Quantcast

'അത് ഷൂട്ട് ചെയ്തിട്ടില്ല; എന്റെ നജീബിന് അങ്ങനെയൊരു മാനസികാവസ്ഥയിലേക്ക് പോകാൻ കഴിയില്ല'; വിവാദങ്ങളില്‍ ബ്ലെസി

''അയാളുടെ പുരുഷത്വം ഒരു ഗുഹയിലേക്കു കയറി എന്നു പറയുമ്പോൾ ബെന്യാമിൻ സേഫ് ആയി. വിഷ്വലി കാണിക്കുമ്പോൾ എത്ര വികൃതമായി അതിനെ ഞാൻ ചിത്രീകരിക്കണം. നോവലിൽ ചെയ്തതിനെക്കുറിച്ചു കുറ്റബോധവും ഹൃദയഭാരവുമുള്ള ആളല്ലായിരിക്കാം. പക്ഷേ, എന്റെ നജീബ് അങ്ങനെയല്ലല്ലോ..''

MediaOne Logo

Web Desk

  • Published:

    2 April 2024 3:57 AM GMT

The scene where Najib haiving sex with the goat was not filmed. My Najib cannot go into such a state of mind: Says the ‘Aadujeevitham director Blessy, Blessy on Aadujeevitham controversy, Najeeb Aadujeevitham row
X

ബ്ലെസി

കോഴിക്കോട്: ആടുജീവിതം സിനിമയെ കുറിച്ചുള്ള വിവാദങ്ങളോട് പ്രതികരിച്ച് സംവിധായകൻ ബ്ലെസി. നജീബ് ആടുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന ഒരു രംഗം ഷൂട്ട് ചെയ്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. താൻ കൊടുത്ത ഫൂട്ടേജിൽനിന്ന് ഒരു ഷോട്ട് പോലും സെൻസർ ചെയ്തിട്ടില്ല. പുസ്തകം പുറത്തിറങ്ങി ഇത്രയും ആഘോഷിക്കപ്പെട്ടിട്ടും വരാത്ത ഇസ്‌ലാമോഫോബിയ, ലൈംഗികബന്ധ ചർച്ചകൾ കോടികൾ മുടക്കി നിർമിച്ച സിനിമ പുറത്തിറങ്ങുമ്പോൾ വരുന്നതിനു പിന്നിലുള്ള ചേതോവികാരം എന്താണെന്നു മനസിലാകുന്നില്ലെന്നും ബ്ലെസി പറഞ്ഞു.

43 പേജുകളിലായുള്ള നോവലാണ് ഞാൻ തിരക്കഥയാക്കാൻ ശ്രമിച്ചത്. ഇതെല്ലാം ഞാൻ എഴുതി ചെയ്യണമെങ്കിൽ എനിക്ക് അഞ്ചോ പത്തോ സിനിമ ചെയ്യേണ്ടിവരും. ഇതിൽനിന്ന് ഞാൻ എന്റെ വ്യാഖ്യാനമാണു പറയുന്നത്. പുസ്തകത്തിലില്ലാത്ത ഒരുപാട് കാര്യങ്ങൾ ഞാൻ പറയുന്നുണ്ട്. അർബാബ് എന്ന പേരുമാറ്റി ഞാൻ കഫീൽ എന്നാക്കിയിട്ടുണ്ട്. പൊതുവെ പറയുന്നത് കഫീൽ എന്നാണ്. അത് എന്റെ പഠനത്തിന്റെ ഭാഗമാണ്. ഈ സ്വാതന്ത്ര്യങ്ങളെല്ലാം ഞാൻ എടുത്തിട്ടുണ്ട്. പുസ്തകത്തിൽ വായിക്കുമ്പോൾ നിങ്ങൾ മാത്രമാണുള്ളത്. ഇതു തിയറ്ററിൽ ഡയലോഗായി കേൾക്കുമ്പോൾ അരോചകമായി തോന്നും. ആൾക്കാർ കൂവും. ഇത്തരം കാര്യങ്ങൾ ഒരു സിനിമാ നിർമാതാവാണു മനസിലാക്കുന്നതെന്നും ഒരു മലയാള മാധ്യമത്തോട് ബ്ലെസി പ്രതികരിച്ചു.

''നാടിനോടും വീടിനോടും ഭാര്യയോടുമുള്ള നജീബിന്റെ ബന്ധത്തിൽ തന്നെ പുസ്തകവും എന്റെ കഥാപാത്രവും തമ്മിൽ ഒരുപാട് വ്യത്യാസങ്ങളുണ്ട്. അവസാനം അവിടെനിന്നു യാത്രപറയുന്നതുവരെ ആ കണ്ണിമാങ്ങ മണം സൂക്ഷിക്കുന്ന ഒരു മനുഷ്യനാണ് ഞാൻ അവതരിപ്പിച്ച നജീബ്. അയാളുടെ ജീവിക്കാനുള്ള പ്രതീക്ഷ അദ്ദേഹത്തിന്റെ കുടുംബമാണ്. എന്നെങ്കിലും ഒരു അവസരം വന്നാൽ ഇടാനായി ഉടുപ്പ് മാറ്റിവച്ചിരിക്കുന്ന നജീബ്. ഇത്തരത്തിലൊരാൾ ആടുമായി ലൈംഗികബന്ധം പുലർത്തിക്കഴിഞ്ഞാൽ ശരിയാകില്ല.

തിരക്കഥ എഴുതുമ്പോൾ തന്നെ ഇതുമായി ബന്ധപ്പെട്ട് ഒരുപാട് ചർച്ചകൾ നടന്നിരുന്നു. ഒരുപാടുപേർ ഇതേക്കുറിച്ചു ചോദിച്ചിരുന്നു. അയാളുടെ പുരുഷത്വം ഒരു ഗുഹയിലേക്കു കയറി എന്നു പറയുമ്പോൾ ബെന്യാമിൻ സേഫ് ആയി. ആൾക്കാർക്കു മനസിലായി. വിഷ്വലി കാണിക്കുമ്പോൾ എത്ര വികൃതമായി അതിനെ ഞാൻ ചിത്രീകരിക്കണം. വേണമെങ്കിൽ വളരെ ബുദ്ധിപരമായി പല ഷോട്ടുകളിലൂടെ എനിക്കു ചിത്രീകരിക്കാൻ പറ്റുമായിരുന്നു.

ചെയ്തതിനെക്കുറിച്ചു കുറ്റബോധവും ഹൃദയഭാരവുമുള്ള ആളല്ലായിരിക്കാം നോവലിൽ. പക്ഷേ, എന്റെ നജീബ് അങ്ങനെയല്ലല്ലോ.. അതുകൊണ്ടാണു പഴയ ചങ്ങാതിയെ കാണുമ്പോൾ അയാൾ പൊട്ടിക്കരയുന്നത്. മനുഷ്യവികാരങ്ങൾ നഷ്ടപ്പെടാത്ത ഒരാളായി തന്നെയാണ് ഞാൻ നജീബിനെ വളർത്തിക്കൊണ്ടുവന്നത്. ആടുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ അതിന്റെ തുടർച്ചയിൽ അയാൾ കുറ്റബോധം കൊണ്ട് അലറണം. അല്ലെങ്കിൽ എല്ലാ മനുഷ്യത്വം നഷ്ടപ്പെട്ട അവസ്ഥയിലൂടെ ജീവിക്കണം. ഇതൊന്നും സിനിമയ്ക്ക് അനുകൂലമായ കാര്യമല്ല. എനിക്ക് അതു പറയേണ്ട ഉത്തരവാദിത്തവുമില്ല.''

തന്റെ നജീബ് സൈനുവിനെയും ഉമ്മയെയുമെല്ലാം എപ്പോഴും മനസിൽ സൂക്ഷിക്കുന്നയാളാണെന്നും ബ്ലെസി പറഞ്ഞു. അങ്ങനെയല്ലെങ്കിൽ ഒരു കുപ്പി കണ്ണിമാങ്ങ കിട്ടിക്കഴിഞ്ഞാൻ നമുക്ക് ഒരാഴ്ചയോ രണ്ടാഴ്ചയോ കൊണ്ട് തീർക്കാവുന്നതാണ്. ക്യാരക്ടറിന് ഇത് ആവശ്യമായിരുന്നെങ്കിൽ പൃഥ്വിരാജ് ചെയ്യാൻ തയാറായിരിക്കാം. പക്ഷേ, എനിക്ക് ബോധ്യപ്പെടണം. എന്റെ നജീബിന്, ഞാൻ അവതരിപ്പിക്കുന്ന നജീബിന് അങ്ങനെയൊരു മാനസികാവസ്ഥയിലേക്കു പോകാൻ കഴിയില്ല. കഴിഞ്ഞാൽ പിന്നീടുള്ള എല്ലാ സീനിലും അതിന്റെ തുടർച്ചയായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഈ രംഗം ചിത്രീകരിക്കുന്നതിനെ കുറിച്ച് വലിയ ചർച്ച വന്നിരുന്നുവെന്നും ബ്ലെസി വെളിപ്പെടുത്തി. ബെന്യാമിനും പൃഥ്വിരാജും ഉൾപ്പെടെയുള്ള ആളുകളുമായി സംസാരിച്ചു. അപ്പോഴൊക്കെ എന്റെ നിലപാട് ഇതുതന്നെയായിരുന്നു. പ്രത്യേകമായൊരു മാനസികാവസ്ഥയിൽ ചെയ്തതാണെങ്കിൽ പോലും ഇയാളൊരു മനുഷ്യനാണെങ്കിൽ, ഇയാളുടെ മനസിൽ ഭാര്യയും കുടുംബവും നിൽക്കുന്നുണ്ടെങ്കിൽ ഇങ്ങനെ ചെയ്യില്ല. ഞാൻ വലിയ ഫിലോസഫി അല്ല പറയുന്നത്. അഞ്ചാം ക്ലാസ് പഠിച്ചവന്റെ കുറ്റബോധമാണിത്. വളരെ സാധാരണക്കാരനായ, വലിയ കാര്യവിചാരങ്ങളില്ലാത്ത ഒരാൾക്കു തോന്നാവുന്ന വലിയൊരു ഹൃദയഭാരമുണ്ടാകും. അങ്ങനെയാകുമ്പോൾ തുടർന്നുള്ള രംഗങ്ങളിൽ അതു പ്രതിഫലിക്കണം. അതു പിന്നീട് സിനിമയെ എങ്ങോട്ടു നയിക്കുമെന്ന് അറിയില്ല. അയാൾ അതിനുശേഷം ആത്മഹത്യ ചെയ്‌തെന്നു വരാം. ഇതു സിനിമയുടെ കഥയെ തന്നെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അത്തരമൊരു രംഗം ഷൂട്ട് ചെയ്തിട്ടുമില്ലെന്നും സെൻസർ ബോർഡിന് സമർപ്പിച്ചിട്ടുമില്ലെന്നും ബ്ലെസി വ്യക്തമാക്കി. സെൻസർ ബോർഡിനോട് മറുപടി പറയേണ്ട ഉത്തരവാദിത്തം എനിക്കാണ്. ഞാൻ കൊടുത്ത ഫൂട്ടേജിൽനിന്ന് ഒരു ഷോട്ട് പോലും സെൻസർ ചെയ്തിട്ടില്ല. ഒരു വോയ്‌സ് നോട്ട് മ്യൂട്ട് ചെയ്തു പകരം ഡബ് ചെയ്യാൻ പറഞ്ഞതു മാത്രമാണ് അതിൽ ആകെയുണ്ടായത്. ഇതുമാത്രമാണ് സെൻസർ ആവശ്യപ്പെട്ടത്. നേരത്തെ ചർച്ച നടന്നതുകൊണ്ട് ഷൂട്ട് ചെയ്തിട്ടുണ്ടാകുമെന്ന് ബെന്യാമിൻ കരുതിക്കാണും. അത്തരത്തിലുള്ള വിശദമായ കാര്യങ്ങൾ മനസിലാകാത്തതുകൊണ്ടു പറഞ്ഞതാകുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു രംഗത്തിൽ നഗ്നത പറഞ്ഞാണ് എനിക്ക് എ സർട്ടിഫിക്കറ്റ് ആദ്യം തിരുവനന്തപുരത്തുനിന്ന് കിട്ടിയത്. ഞാൻ അപ്പീൽ പോയി കേന്ദ്ര ബോർഡിൽനിന്ന് യു.എ സർട്ടിഫിക്കറ്റ് വാങ്ങിച്ചു. ജീവിതത്തിന്റെ സ്വാതന്ത്ര്യത്തിലേക്കുള്ള ഒരു പറക്കലാണത്. അതു കണ്ട പത്തോളം അംഗങ്ങൾ ഒറ്റക്കെട്ടായി അക്കാര്യം പറഞ്ഞു. താൻ അനുഭവിച്ച ഭാരങ്ങളുടെ ചുമട് അഴിച്ചുവയ്ക്കുകയാണവിടെ ചെയ്യുന്നത്.

ഈ വിഷയത്തിൽ ഒരു ചോദ്യവും എനിക്കു വന്നിട്ടില്ല. ഇത് ഒരു അനാവശ്യവിവാദമാണ്. ആരെങ്കിലും ബോധപൂർവം ഉണ്ടാക്കിവിടുന്നതാണോ എന്ന് അറിയില്ല. മലയാള സിനിമയ്ക്ക് ലോകസിനിമയിൽ എത്താനുള്ള പടിയായി സാധാരണക്കാർ മുതൽ എല്ലാ തരത്തിലുമുള്ള ആളുകൾ ഈ സിനിമയെ കാണുമ്പോൾ ഇത്തരത്തിൽ ഇതിനെ ചെറുതായി കാണിക്കാനുള്ള ഉത്സാഹം ആരുടെ ചേതോവികാരമാണെന്നു മനസിലാകുന്നില്ല. സിനിമയെ ഇഷ്ടപ്പെടുന്ന ആളുകൾ അതിനെ തള്ളിക്കളയുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ഷൂക്കൂറിന്റെ അനുഭവങ്ങൾ ഏതെല്ലാം രീതിയിൽ ബെന്യാമിൻ സ്വന്തം ഭാവനകൾ ഉൾപ്പെടുത്തി പകർത്തിയെടുത്തു. 250ൽപരം പതിപ്പുകളിൽ വായിക്കപ്പെട്ടു. പല ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടു. അതതിന്റെ ഏറ്റവും നെറുകയിലൂടെ സഞ്ചരിച്ചു. അപ്പോഴൊന്നും ആരും അതിലെ ഇസ്‌ലാമോഫോബിയയോ ലൈംഗികബന്ധത്തെ കുറിച്ചുള്ള കാര്യങ്ങളോ ചർച്ച ചെയ്തില്ല. കോടികൾ മുടക്കി, ഒരുപറ്റം ആളുകൾ ഇതിനു വേണ്ടി കഠിനാധ്വാനം ചെയ്തു. ഇപ്പോൾ ലോകം മുഴുവൻ ചർച്ച ചെയ്യുന്നു. മണിരത്‌നം പോലും എന്നെ വിളിച്ചുസംസാരിക്കുന്ന അഭിമാനനിമിഷത്തിൽ ഇതിനെക്കുറിച്ചൊക്കെ പറയേണ്ട അവസ്ഥയിലേക്ക് എത്തുന്നത് വളരെ പ്രയാസകരമാണ്.

സോഷ്യൽ മീഡിയയുടെ വളർച്ചയ്ക്കുശേഷം ഞാൻ ആദ്യമായി ചെയ്യുന്ന സിനിമയാണിത്. എനിക്ക് ഇതിനെക്കുറിച്ച് ഒന്നും അറിയില്ലെന്നു പറഞ്ഞാൽ ആളുകൾ ഞാൻ കള്ളംപറയുകയാണെന്നോ കഴിവുകേടാണെന്നോ പറയും. ഫേസ്ബുക്കിൽ എനിക്ക് ഒരു അക്കൗണ്ടുണ്ട്. ജീവിതത്തിൽ ഇതുവരെ ഞാനത് തുറന്നുനോക്കിയിട്ടില്ല. വേറെ ഒരാളാണ് അതു കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് വലിയ വിവാദങ്ങൾ താൻ അറിഞ്ഞിട്ടില്ലെന്നും ബ്ലെസി കൂട്ടിച്ചേർത്തു.

Summary: ''The scene where Najeeb haiving sex with the goat was not filmed. My Najib cannot go into such a state of mind'': Says the ‘Aadujeevitham' director Blessy

TAGS :

Next Story