Quantcast
MediaOne Logo

ബില്‍ക്കീസ് ബാനു കേസ് ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് നല്‍കുന്ന സന്ദേശം

ബില്‍ക്കീസിനും നീതിക്ക് വേണ്ടി പോരാടിയപ്പോള്‍ അവരുടെ കൈപിടിച്ചവര്‍ക്കുമുള്ള സന്ദേശം വ്യക്തമാണ്: നീതിക്കായുള്ള പോരാട്ടങ്ങള്‍ മോദിയുടെ ഇന്ത്യയില്‍ അവസാനിക്കുന്നത് ഇങ്ങനെയാണ്; മുസ്‌ലിംകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍-കൂട്ടകൊലപാതകങ്ങളും കൂട്ടബലാത്സംഗങ്ങളും പോലും നിസ്സാരമായി പരിഗണിക്കപ്പെടും.

ബില്‍ക്കീസ് ബാനു കേസ് ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് നല്‍കുന്ന സന്ദേശം
X

അന്ന് സ്വാതന്ത്ര്യ ദിനമായിരുന്നു-ബലാത്സംഗികള്‍ക്കും കൊലപാതകികള്‍ക്കും.

2002 ല്‍ ഗുജറാത്തില്‍ മുസ്‌ലിം സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളെ ആഗസ്റ്റ് 15ന് വിട്ടയച്ചു. സംസ്ഥാന സര്‍ക്കാര്‍ ഇവരെ മോചിപ്പിക്കാന്‍ ഉത്തരവിടുകയായിരുന്നു. കൊളോണിയലിസത്തില്‍ നിന്നുള്ള സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ഇന്ത്യ ആഘോഷിക്കുന്ന ഒരു ദിവസമാണ് അവരുടെ മോചനം എന്നത് യാദൃച്ഛികമല്ല. ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ അവരെ മാലയിട്ടാണ് സ്വീകരിച്ചത്.

മുസ്‌ലിം സമുദായത്തിനെതിരായ വംശഹത്യയുടെ ഭാഗമായി മാരകമായ ആയുധങ്ങള്‍ ഉപയോഗിച്ച് വേട്ടയാടപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്ത ഒരു കൂട്ടം മുസ്‌ലിംകള്‍ക്കിടയില്‍ അതിജീവിച്ച ഏക വ്യക്തിയായ ബില്‍ക്കിസ് ബാനു, അവരെ ആക്രമിച്ചവരെ വിട്ടയച്ച വാര്‍ത്ത ഞെട്ടലോടെയും അവിശ്വാസത്തോടെയുമാണ് കേട്ടത്. ഒരു സ്ത്രീയുടെ നീതി എങ്ങനെയാണ് ഇങ്ങനെ പര്യവസാനിക്കുകയെന്നും അവര്‍ ചോദിച്ചു.

അന്ന് അഞ്ച് മാസം ഗര്‍ഭിണി ആയിരുന്ന ബില്‍ക്കിസ്, ഇപ്പോള്‍ മോചിപ്പിക്കപ്പെട്ട പ്രതികളാല്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ട മൂന്ന് സ്ത്രീകളില്‍ ഉള്‍പ്പെടുന്നു. മകള്‍ സലേഹയുടെ തല അവരുടെ മുന്നില്‍ വെച്ചാണ് തകര്‍ക്കപ്പെട്ടത്. തല്‍ക്ഷണം ആ കുട്ടിയെ കൊന്നു. മൂന്നു വയസ്സായിരുന്നു അവളുടെ പ്രായം. ആക്രമണത്തില്‍ ആകെ 14 പേര്‍ കൊല്ലപ്പെട്ടു.


ഗുജറാത്തില്‍ അധികാരത്തിനായുള്ള ഏറ്റവും പുതിയ മത്സരാര്‍ത്ഥിയായ ആം ആദ്മി പാര്‍ട്ടി-ഡല്‍ഹിയിലും പഞ്ചാബ് സംസ്ഥാനത്തും ഭരിക്കുന്ന - ഗൂഢമായ നിശബ്ദത പാലിക്കുന്നു എന്നതാണ് രസകരം


ആ നിമിഷം മുതല്‍ ബില്‍ക്കീസ് പ്രതിബന്ധങ്ങള്‍ക്കെതിരെ പോരാടി - ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ളതായിരുന്നതും ഇപ്പോഴും അദ്ദേഹത്തിന്റെ ഭാരതീയ ജനതാ പാര്‍ട്ടി (ബി.ജെ.പി) യുടെ നേതൃത്വത്തിലുള്ളതുമായ ഗുജറാത്ത് സംസ്ഥാന സര്‍ക്കാരിന്റെ ശക്തിക്കെതിരെയും - നീതിക്കായി അവര്‍ പോരാടി. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് നഗ്‌നയായാണ് നടന്ന് പോയത്. ശേഷം പരാതി നല്‍കി. കേസ് രജിസ്റ്റര്‍ ചെയ്ത ലോക്കല്‍ പൊലീസ് ഓഫീസര്‍ കേസ് ദുര്‍ബലമാക്കാന്‍ അവരുടെ മൊഴി വളച്ചൊടിച്ചതായി ഇന്ത്യയിലെ പ്രമുഖ അന്വേഷണ ഏജന്‍സിയായ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പൊലീസ് ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും വസ്തുതകള്‍ വളച്ചൊടിച്ച് പോസ്റ്റ്‌മോര്‍ട്ടം പ്രക്രിയയില്‍ കൃത്രിമം കാണിക്കാനും രേഖകള്‍ വ്യാജമായി ചമയ്ക്കാനും തെളിവുകള്‍ നശിപ്പിക്കാനും ശ്രമിച്ചുവെന്ന് കോടതി പിന്നീട് കണ്ടെത്തി. ദേശീയ മനുഷ്യാവകാശ കമീഷന്‍ (എന്‍.എച്ച്.ആര്‍.സി) അവരുടെ കേസ് ഏറ്റെടുത്തപ്പോള്‍ മാത്രമാണ് നീതിയുടെ ചക്രങ്ങള്‍ പതിയെ തിരിയാന്‍ തുടങ്ങിയത്.

ആ സംസ്ഥാനത്ത് നീതിയുക്തമായ വിചാരണ സാധ്യമല്ലെന്ന് സുപ്രീം കോടതിക്ക് ബോധ്യപ്പെട്ടതിനാലാണ് കേസ് ഗുജറാത്തില്‍ നിന്ന് മാറ്റിയത്. 2008-ല്‍ മുംബൈയിലെ ഒരു പ്രത്യേക കോടതി ബലാത്സംഗത്തിനും കൊലപാതകത്തിനും പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു. ഈ വിധി മേല്‍ക്കോടതികള്‍ ശരിവച്ചു. ബില്‍ക്കിസ് ബാനുവിന് 50 ലക്ഷം രൂപയും വീടും ജോലിയും നഷ്ടപരിഹാരമായി നല്‍കണമെന്ന് 2019 ല്‍ സുപ്രീം കോടതി ഗുജറാത്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അത്തരം കേസുകളില്‍ ഈ തുക അഭൂതപൂര്‍വമായിരുന്നു. കുറ്റകൃത്യത്തിന്റെ അസാധാരണമായ സ്വഭാവത്തിന് കോടതി അടിവരയിടുകയും ചെയ്തു.

ഇത് ബില്‍ക്കീസിന്റെ മാത്രം കാര്യമല്ല. നിരവധി ഫെമിനിസ്റ്റുകളും മനുഷ്യാവകാശ സംരക്ഷകരും സംഘടനകളും ചേര്‍ന്ന് ബില്‍ക്കീസിന് അഭയം നല്‍കി. അവളുടെ സുരക്ഷയ്ക്കായി ഒളിവില്‍ കഴിയേണ്ടി വന്നു. ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് നിരന്തരം താമസം മാറേണ്ടി വന്നു. പലരുടെയും ദൃഷ്ടിയില്‍ മുസ്‌ലിംകള്‍ക്കെതിരായ വംശഹത്യയുടെ ഇരകളായ മറ്റെല്ലാ വ്യക്തികള്‍ക്കും വേണ്ടിയായിരുന്നു അവരുടെ പോരാട്ടം.

ഇപ്പോള്‍ നീതി ചവിട്ടിമെതിക്കപ്പെടുകയാണ്


2002-ലെ ജയില്‍ മോചന നയത്തിന് അനുസൃതമായി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കുറ്റവാളികളില്‍ ഒരാള്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന് രാജ്യത്തെ പരമോന്നത കോടതി ഗുജറാത്ത് സര്‍ക്കാരിനോട് തീരുമാനമെടുക്കാന്‍ ആവശ്യപ്പെട്ടു. ആ നയത്തിലെ പഴുതുകള്‍ ഉപയോഗിച്ച് ഗുജറാത്ത് സര്‍ക്കാര്‍ നിയോഗിച്ച ബി.ജെ.പി അംഗങ്ങള്‍ അടങ്ങിയ ഒരു കമ്മിറ്റി ഇളവ് നല്‍കാന്‍ ശുപാര്‍ശ ചെയ്തു. മോചിപ്പിക്കപ്പെട്ട കുറ്റവാളികളുടെ വീടുകള്‍ക്ക് അടുത്ത് താമസിക്കുന്ന ബില്‍ക്കീസ് ഇപ്പോള്‍ അവളുടെ ജീവനെയും അവളുടെ കുടുംബത്തിന്റെ സുരക്ഷയെയും കുറിച്ച് ഒരിക്കല്‍ കൂടി ഭയപ്പെടണം.

എന്തുകൊണ്ടാണ് സ്വാതന്ത്ര്യദിനത്തില്‍ തന്നെ അവര്‍ ഇത് ചെയ്തത്? ഈ നടപടിയുടെ പ്രതീകാത്മകത ഒഴിവാക്കാനാവാത്തതാണ്; പ്രത്യേകിച്ചും മോദി - മണിക്കൂറുകള്‍ക്ക് മുമ്പ് - സ്ത്രീകളെ ബഹുമാനിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും മോദിയുടെ ഏറ്റവും വിശ്വസ്തനായ കൂട്ടാളി ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഓഫീസിന്റെയും അനുമതിയില്ലാതെ കുറ്റവാളികളെ മോചിപ്പിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് മുന്‍കൈയെടുക്കാന്‍ കഴിയുമോ എന്നത് അചിന്തനീയമായ കാര്യമാണ്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയുടെ കാലത്തും അമിത് ഷാ ആഭ്യന്തര മന്ത്രി പദവി വഹിച്ചിരുന്നു.

ബില്‍ക്കീസിനും നീതിക്ക് വേണ്ടി പോരാടിയപ്പോള്‍ അവരുടെ കൈപിടിച്ചവര്‍ക്കുമുള്ള സന്ദേശം വ്യക്തമാണ്: നീതിക്കായുള്ള പോരാട്ടങ്ങള്‍ മോദിയുടെ ഇന്ത്യയില്‍ അവസാനിക്കുന്നത് ഇങ്ങനെയാണ്; മുസ്‌ലിംകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍-കൂട്ടകൊലപാതകങ്ങളും കൂട്ടബലാത്സംഗങ്ങളും പോലും നിസ്സാരമായി പരിഗണിക്കപ്പെടും.


നീതി പ്രതീക്ഷിക്കരുതെന്നാണ് മുസ്‌ലിംകള്‍ക്കുള്ള സന്ദേശമെങ്കില്‍, ഏത് കുറ്റത്തിനും ശിക്ഷയില്‍ നിന്ന് അവര്‍ മുക്തരാണെന്നതാണ് ബി.ജെ.പി അനുഭാവികള്‍ക്കുള്ള സന്ദേശം.


സങ്കടകരമെന്നു പറയട്ടെ, ഇതൊന്നും ആശ്ചര്യകരമല്ല. എല്ലാത്തിനുമുപരി, ഗുജറാത്തിലെ മോദിയുടെ ഭരണത്തിന്‍ കീഴിലാണ് ബില്‍ക്കീസിന് ആദ്യമായി തന്റെ ജീവനുവേണ്ടി ഓടേണ്ടി വന്നത്; സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്ന് ഒളിച്ചിരിക്കേണ്ടി വന്നത്. അവര്‍ നീതിക്കായി പോരാടിയപ്പോള്‍ അവര്‍ക്കെതിരെ നിലകൊണ്ടതും മോദിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരാണ്.

ഭരണകക്ഷിയുടെ പ്രത്യയശാസ്ത്ര ഗുരുക്കന്മാരില്‍ ഒരാളായ വിനായക് ദാമോദര്‍ സവര്‍ക്കര്‍ ഒരിക്കല്‍ ബലാത്സംഗത്തെ സമാനമായി ഹിന്ദു സ്ത്രീകളോട് ചെയ്യുന്നതില്‍ നിന്ന് മുസ്‌ലിംകളെ പിന്തിരിപ്പിക്കുന്ന ഒരു നിയമപരമായ ആയുധമായി ന്യായീകരിച്ചിരുന്നു എന്ന് ഓര്‍ക്കേണ്ടത് പ്രധാനമാണ്.

മുസ്‌ലിംകളെ കൊല്ലുന്നതിനും മുസ്‌ലിം സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതിനും ആഹ്വാനം ചെയ്തു കൊണ്ട് കഴിഞ്ഞ മാസങ്ങളില്‍ ഹിന്ദു മത നേതാക്കള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നവര്‍ രംഗത്ത് വന്നിട്ടുള്ളതും യാദൃശ്ചികമല്ല. അവരെ ശിക്ഷിക്കുന്നതിനുപകരം ഈ വിദ്വേഷ പ്രസംഗം തുറന്നുകാട്ടിയ വ്യാജ കാരണങ്ങളാല്‍ അറസ്റ്റിലായ ഫാക്റ്റ് ചെക്കര്‍ മുഹമ്മദ് സുബൈറിനെപ്പോലുള്ളവരെയാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.


സുപ്രീം കോടതിയെപ്പോലെ ഒരുകാലത്ത് ബില്‍ക്കീസിനൊപ്പം നിന്നിരുന്ന സ്ഥാപനങ്ങളുടെ അവസ്ഥയും ഒരുപോലെ ആശങ്കാജനകമാണ്. ഗുജറാത്ത് വംശഹത്യയുടെ ഇരകള്‍ക്ക് നീതി ലഭിക്കാനുള്ള പോരാട്ടം ഗൂഢാലോചനയാണെന്നും അതിന് അവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സുപ്രീം കോടതി തന്നെ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് ജൂണില്‍ ആക്ടിവിസ്റ്റ് ടീസ്റ്റ സെതല്‍വാദിനെ അറസ്റ്റ് ചെയ്തിരുന്നു.

നീതി പ്രതീക്ഷിക്കരുതെന്നാണ് മുസ്‌ലിംകള്‍ക്കുള്ള സന്ദേശമെങ്കില്‍, ഏത് കുറ്റത്തിനും ശിക്ഷയില്‍ നിന്ന് അവര്‍ മുക്തരാണെന്നതാണ് ബി.ജെ.പി അനുഭാവികള്‍ക്കുള്ള സന്ദേശം. വാസ്തവത്തില്‍ എത്രയൊക്കെ തെളിവുണ്ടായാലും ഒരു ഹിന്ദു ഒരു മുസ്ലിമിനെതിരെ നടത്തുന്ന കുറ്റകൃത്യം ഗൂഡാലോചന മാത്രമായിരിക്കും. ബില്‍ക്കീസ് കേസില്‍ വിട്ടയച്ച 11 പേരെ കുറിച്ച് ചിലര്‍ ഉന്നയിക്കുന്ന അവകാശവാദം ഇതിനകം തന്നെ ഇങ്ങനെയാണ്.


മുസ്‌ലിംകളെ കൊല്ലുന്നതിനും മുസ്‌ലിം സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതിനും ആഹ്വാനം ചെയ്തു കൊണ്ട് കഴിഞ്ഞ മാസങ്ങളില്‍ ഹിന്ദു മത നേതാക്കള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നവര്‍ രംഗത്ത് വന്നിട്ടുള്ളതും യാദൃശ്ചികമല്ല.


അവരുടെ ശിക്ഷാ ഇളവ് ഇന്ത്യന്‍ സിവില്‍ സമൂഹത്തില്‍ രോഷത്തിന് ഇടയാക്കിയിട്ടുണ്ട്. മിക്ക പ്രതിപക്ഷ പാര്‍ട്ടികളും ഈ നീക്കത്തെ വിമര്‍ശിച്ചു. ഗുജറാത്തില്‍ അധികാരത്തിനായുള്ള ഏറ്റവും പുതിയ മത്സരാര്‍ത്ഥിയായ ആം ആദ്മി പാര്‍ട്ടി-ഡല്‍ഹിയിലും പഞ്ചാബ് സംസ്ഥാനത്തും ഭരിക്കുന്ന - ഗൂഢമായ നിശബ്ദത പാലിക്കുന്നു എന്നതാണ് രസകരം. നീതിക്ക് പകരം രാഷ്ട്രീയ മുതലെടുപ്പാണോ അവര്‍ തെരഞ്ഞെടുക്കുന്നത്?

മനഃസാക്ഷി മരിച്ചിട്ടില്ലാത്ത ഏതൊരാള്‍ക്കും വെറുപ്പുളവാക്കുന്ന ഇത്തരം തീരുമാനങ്ങളിലൂടെ ബി.ജെ.പി തങ്ങളുടെ, കൂടുതലും ഹിന്ദുക്കളായ ഘടകകക്ഷികളെ ഈ വക്രതയില്‍ പങ്കാളികളാക്കാനാണ് ശ്രമിക്കുന്നത്. ഈ മോചനത്തിനെതിരെ അവര്‍ ശബ്ദമുയര്‍ത്തനം.

ഇന്ത്യയിലെ 200 ദശലക്ഷം മുസ്‌ലിംകള്‍ക്കുള്ള പ്രത്യാഘാതങ്ങള്‍ അതിലും ഭീകരമാണ്. ഒരു അപവാദമായി സംരക്ഷിക്കപ്പെട്ടാലും, ഏത് നിമിഷവും നീതി ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് ഈ നടപടി അവര്‍ക്ക് നല്‍കുന്ന സന്ദേശം. മറ്റ് ഇന്ത്യക്കാരെപ്പോലെ അവരും തങ്ങളുടെ രാജ്യത്തെ ആഘോഷിച്ച ഒരു ദിവസം പോലും അത് അവര്‍ക്ക് നേരെ തിരിയുകയാണ്.


TAGS :