Quantcast
MediaOne Logo

ഡോ. സോമൻ കടലൂർ

Published: 18 Jun 2022 11:35 AM GMT

പൂവും കത്തിയും

പ്രണയവിജയം മാത്രമല്ല, പ്രണയപരാജയവും ലോക യാഥാര്‍ഥ്യമാണെന്ന വിശാല കാഴ്ചപ്പാട് പുതു തലമുറ ഉള്‍ക്കൊള്ളണം. എം.എന്‍ വിജയന്‍ മാഷ് നര്‍മ സമ്പുഷ്ടമായും മര്‍മ സ്പര്‍ശിയായും ഒരിക്കല്‍ പറഞ്ഞു: പരാജയപ്പെട്ട പ്രണയം ഒരു കവിതയായിത്തീരാം, വിജയിച്ച പ്രണയം കുടുംബ കലഹവും.

പൂവും കത്തിയും
X
Listen to this Article

കൗമാര മനസ്സുകള്‍ കുറ്റകൃത്യങ്ങളുടെയും അക്രമവാസനയുടെയും ആലയമായി മാറുകയാണോ? ജീവിതത്തിന്റെയും മനുഷ്യന്റെയും വില കെടുത്തുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലേക്ക് എളുപ്പം വഴുതി വീഴുന്ന തരത്തില്‍ ദുര്‍ബലമായിത്തീരുകയാണോ യുവജനങ്ങളുടെ ആന്തരിക ലോകം. ചിന്താപരമായ ധീരതയോ നിലപാടോ പ്രബുദ്ധതയോ ഇല്ലാതാക്കുന്ന പ്രത്യയശാസ്ത്ര-സാമൂഹ്യ പരിസരത്തിലാണോ നമ്മള്‍ പുലരുന്നത്? പ്രണയത്തിന്റെ പേരില്‍ കൊലപാതകങ്ങളും ആത്മഹത്യകളും ചതികളും ആവര്‍ത്തിക്കുകയും വര്‍ധിക്കുകയുമാണ്. പ്രേമത്തിന്റെ പൂക്കള്‍ പ്രതികാരത്തിന്റെയും വഞ്ചനയുടെയും കത്തിയാകുന്നതില്‍ ദൃശ്യമാകുന്ന വിപല്‍ സന്ദേശമെന്താണ്? ബന്ധങ്ങളിലെ സ്‌നേഹ ദാരിദ്ര്യം കാരണം വ്യക്തിജീവിതത്തിലും സമൂഹ ജീവിതത്തിലും വന്നുചേര്‍ന്ന അന്തസ്സാര ശൂന്യതയുടെ ആഴം വലുതാണ്. ജീവിത വിരുദ്ധത കാരണവും പ്രണയകലഹം നിമിത്തവും സംഭവിച്ച അക്രമങ്ങള്‍ മാത്രമല്ല, സംഭവിക്കാന്‍ പോകുന്നതും നമ്മുടെ ഉള്ളുരുക്കുന്നുണ്ട്. ആക്രമണങ്ങളും കൊലപാതകങ്ങളും ആദ്യം സംഭവിക്കുന്നത് മനുഷ്യ മനസ്സിലാണ് എന്ന് പറയാറുണ്ടല്ലോ. ആന്തരിക ജീവിതം പൂങ്കാവനമാകേണ്ടതിന് പകരം പകയുടെ ആയുധപ്പുരയായി പരിണമിക്കുന്നതിന്റെ സന്ദര്‍ഭങ്ങളെ നമ്മുടെ സാമൂഹ്യ ശാസ്ത്രജ്ഞരും വിദ്യാഭ്യാസ വിചക്ഷണരും മനഃശാസ്ത്രകാരന്‍മാരും സൂക്ഷ്മമായി തിരിച്ചറിയുകയും അടിയന്തിര നടപടി നിര്‍ദ്ദേശിക്കുകയും വേണം.

സാംസ്‌കാരിക-രാഷ്ടീയ-സാമൂഹ്യബോധത്തിലധിഷ്ഠിതമായ വൈകാരിക തിരിച്ചറിവ് പുതിയ തലമുറയ്ക്ക് നല്‍കേണ്ടത് അനിവാര്യമാണ്. പ്രണയ പ്രതികാരം കാരണം സംഭവിക്കുന്ന കൊലപാതക - ആത്മഹത്യാ വാര്‍ത്തകളും ദൃശ്യങ്ങളും അമിത പ്രാധാന്യത്തോടെ കൊടുക്കുന്ന രീതി എരിതീയില്‍ എണ്ണയൊഴിക്കലായിത്തീര്‍ന്നിട്ടുമുണ്ട്. ഇവ്വിധമുള്ള വാര്‍ത്തകള്‍ കൊടും ക്രൂരതകള്‍ ആവര്‍ത്തിക്കാന്‍ പ്രേരണയാവുകയും അതൊരു പ്രവണതയായിത്തീരുകയും അതുവഴി ഇത്രയും നിഷ്ഠൂരമായ പ്രവൃത്തി നിസ്സാരവല്‍ക്കരിക്കപ്പെടുകയും ചെയ്യും. സാധാരണ മനുഷ്യന്‍ എത്ര വേഗമാണ് കുറ്റവാളിയുടെ കുപ്പായമിടുന്നതെന്ന് നമ്മള്‍ അമ്പരക്കുന്നു. പ്രതിയുടെയും ഇരയുടെയും കുടുംബങ്ങളിലും അവരെ സ്‌നേഹിക്കുന്നവരിലും എത്ര പെട്ടന്നാണ് അവമാനത്തിന്റെയും അനാഥത്വത്തിന്റെയും ജന്മദീര്‍ഘമായ ഇരുട്ട് വന്നു മൂടുന്നത്. ഇവ്വിധമുള്ള പാതകങ്ങള്‍ സാര്‍വത്രികമാവുമ്പോള്‍ മനുഷ്യന്‍ വില കെട്ടവനാകുന്നു എന്ന് മാത്രമല്ല, ക്രൂരകൃത്യങ്ങള്‍ സാമാന്യവല്‍ക്കരിക്കപ്പെടുകയും പൗരസമൂഹം ആത്മനിന്ദ അനുഭവിക്കുകയും ചെയ്യുന്നു. ഈ ചോരയില്‍ പരോക്ഷമായി പങ്കാളിത്തമുള്ള സാമൂഹ്യ- പ്രത്യയ ശസ്ത്രപരിസരത്തെ സൂക്ഷ്മമായി നമ്മള്‍ തിരിച്ചറിയുക എന്നത് പരമപ്രധാനമാണ്.


സ്‌ത്രൈണ സ്വത്വത്തെയും സ്ത്രീപുരുഷ ബന്ധത്തെയും സംബന്ധിച്ച, പൊതുബോധത്തിലെ കാഴ്ചപ്പാട് വസ്തവത്തില്‍ പുരുഷ മേല്‍ക്കോയ്മാ മൂല്യങ്ങള്‍ സൃഷ്ടിച്ച ഒന്നാണ്. സാമൂഹ്യ ജീവിതക്രമത്തിനകത്ത് അടിമയും പുറത്ത് അധമയുമാക്കപ്പെട്ട് അടിച്ചമര്‍ത്തപ്പെടേണ്ടവളാണ് സ്ത്രീ എന്ന അപരിഷ്‌കൃത ബോധമാണ് തലമുറ വ്യത്യാസമില്ലാതെ പേറുന്നതെന്ന് കാണാം. കൊമ്പന്‍ മീശ വിറപ്പിക്കുന്ന ഈ ആണധികാര ലോകവീക്ഷണവും സ്ത്രീയെ വസ്തുവല്‍ക്കരിക്കുന്ന കമ്പോള മുതലാളിത്ത കാഴ്ചപ്പാടും സാമൂഹ്യ ജീവിതത്തില്‍ പ്രചലിതമായി നില്‍ക്കുന്നുണ്ട്. ജീവിതവിരുദ്ധവും മനുഷ്യ വിരുദ്ധവുമായ പ്രത്യയശാസ്ത്ര പാഠങ്ങളാണ് നമ്മുടെ മുഖ്യധാരാ സിനിമയിലൂടെയും മാധ്യമങ്ങളിലൂടെയും നിരന്തരം പല ആവിഷ്‌ക്കാര പ്രകാരങ്ങളായി വിദ്യാര്‍ഥികളെയും യുവജനങ്ങളെയും സ്വാധീനിക്കുന്നത്. ടീനേജേഴ്‌സ് സ്‌ക്രീനേജേഴ്‌സായി പരിണമിച്ച പുതിയ കാലത്ത് അവര്‍ക്ക് ലഭിക്കുന്ന ഇത്തരം ബോധ്യങ്ങള്‍ വീട്ടില്‍ നിന്നോ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നോ ലഭിക്കുന്ന അറിവിനേക്കാള്‍ ശക്തമായി നില്‍ക്കുന്നു. വായനയിലൂടെയും ചിന്തയിലൂടെയും ആപരോന്‍മുഖമായ പ്രവര്‍ത്തനത്തിലൂടെയും സാമൂഹ്യോണര്‍വിലേക്ക് യാഥാര്‍ഥ്യബോധം കൈവരിക്കുന്നതിന് പകരം ജീര്‍ണമായ വൈയക്തികതയിലും മലീമസമായ സാങ്കല്‍പികതയിലും ആത്മാരാന്‍മാരായിത്തീരുന്നവര്‍ ഏറെയാണ്. അവര്‍ മാനസികമായി ദുര്‍ബലരുമാണ്.


കെ.ജി.എസിന്റെ ഒരു കവിതയുണ്ട്: ആരെയാണ് ഏറ്റവും ഇഷ്ടം? എന്നെത്തന്നെ, അതു കഴിഞ്ഞാലോ? - അതു കഴിയുന്നില്ലല്ലോ! എന്നെത്തന്നെ കാമിച്ച്, എന്റെ സുഖം മാത്രം കാംക്ഷിച്ച് അക്രാമകമായി സഞ്ചരിക്കുന്ന ഇത്തരം 'ഞാനി 'കള്‍ക്ക് അപരന്റെ വേദനയോ വേവലാതിയോ കാണാന്‍ കഴിയില്ല. അന്യജീവനുതകി സ്വജീവിതം ധന്യമാക്കുന്നതിന്റെ സൗന്ദര്യവും ആനന്ദവും പുതിയ തലമുറയ്ക്ക് പകര്‍ന്ന് കൊടുക്കേണ്ടതുണ്ട്. ചിന്താപരമായ ധീരതയും സാമൂഹ്യ പ്രതിബദ്ധമായ നിലപാടുമാണ് യുവത്വമെന്ന് തിരിച്ചറിയണം. താല്‍ക്കാലികവും നിസാരവുമായ സന്തോഷമല്ല, ശാശ്വതമായ ശാന്തിയും നിരന്തരമായ പ്രവര്‍ത്തനവുമാണ് ജീവിതത്തിന്റെ സമ്പത്തും സൗഭാഗ്യവുമെന്ന മൂല്യബോധം യുവജനതയില്‍ നിറയണം. അവനവന്റെ സ്വകാര്യ സ്വത്തായി സ്ത്രീയെ കാണുകയും അവളെ തനിക്ക് എന്തും ചെയ്യാനുള്ള അവകാശമുണ്ടെന്ന് വിശ്വസിക്കുകയും ചെയ്യുന്നവര്‍ക്ക് ആരോഗ്യകരമായ ബന്ധം പുലര്‍ത്താനാവില്ല. വ്യാപാര യുക്തി പ്രവര്‍ത്തിക്കുന്ന കാലത്തെ പ്രണയത്തെക്കുറിച്ച് ശ്രീജിത്ത് അരിയല്ലൂര്‍ എഴുതുന്നുണ്ട്: കൈകോര്‍ത്ത് പിടിച്ച് നടക്കുന്നത് നിന്നോടുള്ള ഇഷ്ടം കൊണ്ടല്ല, നീയൊരിക്കലും എന്നെക്കാള്‍ മുന്നിലാവാതിരിക്കാനാണ്. ഈ മുന്‍പിന്‍ ഭയം വന്നു ഭവിക്കുന്നിടത്ത് എങ്ങനെയാണ് സമത്വമെന്ന ആശയം പുലരുക? സ്‌നേഹമെന്ന ആനന്ദം പൂക്കുക?


സ്ത്രീ പുരുഷ ബന്ധത്തിലെ ജനാധിപത്യത്തെക്കുറിച്ച് വീട്ടില്‍ നിന്നും വിദ്യാലയത്തില്‍ നിന്നും പൊതുവിടങ്ങളില്‍ നിന്നും പ്രബുദ്ധമായ ധാരണകള്‍ പുതിയ തലമുറയ്ക്ക് ലഭിക്കേണ്ടതുണ്ട്. സ്വതന്ത്ര മനുഷ്യന്‍ പുലരേണ്ടതും ഭാവി ജീവിത സ്വച്ഛത പൂക്കേണ്ടതുമായ സാമൂഹ്യപരിസരം സ്ത്രീകളുടെ സങ്കടങ്ങള്‍ മാത്രം വിളയുന്ന ഇടങ്ങളാവുന്നതിന്റെ പൊരുള്‍ അവരെ ബോധ്യപ്പെടുത്തണം. പുറത്ത് പെയ്യുന്ന ആണധികാരത്തിന്റെ ഇരുട്ട് മനസ്സിനകത്ത് തളംകെട്ടാതിരിക്കാനുള്ള വിവേകം അവര്‍ ആര്‍ജിക്കണം. ആണിനെപ്പോലെ തന്നെ സാമൂഹ്യ അവകാശവും അധികാരവും ആനന്ദവും അഭിപ്രായവും പെണ്ണിനുമുണ്ടെന്ന് ഏത് ഉന്‍മത്ത പ്രണയ നിമിഷത്തിലും അവര്‍ക്ക് തിരിച്ചറിവുണ്ടാവണം. നല്ല ബന്ധത്തില്‍ പരസ്പരമുള്ള ചേര്‍ച്ചയുടെ പൂനിലാവ് മാത്രമല്ല, വ്യത്യസ്തതയുടെ സൂര്യവെളിച്ചവുമുണ്ടാവണം. പെട്ടെന്ന് ആരംഭിച്ച് പെട്ടെന്ന് ഒടുക്കുന്നതല്ല, നല്ല ബന്ധങ്ങള്‍. അതില്‍ കാലവും കാത്തിരിപ്പുമെല്ലാമുണ്ടാവണമെന്ന് അക്ഷമയും അശ്രദ്ധയും ആഘോഷമാക്കുന്ന പുതിയ തലമുറയെ പഠിപ്പിക്കണം. പാരസ്പര്യത്തിന്റെ ഭാവരാശി തിരിച്ചറിഞ്ഞ്, രണ്ടു പേര്‍ക്കും ഒന്നിച്ച് സഞ്ചരിക്കാമെന്ന സത്യസന്ധമായ ആവശ്യകതയുണ്ടാവുമ്പോഴാണ് നല്ലൊരു ബന്ധം ആവിഷ്‌കൃതമാവുക. അധിനിവേശം നടത്തി പിടിച്ചെടുക്കാവുന്ന ഭൂമിയല്ല ഹൃദയബന്ധം, അത് രണ്ട് പേര്‍ തമ്മിലുള്ള വിശ്വാസം കൊണ്ടും നിര്‍വ്യാജ സ്‌നേഹം കൊണ്ടും കെട്ടിപ്പടുക്കേണ്ടതാണ്.

പ്രണയവിജയം മാത്രമല്ല, പ്രണയപരാജയവും ലോക യാഥാര്‍ഥ്യമാണെന്ന വിശാല കാഴ്ചപ്പാട് പുതു തലമുറ ഉള്‍ക്കൊള്ളണം. എം.എന്‍ വിജയന്‍ മാഷ് നര്‍മ സമ്പുഷ്ടമായും മര്‍മ സ്പര്‍ശിയായും ഒരിക്കല്‍ പറഞ്ഞു: പരാജയപ്പെട്ട പ്രണയം ഒരു കവിതയായിത്തീരാം, വിജയിച്ച പ്രണയം കുടുംബ കലഹവും. പ്രണയ പരാജിതര്‍ ഇന്ന് എഴുത്തിന്റെ ഉദാത്തതയിലേക്ക് ഉയരുന്നതിന് പകരം കഴുത്തിന്റെ ഞരമ്പറുക്കുന്നതിന്റെ ഉന്‍മാദത്തിലേക്ക് താഴുകയാണ്. കുമാരനാശാന്റെ കവിത എന്തിന് വായിക്കുന്നു എന്ന് ചോദിക്കുന്നവരോട് ഏറ്റവും ലളിതമായി ഇങ്ങനെ പറയാം - കാമത്തെ സ്‌നേഹമാക്കി മാറ്റാനുള്ള ഔഷധം കൂടിയാണ് അത്. ആരും പരിപൂര്‍ണ്ണരല്ല, എന്നാല്‍ കുറ്റവും കുറവും സ്‌നേഹം പരിഹരിച്ചോളും. Affection is greater than Perfection എന്ന് പറയാറുണ്ടല്ലോ. ഒരാളെ അയാളുടെ ശക്തി ദൗര്‍ബല്യങ്ങളോടെ മറ്റൊരാള്‍ വീണ്ടെടുക്കന്നതിനെയാണ് വാസ്തവത്തില്‍ പ്രണയം എന്ന് പറയുന്നത്. ആ കരുതലും കാവലുമാണ് ഇപ്പോള്‍ ഇല്ലാതാവുന്നത്. പരസ്പര സ്‌നേഹത്തിന്റെ പനിനീര്‍ച്ചെടിയല്ലാതെ, പകയുടെയും പ്രതികാരത്തിന്റെയും ചതിയുടെയും മുള്‍ക്കാട് വളരാന്‍ അനുവദിച്ചുകൂടാ.


ഒരിക്കലും വീണ്ടെടുക്കാനാവാത്ത വിധം പ്രാണനെടുക്കുന്ന ഭ്രാന്തന്‍ പ്രവര്‍ത്തനത്തെ എങ്ങനെ പ്രണയം എന്ന് വിളിക്കും? സഹാനുഭൂതിയും സഹഭാവവുമില്ലെങ്കില്‍ സ്‌നേഹിക്കലും സ്‌നേഹിക്കപ്പെടലും നരകമായി പരിണമിക്കും. ലൂയിസ മെ ആല്‍ക്കോട്ട് പറയും, Love is great beautifier എന്ന്. പ്രണയം ആന്തരിക ജീവിതത്തെ സ്‌നേഹസുരഭിലവും സുന്ദരവുമാക്കുന്ന വ്യവഹാരമാണ്. സംശയമോ ആശങ്കയോ അപരിഹാര്യമായ അസ്വസ്ഥതയോ വന്നുപെട്ടാലുണ്ടാവുന്ന ദുരന്തം ഭയാനകമായിരിക്കും. മാധവിക്കുട്ടി ഇങ്ങനെ എഴുതുന്നുണ്ട്: സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവയെ സ്വതന്ത്രമായി വിടുക, തിരിച്ചു വന്നാല്‍ അത് നിങ്ങളുടെതാണ്, അല്ലെങ്കില്‍ അത് വേറെ ആരുടെയോ ആണ്. ഒരു വാതിലടയുമ്പോള്‍ ഒമ്പത് വാതില്‍ തുറക്കുന്നു എന്ന പക്വമായ നിലയും നിലപാടും മറ്റെല്ലാറ്റിലുമെന്ന പോലെ ബന്ധത്തിന്റെ കാര്യത്തിലും പുലര്‍ത്താനുള്ള ധൈര്യം കുഞ്ഞുന്നാളിലേ പുതിയ തലമുറയ്ക്ക് കൊടുക്കേണ്ടതുണ്ട്. ജീര്‍ണമായ പുനരുത്ഥാന ബോധത്തെ പൂര്‍ണമായ നവോത്ഥാന ബോധ്യത്തിലേക്ക് കൊണ്ടുവന്ന് മനുഷ്യനെ നവീകരിക്കുന്ന പ്രവര്‍ത്തനം തുടരണം. ആ തുടര്‍പ്രക്രിയ ഒരു തലമുറയെ യാഥാര്‍ഥ്യബോധത്തിന്റെ മണ്ണിലൂടെ നടക്കാനും ആപല്‍ക്കരമായ നടപടികളിലേക്ക് പോകാതിരിക്കാനും ഏറെ സഹായിക്കും. പ്രണയകലഹം കാരണം പ്രാണനിലേക്ക് നീളുന്ന കോപത്തിന്റെ കത്തിയെ സ്‌നേഹത്തിന്റെ പുഷ്പമാക്കാന്‍ ഇനിയും വൈകിക്കൂടാ. കരണം, സ്‌നേഹത്തിന്റെ ദാരിദ്ര്യമില്ലാത്ത സൗന്ദര്യമുള്ള ബന്ധങ്ങള്‍ സമൂഹത്തിനും വ്യക്തിക്കും മഴവില്‍ ശോഭ നല്‍കുന്നത് കൂടിയാണ്.


TAGS :