Quantcast

ആൻഫീൽഡിൽ ലിവർപൂൾ വീണു; യൂറോപ്പ ലീഗിൽ അത്‌ലാന്റയോട് വമ്പൻ തോൽവി

ജിയാൻലുക സ്‌കമാക്ക ഇരട്ടഗോളുമായി (38,60) തിളങ്ങി. മാരിയോ പലാസിചും (83) ലക്ഷ്യം കണ്ടു.

MediaOne Logo

Sports Desk

  • Updated:

    2024-04-12 11:32:40.0

Published:

12 April 2024 6:14 AM GMT

ആൻഫീൽഡിൽ ലിവർപൂൾ വീണു; യൂറോപ്പ ലീഗിൽ അത്‌ലാന്റയോട് വമ്പൻ തോൽവി
X

ലണ്ടൻ: യൂറോപ്പ ലീഗ് ക്വാർട്ടർ ആദ്യപാദത്തിൽ ലിവർപൂളിന് നാണംകെട്ട തോൽവി. സ്വന്തം തട്ടകമായ ആൻഫീൽഡിൽ അത്‌ലാന്റയോട് എതിരില്ലാത്ത മൂന്ന് ഗോളിനാണ് കീഴടങ്ങിയത്. ജിയാൻലുക സ്‌കമാക്ക ഇരട്ടഗോളുമായി (38,60) തിളങ്ങി. മാരിയോ പലാസിചും (83) ലക്ഷ്യം കണ്ടു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനോട് 5-2 തോൽവി വഴങ്ങിയ ശേഷമാണ് ലിവർപൂൾ സ്വന്തം തട്ടകത്തിൽ വൻതോൽവി വഴങ്ങുന്നത്.

സൂപ്പർതാരം മുഹമ്മദ് സലാഹിനെ ആദ്യ ഇലവനിൽ ചെമ്പട ഇറക്കിയിരുന്നില്ല. മത്സരത്തിൽ സമ്പൂർണ്ണ ആധിപത്യം പുലർത്തിയെങ്കിലും ഫിനിഷിങിലെ പോരായ്മകളാണ് തിരിച്ചടിയായത്. 38ാം മിനിറ്റിൽ അത്‌ലാന്റ ലിവർപൂളിനെ ഞെട്ടിച്ച് ആദ്യ ഗോൾ നേടി വലതുവിങിൽ നിന്ന് സപകോസ്റ്റ നൽകിയ ക്രോസ് സ്‌കമാക്ക പോസ്റ്റിലേക്ക് തട്ടിയിട്ടു. ആദ്യ പകുതിയിൽ രണ്ടാം ഗോളിനുള്ള മികച്ച അവസരം ലഭിച്ചെങ്കിലും ലിവർപൂൾ ഗോൾകീപ്പർ കെല്ലഹറിന്റെ പ്രകടനമാണ് ടീമിന് രക്ഷയായത്. ഡാർവിൻ ന്യൂനസ് നിരവധി അവസരങ്ങളാണ് ആദ്യ പകുതിയിൽ നഷ്ടപ്പെടുത്തിയത്.

രണ്ടാം പകുതിയിൽ മുഹമ്മദ് സലാഹിനെ കളത്തിലിറക്കി സമനില പിടിക്കാനായി ആതിഥേയർ ശ്രമം നടത്തിയെങ്കിലും ഫലംകണ്ടില്ല. 60ാം മിനിറ്റിൽ സ്‌കമാക്കയിലൂടെ സന്ദർശകർ ലീഡ് രണ്ടാക്കി ഉയർത്തി. ഡി കെറ്റലേറ വലതുവിങിൽ നിന്ന് നൽകിയ ക്രോസ് സ്‌കമാക്ക കൃത്യമായി ഫിനിഷ് ചെയ്തു. ഒടുവിൽ 83ാം മിനിറ്റിൽ മാരിയ പലാസിചിലൂടെ മൂന്നാമതും വലകുലുക്കി മത്സരം കൈപിടിയിലൊതുക്കി. ഏപ്രിൽ 19ന് അത്‌ലാറ്റ തട്ടകത്തിലാണ് രണ്ടാംപാദ ക്വാർട്ടർ മത്സരം.

മറ്റു മത്സരങ്ങളിൽ ബെനഫിക ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മാർസെലെയേയും എഎസ് റോമ എതിരില്ലാത്ത ഒരുഗോളിന് എസി മിലാനെയും തോൽപിച്ചു. ജർമ്മൻ ബുണ്ടെസ് ലീഗ കിരീടമുറപ്പിച്ച ബയേർ ലെവർകൂസൻ സ്വന്തംതട്ടകത്തിൽ വെസ്റ്റ്ഹാമിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപിച്ചു.

TAGS :

Next Story