Quantcast

സംവിധായകൻ സംഗീത് ശിവന്‍റെ സംസ്കാരം ഇന്ന് മുബൈയിൽ

ദീർഘകാലമായി മുബൈയിൽ സ്ഥിര താമസമായിരുന്നു

MediaOne Logo

Web Desk

  • Published:

    9 May 2024 1:48 AM GMT

sangeeth sivan
X

സംഗീത് ശിവന്‍

മുംബൈ: സംവിധായകൻ സംഗീത് ശിവന്‍റെ സംസ്കാരം ഇന്ന് മുബൈയിൽ നടക്കും. മുബൈയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ഇന്നലെയായിരുന്നു അന്ത്യം. ദീർഘകാലമായി മുബൈയിൽ സ്ഥിര താമസമായിരുന്നു. അന്തരിച്ച പ്രശസ്ത ഫോട്ടോ​ഗ്രാഫർ ശിവന്റെ മകനാണ് സംഗീത്. ഛായാ​ഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ, സംവിധായകൻ സഞ്ജീവ് ശിവൻ എന്നിവർ സഹോദരങ്ങളാണ്.

മലയാളം, ഹിന്ദി ഭാഷകളിലായി ഇരുപതോളം ചിത്രങ്ങൾ സംഗീത് സംവിധാനം ചെയ്തിട്ടുണ്ട്. രഘുവരൻ നായകനായ വ്യൂഹം എന്ന ചിത്രത്തിലൂടെ 1990-ല്‍ സംവിധായകനായി. തുടർന്ന് യോദ്ധ, ഡാഡി, ജോണി, ഗാന്ധർവം , നിർണയം, സ്നേഹപൂർവം അന്ന തുടങ്ങി നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തു. ബോളിവുഡില്‍ എട്ടോളം ചിത്രങ്ങൾ സംഗീത് ശിവന്‍ ഒരുക്കിയിട്ടുണ്ട്. യോദ്ധയിലൂടെ എ.ആർ റഹ്മാനെ മലയാളത്തിലെത്തിച്ചതും സംഗീത് ശിവനാണ്. ഭാര്യ - ജയശ്രീ മക്കള്‍ - സജന, ശന്തനു.


സംഗീത് ശിവന്‍റെ നിര്യാണത്തില്‍ നിരവധി പ്രമുഖര്‍ അനുശോചിച്ചു. കാലമെത്ര കഴിഞ്ഞാലും സംഗീത് എന്ന മഹാപ്രതിഭയെ കലാകേരളം ആദരവോടെ ഓർക്കുമെന്ന് നടന്‍ മോഹന്‍ലാല്‍ കുറിച്ചു.

മോഹന്‍ലാലിന്‍റെ കുറിപ്പ്

സംവിധാനത്തിലും ഛായാഗ്രഹണത്തിലും തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച, പ്രിയപ്പെട്ട സംഗീത് ശിവൻ, എനിക്ക് സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു. യോദ്ധയും, ഗാന്ധർവവും, നിർണ്ണയവും ഒക്കെ ഓരോ മലയാളിയുടെയും മനസിൽ ആഴത്തിൽ പതിഞ്ഞത്, അവയുടെയെല്ലാം പിന്നിൽ അദ്ദേഹത്തിൻ്റെ പ്രതിഭാസ്പർശം ഉള്ളതുകൊണ്ടാണ്. കാലമെത്ര കഴിഞ്ഞാലും സംഗീത് എന്ന മഹാപ്രതിഭയെ കലാകേരളം ആദരവോടെ ഓർക്കും, അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങൾ അനശ്വരരായി നിലകൊള്ളും. പ്രിയ സഹോദരന് വേദനയോടെ വിട.

TAGS :

Next Story