധാരനായ ബജ്റംഗ്ദള്‍ നേതാവ് കുന്ദന്‍ കുമാര്‍, ഒപ്പം രാമനവമി ഘോഷയാത്രയുടെ ഭാഗമായി വിദ്വേഷ പ്രസംഗങ്ങള്‍ പ്രചരിപ്പിക്കപ്പെട്ട വാട്സ്ആപ്പ് ഗ്രൂപ്പംഗങ്ങളിലുള്ള ചിലരും അറസ്റ്റു ചെയ്യപ്പെട്ടവരില്‍ പെടുന്നു. അക്രമണങ്ങളില്‍ പങ്കാളികളായവരില്‍ 457 പേര്‍ പ്രസ്തുത വാട്സ്ആപ്പ് ഗ്രൂപ്പിലുള്ളവരാണെന്ന് പൊലീസ് പറയുന്നു.

പശ്ചാത്തലം

1981 ലെ ബീഹാര്‍ ശരീഫ് കലാപം, 1989 ലെ ഭഗല്‍പൂര്‍ കലാപം തുടങ്ങി വലിയ നാശനഷ്ടങ്ങളുണ്ടാക്കിയ സമുദായിക സംഘര്‍ഷങ്ങളുടെ ഭൂതകാലം പേറുന്ന സംസ്ഥാനമാണ് ബീഹാര്‍. തൊണ്ണൂറുകളില്‍ ഹസാരിബാഗ്, രാംഗഢ് ജില്ലകളില്‍ രാമനവമി ഘോഷയാത്രയോടനുബന്ധിച്ച് പലവട്ടം ആക്രമണ സംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ട്.

രാഷ്ട്രീയ സ്വയംസേവക് സംഘം (ആര്‍.എസ്.എസ്) അവിഭക്ത ബീഹാറിലെ ഛോട്ടാനാഗ്പൂര്‍, സന്താല്‍ പര്‍ഗാന എന്നിവിടങ്ങളില്‍ നിന്ന്, ജംഷഡ്പൂര്‍, ഹസാരിബാഗ്, രാംഗഡ്, റാഞ്ചി എന്നിവിടങ്ങളില്‍ തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കാന്‍ തുടങ്ങിയ ശേഷമാണ് ആദ്യമായി രാമനവമി ഘോഷയാത്രയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആക്രമണസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു തുടങ്ങിയത്.

അക്രമങ്ങളുടെ ഘടന

മതാഘോഷങ്ങളുടെ രാഷ്ട്രീയവത്കരണം, അത്യധികം പ്രകോപനപരവും ഇസ്‌ലാമോഫോബിക്കുമായ ഗാനങ്ങള്‍, നിര്‍ബന്ധിത പങ്കാളിത്തം എന്നിവയാണ് ബീഹാറിലെ രണ്ട് ജില്ലകളില്‍ വര്‍ഗീയ ആക്രമണങ്ങളില്‍ കലാശിച്ചത്. വര്‍ഗീയ ധ്രുവീകരണത്തിനായി ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകരും ബജ്റംഗ്ദള്‍, വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) തുടങ്ങിയ ഘടകകക്ഷികളും ഹൈന്ദവ ആഘോഷങ്ങള്‍ ഈയിടെ പൂര്‍ണമായും തങ്ങളുടെ കൈകാര്യകര്‍തൃത്വത്തിന് കീഴില്‍ കൊണ്ടുവന്നിട്ടുണ്ട്.

ഞങ്ങള്‍ സന്ദര്‍ശിച്ച ജില്ലകളിലും ഇതേ ഘടന തന്നെയായിരുന്നു. രാമനവമി ഘോഷയാത്രകള്‍ക്ക് അനുവാദം ചോദിച്ച് സംഘടനകള്‍ ജില്ലാ ഭരണകൂടത്തെ സമീപിക്കുന്നു, പലപ്പോഴും നിബന്ധനകളും വ്യവസ്ഥകളും നിര്‍ദേശിച്ച് പെര്‍മിഷന്‍ നല്‍കുന്നു. പുത്തന്‍ വാളുകളും മറ്റ് ആയുധങ്ങളും ഉയര്‍ത്തി നൂറുകണക്കിന് ബൈക്കുകളില്‍ യുവാക്കള്‍ റാലികള്‍ നടത്തുന്നു, വളരെ വിദ്വേഷജനകമായ ഗാനങ്ങള്‍ ഉച്ചത്തില്‍ പ്ലേ ചെയ്യുന്നു. വ്യവസ്ഥകളെല്ലാം ലംഘിച്ച്, മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പ്രവേശിക്കാനോ പ്രാദേശിക മുസ്‌ലിം ജനത പ്രതിരോധം തീര്‍ക്കാന്‍ സാധ്യതയുള്ള വഴിയിലേക്ക് ഘോഷയാത്ര തിരിക്കാനോ ശ്രമിക്കുന്നു. തല്‍ഫലമായി, കല്ലേറ് തുടങ്ങുന്നു, തുടര്‍ന്ന് ഒരു പ്രത്യേക സമുദായത്തിന്റെ കടകളും മറ്റ് സ്വത്തുവകകളും കത്തിച്ചു ചാമ്പലാക്കുന്നു. ഒട്ടനവധി വാളുകളുമേന്തിയാണ് ജനക്കൂട്ടം വരുന്നതെന്നും ഇസ്ലാമോഫോബിക് ഗാനങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവുകളും മറ്റും ഇവരുടെ കയ്യില്‍ ധാരാളമായുണ്ടെന്നും എല്ലാ അനുഭവവിവരണങ്ങളിലും ഉണ്ട്.


ബീഹാര്‍ ശരീഫ് അക്രമസംഭവങ്ങള്‍

ഹിന്ദു കലണ്ടര്‍ പ്രകാരം മാര്‍ച്ച് 30നാണ് രാമനവമി ദിനം. മാര്‍ച്ച് 31 വെള്ളിയാഴ്ച്ച ശ്രം കല്യാണ്‍ മൈതാനില്‍ നിന്നും ബാബാ മണി റാം അഖഡ ക്ഷേത്രം വരെ ശോഭാ യാത്ര സംഘടിപ്പിക്കാന്‍ അനുമതി തേടി ജില്ലാ മജിസ്ട്രാറുടെ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കപ്പെട്ടു. 5,000 പേര്‍ പങ്കെടുക്കുന്ന യാത്ര എന്നാണ് അപേക്ഷയിലുള്ളത്. അനുമതി നല്‍കുന്നതിന് മുമ്പ് പ്രദേശത്തെ മുസ്ലിം നേതാക്കളെയും ഹിന്ദു നേതാക്കളെയും കൂടിയിരുത്തി ജില്ലാ ഭരണകൂടം സമാധാന യോഗം നടത്തി. ഡി.ജെ മ്യൂസിക് പ്ലേ ചെയ്യരുത്, വാളുകള്‍ ചുഴറ്റരുത് എന്നു തുടങ്ങിയ വ്യവസ്ഥകളോടെ അനുമതി നല്‍കുകയും ചെയ്തു.

മാര്‍ച്ച് 31 ന് ജുമാ നിസ്‌കാരനന്തരം ആരംഭിച്ച ബജ്റംഗ്ദള്‍ നയിച്ച രാമനവമി ഘോഷയാത്ര ശ്രം കല്യാണ്‍ മൈതാനത്തു നിന്ന് തുടങ്ങി മുറാര്‍പൂരിലെ ഷാഹി മസ്ജിദിനടുത്തെത്തിയതോടെ അക്രമാസക്തമായി. 5,000 പേര്‍ എന്നു പറഞ്ഞ യാത്രയില്‍ ഏതാണ്ട് അറുപതിനായിരത്തോളം പേര്‍ പങ്കെടുത്തെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അക്രമാസക്തരായ ജനക്കൂട്ടം കടകളും മറ്റും കൊള്ളയടിക്കുകയും തീയിടുകയും ചെയ്തു. കാവിക്കൊടിയും വിദ്വേഷ മുദ്രാവാക്യങ്ങളും വാളുകളുമെല്ലാമായി ഇരച്ചെത്തിയ സംഘം മദ്റസ അസീസിയയും പള്ളിയും കത്തിച്ചു ചാമ്പലാക്കി. മുസ്ലിംകളുടെ വ്യാപാരസ്ഥാപനങ്ങള്‍ മാത്രം തെരഞ്ഞുപിടിച്ച് നശിപ്പിക്കുകയാണുണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

അനുഭവ സാക്ഷ്യങ്ങള്‍

അക്രമസംഭവങ്ങള്‍ പ്രദേശവാസികള്‍ക്കിടയില്‍ അങ്ങേയറ്റത്തെ വിഷമകരമായ അനുഭവമാണ് ഉണ്ടാക്കുന്നതെങ്കിലും അക്രമത്തിലൂടെ പ്രതികരിക്കാന്‍ അവര്‍ തുനിയാറില്ല. ബജ്റംഗ്ദള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത അക്രമമാണ് നടന്നതെന്നും അധികാരികളുടെ ഭാഗത്തു നിന്നും ഗുരുതരമായ വീഴ്ച്ചയാണുണ്ടായതെന്നും പ്രദേശവാസിയായ മുഹമ്മദ് ജമീല്‍ അഖ്തര്‍ എ.പി.സി.ആര്‍ സംഘത്തോട് പറയുന്നു. ശോഭായാത്ര വഴിമാറി സഞ്ചരിക്കാതിരിക്കാന്‍ വേണ്ട ബാരിക്കേഡുകള്‍ സ്ഥാപിക്കുകയോ ആവശ്യത്തിന് പൊലീസ് സുരക്ഷ ആ സമയത്ത് ഏര്‍പ്പെടുത്തുകയോ ഉണ്ടായില്ല. മാര്‍ച്ച് 26ന് ചേര്‍ന്ന സമാധാന യോഗത്തില്‍ എടുത്ത തീരുമാനപ്രകാരമുള്ള പല കാര്യങ്ങളും നടപ്പില്‍ വരുത്തിയില്ല. ജാഥ കടന്നുപോകുന്ന പ്രധാന സ്ഥലമായ ഗഗാന്‍ ദിവാന്‍ പെട്രോള്‍ പമ്പിലെ സി.സി.ടി.വി ക്യാമറകള്‍ ഘോഷയാത്രയ്ക്ക് ദിവസങ്ങള്‍ മുമ്പ് ആരോ എടുത്തുമാറ്റുകയും ചെയ്തിട്ടുണ്ടെന്ന് മുഹമ്മദ് ജമീല്‍ പറയുന്നു.

കന്താപൂരിലെ സിറ്റി സ്റ്റാര്‍ ഹോട്ടല്‍ മാനേജര്‍ മുഹമ്മദ് അസ്ലം തന്റെ സ്ഥാപനം അഗ്‌നിക്കിരയാക്കിയ സംഭവം പങ്കുവെക്കുന്നുണ്ട്. ഘോഷയാത്രയോടനുബന്ധിച്ച് പൂട്ടിയിട്ട ഹോട്ടലിലേക്ക് ആയിരത്തോളം പേര്‍ വരുന്ന ജനക്കൂട്ടം കല്ലെറിയുകയും ജനലുകള്‍ തകര്‍ക്കുകയും, ഹോട്ടലിലേക്ക് അതിക്രമിച്ച് കയറി കൊള്ളയടിക്കുകയുമായിരുന്നു. ശേഷം പെട്രോള്‍ ബോംബുകളെറിഞ്ഞ് ആ മൂന്നു നില കെട്ടിടത്തിന് അവര്‍ തീയിട്ടു. ഹോട്ടലിന് 200 മീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ലാഹേഡി പൊലീസ് സ്റ്റേഷനിലേക്ക് അസ്ലം സഹായമഭ്യര്‍ഥിച്ച് വിളിച്ചെങ്കിലും യാതൊരു പ്രതികരണവും ലഭിച്ചില്ല. ഏതാണ്ട് അരക്കോടി രൂപയോളം നഷ്ടമുണ്ടായതായും ജില്ലാ ഭരണകൂടം ഉറപ്പുനല്‍കിയ നഷ്ടപരിഹാരമൊന്നും ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥലം സന്ദര്‍ശിച്ച എ.പി.സി.ആര്‍ സംഘം ചെല്ലുമ്പോള്‍ കത്തിച്ചാമ്പലായ കല്ല്യാണ ഹാളും മറ്റും ഏപ്രില്‍ 26 മുതല്‍ ബുക്കിംഗ് ഉള്ളതിനാല്‍ വേഗത്തില്‍ റിപ്പയര്‍ ചെയ്യാന്‍ തുടങ്ങിയിരുന്നു. സിറ്റി പാലസ് ഹോട്ടലിന് നേരെ എതിര്‍വശത്ത് സ്ഥിതി ചെയ്യുന്ന സായ് പാലസ്, കൃഷ്ണ പാലസ് എന്നീ ഹോട്ടലുകള്‍ക്ക് നേരെ യാതൊരു അക്രമവും ഉണ്ടായിട്ടില്ലെന്നതില്‍ നിന്നും മുസ്ലിം സ്ഥാപനങ്ങള്‍ മാത്രം തെരഞ്ഞുപിടിച്ചുള്ള ആക്രമണമായിരുന്നുവെന്ന് വ്യക്തം.


മുറാര്‍പൂരിലെ ഷാഹി മസ്ജിദിന് നേരെ പാഞ്ഞടുത്ത അഞ്ഞൂറോളം പേര്‍ പള്ളിയുടെ മെയിന്‍ ഗേറ്റും മിനാരങ്ങളുമെല്ലാം തകര്‍ത്ത് അകത്തേക്ക് ഇരമ്പി കയറിയ സംഭവം ഇമാം മുഹമ്മദ് ഷഹാബുദ്ദീന്‍ ഓര്‍ക്കുന്നു. അവര്‍ പള്ളിയിലെ കണ്ണാടികള്‍ എറിഞ്ഞുടക്കുകയും കോമ്പൗണ്ടില്‍ പാര്‍ക് ചെയ്തിരുന്ന ബൈക്കുകളും ടെംമ്പോകളും കത്തിച്ച് ചാമ്പലാക്കുകയും ചെയ്തു. ഏതാണ്ട് 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായ മുക്കാല്‍ മണിക്കൂറോളം നീണ്ട അക്രമികളുടെ അഴിഞ്ഞാട്ടത്തെ തടുക്കാന്‍ പൊലീസ് സംഭവസ്ഥലത്ത് എത്തിയിട്ടേയില്ല. മാത്രമല്ല, അക്രമികള്‍ക്കെതിരെ നടപടി എടുക്കേണ്ടതിന് പകരം ഫോറന്‍സിക് പരിശോധനയ്ക്കൊന്നും മുതിരാതെ എത്രയും വേഗം പള്ളി റിപ്പയര്‍ ചെയ്യണമെന്ന് മസ്ജിദ് കമ്മിറ്റിയോട് ആവശ്യപ്പെടുകയാണ് പൊലീസ് ചെയ്തത്. പരാതി കൊടുത്തിട്ടും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുമില്ല. ഇമാം പറഞ്ഞു.

മുറാര്‍പൂര്‍ റോഡിലെ ഏഷ്യാ ഹോട്ടലിന്റെ മാനേജര്‍ രൂപേഷ് കുമാര്‍ പങ്കുവെച്ചതും സിറ്റിപാലസ് ഹോട്ടലിന് സമാനമായ അനുഭവം തന്നെ. എന്നാല്‍, എല്ലാം സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിരുന്നെന്നും ദൃശ്യങ്ങള്‍ പൊലീസിന് കൈമാറിയെങ്കിലും നടപടി ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. കല്ലെറിയാനും ഗെയ്റ്റ് തകര്‍ക്കാനും മുന്നിലുണ്ടായിരുന്നവരില്‍ പലരും ഹോട്ടലിന് മുന്നില്‍ പച്ചക്കറി കച്ചവടം ചെയ്തിരുന്നവരടക്കമുള്ള പ്രദേശവാസികള്‍ തന്നെയായിരുന്നുവെന്ന് രൂപേഷ് തിരിച്ചറിയുന്നുണ്ട്.

1896ല്‍ തന്റെ ഭര്‍ത്താവിന്റെ സ്മരണയ്ക്കായി ബിബി സുഗറയെന്ന മനുഷ്യസ്നേഹി സ്ഥാപിച്ചതാണ് മദ്റസ അസീസിയ എന്ന വിദ്യാലയം. നളന്ദ ജില്ലയിലെ ചരിത്രപ്രസിദ്ധമായ ബീഹാര്‍ ശരീഫില്‍ മൂന്ന് ഏക്കര്‍ കാമ്പസിലേക്ക് 1910 ല്‍ മദ്റസ അസീസിയ പില്‍ക്കാലത്ത് മാറ്റിസ്ഥാപിക്കപ്പെട്ടു. തന്റെ ഭര്‍ത്താവിന്റെ ലക്ഷങ്ങള്‍ വിലമതിക്കുന്ന അനന്തര സ്വത്ത് അരികുവല്‍ക്കരിക്കപ്പെട്ട മുസ്ലിംകളുടെ ഉന്നമനത്തിനായി അവര്‍ വഖ്ഫ് ചെയ്തു. മദ്റസക്കു പുറമേ സുഗറ ഹൈസ്‌കൂളും കോളജുമെല്ലാം അവര്‍ സ്ഥാപിച്ചു. മുന്നൂറോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഹോസ്റ്റല്‍ സൗകര്യമടക്കമുള്ള മദ്രസയ്ക്കു നേരെ 1981ലും 2017ലുമെല്ലാം അക്രമമുണ്ടായിട്ടുണ്ട്.

മാര്‍ച്ച് 31 നിര്‍ദിഷ്ട പാതയില്‍ നിന്നും മാറി മദ്റസ ലക്ഷ്യമാക്കി നടന്നടുത്ത 1000 ത്തോളം പേരടങ്ങിയ ആള്‍ക്കൂട്ടത്തെ കണ്ട് സെക്യൂരിറ്റി മോഹന്‍ ബഹാദുര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കല്ലേറ് തുടങ്ങിയതിന് പിന്നാലെ അവര്‍ മദ്രസയുടെ ലൈബ്രറിക്ക് തീവെച്ചു. 110 വര്‍ഷം പഴക്കമുള്ള ആ ഗ്രന്ഥശാലയിലെ 4500 ഓളം ഇസ്ലാമിക ഗ്രന്ഥങ്ങള്‍ അഗ്‌നിക്കിരയായതായി പ്രിന്‍സിപ്പള്‍ മുഹമ്മദ് ഷാകിര്‍ ഖാസിമി പറയുന്നു. പൊലീസ് എത്തുന്നത് രണ്ട് മണിക്കൂറിന് ശേഷമാണ്. പിറ്റേന്ന് രാവിലെയോടെയാണ് തീ പൂര്‍ണമായും അണക്കാന്‍ കഴിഞ്ഞത്.


മദ്രസക്ക് തീവെച്ചതിനു ശേഷം ഹൈദര്‍ അസം എന്ന വ്യവസായിയുടെ ഡിജിറ്റല്‍ ദുനിയ എന്ന ഇലക്ട്രോണിക്സ്, ഹോം അപ്ലയന്‍സസ് വ്യാപാരകേന്ദ്രം ലക്ഷ്യമാക്കിയാണ് ആള്‍ക്കൂട്ടം നീങ്ങിയത്. ആക്രമിക്കപ്പെടുമെന്ന് ഉറപ്പായതോടെ ഹൈദര്‍ അസം മുഖ്യമന്ത്രിയും ഡി.ജി.പിയും അടങ്ങുന്നവരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. നാലുകോടിയോളം രൂപയുടെ ഉല്‍പന്നങ്ങള്‍ കൊള്ളയടിക്കപ്പെട്ടെന്നും ജില്ലാ മജിസ്ട്രേറ്റ് നഷ്ടപരിഹാരം ഒന്നും നല്‍കുകയില്ലെന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

ആരോപണങ്ങള്‍ മുന്നില്‍ വെച്ചു കൊണ്ട് എ.പി.സി.ആര്‍ സംഘം ജില്ലാ മജിസ്ട്രേറ്റിനെ കണ്ടിരുന്നു. ലഭ്യമായ പൊലീസ് ഫോഴ്സിനെ ഉപയോഗിച്ച് ഫലപ്രദമായി തന്നെ സാഹചര്യം നിയന്ത്രിക്കാന്‍ കഴിഞ്ഞു, എന്നാല്‍, അത്രയും സേന മതിയാകാതെ വന്നുവെന്നും അദ്ദേഹം സമ്മതിച്ചു. കൂടുതല്‍ ആള്‍നഷ്ടം ഉണ്ടാവാതെ റാലി കഴിയുംവരെ സാഹചര്യങ്ങളെ വരുതിക്ക് നിര്‍ത്താന്‍ സാധിച്ചതായി മജിസ്ട്രേറ്റ് പറയുന്നു.

സാസാറം സംഭവങ്ങള്‍

മാര്‍ച്ച് 30ന് ഹനുമാന്‍ ഗലിയില്‍ നിന്നും ആരംഭിച്ച റാലിയില്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങളും ഗാനങ്ങളും ഉണ്ടായി. മുസ്ലിംകള്‍ തിരിച്ചും മുദ്രാവാക്യങ്ങള്‍ മുഴക്കിയെങ്കിലും അക്രമസംഭവങ്ങള്‍ ഉണ്ടായില്ല. മാര്‍ച്ച് 31 ഷാജുമയിലും മറ്റു മുസ്ലിം പ്രദേശങ്ങളിലും ജുമാ നമസ്‌കാരത്തിനായി 200-300 മുസ്ലിംകള്‍ ഒത്തുകൂടിയിരുന്നു. മസര്‍ ദര്‍വാസയില്‍ 1-2 മണിക്കൂറോളം കല്ലേറ് നടന്നു. 5-6 മണിക്കൂറിന് ശേഷമാണ് പൊലീസ് എത്തുന്നത്.

പരസ്പരമുള്ള മുദ്രാവാക്യം വിളികളുണ്ടായ ഷാ ജലാല്‍ പീര്‍ പ്രദേശത്ത് മുസ്ലിം വീടുകള്‍ വലിയതോതില്‍ ആക്രമിക്കപ്പെട്ടു. പുരുഷന്‍മാര്‍ ജുമാ നമസ്‌കാരത്തിന് പള്ളികളിലായിരുന്ന സമയത്താണ് ആയുധധാരികളായ സംഘങ്ങള്‍ മുസ്ലിം വീടുകള്‍ ആക്രമിച്ചത്.

യാസ്മീന്‍ ഖാത്തൂനും ഭര്‍ത്താവും വീടിനു നേരെ നാലുഭാഗത്തു നിന്നും കല്ലേറ് തടുക്കാനാവാതെ പൊലീസ് സഹായത്തോടെ വീട് ലോക്ക് ചെയ്ത് രക്ഷപ്പെടുകയായിരുന്നു. വീട് തകര്‍ത്ത് അകത്തുകയറിയ അക്രമകാരികള്‍ അമ്പതിനായിരം രൂപയും ആഭരണങ്ങളും കൊള്ളയടിക്കുകയും വീടിനുള്ളിലെ മറ്റു സാധനങ്ങള്‍ തീയിടുകയും ചെയ്തതായി യാസ്മീന്‍ പറഞ്ഞു. പൊലീസ് സാന്നിധ്യത്തില്‍ നടന്ന ഈ ആക്രമണത്തില്‍ 10 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് അവര്‍ക്കുണ്ടായത്.

തന്റെ പുതുതായി പണികഴിപ്പിച്ച വീടിനുള്ളില്‍ ഉച്ചഭക്ഷണം തയ്യാറാക്കുന്ന തിരക്കിലായിരുന്നു അഞ്ചു മക്കളുടെ മാതാവായ ഷ്ബ്ബാന്‍. ചുറ്റുമുള്ള വീടുകള്‍ കത്തുന്നത് കണ്ട് അവര്‍ കുട്ടികളുമായി രക്ഷപ്പെട്ട് ഓടുകയായിരുന്നു. പിറ്റേദിവസം വീട്ടിലെ വിലപ്പെട്ടതെല്ലാം കൊള്ളയടിക്കപ്പെട്ടതായാണ് അവര്‍ കാണുന്നത്. ചുട്ടെരിക്കാന്‍ ശ്രമിച്ചെങ്കിലും വീടിന് തീപിടിച്ചിരുന്നില്ല. ഷബ്ബാന്റെ ഭര്‍ത്താവ് മുസ്ലിം ഖുറേഷി ആടിനെ വിറ്റാണ് ഉപജീവനം കഴിയുന്നത്. മകളുടെ വിവാഹത്തിനു വേണ്ടി സൂക്ഷിച്ച പണവും ആഭരണങ്ങളും തയ്യല്‍ മെഷീനും കൊള്ളയടിക്കപ്പെട്ട അനുഭവമാണ് സയ്യിദ ഖാത്തൂനും പറയാനുണ്ടായിരുന്നത്.


നിര്‍ദേശങ്ങള്‍

കലാപത്തില്‍ പങ്കെടുക്കുകയും പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും മേല്‍ സംഭവത്തിന്റെ ഉത്തരവാദിത്തം ഏല്‍പ്പിക്കുകയും നിയമവാഴ്ച അനുസരിച്ച് മാതൃകാപരമായ ശിക്ഷ നല്‍കുകയും വേണം. സംഭവത്തില്‍ സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കുറ്റവാളികളെ പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ടത് അത്യാവശ്യമാണ്.

കൂടാതെ, അക്രമണത്തിന്റെ ഇരകളായ എല്ലാവര്‍ക്കും അവരുടെ നാശനഷ്ടക്കണക്ക് അനുസരിച്ച് നഷ്ടപരിഹാരം അനുവദിക്കണം. അതിനായി സംസ്ഥാന സര്‍ക്കാര്‍ റിട്ടയേര്‍ഡ് ജഡ്ജിയുടെ നേതൃത്വത്തില്‍ കമീഷനെ നിയമിക്കണം.

സംഘടിത അക്രമത്തിന്റെ പദ്ധതിയും ഗൂഢാലോചനയും സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണം. ദുരിതബാധിതര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ പിന്തുണ നല്‍കുകയും ദുരിതബാധിത പ്രദേശങ്ങള്‍ പുനര്‍നിര്‍മിക്കാന്‍ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇത്തരം കൂട്ടായ ശ്രമങ്ങളിലൂടെ മാത്രമേ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും എല്ലാവരേയും ഉള്‍ക്കൊള്ളുന്നതും നീതിയുള്ളതും സമാധാനപരവുമായ ഒരു സമൂഹത്തെ പ്രോത്സാഹിപ്പിക്കാനും നമുക്ക് കഴിയൂ.

വിവ: റമീസുദ്ദീന്‍ വി.എം

TAGS :