Quantcast

പുതിയ 'തല' വരുന്നു; മുംബൈയെ തകർത്ത സഞ്ജു ബ്രില്ല്യൻസ്

രോഹിത് ശർമക്ക് ശേഷം ഇന്ത്യൻ ടി20 ടീമിന്റെ നായകനായി സഞ്ജുവിനെ വളർത്തിക്കൊണ്ടു വരണമെന്നാണ് മുംബൈ രാജസ്ഥാന്‍ മത്സര ശേഷം ഹർഭജൻ പ്രതികരിച്ചത്

MediaOne Logo

Web Desk

  • Published:

    23 April 2024 12:01 PM GMT

പുതിയ തല വരുന്നു; മുംബൈയെ തകർത്ത  സഞ്ജു ബ്രില്ല്യൻസ്
X

ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ രാജസ്ഥാന്‍ വിജയമുറപ്പിച്ച ഘട്ടം. ഐ.പി.എല്‍ ഈ സീസണിന്‍റെ തുടക്കത്തില്‍ താളം കണ്ടെത്താന്‍ ഏറെ പ്രയാസപ്പെട്ട യശസ്വി ജയ്സ്വാള്‍ നാളുകള്‍ക്ക് ശേഷം തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ തകര്‍ത്തടിക്കുന്നു. ഒടുവില്‍ അയാളുടെ പോരാട്ടം സെഞ്ച്വറിക്കരികെയെത്തി. അടിച്ചുയര്‍ത്താവുന്ന പല പന്തുകളും സിംഗിളിട്ട് നല്‍കി ജയ്സ്വാളിന് സ്ട്രൈക്ക് കൈമാറുകയാണ് അപ്പോള്‍ സഞ്ജു.

18 ാം ഓവറിലെ ആദ്യ പന്തില്‍ സെഞ്ച്വറി കുറിച്ച ജയ്സ്വാളിന്‍റെ ആഘോഷം പറയും എല്ലാം. ഐ.പി.എല്‍ സീസണ് തൊട്ട് മുമ്പ് വരെ ദേശീയ ജേഴ്സിയില്‍ മിന്നും ഫോമിലായിരുന്ന ജയ്സ്വാള്‍ ടൂര്‍ണമെന്‍റിലെ ആദ്യ മത്സരങ്ങളില്‍ തുടരെ പരാജയപ്പെടുന്നത് കണ്ട് അന്താളിച്ച് നിന്നവരാണ് ആരാധകരില്‍ പലരും. പിന്നെയത് കടുത്ത വിമര്‍ശനങ്ങളായി മാറി. ഒടുവിലയാളിതാ വിമര്‍ശകരുടെ മുഴുവന്‍ വായടച്ചിരിക്കുന്നു. 'ഫോം ഈസ് ടെംപററി.. ക്ലാസ് ഈസ് പെര്‍മനന്‍റ്.' ജയ്സ്വാളിന്‍റെ ഇന്നിങ്ങ്സിനെ മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ് വിശേഷിപ്പിച്ചതിങ്ങനെയാണ്.

അതേ ഓവറില്‍ ജയ്സ്വാളിന് വിജയ റണ്ണെടുക്കാനുള്ള അവസരവും സഞ്ജു കൈമാറുന്നത് ആരാധകര്‍ കണ്ടു. ആ സെഞ്ച്വറിയും വിജയ റണ്ണും ജയ്സ്വാളിന്‍റെ ആത്മവിശ്വാസം എത്രമേല്‍ ഉയര്‍ത്തുമെന്ന് സഞ്ജു സാംസണെന്ന നായകന് നന്നായി അറിയാം. അത് കൊണ്ടാവണം അയാളാ സമയത്ത് വലിയ ഷോട്ടുകള്‍ക്ക് മുതിരാതിരുന്നത്. പലവുരു പരാജയപ്പെട്ടപ്പോഴും തന്നില്‍ വിശ്വാസമര്‍പ്പിച്ച് അവസരങ്ങള്‍ നല്‍കിക്കൊണ്ടേയിരുന്ന സഞ്ജു ഭയ്യയെ കുറിച്ച് മത്സര ശേഷം ജയ്സ്വാള്‍ വാതോരാതെ സംസാരിച്ചു.

ജയ്സ്വാളിന് ഒരാളുടേയും ഉപദേശത്തിന്‍റെ ആവശ്യമില്ലെന്നും അയാള്‍ ഏറെ ആത്മവിശ്വാസത്തോടെയാണ് ബാറ്റ് വിശാറുള്ളതെന്നുമായിരുന്നു സഞ്ജുവിന്‍റെ മറുപടി. പവര്‍ പ്ലേയില്‍ ജയ്സ്വാള്‍ ബാറ്റ് വീശുന്നത് കണ്ടപ്പോള്‍ തന്നെ ഇതയാളുടെ ദിവസമാണെന്ന് ഞാന്‍ മനസ്സിലുറപ്പിച്ചിരുന്നു. സഞ്ജു പറഞ്ഞു. നെറ്റ്സില്‍ ഏറെ സമയം ചിലവഴിക്കുന്ന ജയ്സ്വാളിനെ കുറിച്ച് ഇടക്കിടെ മനസ്സ് തുറക്കാറുള്ള സഞ്ജുവിനറിയാം അയാളുടെ വീഴ്ച്ചകള്‍ക്ക് അല്‍പായുസ് മാത്രമാണെന്ന്. അത് കൊണ്ടാണ് അവസരങ്ങളേറെ നല്‍കി സഞ്ജുവും ടീം മാനേജ്മെന്‍റും ജയ്സ്വാളിനെ ചേര്‍ത്ത് പിടിച്ചു കൊണ്ടേയിരുന്നത്. ഒടുവിലയാളാ വിശ്വാസം കാക്കുകയും ചെയ്തു.

ജയ്പൂരില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി നായകനെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹര്‍ദിക് പാണ്ഡ്യക്ക് തൊട്ടതെല്ലാം പിഴച്ചപ്പോള്‍ സഞ്ജു സാംസണെന്ന നായകന്‍ തൊട്ടതെല്ലാം പൊന്നാക്കുകയായിരുന്നു. കമന്‍ററി ബോക്സിലുണ്ടായിരുന്ന കെവിന്‍ പീറ്റേഴ്സണും സുനില്‍ ഗവാസ്കറും സഞ്ജു ടി20 ലോകകപ്പ് ടീമിലുണ്ടാകണമെന്ന് ഒരേ സ്വരത്തില്‍ പറഞ്ഞു. രണ്ട് ഫോറും രണ്ട് സിക്സും സഹിതം 28 പന്തില്‍ പുറത്താവാതെ 38 റണ്‍സായിരുന്നു മുംബൈക്കെതിരെ സഞ്ജുവിന്‍റെ സമ്പാദ്യം.

സഞ്ജുവിന് കണ്‍സിസ്റ്റന്‍സിയില്ലെന്ന് കുറ്റപ്പെടുത്തിയവരോടിപ്പോള്‍ സ്റ്റാറ്റസുകള്‍ സംസാരിക്കുന്നുണ്ട്. എട്ട് മത്സരങ്ങളില്‍ നിന്ന് 314 റണ്‍സാണ് ഈ സീസണില്‍ സഞ്ജു അടിച്ചെടുത്തത്. 62.8 ആണ് ബാറ്റിങ് ആവറേജ്. 152 . 42 സ്ട്രൈക്ക് റൈറ്റ്. ഓറഞ്ച് ക്യാപിനായുള്ള പോരാട്ടത്തില്‍ നാലാം സ്ഥാനത്ത്. ലോകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് ഇനിയുമയാള്‍ പരിഗണിക്കപ്പെട്ടില്ലെങ്കില്‍ വലിയ അനീതിയാവുമത്.

ലോകകപ്പ് ടീമിൽ ഉറപ്പായും സഞ്ജുവിന്റെ പേരുണ്ടാവണമെന്നാണ് ഹർഭജൻ സിങ് മത്സര ശേഷം പ്രതികരിച്ചത്. രോഹിത് ശർമക്ക് ശേഷം ഇന്ത്യൻ, ടീമിന്റെ നായകനായി അയാളെ വളർത്തിക്കൊണ്ടു വരണമെന്നും ഹർഭജൻ അഭിപ്രായപ്പെട്ടു. ഹര്‍ഭജന്‍ ഇക്കാര്യം സൂചിപ്പിച്ചതിന് പിന്നില്‍ മുംബൈ ഇന്ത്യന്‍സ് രാജസ്ഥാന്‍ മത്സരത്തില്‍ സഞ്ജുവിന്‍റെ ക്യാപ്റ്റന്‍ ബ്രില്ല്യന്‍സ് കണ്ട ചില നിമിഷങ്ങളാണ്.

മുംബൈ ഇന്നിങ്സിലെ രണ്ടാം ഓവറിലെ മൂന്നാംപന്ത്. ക്രീസിലുള്ളത് ഫോമിലുള്ള മുംബൈ ഓപ്പണര്‍ ഇഷാൻ കിഷൻ. സന്ദീപ് ശർമ എറിഞ്ഞ ഔട്ട്‌സിങ് ബോൾ ഓഫ്‌ സൈഡിലേക്ക് ഡ്രൈവ് ചെയ്ത കിഷന് പിഴച്ചു. പന്ത് സഞ്ജുവിന്‍റെ കൈയില്‍ ചെന്നാണ് വിശ്രമിച്ചത്. ബാറ്റ് ടച്ച് ഉണ്ടെന്ന് ഉറപ്പായതിനാൽ സഞ്ജു അപ്പീൽ ചെയ്തു. എന്നാൽ അമ്പയർ ബാറ്റിൽ പന്ത് കൊണ്ടിട്ടില്ലെന്ന നിലപാടിലായിരുന്നു. ഒരുനിമിഷം പോലും ആലോചിക്കാതെ സഞ്ജു റിവ്യൂ നൽകി. തേർഡ് അമ്പയറുടെ പരിശോധനയിൽ ബാറ്റിൽ പന്ത് ഉരസിയുണ്ടെന്ന് വ്യക്തമായിരുന്നു. ഫീല്‍ഡ് അമ്പയർക്ക് തീരുമാനം പുന:പരിശോധിക്കേണ്ടിവന്നു. പൂജ്യത്തിന് മുംബൈ വിക്കറ്റ് കീപ്പർ പുറത്ത്. രോഹിതിന് പിന്നാലെ ഇഷാനും മടങ്ങിയതോടെ സ്വന്തം തട്ടകമായ സവായ്മാൻസിങ് സ്‌റ്റേഡിയത്തിൽ മുംബൈക്കെതിരെ പിടിമുറുക്കാനും രാജസ്ഥാനായി. 10 റൺസെടുത്ത സൂര്യകുമാർ കൂടി മടങ്ങിയതോടെ പവർപ്ലെയിൽ മൂന്ന് വിക്കറ്റാണ് സന്ദർശകർക്ക് നഷ്ടമായത്.

ക്യാപ്റ്റനെന്ന നിലയില്‍ മുംബൈക്കെതിരെ മികച്ച തീരുമാനങ്ങളിലൂടെ ഏറെ കയ്യടി നേടിയിരുന്നു സഞ്ജു. തകർത്തടിച്ച് സൂര്യകുമാർ യാദവിനെ ഫീൽഡിങ് കെണിയൊരുക്കി പുറത്താക്കിയ സഞ്ജു മികച്ച ബാറ്റിങ് ട്രാക്കായ ജയ്പൂരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ മുംബൈയെ 179 റൺസിലൊതുക്കി. അവസാന രണ്ടോവറുകളില്‍ മുംബൈ സ്കോര്‍ 200 കടക്കുമെന്ന് കരുതിയിരുന്നവരുടെ കണക്കു കൂട്ടലുകളെ മുഴുവന്‍ സഞ്ജുവിന്‍റെ വിശ്വസ്ത ബോളര്‍മാരായ ആവേശ് ഖാനും സന്ദീപ് ശര്‍മയും ചേര്‍ന്ന് തെറ്റിച്ചു. ആ രണ്ടോവറില്‍ പിറന്നത് വെറും ഒമ്പത് റണ്‍സാണ്. വീണത് നാല് വിക്കറ്റുകള്‍.

ലോകകപ്പ് ടീമില്‍ തന്‍റെ ഇടത്തെക്കുറിച്ച ചര്‍ച്ചകള്‍ കൊടുമ്പിരി കൊള്ളുമ്പോഴും കൂളാണ് സഞ്ജു. വിക്കറ്റ് കീപ്പറുടെ സ്ഥാനത്തിനായി തനിക്കൊപ്പം മത്സരിക്കുന്ന മുംബൈ ഓപ്പണര്‍ ഇഷാന്‍ കിഷനെ കുറിച്ച് സഞ്ജു ഇന്നലെ പറഞ്ഞ വര്‍ത്തമാനമൊന്ന് മതിയാവും അത് മനസ്സിലാക്കാന്‍.

'ഞാൻ ആരുമായും മൽസരിക്കുന്നില്ല. ഒരേ ടീമിൽ കളിക്കുന്നവര്‍ പരസ്പരം മൽസരിക്കുന്നത് ആരോഗ്യകരമല്ല. ഇഷാനെ ഞാൻ ഏറെ ബഹുമാനിക്കുന്നുണ്ട്. അയാളൊരു മികച്ച ബാറ്ററാണ്. മികച്ച കീപ്പറാണ്. എനിക്ക് എൻ്റെ ശക്തിയും ദൗർബല്യങ്ങളുമുണ്ട്. അത് കൊണ്ട് ഞാന്‍ എന്നോട് തന്നെയാണ് മത്സരിക്കുന്നത്''..... സഞ്ജു ഇങ്ങനെയൊക്കെയാണ്. ഇങ്ങനെയൊക്കെയാവാനേ അയാള്‍ക്ക് കഴിയൂ.

TAGS :

Next Story