Quantcast

'ആടുകളെ കുബ്ബൂസ് കാണിച്ച് പറ്റിച്ച് ഷോട്ടെടുത്തു'; ആറുവർഷമായി ആടുജീവിതം തന്നെയെന്ന് റോബിൻ ജോർജ്

ലോക്ഡൗണിൽ കുടുങ്ങിയപ്പോൾ ആടും ഒട്ടകവുമായി മരുഭൂമിയിൽ കൂടാമെന്നാണ് ആദ്യം വിചാരിച്ചതെന്ന് റോബിൻ പറയുന്നു.

MediaOne Logo

Web Desk

  • Published:

    31 March 2024 3:10 PM GMT

Robin George
X

'ആടുജീവിത'ത്തിൽ മൃഗങ്ങളെ അഭിനയിപ്പിക്കാൻ നേരിട്ട വെല്ലുവിളികൾ പങ്കുവെച്ച് ചീഫ് അസോസിയേറ്റ് ഡയറക്ടർ റോബിൻ ജോർജ്. ആടിനെയും ഒട്ടകത്തെയും സ്ക്രീനിലെത്തിക്കാൻ വളരെ പാടുപെട്ടെന്നും കുബ്ബൂസ് കാണിച്ച് പറ്റിച്ചാണ് ഷോട്ടുകളെടുത്തതെന്നും റോബിൻ പറയുന്നു. മീഡിയവണിനു നൽകിയ അഭിമുഖത്തിലാണ് റോബിന്റെ പ്രതികരണം.

"മൃഗങ്ങളെവെച്ച് ഷൂട്ട് ചെയ്യുന്നത് ഭയങ്കര വെല്ലുവിളിയായിരുന്നു. പട്ടികളെ പോലെയല്ല, ആടുകളെ ട്രെയിൻ ചെയ്യിക്കാൻ ബുദ്ധിമുട്ടാണ്. ട്രെയിനേഴ്സ് ഒന്നുമില്ല. ചില ശബ്ദങ്ങളൊക്കെ ഉണ്ടാക്കിയാണ് പെർഫോം ചെയ്യിപ്പിച്ചത്. അവസാനം പൃഥ്വിരാജ് പോലും ആ ശബ്ദങ്ങളൊക്കെ പഠിച്ചു. നജീബിനെ നോക്കി ആട് ചിണുങ്ങുന്നതൊക്കെ ബ്ലെസി സാർ കൃത്യമായി എഴുതിയിട്ടുണ്ടായിരുന്നു. ഇതൊക്കെ അതുപോലെ എടുക്കുക വെല്ലുവിളി നിറഞ്ഞതാണ്. ആടിനെയും ഒട്ടകത്തെയും കുബ്ബൂസ് കാണിച്ച് പറ്റിച്ചാണ് ഷോട്ടുകളെടുത്തത്"- റോബിൻ പറയുന്നു.

ലോക്ഡൗണിൽ കുടുങ്ങിയപ്പോൾ ആടും ഒട്ടകവുമായി മരുഭൂമിയിൽ കൂടാമെന്നാണ് ഞങ്ങൾ ആദ്യം വിചാരിച്ചത്. എല്ലാം കഴിയുമ്പോൾ പോകാൻ പറ്റിയാൽ പോകാമെന്നും കരുതി. അങ്ങനെയാണ് അവിടെ ക്രിക്കറ്റും മറ്റ് കളികളുമൊക്കെയായി ഈസ്റ്ററും വിഷുവുമൊക്കെ ആഘോഷിച്ച് കഴിഞ്ഞത്. കോവിഡ്, സിനിമയെ ഏറെ സഹായിച്ചിട്ടുണ്ട്, ക്രിയേറ്റീവായിട്ട് ചിന്തിക്കാനുള്ള സമയം കിട്ടിയെന്നും ആറ് വർഷമായി ആടുജീവിതമായിരുന്നു തങ്ങളുടേതെന്നും റോബിൻ കൂട്ടിച്ചേർത്തു.

അതേസമയം, റിലീസ് ചെയ്ത് നാലാം ദിവസം 50 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരിക്കുകയാണ് പൃഥ്വിരാജ്- ബ്ലെസി ചിത്രം ആടുജീവിതം. ഇതോടെ മലയാളത്തിൽ ഏറ്റവും വേ​ഗത്തിൽ 50 കോടി ക്ലബ്ബിലെത്തുന്ന ചിത്രം എന്ന റെക്കോർഡാണ് ആടുജീവിതത്തിന്റെ പേരിലായത്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ റെക്കോർഡാണ് തകർത്തത്. മാർച്ച് 28 നായിരുന്നു ആടുജീവിതം പാൻ ഇന്ത്യൻ റിലീസായി തിയേറ്ററുകളിലെത്തിയത്. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

TAGS :

Next Story