Quantcast

പക്ഷിപ്പനിക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത

പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്തിന്റെ 3 കിലോ മീറ്റര്‍ ചുറ്റളവില്‍ ഫീവര്‍ സര്‍വേ നടത്തും പനിയുള്ളവരിലെ തൊണ്ടയിലെ സ്രവം പരിശോധിച്ച് പക്ഷിപ്പനിയല്ലെന്ന് ഉറപ്പ് വരുത്തും

MediaOne Logo

Web Desk

  • Published:

    19 April 2024 11:09 AM GMT

Animal Welfare Department says not to worry about bird flu; Guidelines issued
X

തിരുവനന്തപുരം: പക്ഷിപ്പനിക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത നിര്‍ദേശം. ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി. പക്ഷിപ്പനി മനുഷ്യരെ ബാധിക്കാതിരിക്കാന്‍ മുന്‍ കരുതലുകള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി 2023ലെ കേരള പൊതുജനാരോഗ്യ നിയമമനുസരിച്ച് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണമെന്നും രോഗബാധിത പ്രദേശങ്ങളിലുള്ളവരിലെ പനിയും മറ്റ് രോഗലക്ഷണങ്ങളും രണ്ടാഴ്ചക്കാലം പ്രത്യേക നിരീക്ഷണത്തിന് വിധേയമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്തിന്റെ 3 കിലോ മീറ്റര്‍ ചുറ്റളവില്‍ ഫീവര്‍ സര്‍വേ നടത്തുകയും പനിയുള്ളവരിലെ തൊണ്ടയിലെ സ്രവമെടുത്ത് പരിശോധിച്ച് പക്ഷിപ്പനിയല്ലെന്ന് ഉറപ്പ് വരുത്തുകയും ചെയ്യും. ആശാ പ്രവര്‍ത്തകരുടേയും ഫീൽഡ് തല ജീവനക്കാരുടേയും നേതൃത്വത്തില്‍ ഫീൽഡ് തല പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. പക്ഷിപ്പനി ബാധിച്ച പക്ഷികളുമായി ഇടപെട്ടവര്‍ ക്വാറന്റൈന്‍ കൃത്യമായി പാലിക്കണം. ഈ പ്രദേശത്തിന് 10 കിലോ മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തിപ്പെടുത്തും. ഏതെങ്കിലും തരത്തിലുള്ള പക്ഷി മരണങ്ങള്‍ കണ്ടെത്തുന്ന സാഹചര്യത്തില്‍ അപ്പോള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യണം. വണ്‍ ഹെല്‍ത്ത് പരിശീലനം ലഭിച്ച വോളണ്ടിയര്‍മാരുടെ സേവനവും ലഭ്യമാക്കും.

ഏതെങ്കിലും സാഹചര്യത്തില്‍ മനുഷ്യരില്‍ പക്ഷിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നെങ്കില്‍ ഐസൊലേഷന്‍ സെന്ററായി ആലപ്പുഴ ജനറല്‍ ആശുപത്രി സജ്ജീകരിച്ചിട്ടുണ്ട്. പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് റെഡ് സോണില്‍ നിന്നും വരുന്ന ഫീവര്‍ കേസുകള്‍ നേരിട്ട് ജനറല്‍ ഒ.പി യില്‍ വരുന്നതിന് പകരം ആരോഗ്യവകുപ്പ് ജീവനക്കാരെ മുന്‍കൂട്ടി അറിയിച്ച് ഇതിനായി സജ്ജമാക്കിയ പ്രത്യേക ഒ.പി. സൗകര്യം പ്രയോജനപ്പെടുത്തേണ്ടതാണ്.

പക്ഷിപ്പനിയുമായി ബന്ധപ്പെട്ട ഗുരുതര കേസുകളുണ്ടായാല്‍ ചികിത്സിക്കാനായി ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ സൗകര്യമൊരുക്കുമെന്നും മന്ത്രി അറിയിച്ചു. ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളും പിപിഇ കിറ്റ്, ഒസല്‍റ്റാമിവിര്‍ എന്നിവയുടെ സ്റ്റോക്ക് ഉറപ്പാക്കണമെന്നും പക്ഷികളുമായി ഇടപെട്ടവര്‍ക്കോ, നശീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കോ, കര്‍ഷകര്‍ക്കോ ഏതെങ്കിലും തരത്തിലുള്ള പനി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആശുപത്രിയിലേക്ക് മാറ്റാനായി പ്രത്യേക ആംബുലന്‍സ് സൗകര്യം ഉപയോഗിക്കേണ്ടതാണെന്നും വകുപ്പ് അറിയിച്ചു.

TAGS :

Next Story