Quantcast

വിമാനയാത്രയ്ക്കിടെ 'ഹോട്ട് ചോക്ലേറ്റി'ല്‍നിന്ന് 10 വയസുകാരിക്കു പൊള്ളലേറ്റു; വിശദീകരണവുമായി വിസ്താര

ഡൽഹിയിൽനിന്ന് ഫ്രാങ്ക്ഫർട്ടിലേക്കുള്ള യാത്രയ്ക്കിടെയാണു സംഭവം

MediaOne Logo

Web Desk

  • Published:

    17 Aug 2023 1:40 PM GMT

Girl suffers burns as crew member spills hot chocolate in flight, 10 year old Girl suffers burns in flight from hot chocolate, hot chocolate burn in flight
X

ന്യൂഡൽഹി: വിമാനത്തിൽനിന്നു നൽകിയ 'ഹോട്ട് ചോക്ലേറ്റി'ല്‍നിന്ന് 10 വയസുകാരിക്കു പൊള്ളലേറ്റ സംഭവത്തിൽ വിശദീകരണവുമായി വിസ്താര എയർലൈൻ. കുട്ടിയുടെ അമ്മ ആവശ്യപ്പെട്ട പ്രകാരമാണു പാനീയം നൽകിയതെന്ന് വിസ്താര വക്താവ് പറഞ്ഞു. എല്ലാ മാനദണ്ഡങ്ങളും പാലിച്ചു തയാറാക്കിയതാണ് ചോക്ലേറ്റെന്നും വക്താവ് അറിയിച്ചു.

ആഗസ്റ്റ് 11നാണു പരാതിക്കിടയായ സംഭവം നടന്നത്. കുട്ടിയുടെ അമ്മ രചന ഗുപ്ത വിസ്താരയ്‌ക്കെതിരെ പരാതിയുമായി വിഷയം ട്വീറ്റ് ചെയ്യുകയായിരുന്നു. ന്യൂഡൽഹിയിൽനിന്ന് ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്കു പുറപ്പെട്ട വിമാനത്തിലായിരുന്നു സംഭവം. വിസ്താരയിലെ എയർഹോസ്റ്റസാണു മകൾക്കു പൊള്ളലേൽക്കാൻ കാരണക്കാരിയെന്ന് ഇവർ ട്വീറ്റിൽ ആരോപിച്ചു. വിഷയം വിമാനം ജീവനക്കാർ വളരെ മോശമായാണു കൈകാര്യം ചെയ്തതെന്നും കുറ്റപ്പെടുത്തുന്നു.

എയർഹോസ്റ്റസും പൈലറ്റും ജീവനക്കാരുമൊന്നും സംഭവത്തിൽ മാപ്പുപറയുക പോലും ചെയ്തില്ലെന്ന് രചന ആരോപിച്ചു. വിമാനത്തിൽ പ്രാഥമിക പരിചരണം നൽകിയ ശേഷം മകളും ഞാനും സ്വന്തമായി ആംബുലൻസ് വിളിച്ച് ആശുപത്രിയിലേക്കു പോകുകയായിരുന്നു. ഒട്ടും പരിചയമില്ലാത്ത ജർമനിയിലെ ആരോഗ്യ സേവനങ്ങളും ആംബുലൻസുമെല്ലാം സ്വന്തമായി തരപ്പെടുത്തുകയായിരുന്നുവെന്നും അവർ വെളിപ്പെടുത്തി.

എന്നാൽ, ഗ്ലാസിലെ ചൂടുള്ള പാനീയം ശരീരത്തിലേക്കു തൂവിയാണു കുട്ടിക്കു പൊള്ളലേറ്റതെന്ന് വിസ്താര വക്താവ് പ്രതികരിച്ചു. രക്ഷിതാക്കളുടെ ആവശ്യപ്രകാരമാണു കുട്ടികൾക്ക് ഹോട്ട് ചോക്ലേറ്റ് നൽകിയത്. ഓർഡർ പ്രകാരം എയർഹോസ്റ്റസ് ഇതു കൈമാറുന്നതിനിടെ കുട്ടി കളിക്കുകയും പാനീയം തൂവിപ്പോകുകയുമായിരുന്നു. അങ്ങനെയാണു കുട്ടിക്കു പൊള്ളലേറ്റതെന്നും വിസ്താര വിശദീകരിച്ചു.

കുട്ടിയുടെ അമ്മയെ ബന്ധപ്പെട്ട് എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും വിമാന കമ്പനി അറിയിച്ചു. വിമാനത്തിൽ പ്രാഥമിക പരിചരണം നൽകിയതിനു പുറമെ ഫ്രാങ്ക്ഫർട്ടിൽ ഇറങ്ങിയ ശേഷവും ആംബുലൻസ് അടക്കം തരപ്പെടുത്തിക്കൊടുത്തിരുന്നു. കുട്ടിയെയും അമ്മയെയും ആശുപത്രിയിലേക്ക് അയയ്ക്കുകയും ചെയ്തു. ഇതിനുശേഷം ഇവരെ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുണ്ടെന്നും കമ്പനി വിശദീകരണത്തിൽ പറയുന്നു.

Summary: Child onboard Delhi-Frankfurt Vistara airlines flight suffers burns due to spillage of hot beverage

TAGS :

Next Story