Quantcast

ഒമാനിൽ ചൊവ്വാഴ്ചയും പെയ്തത് കനത്ത മഴ

മസ്‌കത്ത്, നോർത്ത്‌ -സൗത്ത് ഷർഖിയ, ദാഖിലിയ, ദാഹിറ, സൗത്ത് ബാത്തിന ഗവർണറേറ്റുകളിലെ അണക്കെട്ടുകളിൽ സൂക്ഷിച്ചിരിക്കുന്ന ജലത്തിന്റെ അളവ് 30,955 ദശലക്ഷം ഘനമീറ്ററിലെത്തി

MediaOne Logo

Web Desk

  • Updated:

    2024-04-17 06:30:19.0

Published:

17 April 2024 6:28 AM GMT

Occasional rain likely in various governorates of Oman today
X

മസ്‌കത്ത്: ഒമാനിൽ ചൊവ്വാഴ്ചയും പെയ്തത് കനത്ത മഴ. വിവിധ പ്രദേശങ്ങളിൽ തുടർച്ചയായി പെയ്തിറങ്ങിയ മഴയിൽ ജനജീവിതം താളംതെറ്റിയിരിക്കുകയാണ്. മൂന്ന് ദിവസം തുടർച്ചയായി പെയ്യുന്ന മഴയെ തുടർന്നുണ്ടായ കെടുതികളിൽ മരണസംഖ്യ 19 ആയി.

ചൊവ്വാഴ്ച നിർത്താതെ പെയ്ത മഴയിൽ അൽ ബുറൈമിയിലെയും മഹ്ദയിലെയും നിരവധി വാദികളിലും തെരുവുകളിലും വെള്ളപ്പൊക്കമുണ്ടായി. ഇത് ഗതാഗതക്കുരുക്കിന് കാരണമായി. കനത്ത മഴയെത്തുടർന്ന് മഹ്ദയിലെ അണക്കെട്ടുകൾ കവിഞ്ഞൊഴുകുകയും വാദിൽ ഹയൂൽ പർവത പാതയിൽ മണ്ണിടിച്ചിലുണ്ടാകുകയും ചെയ്തു. മുസന്ദം ഗവർണറേറ്റിലെ വിവിധ വിലായത്തുകളിൽ മിതമായതും കനത്തതുമായ മഴയും രേഖപ്പെടുത്തി. മദ്ഹയിൽ ശക്തമായ മഴ പെയ്തപ്പോൾ ദിബ്ബ, ബുഖാ, ഖസബ് എന്നിവിടങ്ങളിൽ മിതമായ മഴ ലഭിച്ചു. കഴിഞ്ഞ ദിവസം ഇബ്രയിലും ഷിനാസിലും വമ്പൻ മഴയാണ് പെയ്തത്. 206 മില്ലീ മീറ്റർ മഴയാണ് ഈ സ്‌റ്റേറ്റുകളിൽ ലഭിച്ചത്. മഹ്ദയിൽ 183 എംഎമ്മും ലിവയിൽ 180 എംഎമ്മും മഴ പെയ്തിറങ്ങി.

അതേസമയം, മസ്‌കത്ത്, നോർത്ത്‌ -സൗത്ത് ഷർഖിയ, ദാഖിലിയ, ദാഹിറ, സൗത്ത് ബാത്തിന ഗവർണറേറ്റുകളിലെ അണക്കെട്ടുകളിൽ സൂക്ഷിച്ചിരിക്കുന്ന ജലത്തിന്റെ അളവ് 30,955 ദശലക്ഷം ഘനമീറ്ററിലെത്തി. നിലവിലുള്ള കാലാവസ്ഥയുടെ ആഘാതം ലഘൂകരിക്കുന്നതിന് നിരവധി ഗവർണറേറ്റുകളിലുടനീളമുള്ള അണക്കെട്ടുകളിലെ ജലനിരപ്പ് അഗ്രികൾച്ചറൽ വെൽത്ത്, ഫിഷറീസ്, ജലവിഭവ മന്ത്രാലയം സജീവമായി കൈകാര്യം ചെയ്യുന്നതായാണ് അധികൃതർ പറയുന്നത്. അണക്കെട്ടുകളിൽ നിന്ന് വെള്ളം തുറന്നുവിടുന്നതും ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തുന്നതുമായും ബന്ധപ്പെട്ടുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളെ ജലവിഭവ നിയന്ത്രണ വകുപ്പ് ഡയറക്ടർ എഞ്ചിനീയർ ഖാലിദ് ബിൻ സാലിം അൽഹൂതി ചൂണ്ടിക്കാട്ടി.

അതേസമയം, ബുധനാഴ്ചയും കൂടുതൽ മഴ പ്രതീക്ഷിക്കുന്നതിനാൽ, രാജ്യത്തുടനീളമുള്ള സ്‌കൂളുകൾക്ക് ഗവണമെൻറ് അവധി നൽകിയിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിനടിയിലായത് വാഹനഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. അതേസമയം, മഴക്കെടുതിയിൽ കൂടുതൽ ജീവൻ നഷ്ടപ്പെടാതിരിക്കാനുള്ള അധികൃതർ വിശ്രമമില്ലാതെ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. വിവിധ ഗവർണറേറ്റുകളിലായി നിരവധി പൗരന്മാരെയും താമസക്കാരെയും സുരക്ഷിത മേഖലകളിലേക്ക് മാറ്റിപ്പാർപ്പിച്ചു വരികയാണ്.

മസ്‌കത്തിലും നോർത്ത് ഷർഖിയയിലും മെഡിക്കൽ അത്യാഹിതങ്ങൾക്കായി രണ്ട് നിർണായക ഗതാഗത ഓപ്പറേഷനുകൾ റോയൽ ഒമാൻ പൊലീസ് (ROP) നടത്തി. ഖുരിയാത്ത് വിലായത്തിലെ സുഖയിൽ നിന്ന് റോയൽ ഹോസ്പിറ്റലിലേക്കും ദിമാഅ് വത്താഈൻ വിലായത്തിലെ ജബൽ അൽ അബ്‌യാദിലെ ഹെയ്ൽ അൽ കൗഫിൽ നിന്ന് അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലേക്കും വ്യക്തികളെ വിമാനമാർഗം എത്തിച്ചു.

ക്ലാസുകൾ നിർത്തിവച്ചു

വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ നടപടിയെന്ന നിലയിൽ, ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകൾ ഒഴികെ ഒമാനിലുടനീളം എല്ലാ പൊതു, സ്വകാര്യ, വിദേശ സ്‌കൂളുകളിലും ബുധനാഴ്ച്ച ക്ലാസുകൾ നിർത്തിവെച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരിക്കുകയാണ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ച കാലാവസ്ഥാ അലേർട്ടുകളും ദേശീയ എമർജൻസി മാനേജ്മെന്റ് കമ്മിറ്റിയും ഇതര അധികൃതരും നടത്തിയ കൂടിയാലോചനകളും അടിസ്ഥാനമാക്കിയാണ് ഈ തീരുമാനം. ഏപ്രിൽ 18 വ്യാഴാഴ്ച സ്‌കൂൾ പ്രവർത്തനങ്ങൾ സാധാരണനിലയിൽ പുനഃരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതൽ മഴ പ്രതീക്ഷിക്കുന്നു

അൽ ബുറൈമി, ദാഹിറ, നോർത്ത് ബാത്തിന, ദാഖിലിയ, മസ്‌കത്ത്, സൗത്ത് ബാത്തിന, സൗത്ത് ഷർഖിയ, നോർത്ത് ഷർഖിയ, മുസന്ദം തുടങ്ങി വിവിധ ഗവർണറേറ്റുകളിലും അൽ വുസ്ത ഗവർണറേറ്റിന്റെ വടക്കൻ ഭാഗങ്ങളിലും ബുധനാഴ്ച രാവിലെ ശക്തമായ ഇടിമിന്നലോട് കൂടിയ ശക്തമായ ഇടിമിന്നലോട് കൂടിയ കാറ്റും ആലിപ്പഴവർഷവും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. ദോഫാർ ഗവർണറേറ്റിൽ ഇടയ്ക്കിടെ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയും പ്രതീക്ഷിക്കുന്നു.

ഇടിമിന്നലുള്ള സമയത്ത് ജാഗ്രത പാലിക്കണമെന്നാണ് സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) നിർദേശം. വാദികളും താഴ്ന്ന പ്രദേശങ്ങളും മുറിച്ചുകടക്കൽ, കടലിൽ പോകൽ എന്നിവ ഒഴിവാക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു.

Heavy rain in Oman on Tuesday

TAGS :

Next Story