Quantcast

ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരാണോ?; എങ്കിൽ ഈ അഞ്ചുകാര്യങ്ങൾ ശ്രദ്ധിക്കാം....

അമിതവണ്ണം, നടുവേദന തുടങ്ങിയവയാണ് ഒട്ടുമിക്കപേരെയും അലട്ടുന്ന ആരോഗ്യപ്രശ്‌നങ്ങൾ

MediaOne Logo

Web Desk

  • Published:

    17 April 2024 7:50 AM GMT

Desk Job,desk job health risks, desk job with long hours, health news,ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവര്‍,ഡെസ്ക് ജോലി,
X

കമ്പ്യൂട്ടറിലും ലാപ്‌ടോപ്പിലും ദീർഘനേരം ജോലി ചെയ്യുന്നവരെ നിരവധി ആരോഗ്യപ്രശ്‌നങ്ങൾ അലട്ടാറുണ്ട്. ഭാരം കൂടുക, നടുവേദന തുടങ്ങിയവയാണ് ഒട്ടുമിക്കപേരെയും അലട്ടുന്ന ആരോഗ്യപ്രശ്‌നങ്ങൾ. ദീർഘനേരം ഇരിക്കുന്നത് രക്തസമ്മർദം വർധിപ്പിക്കുന്നു. വ്യായാമമില്ലായ്മ രക്തയോട്ടമില്ലായ്മയും ഉയർന്ന രക്തസമ്മർദത്തിനും കാരണമാകും. ദീർഘനേരം ഇരിക്കുന്നത് അമിതവണ്ണത്തിനും ഇതുമൂലം ഹൃദ്രോഗമടക്കമുള്ളവയിലേക്ക് നയിക്കുമെന്നും പഠനങ്ങൾ പറയുന്നു. രോഗങ്ങളെ അകറ്റി നിർത്തി ജോലി മുന്നോട്ട് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ഈ അഞ്ചു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

ഭക്ഷണം വീട്ടിൽ നിന്നാകാം

ഹോട്ടൽ ഭക്ഷണത്തെ ആശ്രയിക്കുന്നതിന് പകരം പരമാവധി വീട്ടിൽ നിന്ന് തന്നെ ഉച്ചഭക്ഷണം കൊണ്ടുപോകാൻ ശ്രദ്ധിക്കുക. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക.

വെള്ളം കുടിക്കാന്‍ മറക്കരുത്

ജോലിക്കിടയിൽ വെള്ളം ആവശ്യത്തിന് കുടിക്കാൻ മറന്നുപോകുന്നവർ ശ്രദ്ധിക്കുക. ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ധാരാളം വെള്ളം കുടിക്കുന്നത് വിശപ്പ് നിയന്ത്രിക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യും. അനാവശ്യമായി ലഘുഭക്ഷണം കഴിക്കണമെന്ന തോന്നൽ കുറക്കാനും ഇടക്കിടെ വെള്ളം കുടിക്കുന്നത് സഹായിക്കും.

ഇടക്കൊന്ന് എഴുന്നേറ്റ് നടക്കാം

ഡ്യൂട്ടി തുടങ്ങിയത് മുതൽ അവസാനിക്കുന്നത് വരെ ദീർഘനേരം ഇരിക്കുന്നത് പരമാവധി കുറക്കുക. അരമണിക്കൂർ കൂടുമ്പോഴേ അല്ലെങ്കിൽ ഓരോ മണിക്കൂർ കൂടുമ്പോഴേ സീറ്റിൽ നിന്ന് എഴുന്നേറ്റ് അൽപ്പം നടക്കുക. സ്‌ട്രെച്ചിങ് വ്യായാമങ്ങളും ചെയ്യാം. നിങ്ങളുടെ ഇരിപ്പിന്റെ ദൈർഘ്യം കുറക്കാൻ വാച്ചിൽ ടൈമർ സജ്ജീകരിക്കുന്നതും നല്ലതാണ്.

ഭക്ഷണം കഴിക്കുന്നതിലും വേണം ശ്രദ്ധ

തിരക്കിനിടയിൽ ഓടിപ്പോയി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. വിശക്കുമ്പോൾ സമയത്തിനനുസരിച്ച് ഭക്ഷണം കഴിക്കുക. ഭക്ഷണം ആസ്വദിച്ച് കഴിക്കുക. എല്ലാ ദിവസവും ഒരേ സമയത്ത് ഭക്ഷണം കഴിക്കുക. വയറും മനസും നിറയുന്ന രീതിയിൽ ഭക്ഷണം കഴിക്കുക.

ലളിതം, ലഘുഭക്ഷണം

ജോലിയുടെ ഇടവേളയിൽ കൊറിക്കാനായി ലഘുഭക്ഷണങ്ങൾ പലരും കരുതാറുണ്ട്. മധുര പലഹാരങ്ങളോ,പാക്കറ്റ് ഭക്ഷണങ്ങളോ സ്ഥിരമായി കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കും. ഇതിന് പകരം പഴങ്ങൾ,പച്ചക്കറികൾ എന്നിവ കഴിക്കാം.

TAGS :

Next Story