Quantcast

പന്തിനേയും സഞ്ജുവിനേയും ഒരുമിച്ച് കളിപ്പിക്കുമോ; ലോകകപ്പ് സ്‌ക്വാർഡിലേക്ക് കണ്ണുംനട്ട് ആരാധകർ

ഗുജറാത്ത് ടൈറ്റൻസിനെതിരായ മികച്ച പ്രകടനത്തിലൂടെ താൻ അന്താരാഷ്ട്ര മാച്ച് കളിക്കാനും പൂർണഫിറ്റാണെന്ന് ഋഷഭ് ഒരിക്കൽകൂടി തെളിയിക്കുകകൂടി ചെയ്തു

MediaOne Logo

Sports Desk

  • Updated:

    2024-04-25 12:33:02.0

Published:

24 April 2024 6:48 PM GMT

പന്തിനേയും സഞ്ജുവിനേയും ഒരുമിച്ച് കളിപ്പിക്കുമോ; ലോകകപ്പ് സ്‌ക്വാർഡിലേക്ക് കണ്ണുംനട്ട് ആരാധകർ
X

ട്വന്റി 20 ലോകകപ്പ് ടീം പ്രഖ്യാപനത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാന്റെ റോളിൽ ആരെത്തും. ആകാംക്ഷകൾ അവസാനിക്കുന്നില്ല. ഗുജറാത്ത് ടൈറ്റൻസിനെതിരെ മാസ്മരിക പ്രകടനവുമായി ഋഷഭ് പന്ത് മടങ്ങിയെത്തിയതോടെ സഞ്ജുവിന്റെ സാധ്യതകൾ അടയുമോയെന്ന ആശങ്കയും വർധിച്ചു. ഐപിഎൽ 17ാം സീസണിന്റെ ആദ്യ പകുതി പൂർത്തിയാകുമ്പോൾ മലയാളി താരം സഞ്ജു സാംസൺ, പരിക്ക്മാറി കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ ഋഷഭ് പന്ത്, ലഖ്‌നൗ സൂപ്പർജയന്റ്‌സ് നായകൻ കെ.എൽ രാഹുൽ, മുംബൈ താരം ഇഷാൻ കിഷൻ. സെലക്ഷൻ കമ്മിറ്റിക്ക് മുന്നിൽ ഓപ്ഷനുകൾ നിരവിധിയാണ്. ഇതിൽ കിഷൻ ഒഴികെ മറ്റു മൂന്നുപേരും സ്ഥിരതയോടെ കളിക്കുന്നുമുണ്ട്.

ഗുജറാത്ത് ടൈറ്റൻസിനെതിരായ മികച്ച പ്രകടനത്തിലൂടെ താൻ അന്താരാഷ്ട്ര മാച്ച് കളിക്കാനും പൂർണഫിറ്റാണെന്ന് ഋഷഭ് ഒരിക്കൽകൂടി തെളിയിക്കുകകൂടി ചെയ്തു നേരത്തെയും അർധ സെഞ്ച്വറി നേടി ഡൽഹിതാരം ഫോമിലേക്കെത്തിയെങ്കിലും താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ് മോശമാണെന്ന വിമർശനം ശക്തമായിരുന്നു. എന്നാൽ വിമർശകരുടെ വായടപ്പിക്കുന്ന പ്രകടനമാണ് ഗുജറാത്തിനെതിരെ പുറത്തെടുത്തത്. 43 പന്തിൽ അഞ്ച് ഫോറും എട്ട് സിക്‌സറും സഹിതം 88 റൺസാണ് 26 കാരൻ അടിച്ചെടുത്തത്. ഗുജറാത്തിന്റെ ഡെത്ത് ഓവർ സ്‌പെഷ്യലിസ്റ്റ് മോഹിത് ശർമ എറിഞ്ഞ 20ാം ഓവറിൽ തുടരെ സിക്‌സറുകൾ പറത്തി 31 റൺസാണ് നേടിയത്. ഇതോടെ ഐപിഎലിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ താരവുമായി വെറ്ററൻ പേസർ. നാല് ഓവറിൽ 73 റൺസാണ് വഴങ്ങിയത്. 2018ൽ മലയാളി പേസർ ബേസിൽ തമ്പി വഴങ്ങിയ 70 റൺസാണ് മറികടന്നത്.

ടെസ്റ്റിൽ മികച്ച ഫോമിൽ കളിക്കുമ്പോഴും ഐപിഎലിൽ ശരാശരി പ്രകടനം മാത്രമായിരുന്നു പന്ത് പുറത്തെടുത്തത്. അതും ഇത്തവണ തിരുത്തികുറിച്ചു. ഒൻപത് ഇന്നിങ്‌സുകളിൽ നിന്നായി 48.85 ശരാശരിയിൽ 342 റൺസാണ് താരത്തിന്റെ സമ്പാദ്യം. ഓറഞ്ച് ക്യാപ് വേട്ടക്കാരിൽ മൂന്നാമത്. ഇതുവരെ മൂന്ന് അർധസെഞ്ച്വറികളാണ് ഈ ഇടംകൈയൻ ബാറ്ററിൽനിന്നെത്തിയത്. നേരത്തെ കൊൽക്കത്തകെതിരെ(25 പന്തിൽ 55), ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ(32 പന്തിൽ 51) എന്നിവയാണ് മറ്റു പ്രധാന ഇന്നിങ്‌സുകൾ. മുംബൈക്കെതിരെ പൂജ്യത്തിന് പുറത്തായതൊഴിച്ചാൽ മറ്റു മാച്ചുകളിലെല്ലാം ശരാശരി പ്രകടനം.

റൺവേട്ടക്കാരിൽ ഏഴാമതാണ് മലയാളി താരം സഞ്ജു സാംസൺ. എട്ട് ഇന്നിങ്‌സുകളിൽ നിന്നായി 62 ശരാശരിയിൽ 314 റൺസ്. മൂന്ന് മത്സരങ്ങളിൽ പുറത്താകാതെനിന്ന സഞ്ജുവിന്റെ സ്‌ട്രൈക്ക്‌റേറ്റ് 152ആണ്. ഇതുവരെ മൂന്ന് അർധസെഞ്ച്വറിയാണ് താരം നേടിയത്. 8 മത്സരങ്ങളിൽ 302 റൺസ് സ്വന്തമാക്കിയ കെഎൽ രാഹുൽ 11ാം സ്ഥാനത്താണ്. ഇതുവരെ രണ്ട് അർധസെഞ്ച്വറി നേടിയ ലഖ്‌നൗ ക്യാപ്റ്റന്റെ ഉയർന്ന സ്‌കോർ 82 റൺസാണ്. 37.75 ശരാശരിയിലാണ് ബാറ്റ് വീശിയത്.

നിലവിലെ ഇന്ത്യൻ താരങ്ങളുടെ പ്രകടനം വിലയിരുത്തുമ്പോൾ ഉറപ്പായും ടീമിലെടുക്കേണ്ട താരങ്ങളാണ് സഞ്ജു സാംസണും ഋഷഭ് പന്തും. മുൻ ഇന്ത്യൻ താരങ്ങളടക്കം ഇരുവർക്കുമായി വാദിക്കുന്നുണ്ടെങ്കിലും കെഎൽ രാഹുലിനെ ഒഴിവാക്കിയുള്ള റിസ്‌കെടുക്കാൻ സെലക്ഷൻ കമ്മിറ്റി തുനിയുമോയെന്നകാര്യവും കണ്ടറിയണം. വിൻഡീസിലും അമേരിക്കയിലുമായാണ് ലോകകപ്പ് നടക്കുന്നതെന്നത് രാഹുലിന്റെ സാധ്യത വർധിപ്പിക്കുന്നു. എന്നാൽ രാഹുലിനേക്കാൾ സ്‌ട്രൈക്ക് റേറ്റിൽ ബാറ്റുവീശുന്ന സഞ്ജുവിനെ പരിഗണിച്ചില്ലെങ്കിൽ വലിയ വിമർശനത്തിനും കാരണമാകും.

TAGS :

Next Story