Quantcast

പുരുഷ ടീമിന്റെ കോച്ചായി ഒരു വനിത; ബുണ്ടസ് ലീഗയിൽ പിറന്നത് ചരിത്രം

ബെർലിൻ കോച്ച് മേരീ ലൂയിസ് ഇറ്റയാണ് ഫുട്‌ബോൾ ചരിത്രത്തിൽ തന്റെ പേര് തങ്കലിപികളിൽ എഴുതിച്ചേർത്തത്

MediaOne Logo

Web Desk

  • Updated:

    2024-01-29 19:17:21.0

Published:

29 Jan 2024 12:03 PM GMT

പുരുഷ ടീമിന്റെ കോച്ചായി ഒരു വനിത; ബുണ്ടസ് ലീഗയിൽ പിറന്നത് ചരിത്രം
X

ബെര്‍ലിന്‍: കഴിഞ്ഞ ദിവസം ബുണ്ടസ് ലീഗയിൽ യൂണിയൻ ബെർലിൻ ഡാംർസ്റ്റാഡ് മത്സരത്തിൽ ഒരു ചരിത്രം പിറന്നു. ലീഗിൽ ആദ്യമായി ഒരു ക്ലബ്ബിന്റെ മുഖ്യ പരിശീലക വേഷത്തിൽ വനിതയെത്തി. ബെർലിൻ കോച്ച് മേരീ ലൂയിസ് ഇറ്റയാണ് ഫുട്‌ബോൾ ചരിത്രത്തിൽ തന്റെ പേര് തങ്കലിപികളിൽ എഴുതിച്ചേർത്തത്.

ജനുവരി 25 ന് ജർമൻ അതികായരായ ബയേൺമ്യൂണിക്കുമായുള്ള മത്സരത്തിൽ ബെർലിൻ കോച്ച് നെനാദ് ജെലീക്കക്ക് സസ്പൻഷൻ ലഭിച്ചിരുന്നു. ബയേൺ താരം ലിറോയ് സാനെയെ മുഖത്ത് തള്ളിയതിനാണ് കോച്ചിനെതിരെ കടുത്ത നടപടികളിലേക്ക് റഫറി കടന്നത്. മൂന്ന് മത്സരങ്ങളിൽ നെനാദിന് വിലക്കും വീണു. ഇതോടെയാണ് സഹപരിശീലകയായ മേരിക്ക് നറുക്ക് വീണത്.

പരിശീലകയായുള്ള തന്റെ ആദ്യമത്സരം വിജയം കൊണ്ട് തുടങ്ങാനും മേരിക്കായി. സ്വന്തം തട്ടകമായ ആൾട്ടെ ഫോർസ്‌റ്റെറിയിൽ അരങ്ങേറിയ പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബെർലിന്റെ വിജയം. ബെനഡിക്ട് ഹോളർബാഷാണ് ടീമിനായി വലകുലുക്കിയത്.

32 കാരിയായ മേരി മുൻ ജർമൻ വനിതാ താരമാണ്. ടർബൈൻ പോട്‌സ്ഡാമിനായി ബൂട്ടണിഞ്ഞ താരം 2010 ൽ വനിതാ ചാമ്പ്യൻസ് ലീഗ് കിരീടം ടീമിന് നേടിക്കൊടുത്തു. 26 ാമത്തെ വയസ്സിൽ തന്റെ ഫുട്ബോള്‍ കരിയര്‍ അവസാനിപ്പിച്ച മേരി പിന്നീട് പരിശീലക കുപ്പായമണിഞ്ഞു. വെർഡ്രർ ബ്രമന്റെ അണ്ടർ 15 ടീമിനെ പരിശീലിപ്പിച്ചായിരുന്നു തുടക്കം. പിന്നീട് വിവിധ ക്ലബ്ബുകളെ പരിശീലിപ്പിച്ചു. 2023 ലാണ് യൂണിയൻ ബെർലിൻ യൂത്ത് ടീമുകളെ പരിശീലിപ്പിച്ച് ഒടുവില്‍ സീനിയർ ടീമിന്റെ സഹപരിശീലകയായി ചുമതലേയൽക്കുന്നത്.

ബുണ്ടസ് ലീഗയിൽ 18 മത്സരങ്ങളിൽ നിന്ന് അഞ്ച് ജയവും രണ്ട് സമനിലയും 11 തോൽവിയുമടക്കം 17 പോയിന്റുമായി 15ാം സ്ഥാനത്താണ് യൂണിയന്‍ ബെർലിൻ. ആർ പി ലെപ്‌സിഗിനെതിരെയാണ് ടീമിന്‍റെ അടുത്ത മത്സരം.

TAGS :

Next Story