Quantcast

'അന്തസ്സ് വേണം'; വിവാദ മത്സരം കുത്തിപ്പൊക്കി ബംഗളൂരു, വായടപ്പന്‍ മറുപടിയുമായി ബ്ലാസ്റ്റേഴ്സ്

നാളെ നടക്കാനിരിക്കുന്ന സതേണ്‍ ഡെര്‍ബിക്ക് മുമ്പ് ഇരു ടീമിന്‍റെയും ആരാധകര്‍ക്കിടയില്‍ വന്‍ വാക്പോരാണ് അരങ്ങേറുന്നത്

MediaOne Logo

Web Desk

  • Updated:

    2024-03-01 06:13:42.0

Published:

1 March 2024 5:53 AM GMT

അന്തസ്സ് വേണം; വിവാദ മത്സരം കുത്തിപ്പൊക്കി ബംഗളൂരു, വായടപ്പന്‍ മറുപടിയുമായി ബ്ലാസ്റ്റേഴ്സ്
X

2023 മാർച്ച് മൂന്ന്. കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഒരിക്കലും മറക്കാനഗ്രഹിക്കാത്ത ദിവസമാണത്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും നാടകീയമായ രംഗങ്ങൾക്കാണന്ന് ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയം സാക്ഷിയായത്.

ഒരു ജയമകലെ ഇരുടീമുകളും സെമിഫൈനല്‍ കാത്തിരുന്ന ആദ്യ പ്ലേഓഫ് പോരാട്ടത്തിന്‍റെ എക്‌സ്ട്രാ ടൈമിലാണ് വിവാദ സംഭവങ്ങള്‍ അരങ്ങേറിയത്. 96-ാം മിനിറ്റില്‍ ബാംഗ്ലൂരിന് അനുകൂലമായൊരു ഫ്രീ കിക്ക്. കിക്കെടുക്കാന്‍ സുനില്‍ ഛേത്രി വേഗം പന്തിനടുത്തേക്ക് എത്തുന്നു. ഫ്രീകിക്ക് തടയാൻ ബ്ലാസ്റ്റേഴ്സ് താരങ്ങളോ ഗോള്‍ കീപ്പറോ തയാറാകും മുമ്പെ ഛേത്രി കിക്കെടുത്തു. പന്ത് വലയിലേക്ക് പാഞ്ഞ് കയറി. റഫറി ഗോൾ വിധിച്ചു. എന്താണ് സംഭവിക്കുന്നത് എന്ന് പോലുമറിയാതെ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ റഫറി ക്രിസ്റ്റല്‍ ജോണിന് ചുറ്റും തടിച്ച് കൂടി. റഫറി തീരുമാനം മാറ്റാനൊരുക്കമായിരുന്നില്ല. ഇതിന് പിന്നാലെ ഇവാൻ വുകുമാനോവിച്ച് ബ്ലാസ്റ്റേഴ്സ് താരങ്ങളെ മുഴുവൻ മൈതാനത്ത് നിന്ന് തിരിച്ചുവിളിച്ചു.

മിനിറ്റുകൾ നീണ്ട നാടകീയരംഗങ്ങൾക്കൊടുവിൽ ബംഗളൂരുവിനെ മാച്ച് റഫറി വിജയിയായി പ്രഖ്യാപിച്ചു. ഇതോടെ ബംഗളൂരു സെമിയിൽ പ്രവേശിക്കുകയും ചെയ്തു. ഗാലറിയിൽ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ റഫറിയുടെ തീരുമാനത്തിനെതിരെ മുദ്രാവാക്യങ്ങൾ മുഴക്കി പ്രതിഷേധിച്ചു. ഇരുടീമുകളുടെയും ആരാധകർ ഗാലറിയിൽ ഏറ്റുമുട്ടുന്ന കാഴ്ചയ്ക്കും ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയം സാക്ഷിയായി. പിന്നീട് ബ്ലാസ്റ്റേഴ്സിനും കോച്ച് ഇവാന്‍ വുകുമാനോവിച്ചിനും വന്‍തുക പിഴയും വിലക്കും അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ ഏര്‍പ്പെടുത്തി.

മാസങ്ങള്‍ക്കിപ്പുറം ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിലേക്ക് ഒരിക്കല്‍ കൂടിയെത്തുകയാണ് മഞ്ഞപ്പട. കളിക്ക് മുമ്പേ ബംഗളൂരു കളത്തിന് പുറത്ത് പ്രകോപനമാരംഭിച്ച് കഴിഞ്ഞു. സൗത്തിന്ത്യന്‍ ഡര്‍ബിയുമായി ബന്ധപ്പെട്ട് ബംഗളൂരു പുറത്തിറക്കിയൊരു വീഡിയോ ഇപ്പോൾ ഇന്ത്യന്‍ ഫുട്ബോള്‍ ആരാധകർക്കിടയിൽ വലിയ ചര്‍ച്ചയാണ്.

ബ്ലാസ്റ്റേഴ്‌സ് ആരാധകരെ പ്രകോപിപ്പിച്ച് കൊണ്ട് പുറത്തിറക്കിയ വീഡിയോയില്‍ കഴിഞ്ഞ സീസണിലെ, സുനിൽ ഛേത്രിയുടെ വിവാദ ഫ്രീകിക്ക് ഗോളും, തുടർന്ന് ബ്ലാസ്റ്റേഴ്‌സ് കളം വിട്ടതുമൊക്കെയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. സുനിൽഛേത്രി ഇന്റർനെറ്റിനെ പിടിച്ചുകുലുക്കിയ സമയം. ചില ഹൃദയങ്ങളിലും അതിന്റെ പ്രകമ്പനം കൊണ്ടെന്നും, എന്നാൽ ആ ഗോൾ, നിയമ വിധേയമായിരുന്നുവെന്നുമാണ് ബംഗളൂരു പറഞ്ഞുവെക്കുന്നത്. പോസ്റ്റിന് താഴെ നിരവധി ബ്ലാസ്റ്റേഴ്സ് ആരാധകര്‍ കഴിഞ്ഞ ദിവസം മറുപടിയുമായെത്തിയിരുന്നു.

എന്നാല്‍ ആരാധകര്‍ കാത്തിരുന്നത് കേരള ബ്ലാസ്റ്റേഴ്സിന്‍റെ മറുപടിക്കായിട്ടായിരുന്നു. ഒടുക്കം മഞ്ഞപ്പട ആരാധകരെ ത്രസിപ്പിച്ച ആ മറുപടിയെത്തി. കഴിഞ്ഞ വര്‍ഷത്തെ വിവാദ മത്സരത്തിന്‍റെ ദൃശ്യങ്ങള്‍ക്കൊപ്പം ഈ സീസണിലെ ആദ്യ സതേണ്‍ ഡെര്‍ബിയില്‍ കൊച്ചിയില്‍ വച്ച് അഡ്രിയാന്‍ ലൂണയുടെ ഗോളില്‍ ബംഗളൂരുവിനെ തകര്‍ത്തെറിഞ്ഞ വീഡിയോ പങ്കുവച്ചായിരുന്നു മഞ്ഞപ്പടയുടെ മറുപടി. 'നിലയും വിലയും സൂത്രത്തിലുണ്ടാക്കുകയല്ല സ്വയം ഉണ്ടാക്കണമെന്ന' മമ്മൂട്ടിയുടെ സിനിമാ ഡയലോഗാണ് പശ്ചാത്തലത്തില്‍ 'എല്ലാവര്‍ക്കുമായി വെറുതെ ഇതിവിടെ ഇടുന്നു' എന്ന തലവാചകത്തോടെയാണ് മഞ്ഞപ്പട വീഡിയോ പങ്കുവച്ചത്.

ഇതോടെ കളിക്ക് മുമ്പേ ആരാധകര്‍ക്കിടയിലെ പോര് മുറുകി. നാളെയാണ് ശ്രീകണ്ഠീരവയില്‍ ആരാധകര്‍ കാത്തിരിക്കുന്ന പോരാട്ടം. അഭിമാന പോരാട്ടമായതിനാല്‍ തന്നെ ഇരു ടീമുകള്‍ക്കും ജയിച്ചേ മതിയാവൂ. ഐ.എസ്.എല്ലില്‍ മികച്ച തുടക്കം ലഭിച്ച ശേഷം ഇടക്കാലത്തൊന്നിടറിയ മഞ്ഞപ്പട കഴിഞ്ഞ മത്സരത്തില്‍ ഗോവക്കെതിരെ നടത്തിയ ഐതിഹാസക തിരിച്ചുവരവിന്‍റെ ത്രില്ലിലാണ്. ആദ്യ പകുതിയില്‍ രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷം രണ്ടാം പകുതിയില്‍ നാല് ഗോളടിച്ചായിരുന്നു ബ്ലാസ്റ്റേഴ്സിന്‍റെ തകര്‍പ്പന്‍ തിരിച്ചുവരവ്. 16 മത്സരങ്ങളില്‍ നിന്ന് ഒമ്പത് ജയവും അഞ്ച് തോല്‍വിയും രണ്ട് സമനിലയുമടക്കം 29 പോയിന്‍റുമായി അഞ്ചാം സ്ഥാനത്താണിപ്പോള്‍ ബ്ലാസ്റ്റേഴ്സ്. 17 മത്സരങ്ങളില്‍ നിന്ന് നാല് ജയം മാത്രമുള്ള ബംഗളൂരു 18 പോയിന്‍റുമായി ഒമ്പതാം സ്ഥാനത്താണ്.

TAGS :

Next Story