Quantcast
MediaOne Logo

യഹിയാ മുഹമ്മദ്

Published: 11 Aug 2022 4:02 PM GMT

കാലന്‍

| കവിത

കാലന്‍
X
Listen to this Article


മരിക്കുന്നതിന്

ഏതാനും ദിവസങ്ങള്‍ക്കുമുമ്പ്

വീട്ടില്‍വന്ന

ഒരു അപരിചിതന്‍

സമ്മാനമായി കൊടുത്തതായിരുന്നു

ഈ കാലന്‍കുട.

ഇരുന്നയിരുപ്പില്‍

ഊന്നി എഴുനേല്‍ക്കാനും

കാറ്റില്‍ച്ചാളുന്ന

മഴനൂലുപോലെ

ആടിയുലഞ്ഞു നടക്കുമ്പോള്‍ താങ്ങായും

കിടക്കുമ്പോള്‍

ഒരുധൈര്യമായും

അവനെനിക്കു നല്ലകൂട്ടായി.

തന്റെ

കണ്ണെത്താദൂരത്ത്

എന്നോ പറിച്ചുനട്ട പേരക്കുട്ടിയായി

അയാളതിനെ സങ്കല്‍പ്പിച്ചു.

അപ്പുക്കുട്ടാന്ന് പേരും വിളിച്ചു.

രാത്രികാലങ്ങളില്‍

അപ്പുക്കുട്ടനെ നെഞ്ചില്‍ക്കിടത്തി

കഥകള്‍ പറഞ്ഞു കൊടുത്തു.

പാട്ടു പാടിനെഞ്ചില്‍

അമര്‍ത്തിക്കിടത്തി

മൂളി മൂളിയുറക്കി.

ഇടിവെട്ടുമ്പോള്‍

മുത്തശ്ശനില്ലേയെന്ന്

പറഞ്ഞ് കണ്ണിലെ ഭയത്തെ

പറിച്ചെടുത്തു.

രാവിലെ അപ്പുക്കുട്ടനെയും

കൂട്ടി തൊടിയിലേക്കിറങ്ങി.

പൂച്ചവാലന്‍ ചെടിയെയും

നമ്പ്യാര്‍വട്ടത്തെയും

കാണിച്ചു കൊടുത്തു.

ഒരു

ചെമ്പരത്തിപൂ പറിച്ച്

അവന്റെ ചെവിയില്‍ തിരുകി

പൊട്ടിച്ചിരിച്ചു.


അണ്ണക്കൊട്ടന്റെ ചിലയ്ക്കലും

കുയിലിന്റെ കൂകലും

കാക്കയുടെ അലയ്ക്കലും

ചവേലാടിച്ചി പക്ഷികളുടെ

ചില് ചില് ശബ്ദവും

കേള്‍പ്പിച്ചവനെ രസിപ്പിച്ചു.

ഈ റോഡൊരിക്കല്‍

തോടായിരുന്നെന്നും.

കര്‍ക്കിടകപ്പാതിയില്‍

വള്ളം തുഴഞ്ഞാണ് ഞങ്ങള്‍ അങ്ങാടിയില്‍ പോയതെന്നും അവനു പറഞ്ഞു അയവറുത്തു.

നല്ല ഉല്‍സാഹത്തിലാണ്

മുത്തശ്ശന്‍.

അപ്പുക്കുട്ടനെ നീന്തല്‍ പഠിപ്പിക്കാമെന്നു പറഞ്ഞ്

വീട്ടുവളപ്പിലെ കുളക്കടവിലേക്ക് പോയി.

അന്ന് ആ അപരിചിതന്‍

വീണ്ടും വന്നു.

കാലന്‍ കുട തിരിച്ചു ചോദിച്ചു.

എന്റെ പേരക്കുഞ്ഞിനെ

കൊണ്ടുപോവല്ലേ, കൊണ്ടു പോവല്ലേ

എന്ന് മുത്തശ്ശന്‍

ഉറക്കത്ത് നെഞ്ചില്‍ കൈ മുറുക്കെപ്പിടിച്ച് പരിതപിച്ചു.

കാലന്‍ കുടയുമായി

തിരിച്ചുപോയി.

മുത്തശ്ശന്‍ വീണ്ടും തനിച്ചായി.


TAGS :