Quantcast

മഴക്കെടുതിയിൽ നാശനഷ്ടം നേരിട്ടവർക്ക് വിവിധ ഇളവുകൾ പ്രഖ്യാപിച്ച് യു.എ.ഇ

മഴക്കെടുതിയിൽ നാശം നേരിട്ടവരുടെ കാർ ലോൺ, പേഴ്‌സണൽ ലോൺ എന്നിവയുടെ തിരിച്ചടവിന് ആറുമാസം വരെ സമയം നീട്ടി നൽകണമെന്നാണ് യു.എ.ഇ സെൻട്രൽബാങ്ക് രാജ്യത്തെ ബാങ്കുകൾക്ക് നിർദേശം നൽകിയത്

MediaOne Logo

Web Desk

  • Published:

    22 April 2024 5:52 PM GMT

മഴക്കെടുതിയിൽ നാശനഷ്ടം നേരിട്ടവർക്ക് വിവിധ ഇളവുകൾ പ്രഖ്യാപിച്ച് യു.എ.ഇ
X

ദുബൈ: മഴക്കെടുതിയിൽ നാശനഷ്ടം നേരിട്ടവർക്ക് വിവിധ ഇളവുകൾ പ്രഖ്യാപിച്ച് യു.എ.ഇ. വായ്പാ തിരിച്ചടവിന് ആറുമാസം വരെ ഇളവ് അനുവദിക്കാൻ യു.എ.ഇ സെൻട്രൽ ബാങ്ക് നിർദേശം നൽകി. വിമാന യാത്ര മുടങ്ങിയവരിൽ നിന്ന് വിസാ കാലാവധി പിന്നിട്ടതിനുള്ള പിഴ ഈടാക്കേണ്ടതില്ലെന്ന് ദുബൈ എമിഗ്രേഷൻ അധികൃതർ തീരുമാനിച്ചു. ഷാർജ പൊലീസ് ഗതാഗത നിയമലംഘനത്തിനുള്ള നടപടികളും ഒഴിവാക്കി.

മഴക്കെടുതിയിൽ നാശം നേരിട്ടവരുടെ കാർ ലോൺ, പേഴ്‌സണൽ ലോൺ എന്നിവയുടെ തിരിച്ചടവിന് ആറുമാസം വരെ സമയം നീട്ടി നൽകണമെന്നാണ് യു.എ.ഇ സെൻട്രൽബാങ്ക് രാജ്യത്തെ ബാങ്കുകൾക്ക് നിർദേശം നൽകിയത്. ഇതിന് പ്രത്യേക ഫീസോ, അധിക പലിശയോ മുതൽ തുകയിൽ വർധനയോ വരുത്താൻ പാടില്ലെന്ന് സെൻട്രൽബാങ്ക് നിർദേശിച്ചു. മഴയിൽ വാഹനങ്ങൾക്കും, വീടിനും കേടുപാടുണ്ടായവർക്ക് ഇൻഷൂറൻസ് കമ്പനികൾ പോളിസി പ്രകാരമുള്ള നഷ്ടപരിഹാരം നൽകണം. ഉപഭോക്താക്കൾ നഷ്ടപരിഹാരത്തിന് അപേക്ഷിക്കുമ്പോൾ പോളിസി രേഖകൾ പരിശോധിക്കണമെന്നും നിർദേശമുണ്ട്.

വിമാനം റദ്ദാക്കിയതോടെ യാത്ര മുടങ്ങി ദുബൈയിൽ കുടുങ്ങിപ്പോയവരിൽ നിന്ന് വിസാ കാലാവധി പിന്നിട്ടതിന്റെ പിഴ ഈടാക്കേണ്ടതില്ലെന്ന് ജി.ഡി.ആർ.എഫ്.എ തീരുമാനിച്ചു. വിസ റദ്ദാക്കിയവർ തിരിച്ചുപോകാൻ വിമാനത്താവളത്തിലെത്തിയപ്പോഴാണ് വിമാനങ്ങൾ പലതും റദ്ദാക്കിയത്.

ന്യൂനമർദം ശക്തമായിരുന്ന ദിവസങ്ങളിലെ ഗതാഗത നിയമലംഘനങ്ങളിൽ നടപടി ഒഴിവാക്കാൻ തീരുമാനിച്ച ഷാർജ പോലീസ് നാശം നേരിട്ട വാഹനങ്ങൾക്ക് നൽകുന്ന നാശനഷ്ട സർട്ടിഫിക്കറ്റ് സൗജന്യമായി നൽകാനും തീരുമാനിച്ചു.

TAGS :

Next Story