Quantcast
MediaOne Logo

സിദ്ദീഖ് ഹസ്സന്‍

Published: 13 Dec 2023 9:26 AM GMT

എബൗട്ട് ഡ്രൈ ഗ്രാസ്സസ്: സമറ്റിനും നുറെക്കുമിടയില്‍ കെനന്‍ എത്തുമ്പോള്‍

ഇരുപത്തെട്ടാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ ശ്രദ്ധേയമായ ചിത്രമാണ് നുറെ ബില്‍ഗെ സെയ്ലന്റെ എബൗട്ട് 'ഡ്രൈ ഗ്രാസ്സസ്' എന്ന തുര്‍ക്കിഷ് ചിത്രം. ചിത്രം അധികാരം, മാനിപ്പുലേഷന്‍, ഏകാന്തത, ഗ്രാമത്തിന്റെ രാഷ്ട്രീയം തുടങ്ങി ഒരുപാട് വിഷയങ്ങളെ പല ലയെറുകളിലായി കാണിച്ചുതരുന്നുണ്ട്.

എബൗട്ട് ഡ്രൈ ഗ്രാസ്സസ്: സമറ്റിനും നുറെക്കുമിടയില്‍ കെനന്‍ എത്തുമ്പോള്‍
X

തുര്‍ക്കിയിലെ ചെറിയ ഒരു ഗ്രാമത്തിലെ സ്‌കൂളില്‍ എട്ടാം ക്ലാസ്സ് വിദ്യാര്‍ഥികള്‍ക്ക് ആര്‍ട്ട് ക്ലാസ്സ് എടുക്കുന്ന സമറ്റ് എന്ന അധ്യാപകന്റെ മുപ്പതുകളിലൂടെ കടന്നുപോകുന്ന കഥാപാത്രത്തിലൂടെയാണ് സെയ്ലന്‍ തന്റെ കഥ മുന്നോട്ടു കൊണ്ട് പോകുന്നത്. ഗ്രാമത്തിലെ സ്‌കൂളില്‍ ഒട്ടും താല്‍പര്യം ഇല്ലാതെ നാലാം വര്‍ഷ അധ്യാപനം പൂര്‍ത്തീകരിക്കാന്‍ നില്‍ക്കുന്ന സമറ്റിനു എത്രയും വേഗം ഇസ്താംബൂളിലേക്ക് മടങ്ങാനാണ് താല്‍പര്യം. ആര്‍ട്ട് അധ്യാപനത്തിന് പുറമെ പാര്‍ട്ട് ടൈം ഫോട്ടോഗ്രാഫര്‍ കൂടിയാണ് സമറ്റ്. തന്റെ സഹഅധ്യാപകനായ കെനനോടൊപ്പം ഒരു കൊച്ചു മുറിയിലാണ് സമറ്റ് താമസിക്കുന്നത്.

സമറ്റിന്റെ കഥാപാത്രത്തെയും ഗ്രാമത്തിലെയും സ്‌കൂളിലെയും കഥാപാത്രങ്ങളുമായി അയാള്‍ക്കുണ്ടായിരുന്ന ബന്ധവും കാണിക്കുന്നതിനായാണ് സെയ്ലന്‍ ആദ്യത്തെ അര മണിക്കൂറോളം ചിത്രം ചിലവഴിക്കുന്നത്. പിന്നീട് സെമറ്റിന്റെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ശേഷിക്കുന്ന കഥയുടെ ഇതിവൃത്തം.

സമെറ്റിന്റെ കഥാപാത്രം വളരെ രസകരമായാണ് സെയ്ലണ്‍ ഡിസൈന്‍ ചെയ്തിട്ടുള്ളത്. ഒരുപാട് ലയറുകള്‍ ഉള്ള സമറ്റ് എന്ന കഥാപാത്രം കൂടുതലായി സംവദിക്കാന്‍ താല്‍പര്യപ്പെടുന്നത് തന്റെ പ്രിയ വിദ്യാര്‍ഥിനിയായ സെവിമിനോടും സഹ അധ്യാപകന്‍ കെനനോടും ആണ്. ക്ലാസ്സിലെ മിടുക്കിയായ വിദ്യാര്‍ഥിനിയാണ് 'സെവിം', അയാള്‍ അവള്‍ക്ക് ആരും അറിയാതെ സമ്മാനങ്ങള്‍ കൊടുക്കാറുണ്ട്. ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ പോലും അവള്‍ക്കും അവളുടെ അടുത്ത കൂട്ടുകാര്‍ക്കുമാണ് കൂടുതല്‍ പരിഗണന നല്‍കാറുള്ളത്. സമെറ്റും സെവിനും തമ്മിലുള്ള ബന്ധത്തെ പല രീതിയില്‍ വ്യാഖ്യനിക്കാന്‍ സാധിക്കും. സമറ്റ് സെവിനെ എത് രീതിയില്‍ ആണ് കണ്ടിട്ടുള്ളതെന്നത് നിര്‍വചികാന്‍ പ്രയാസമാണ്. അത്രമേല്‍ സങ്കീര്‍ണമായ രീതിയിലാണ് സെയ്ലന്‍ ഈ കഥാപാത്രത്തെ രൂപപ്പെടുത്തിയിട്ടുള്ളത്. നായക കഥാപാത്രത്തിന്റെ ( Deniz Celiloഴlu) അഭിനയമികവും എടുത്ത് പറയേണ്ടതാണ്. കെനന്‍ വളരെ രസികനായ കഥാപാത്രമാണ്, സമ്മറ്റിനെപോലെ പ്രേക്ഷകര്‍ക്ക് വായിച്ചെടുക്കാന്‍ പ്രയാസമില്ലാത്ത നിഷ്‌കളങ്കനായ വ്യക്തി.

കഥയില്‍ വലിയ മാറ്റമുണ്ടാവുന്നത് സമറ്റിനും കെനനും എതിരെ വിദ്യാര്‍ഥിനികളോട് മോശമായ രീതിയില്‍ പെരുമാറിയെന്ന ആരോപണം ഉന്നയിക്കപ്പെടുന്നത് മുതലാണ്. ഒരു ചിത്രത്തിനു പൂര്‍ണമായി സഞ്ചരിക്കാന്‍ ഈ ഒരു കഥബിന്ദു തന്നെ ധാരാളമായിരുന്നു. എന്നാല്‍, സെയിലണ്‍, ഒരു കഥയില്‍ കേന്ദ്രീകരിച്ചു ചിത്രത്തെ കൊണ്ട് പോവുക എന്നതിലുപരി സമറ്റ് എന്ന കഥാപാത്രത്തിന്റെ പഠനമാണ് ഈ ചിത്രത്തില്‍ കാണിക്കുന്നത്.

സമറ്റ് എന്ന കഥാപാത്രത്തെയോ കഥയെയോ ഈ ആരോപണം വലിയ രീതിയില്‍ ബാധിക്കുന്നില്ലെങ്കിലും സമറ്റിന്റെ പെരുമാറ്റത്തില്‍ ഈ പ്രശ്‌നം വലിയ മാറ്റം ഉണ്ടാക്കുന്നുണ്ട്. ആരോപണം ഉന്നയിച്ച വിദ്യാര്‍ഥിനിയോട് പ്രതികാരമനോഭാവം വെച്ച് പുലര്‍ത്തുന്ന രംഗങ്ങള്‍ തന്നെ ഉദാഹരണം.

കഥ മുന്നോട്ട് പോവുംതോറും സിനിമ പുതിയ വിഷയങ്ങളിലേക്ക് സഞ്ചരിക്കുന്നു. അടുത്തുള്ള മറ്റൊരു സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ 'നുറെ'കഥയില്‍ കൂടുതലായി സാന്നിധ്യം അറിയിക്കുന്നു. സമറ്റിനും നുറെക്കുമിടയില്‍ കെനന്‍ എത്തുമ്പോള്‍, കഥ വീണ്ടും സങ്കീര്‍ണ്ണമാവുന്നു. ഒപ്പം കൂടുതല്‍ രസകരവും. നുറെ ഒരു ലെഫ്റ്റ് വിംഗ് ആക്റ്റീവിസ്റ്റ് കൂടിയായിരുന്നു. ഒരു കാല്‍ നഷ്ടമായത്തോടെ അധ്യാപനത്തിലേക്ക് മാത്രമായി ഒതുങ്ങിപ്പോയി. എങ്കിലും കൃത്യമായ നിലപാടുകളും ഫിലോസഫിയും ഉള്ള വ്യക്തിയാണ് നുറെ.

നുറെയിലേക്ക് കെനന്റെ താല്‍പര്യം എത്തുന്നതിനു കാരണം സമറ്റ് ആണ്. എന്നിരുന്നാലും കേനന്‍ നുറെയോട് അടുക്കുന്നത് സമറ്റിന് അത്ര രസിക്കുന്നില്ല, ആദ്യമാത്രയില്‍ വലിയ താല്‍പര്യം ഇല്ലാതിരുന്നിട്ട് പോലും സമറ്റ്, നുറെ കേനില്‍ താല്‍പര്യം പ്രകടിപ്പിക്കുന്നത് കാണുമ്പോള്‍ അവളെ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നു. അതിനായി പലതും അയാള്‍ ചെയ്യുന്നു. നുണകള്‍ പറയുന്നു. സമെറ്റും നുറെയും തമ്മിലുള്ള ഡിന്നര്‍ രംഗങ്ങള്‍ ഒരു ഫിലോസഫിക്കല്‍ ക്ലാഷ് തന്നെയാണ് ചിത്രത്തില്‍. സമറ്റ് എന്ന കഥാപാത്രത്തെ നുറെ അയാളുടെ ഐഡിയോളജികളിലൂടെ തന്നെ വളരെ എളുപ്പത്തില്‍ വായിച്ചെടുക്കുന്നുണ്ട് ഈ രംഗത്തില്‍. ഈ രംഗങ്ങള്‍ എല്ലാം വളരെ രസകരമായ രീതിയില്‍ അവതരിപ്പിക്കുന്നതോടൊപ്പം സമറ്റ് എന്ന കഥാപാത്രത്തിന്റെ ഹീനമായ ചിന്താഗതിയും, മാനിപ്പുലേഷന്‍ ചെയ്യാനുള്ള വിരുതും കൃത്യമായ രീതിയില്‍ സെയ്ലണ്‍ വരച്ചു കാട്ടുന്നു.


സമറ്റ് എന്ന കഥാപാത്രം സ്വാര്‍ഥനും ഇടുങ്ങിയ ചിന്താഗതിയുള്ള വ്യക്തിയുമാണ്. കഥാപാത്രത്തിന്റെ പ്രവര്‍ത്തികള്‍ കാഴ്ച്ചയില്‍ രസകരമാണെങ്കിലും, കാഴ്ചക്കാരില്‍ പലര്‍ക്കും സമ്മറ്റിനോട് ഇഷ്ടക്കുറവ് കാണാം. സെവിം എന്ന വിദ്യാര്‍ഥിനി കഥാപാത്രം സമറ്റിന്റെ കഥാപാത്രത്തിന്റെ സ്വഭാവസവിശേതകളോട് ഏറെ സമാനതകള്‍ പുലര്‍ത്തുന്നു. ഒരു വശത്തു ചിരിച്ചുകൊണ്ട് അധ്യാപകനോട് പെരുമാറുന്ന അവള്‍ മറ്റൊരു വശത്തു അതിന്റെ നേര്‍ വിപരീതമായ പ്രവര്‍ത്തികള്‍ ചെയ്യുന്നു. ഈ ചിത്രം അധികാരം, മാനിപ്പുലേഷന്‍, ഏകാന്തത, ഗ്രാമത്തിന്റെ രാഷ്ട്രീയം തുടങ്ങി ഒരുപാട് വിഷയങ്ങളെ പല ലയെറുകളിലായി കാണിച്ചുതരുന്നുണ്ട്.

ചിത്രത്തിലെ ടെക്‌നിക്കല്‍ വശങ്ങള്‍ വളരെ മനോഹരമാണ്. കൂടുതലായും വൈഡ് സ്റ്റേറ്റിക് ഫ്രെയിമിനുള്ളില്‍ രണ്ടില്‍ കൂടുതല്‍ കഥാപാത്രങ്ങള്‍ മത്സരിച്ച് അഭിനയിക്കുന്ന രംഗങ്ങളാണ് ഉള്ളത്. ആഴമേറിയ ഒരുപാട് അര്‍ഥതലങ്ങളുള്ള സംഭാഷണങ്ങള്‍ രസകരമായ രീതിയില്‍ എഴുതി അവതരിപ്പിച്ചിട്ടുണ്ട്. അഭിനേതാക്കളുടെ പ്രകടനമാണ് മറ്റൊരു പ്രത്യേകത. അതില്‍ സെവിം എന്ന കുട്ടിയെ അവതരിപ്പിച്ച ബാലതാരത്തിന്റെ (Ece Bagci) പ്രകടനം ഏറെ മികവുറ്റതാണ്. ലൈറ്റിങ്, സിനിമാട്ടോഗ്രാഫി എന്നീ മേഖലകളിലും ചിത്രം ഏറെ മികച്ചു നില്‍ക്കുന്നു. സമറ്റ് എന്ന കഥാപാത്രത്തിന്റെ ഫോര്‍ത് വാള്‍ ബ്രേക്കിങ്ങും രസകരമായിരുന്നു. ഫ്രെയിമിങ്ങും, വസ്തുക്കളുടെ ഡീറ്റൈലിങ്ങും മികച്ചു നില്‍ക്കുന്നുണ്ട്. ഒരു പോരായ്മയായി തോന്നിയത് ചിത്രത്തിന്റെ ദൈര്‍ഘ്യമാണ്. മൂന്നര മണിക്കൂര്‍ നീളുന്ന ചിത്രം, ചെറുതായെങ്കിലും കാഴ്ചക്കാരെ മുഷിപ്പിച്ചേക്കാം. എന്നിരുന്നാലും ചിത്രം ഒരു പരിധിവരെ പ്രേക്ഷനെ രസിപ്പിച്ചു കൊണ്ട് നീങ്ങുന്നതിനാല്‍, ഈ ദൈര്‍ഘ്യം ഒരു വലിയ പ്രശ്‌നമായി തോന്നിയില്ല.

സമറ്റ് എന്ന ഏറെ സങ്കീര്‍ണമായ കഥാപാത്രത്തിന്റെ ഒരു പൂര്‍ണ അവലോകനം ആണ് ഈ ചിത്രം. അയാളെ എത് രീതിയില്‍ വായിച്ചെടുക്കുന്നു എന്നുള്ളത് പ്രേക്ഷകന്റെ കാഴ്ചപ്പാടിന് അനുസരിച്ച് വ്യത്യസ്തപ്പെടാം. തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രം തന്നെയാണ് 'എബൌട്ട് ഡ്രൈ ഗ്രാസ്സസ് ' എന്ന ഈ തുര്‍ക്കിഷ് ചിത്രം.

TAGS :