Quantcast

മൊറോക്കോ, ഈജിപ്ത്, സെനഗൽ; വൻമരങ്ങൾ കടപുഴകിയ ആഫ്‌കോൺ

കിരീടം നിലനിർത്തുക ലക്ഷ്യമിട്ടിറങ്ങിയ സെനഗലിന്റെ വീഴ്ചയാണ് പ്രീക്വാർട്ടറിലെ ഏറ്റവും അത്ഭുതപ്പെടുത്തുന്നതായത്.

MediaOne Logo

Web Desk

  • Published:

    1 Feb 2024 12:03 PM GMT

മൊറോക്കോ, ഈജിപ്ത്, സെനഗൽ; വൻമരങ്ങൾ കടപുഴകിയ ആഫ്‌കോൺ
X

സാൻപെഡ്രോ: അട്ടിമറികൾക്ക് പേരുകേട്ടതാണ് ഓരോ ആഫ്രിക്കൻ നേഷൺസ് കപ്പും. ഐവറികോസ്റ്റ് ആതിഥേയത്വം വഹിക്കുന്ന ഇത്തവണവും അതിന് മാറ്റമൊന്നുമില്ല. പ്രീക്വാർട്ടർ മത്സരങ്ങൾ പൂർത്തിയായപ്പോൾ നിലവിലെ ചാമ്പ്യൻമാരും മുൻ ജേതാക്കളും ടൂർണമെന്റ് ഫേവറേറ്റുകളുമെല്ലാം പുറത്ത്. പ്രാഥമിക റൗണ്ട് മുതൽ പ്രീക്വാർട്ടർ വരെയുള്ള ഓരോ മത്സരത്തിലും കണ്ടത് അവസാനം വരെ നീണ്ടുനിൽക്കുന്ന ആവേശം.

ആറു ഗ്രൂപ്പുകളായി 24 ടീമുകളാണ് ആഫ്‌കോണിൽ മാറ്റുരച്ചത്. ഓരോ ഗ്രൂപ്പിൽ നിന്ന് കൂടുതൽ പോയന്റ് നേടിയ രണ്ട് ടീമുകൾ നേരിട്ട് റൗണ്ട് ഓഫ് 16 ൽ ഇടംനേടി. മികച്ച മൂന്നാം സ്ഥാനക്കാരായി നാലു ടീമുകൾ കൂടി ഉൾപ്പെടും. എന്നാൽ കരുത്തരായ അൽജീരിയ, തുണീഷ്യ ടീമുകൾ പ്രാഥമിക ഘട്ടം കടക്കാതെ തലതാഴ്ത്തി മടങ്ങി. തുണീഷ്യ ഫിഫ റാങ്കിങിൽ 28ാം സ്ഥാനത്തും അൽജീരിയ 30ാം സ്ഥാനത്തുമാണ്.


കിരീടം നിലനിർത്തുക ലക്ഷ്യമിട്ടിറങ്ങിയ സെനഗലിന്റെ വീഴ്ചയാണ് പ്രീക്വാർട്ടറിലെ ഏറ്റവും അത്ഭുതപ്പെടുത്തുന്നതായത്. ഗ്രൂപ്പ് ഘട്ടത്തിൽ മൂന്നിൽ മൂന്നും ജയിച്ച് ഗ്രൂപ്പ് ചാമ്പ്യൻമാരായി നോക്കൗട്ടിലെത്തിയ മുൻ ലിവർപൂൾ താരം സാദിയോ മാനെയും സംഘവും ആതിഥേയരായ ഐവറി കോസ്റ്റിനോട് പെനാൽറ്റി ഷൂട്ടൗട്ടിലാണ് കീഴടങ്ങിയത്. മുഴുവൻ സമയവും ഇരുടീമുകളും സമനില പാലിക്കുകയായിരുന്നു. യൂറോപ്പിലെ പ്രമുഖ ലീഗുകളിൽ കളിച്ച് പരിചയമുള്ള താരങ്ങളുടെ നിരയുണ്ടായിട്ടും അവസാന എട്ടിലേക്ക് എത്താനായില്ല. ഗ്രൂപ്പ് ഘട്ടത്തിൽ മൂന്നിൽ രണ്ട് മത്സരവും തോറ്റ് മൂന്നാംസ്ഥാനക്കാരായി കടന്നുകൂടിയ ടീമാണ് ഐവറികോസ്റ്റ്. എന്നാൽ പ്രീക്വാർട്ടറിൽ സ്വന്തം കാണികൾക്ക് മുന്നിൽ പ്രതീക്ഷക്കൊത്തുയർന്നു.

മുൻ ചാമ്പ്യൻമാരായ ഈജിപ്താണ് അട്ടിമറി നേരിട്ട മറ്റൊരു സംഘം. നോക്കൗട്ടിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയാണ് പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയത്(8-7). ഗ്രൂപ്പ് ഘട്ടത്തിൽ പരിക്കേറ്റതിനെ തുടർന്ന് സൂപ്പർതാരം സലാഹ് നേരത്തെ മടങ്ങിയിരുന്നു. ഫിഫ റാങ്കിങിൽ 13ാം സ്ഥാനത്തുള്ള മൊറോക്കോ ടൂർണമെന്റിലെ ഫേവറേറ്റുകളായാണ് അറിയപ്പെട്ടിരുന്നത്. അഷ്‌റഫ് ഹകിമി, എൻ നസിരി, സൂഫിയാൻ അമരാബത്ത് ഉൾപ്പെടെ പ്രധാനതാരങ്ങളെല്ലാം ഇറങ്ങിയിട്ടും ദക്ഷിണാഫ്രിക്കക്ക് മുന്നിൽ പ്രീക്വാർട്ടറിൽ വീഴാനായിരുന്നുവിധി. എതിരില്ലാത്ത രണ്ട് ഗോളിനാണ് ദക്ഷിണാഫ്രിക്ക മൊറോക്കോയെ തകർത്തത്. ഖത്തർ ലോകകപ്പിൽ സെമി വരെയെത്തി അത്ഭുതം തീർത്തവരാണ് ആഫ്‌കോണിൽ തീർത്തും നിഷ്പ്രഭരായത്.

പുതിയ കരുത്തരായി മാലിയും കാപ് വെർഡെ, ഗിനിയ, കോംഗോ, അംഗോള ടീമുകളുടെ ഉയർച്ചക്കും ആഫ്രിക്കൻ നേഷൺസ് കപ്പ് സാക്ഷ്യം വഹിച്ചു. നാളെ നടക്കുന്ന ആദ്യ ക്വാർട്ടറിൽ നൈജീരിയ അങ്കോളയെ നേരിടും.

TAGS :

Next Story