Quantcast
MediaOne Logo

മൈലാഞ്ചിച്ചെടിക്ക് പറയാനുള്ളത്

സ്‌കൂളിലെ ഒപ്പനക്കായി കയ്യില്‍ വൃത്തത്തില്‍ മൈലാഞ്ചിയണിഞ്ഞതും ഉറക്കെ കൈകൊട്ടി സ്റ്റേജില്‍ നിറഞ്ഞാടിയതും മൈലാഞ്ചി ഓര്‍മകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒന്നാണ്.

മൈലാഞ്ചി
X
Listen to this Article

റമദാന്‍ മാസത്തിന്റെ വ്രതാനുഷ്ഠാന പകലുകളും പ്രാര്‍ഥനാനിരതമായ രാവുകളും കഴിഞ്ഞ് പള്ളിയില്‍ നിന്ന് തക്ബീര്‍ ഉയര്‍ന്നു കേള്‍ക്കുമ്പോഴാണ് അമ്മിയില്‍ അരച്ച് വെച്ച മൈലാഞ്ചി ഈര്‍ക്കിലി കൊണ്ടെടുത്ത് കയ്യില്‍ ചിത്രങ്ങള്‍ വരക്കാന്‍ ശ്രമിക്കാറുണ്ടായിരുന്നത്. കൂടുതലും അത് വൃത്തത്തിലും കുത്തുകളിലും പരിണമിക്കുകയായിരുന്നു പതിവ്. കുറച്ച് കഴിഞ്ഞപ്പോള്‍ ഒരു പ്രത്യേക മൈലാഞ്ചിയെക്കുറിച്ച് കേട്ടു.

വീടിനു പുറകിലുള്ള റൂമില്‍ ചായപ്പൊടിയും പഞ്ചസാരയും തിളപ്പിച്ച് കാത്തിരിക്കുമ്പോള്‍ മനസ്സ് കുതിക്കുകയായിരുന്നു. അതിനു കൂടുതല്‍ ചുവപ്പുണ്ടാകുമത്രേ. നല്ലൊരു മണവും. മൈലാഞ്ചി ഡിസൈനുകള്‍ ഉള്ള പുസ്തകങ്ങള്‍ കടകളില്‍ അന്ന് കണ്ടതുമോര്‍ക്കുന്നു.

മൈലാഞ്ചിക്കോണുകള്‍ വിപണിയില്‍ നിറഞ്ഞു വന്നപ്പോള്‍ പഠിപ്പിന്റെ തിരക്കുകളില്‍ അകപ്പെട്ടത് കൊണ്ടാകണം മൈലാഞ്ചിയിടാനൊന്നും മിനക്കെടാറില്ലായിരുന്നു. കൂട്ടത്തില്‍ കോളജിലെ ചില അധ്യാപികമാരുടെ 'പ്രൊഫഷനല്‍' കാഴ്ചപ്പാടുകളും അവരുടെ ഗുഡ് ബുക്‌സില്‍ കേറാനുള്ള ശ്രമങ്ങളും മൈലാഞ്ചിച്ചുവപ്പുകളെ ജീവിതത്തില്‍ നിന്ന് പാടെ അകറ്റി നിര്‍ത്തി.


പണ്ട് മുതലേ മുല്ലപ്പൂ കാണുമ്പോഴുള്ള സന്തോഷമായിരുന്നു മൈലാഞ്ചി കണ്ടാലും. കല്യാണങ്ങള്‍ക്ക് പോയാല്‍ ചെറിയ കഷ്ണം മുല്ലപ്പൂ മുടിയില്‍ ചൂടാന്‍ കിട്ടിയാല്‍ കിട്ടുന്ന നിര്‍വൃതിയായിരുന്നു മൈലാഞ്ചിയിട്ടു കൊടുക്കുന്ന 'താത്ത'യുടെ അടുത്തു കയ്യില്‍ വരച്ചു കിട്ടാന്‍ പോകുന്ന ഡിസൈനും മനസ്സില്‍ക്കണ്ടു വരിവരിയായി കാത്തു നില്‍ക്കുന്ന അവസരത്തിലും. സ്‌കൂളിലെ ഒപ്പനക്കായി കയ്യില്‍ വൃത്തത്തില്‍ മൈലാഞ്ചിയണിഞ്ഞതും ഉറക്കെ കൈകൊട്ടി സ്റ്റേജില്‍ നിറഞ്ഞാടിയതും മൈലാഞ്ചി ഓര്‍മകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒന്നാണ്.

വിപണിയില്‍ ഇന്ന് സിങ്ങും അലീനയും ബിഗ് ബിയും നിറഞ്ഞു നില്‍ക്കുമ്പോഴും മൈലാഞ്ചി ഡിസൈനുകള്‍ ഗൂഗിളില്‍ സുലഭമായിരിക്കുമ്പോഴും മഞ്ഞ നിറത്തിലുള്ള വരകള്‍ക്കും കുത്തുകളുകള്‍ക്കും ഒരു പ്രത്യേക ഭംഗിയുണ്ടായിരുന്നുവെന്നു ഞാന്‍ തിരിച്ചറിയുന്നു. അവയ്‌ക്കെന്നോട് എന്തൊക്കെയോ പറയാനുണ്ടെന്നും.

കടും ചുവപ്പുള്ള ഡിസൈനുകളുമായി എന്നെ നോക്കി ചിരിക്കുന്ന മകള്‍ ചോദിക്കുന്ന അതേ ചോദ്യം തന്നെയല്ലേ ഞാനും അന്ന് ചോദിച്ചിരുന്നത്?

''ഉമ്മാ, ഞാനെന്നാ ഉമ്മയെപ്പോലെ വലുതാകുന്നത്?''

''കുട്ടിയാകുന്നതാ നല്ലത്.''

ഉള്ളില്‍ ചുവപ്പ് ഒളിപ്പിച്ചു വെച്ച് കൊണ്ട് കാറ്റില്‍ നൃത്തമാടുന്ന അനുഭവസ്ഥരായ പച്ചയിലകള്‍ പറയുന്നത് ജീവിതം വെറുമൊരാവര്‍ത്തനമാണെന്നാണോ? അതോ.. സാങ്കേതികവിദ്യ മനുഷ്യനെയും മാറ്റിസ്ഥാപിക്കുമെന്നോ? അപ്പോള്‍, ഞാനൊരു ശബ്ദം കേട്ടു,

''സിറീ, വാട്ട് ഈസ് ഈദുല്‍ ഫിത്തര്‍?'' നിര്‍മ്മിതബുദ്ധി എന്നെ നോക്കി കണ്ണിറുക്കി.


TAGS :