Quantcast

കേരളത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം നാളെ അവസാനിക്കും

അടിയൊഴുക്കുകൾ അനുകൂലമാക്കാൻ സകല അടവുകളും പയറ്റുകയാണ് രാഷ്ട്രീയപ്പാർട്ടികൾ.

MediaOne Logo

Web Desk

  • Updated:

    2024-04-23 05:20:23.0

Published:

23 April 2024 12:45 AM GMT

campaign for the Lok Sabha elections in Kerala will end tomorrow
X

തിരുവനന്തപുരം: കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം നാളെ അവസാനിക്കും. പൗരത്വ നിയമഭേദഗതിയിൽ തുടങ്ങി പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം വരെ എത്തിനിൽക്കുകയാണ് പ്രചാരണ വിഷയങ്ങൾ. അടിയൊഴുക്കുകൾ അനുകൂലമാക്കാൻ സകല അടവുകളും പയറ്റുകയാണ് രാഷ്ട്രീയപ്പാർട്ടികൾ.

തെരഞ്ഞെടുപ്പ് രാഷ്ട്രീയപാർട്ടികൾക്ക് യുദ്ധമാണ്. ജയിക്കാൻ സകല അടവുകളും പുറത്തെടുക്കുന്ന സമയം. കേരളത്തിലെ പരസ്യ പ്രചാരണം നാളെ അവസാനിക്കുമെങ്കിലും രാഷ്ട്രീ പാർട്ടികളുടെ അടവുകൾ നാളെക്കൊണ്ടും തീരില്ല. 26ന് രാവിലെ ആറ് മണിക്ക് കേരളം പോളിങ് ബൂത്തിൽ എത്തുന്നത് വരെ അടവും തടവും നടക്കും. അവസാന നിമിഷത്തെ അടിയൊഴുക്കുകൾ അനുകൂലമാക്കി മാറ്റാൻ വേണ്ടിയുള്ള ഓട്ടമാണിനി. രാഷ്ട്രീയനേതാക്കൾ വിഷയങ്ങൾ കൊണ്ടും, വാചകങ്ങൾ കൊണ്ടും വോട്ടിനെ സ്വാധീനിക്കുന്ന സമയങ്ങൾ. സോഷ്യൽ എഞ്ചിനീയറിങ് എന്ന് പേരിട്ട് വിളിക്കുന്ന തെരഞ്ഞെടുപ്പ് അജണ്ട സെറ്റാക്കുന്ന മണിക്കൂറുകൾ.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ കേരളത്തെ പ്രചാരണ വിഷയങ്ങളിൽ പ്രധാനം പൗരത്വ നിയമ ഭേദഗതിയാണെന്ന് വ്യക്തമായിരിന്നു. ഇന്ന് വരെ അതിൽ മാറ്റം വന്നിട്ടില്ല. ന്യൂനപക്ഷങ്ങളെ സ്വാധീനിക്കുന്ന സി.എ.എ ഉയർത്തി തന്നെയാണ് ഇടത് മുന്നണി മുന്നോട്ട് പോകുന്നത്. ഇതിൽ കോൺഗ്രസിന് അയഞ്ഞ നിലപാടാണെന്ന് അവർ ആരോപിക്കുകയും ചെയ്യുന്നു. എന്നാൽ സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിനെതിരായ കേസുകൾ പിൻവലിക്കാത്തത് ഉയർത്തിയായിരുന്നു യു.ഡി.എഫ് പ്രതിരോധം. മണിപ്പൂരിലെ ക്രൈസ്തവ വേട്ടയും, മാസപ്പടിയും, വടകരയിലെ സൈബർ അക്രമണങ്ങളും, കരുവന്നൂരും, അയോധ്യയുമെല്ലാം പ്രചാരണത്തിൽ വന്നു പോയി.

ഒരു ഘട്ടത്തിൽ രാഹുൽ ഗാന്ധിയും മുഖ്യമന്ത്രിയും തമ്മിൽ നേരിട്ട് പോരായി. ഇ.ഡി എന്തുകൊണ്ട് പിണറായി വിജയനെ അറസ്റ്റ് അടക്കമുള്ളവയിൽ നിന്ന് ഒഴിവാക്കുന്നുവെന്ന രാഹുലിന്റെ ചോദ്യത്തിന് അടിയന്തരാവസ്ഥകാലത്ത് ജയിലിൽ കിടന്നത് ഓർമിപ്പിച്ചായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പിണറായി മോദിക്കെതിരെ പറയുന്നില്ലെന്നായി പിന്നീട് പ്രചരണം. അതിന് പിന്നാലെ മോദിയേയും രാഹുലിനേയും ഒരുപോലെ വിമർശിച്ച് മുഖ്യമന്ത്രി എത്തി. ഒടുവിൽ പതിവ് പോലെ നടത്താറുള്ള പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിൽ എത്തി നിൽക്കുകയാണ് പ്രചാരണ വിഷയങ്ങൾ. പോളിങ്ങിന് തൊട്ട് മുമ്പുള്ള വരും മണിക്കൂറുകൾ പലതും കാണാനും കേൾക്കാനുമുള്ള സമയമാണ്. ആര് വാഴും, ആര് വീഴും എന്ന് തീരുമാനിക്കുന്ന മണിക്കൂറുകൾ.

TAGS :

Next Story