Quantcast

'ഈ ഗ്രഹത്തിലെ എല്ലാവർക്കും അത് പെനാൽട്ടിയാണ്'; കട്ടക്കലിപ്പിൽ ക്ലോപ്പ്

മത്സരത്തിന്‍റെ രണ്ടാം പകുതിയില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയിട്ടും സ്വന്തം തട്ടകത്തില്‍ വിജയിക്കാനാവാത്തതിന്‍റെ അമര്‍ഷം ക്ലോപ്പ് പരസ്യമാക്കി

MediaOne Logo

Web Desk

  • Published:

    11 March 2024 2:26 PM GMT

ഈ ഗ്രഹത്തിലെ എല്ലാവർക്കും അത് പെനാൽട്ടിയാണ്; കട്ടക്കലിപ്പിൽ ക്ലോപ്പ്
X

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടപ്പോരാട്ടം മുറുകുകയാണ്. ആഴ്‌സണലും മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും ചെറിയ പോയിന്റുകളുടെ വ്യത്യാസത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുണ്ട്. കിരീടപ്പോരാട്ടത്തിലെ ഏറ്റവും ആവേശകരമായ പോരാണ് ഇന്നലെ ആൻഫീൽഡിൽ അരങ്ങേറിയത്. മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും തമ്മിലരങ്ങേറിയ പോരാട്ടം സമനിലയിലാണ് കലാശിച്ചത്. എന്നാൽ മത്സരവുമായി ബന്ധപ്പെട്ടൊരു വിവാദം കനക്കുകയാണിപ്പോൾ ഫുട്‌ബോൾ ലോകത്ത്.

തങ്ങൾക്കർഹമായൊരു പെനാൽട്ടി റഫറി നിഷേധിച്ചു എന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ലിവർപൂൾ കോച്ച് യുർഗൻ ക്ലോപ്പ്. മത്സരത്തിന്റെ അവസാന മിനിറ്റിലാണ് നാടകീയ സംഭവമരങ്ങേറിയത്. മത്സരമവസാനിക്കാൻ സെക്കന്‍റുകള്‍ മാത്രം ബാക്കി നിൽക്കേ പെനാൽട്ടി ബോക്‌സിൽ ഉയർന്ന് പൊങ്ങിയ പന്ത് ക്ലിയർ ചെയ്യാനുള്ള ശ്രമത്തിലായിരുന്നു സിറ്റി താരം ജെറമി ഡോകു. ഇതിനിടെ പന്തുപിടിച്ചെടുക്കാനായി ഓടിയെത്തിയ മക് അലിസ്റ്ററിന്റെ നെഞ്ചിലാണ് ഡോകുവിന്റെ കാല് കൊണ്ടത്. ലിവർപൂൾ താരങ്ങൾ ഫൗളിനായി അപ്പീൽ ചെയ്‌തെങ്കിലും റഫറി അനുവദിക്കാൻ തയ്യാറായില്ല.

മത്സരശേഷം ഫൗളിനെ ചൊല്ലി ലിവർപൂൾ കോച്ച് യുർഗൻ ക്ലോപ്പ് റഫറിമാരോട് തർക്കിക്കുന്ന ദൃശ്യങ്ങൾ പിന്നീട് വൈറലായി. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ടൊരു പ്രസ്താവന നടത്തിയിരിക്കുകയാണ് യുർഗൻ ക്ലോപ്പ്. ഈ ഗ്രഹത്തിലെ എല്ലാ ഫുട്‌ബോൾ പ്രേമികൾക്കും അത് പെനാൽട്ടിയാണ്. മറിച്ചു ചിന്തിക്കുന്നവർക്ക് ഫുട്‌ബോളിനെ കുറിച്ച് ഒന്നും അറിയില്ല എന്നായിരുന്നു ക്ലോപ്പിന്‍റെ വാക്കുകള്‍. മത്സരത്തിന്‍റെ രണ്ടാം പകുതിയില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയിട്ടും സ്വന്തം തട്ടകത്തില്‍ വിജയിക്കാനാവാത്തതിന്‍റെ അമര്‍ഷം ക്ലോപ്പ് പരസ്യമാക്കി. റഫറിയുടെ മോശം തീരുമാനം മൂലം വിലപ്പെട്ട മൂന്ന് പോയിന്‍റുകളാണ് നഷ്ടപ്പെട്ടതെന്നാണ് ലിവര്‍പൂള്‍ ആരാധകരും ഒരേ സ്വരത്തില്‍ പറയുന്നത്.

TAGS :

Next Story