Quantcast
MediaOne Logo

അന്‍വര്‍ ദയാല്‍

Published: 11 Dec 2023 5:48 AM GMT

സിനിമകളില്‍ മുസ്‌ലിംകളെ മോശക്കരായി ചിത്രീകരിക്കുന്നു - ഷാരൂഖ് ഖാന്‍ ചാവഡ

കായോ കായോ കളര്‍? (ഏത് നിറം?, 2023) പാര്‍ശ്വവത്കരിക്കപ്പെട്ട മുസ്‌ലിം സമൂഹത്തിന്റെ യാഥാര്‍ഥ്യ ജീവിതത്തെ അനാവരണം ചെയ്യുന്നു. ഇരുപത്തെട്ടാമത് അന്താരാഷ്ട്ര കേരള ചലച്ചിത്രോത്സവത്തില്‍ ഇന്ത്യന്‍ സനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച സിനിമയുടെ സംവിധായകന്‍ ഷാരൂഖ് ഖാന്‍ ചാവഡയുമായി മധ്യമ വിദ്യാര്‍ഥി അന്‍വര്‍ ദയാല്‍ നടത്തിയ അഭിമുഖം.

ഷാരൂഖ് ഖാന്‍ ചാവഡ, കായോ കായോ കളര്‍? (ഏത് നിറം?
X

മുസ്‌ലിംകളെ ബോധപൂര്‍വമായും അല്ലാതെയും മോശക്കാരായി ചിത്രീകരിക്കുന്ന ഒരു പ്രവണതയുണ്ട് ഇന്ത്യന്‍ സിനിമയില്‍. അത്തരം സിനിമകളില്‍ മുസ്‌ലിംകള്‍ യാഥാസ്ഥിതിക ജീവിതശൈലി പിന്തുടരുന്നവരും ഭയവും അക്രമവും വളര്‍ത്തുന്നവരും വളരെ മോശപ്പെട്ട സാഹചര്യങ്ങളില്‍ ജീവിക്കുന്നവരുമൊക്കെയായി അവതരിപ്പിക്കുന്നു. ദൈനംദിന ജീവിതങ്ങളും നിസാരമായ കാര്യങ്ങളും, ആശങ്കകളും, ഹൃദയസ്പര്‍ശിയായ യാഥാര്‍ഥ്യവുമാണ് ചിത്രത്തില്‍. അഹമ്മദാബാദിലെ ഇടുങ്ങിയ ചുറ്റുപാടില്‍ കഴിയുന്ന ഒരു മുസ്‌ലിം തൊഴിലാളി കുടുംബത്തിന്റെ ദൈനംദിന ജീവിത സംഘര്‍ഷങ്ങളും സന്തോഷങ്ങളുമാണ് കായോ കായോ കളര്‍? എന്ന സിനിമയില്‍ അവതരിപ്പിക്കുന്നത്.

ചലച്ചിത്രകാരനാകാന്‍ താങ്കളെ പ്രേരിപ്പിച്ചതെന്താണ്?

ഞാന്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആനിമേഷനും വി.എഫ്.എക്‌സും പഠിക്കുകയായിരുന്നു. സഹപാഠികള്‍ക്കൊപ്പം ലൈവ്-ആക്ഷന്‍ ഷോര്‍ട്ട് ഫിലിമുകള്‍ നിര്‍മിക്കാന്‍ തുടങ്ങിയതോടെ സിനിമയോടുള്ള എന്റെ താല്‍പര്യം കൂടി. അതിനുശേഷം, ഒരു വിഷ്വല്‍ ഇഫക്റ്റ് ആര്‍ട്ടിസ്റ്റാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നും ലൈവ്-ആക്ഷന്‍ ഫിലിം മേക്കിങ്ങാണ് എന്റെ മേഖലയെന്നും ഞാന്‍ തീരുമാനിച്ചു.

കായോ കായോ കളറിന്റെ തിരക്കഥ എങ്ങിനെയാണ് വികസിച്ചത്?

അഹമ്മദാബാദിലെ കലുപ്പൂരിലുള്ള സൗദാഗര്‍ കി പോള്‍ എന്ന ഞങ്ങളുടെ പ്രദേശം പ്രമേയമായി സിനിമയെടുക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. കൗതുകമുണര്‍ത്തുന്ന ഒരു ചേരിപ്രദേശമാണ് സൗദാഗര്‍ കി പോള്‍. എന്റെ പങ്കാളിയും സിനിമയുടെ നിര്‍മാതാവുമായ വഫാ റെഫായിക്ക് ആ സ്ഥലത്തേക്കും ആളുകളിലേക്കും ഒരു പരിധിവരെ പ്രവേശനം ഉണ്ടായിരുന്നു. കാരണം, അവളുടെ മുത്തശ്ശി അവിടെ താമസിച്ചിരുന്നു. അവള്‍ താത്കാലികമായി അവിടേക്ക് താമസം മാറിയിരുന്നു.


100 രൂപ വിലയുള്ള പാനീയം വാങ്ങാന്‍ ആഗ്രഹിക്കുന്ന ഒരു കൗതുകമുള്ള പെണ്‍കുട്ടിയെക്കുറിച്ചുള്ള ഒരു അടിസ്ഥാന ഇതിവൃത്തം എനിക്കുണ്ടായിരുന്നു. അങ്ങനെ ഞങ്ങള്‍ സൗദാഗര്‍ കി പോളില്‍ ഒരു വര്‍ഷത്തോളം അവിടെയുള്ള ആളുകളെയും പരിസ്ഥിതിയെയും കുറിച്ച് ഗവേഷണം നടത്താന്‍ തുടങ്ങി. ക്രമേണ, അവരുടെ കഥ എങ്ങനെ ദൃശ്യപരമായി പ്രകടിപ്പിക്കണമെന്ന് ഞാന്‍ തീരുമാനിക്കാന്‍ തുടങ്ങി. പൊതുവെയുള്ള ദിനചര്യകളും സാമൂഹിക രാഷ്ട്രീയ സംഭവങ്ങളും ഒരു വലിയ അര്‍ഥത്തില്‍ എങ്ങനെ സ്വാധീനിക്കുന്നു എന്നതും എന്നെ പ്രത്യേകം ആകര്‍ഷിച്ചു. സിനിമക്കായി എനിക്ക് ഒരു കണ്‍വെന്‍ഷണല്‍ തിരക്കഥ ഇല്ലായിരുന്നു - വിഷയങ്ങളും രംഗങ്ങളും ഉള്ള ഒരു എക്‌സല്‍ ഷീറ്റ്, കുറച്ച് കുറിപ്പുകള്‍, അഭിനേതാക്കളുടെ ചില സംഭാഷണങ്ങള്‍ ഇത്ര മാത്രം.

സിനിമയിലുള്ളത് പ്രൊഫഷണല്‍ ആയ അഭിനേതാക്കളല്ല. എന്നാല്‍, അവര്‍ ക്യാമറയ്ക്ക് മുന്നില്‍ അഭിനയിക്കുന്നതായി തോന്നുകയേ ഇല്ല. എങ്ങിനെയാണ് അഭിനേതാക്കളെ കണ്ടെത്തിയത്?

സിനിമക്ക് ആധികാരികത കൊണ്ടുവരാന്‍ പ്രൊഫഷണല്‍ അല്ലാത്ത അഭിനേതാക്കളെ കാസ്റ്റ് ചെയ്യുക എന്നതായിരുന്നു എന്റെ പ്രധാന തീരുമാനങ്ങളിലൊന്ന്. അങ്ങനെ, ഞങ്ങളുടെ ഗവേഷണത്തിനിടയില്‍, ഞാനും വഫയും സിനിമയിലേക്ക് കാസ്റ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ആളുകളെ തെരഞ്ഞെടുക്കാന്‍ തുടങ്ങി. പിന്നീട്, ഞങ്ങള്‍ അവരെ ഞങ്ങളുടെ ഫോണുകള്‍ ഉപയോഗിച്ച് ഷൂട്ട് ചെയ്തു.

സംഭാഷണങ്ങള്‍ ആധികാരികമാക്കുന്നതിന്, അഭിനേതാക്കളുടെ സംഭാഷണങ്ങള്‍ വികസിപ്പിക്കേണ്ടതുണ്ടെന്ന് ഞങ്ങള്‍ മനസ്സിലാക്കി. അഭിനേതാക്കള്‍ക്ക് അവരുടെ കഥാപാത്രങ്ങളെക്കുറിച്ചും അവരുടെ സ്വഭാവങ്ങളെക്കുറിച്ചും ഒരു പശ്ചാത്തല വിവരണം നല്‍കുകയും ഞങ്ങളുടെ ഫോണില്‍ ഷൂട്ട് ചെയ്യുമ്പോള്‍ അഭിനയിച്ചു തുടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്യും. സീനില്‍ ഏതൊക്കെ ഭാഗങ്ങള്‍ ഇടണമെന്നും ഏതൊക്കെ നീക്കം ചെയ്യണമെന്നും പിന്നീട് തീരുമാനിക്കും. ഞങ്ങള്‍ റെക്കോര്‍ഡിങ്ങുകള്‍ എഡിറ്റ് ചെയ്യുകയും അഭിനേതാക്കളെ കാണിക്കുകയും അവരുടെ സംഭാഷണം എങ്ങനെ പോകണമെന്ന് അവരെ മനസ്സിലാക്കി കൊടുക്കുകയും ചെയ്യും. ഇത് സ്ഥിരമായി കൃത്യതയോടെ ചെയ്തുവന്ന ഒരു പ്രക്രിയയായിരുന്നു.

എഴുതിതയ്യാറാക്കിയാല്‍ നടന്മാര്‍ക്ക് സിനിമയുടെ റൂട്ട് മനസ്സിലാകില്ലെന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടു. ടെസ്റ്റ് ഷൂട്ടുകളില്‍ തങ്ങളെത്തന്നെ നോക്കുമ്പോള്‍ അഭിനേതാക്കള്‍ക്ക് ആത്മവിശ്വാസം തോന്നി. താമസിയാതെ, ഞങ്ങളുടെ സിനിമയില്‍ കമ്മിറ്റ് ചെയ്യാന്‍ അവര്‍ക്ക് സൗകര്യമായി. മാത്രമല്ല, സിനിമയില്‍ ഭാര്യയും ഭര്‍ത്താവുമായി അഭിനയിച്ചവര്‍ ശരിക്കും ഭാര്യയും ഭര്‍ത്താവും തന്നെയാണ്. അതുപോലെതന്നെ സഹോദരങ്ങളായി അഭിനയിച്ചവരും യഥാര്‍ഥത്തില്‍ സഹോദരീ സഹോദരന്മാരാണ്.

പ്രധാനമായും മുസ്‌ലിം വിഷയം തന്നെയാണ് പറയാന്‍ ആഗ്രഹിച്ചിരുന്നത്?

അതെ, മുസ്‌ലിംകളുടെ ജീവിതം കാണിക്കുക എന്ന് തന്നെയാണ് ആഗ്രഹിച്ചത്. കാരണം, ഇന്ത്യയില്‍ സിനിമകളില്‍ മുസ്‌ലിംകളെ ബോധപൂര്‍വം അപരവത്കരിച്ചുകൊണ്ടാണ് ചിത്രീകരിക്കുന്നത്. മുസ്‌ലിംകളെ വളരെ മോശപ്പെട്ടവരായും കൂടുതല്‍ ദാരിദ്ര്യം അനുഭവിക്കുന്നവരായും ചേരികളില്‍ താമസിക്കുന്നവരായും ഒന്നില്‍ കൂടുതല്‍ ഭാര്യമാരുള്ളവരായും തീവ്രവാദ സംഘടനകള്‍ ബന്ധമുള്ളവരുമൊക്കെ ആയാണ് ചിത്രീകരിച്ചു വരുന്നത്. യാഥാര്‍ഥ്യം മറ്റൊന്നാണ് എന്ന് ബോധ്യപ്പെടുത്തണമെന്ന് തോന്നി. ഇവരും മനുഷ്യരാണ്, ഇവരെ മാറ്റിനിര്‍ത്തേണ്ട ആവശ്യമോ മോശപ്പെട്ട വിഭാഗക്കാരായോ കാണേണ്ട ആവശ്യമില്ല. അത് വ്യക്തമായി കാണിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടത്തിയിട്ടുണ്ട് സിനിമയില്‍. ഇതുതന്നെയായിരുന്നു ചിത്രത്തിലൂടെ പറയാന്‍ ആഗ്രഹിച്ചതും. അടുത്ത ചിത്രവും ഇതേ രാഷ്ട്രീയം പറയുന്ന രീതിയില്‍ തന്നെ ചെയ്യുവാനാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്.

സിനിമയുടെ കാമറ കൈകാര്യം ചെയ്തിരുന്നതും താങ്കളാണ്. സിനിമ ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ചിത്രീകരിച്ചിരിക്കുന്നത്?

സോണി A7 M3 കാമറ ഉപയോഗിച്ചാണ് ചിത്രീകരണം പൂര്‍ത്തീകരിച്ചത്. കൂടുതലും സ്റ്റില്‍ ഷോട്ടുകള്‍ ആയതു കാരണം തന്നെ വളരെ പ്രയാസകരമായിരുന്നു. എന്നാലും നല്ല രീതിയില്‍ തന്നെ അത് പൂര്‍ത്തീകരിക്കാന്‍ എനിക്ക് സാധിച്ചു എന്ന് വിശ്വസിക്കുന്നു. തെരുവുകളില്‍ ചിത്രീകരിക്കുമ്പോള്‍ വഴിയാത്രക്കാരുടെയും മറ്റു ലൈറ്റിംഗ് സംവിധാനങ്ങളുടെയും ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. ഒരുപക്ഷേ ലൈറ്റിങ്ങിന്റെ കണ്‍ട്രോള്‍ കൃത്യമായി കൈകാര്യം ചെയ്യാന്‍ അറിയാത്തതുകൊണ്ടാണ് ചിത്രം ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഇറങ്ങാന്‍ തന്നെ കാരണം.

നിങ്ങളുടെ സിനിമ IFFK യില്‍ പ്രദര്‍ശിപ്പിച്ചല്ലോ? എങ്ങനെയുണ്ടായിരുന്നു പ്രേക്ഷകരുടെ പ്രതികരണം?

വളരെയേറെ സന്തോഷമുണ്ട്, IFFK പോലെയുള്ള ഒരു ചലച്ചിത്ര മേളയില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അവസരം കിട്ടിയതിന്. റോറ്റര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ ( IFFR) ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. മറ്റു പല ചലച്ചിത്രമേളകളിലും ചിത്രം പ്രദര്‍ശിപ്പിച്ചു. ലോകമെമ്പാടുമുള്ള സമാന ചിന്താഗതിക്കാരായ ആളുകളെ കണ്ടുമുട്ടുന്നത് മറ്റൊരു തലത്തില്‍ എക്‌സ്‌പോഷര്‍ നേടാന്‍ ഞങ്ങളെ സഹായിച്ചു. ഞങ്ങളുടെ സിനിമയെക്കുറിച്ചും അതിന്റെ മേക്കിങില്‍ ഞങ്ങളുടെ തെരഞ്ഞെടുപ്പുകളെക്കുറിച്ചും ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. എന്നിരുന്നാലും പ്രേക്ഷകര്‍ അത് എങ്ങനെ മനസ്സിലാക്കുന്നു എന്നതില്‍ ആകാംക്ഷയുണ്ടായിരുന്നു. അവര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്നവരാണ് - പശ്ചാത്തലങ്ങള്‍, മതങ്ങള്‍, വിശ്വാസങ്ങള്‍, സാമൂഹിക രാഷ്ട്രീയ വ്യവസ്ഥകള്‍ - എന്നിട്ടും അവര്‍ സിനിമയുമായി അവരുടെ രീതിയില്‍ കമ്യൂണിക്കേറ്റ് ചെയ്തു. ഇതിനു സാക്ഷിയായ ഞങ്ങള്‍ക്ക് സന്തോഷം തോന്നുന്നു. ഞങ്ങള്‍ക്ക് വളരെയധികം സുഹൃത്തുക്കളെ കിട്ടി. സിനിമ മേഖലയിലെ നിരവധി പ്രൊഫഷണലുകളുമായി ബന്ധപ്പെടാനും കഴിഞ്ഞു.





TAGS :