Quantcast

പനിക്കിടക്കയില്‍ കേരളം; ഡെങ്കിയും എലിപ്പനിയും പടരുന്നു, പ്രതിദിന രോഗബാധിതര്‍ പതിനായിരത്തോളം

ഡെങ്കി ബാധിച്ച് ഒരു മരണം സ്ഥിരീകരിച്ചു. മലപ്പുറത്തും കോഴിക്കോട്ടുമാണ് പനിബാധിതരില്‍ കൂടുതലും

MediaOne Logo

Web Desk

  • Updated:

    2024-01-06 05:53:47.0

Published:

6 Jan 2024 3:39 AM GMT

Dengue fever and Rat-bite fever cases rise in Kerala
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനിയും എലിപ്പനിയും ബാധിക്കുന്നവരുടെ എണ്ണം കൂടുന്നു. ഈ മാസം ഇതുവരെ ഇരുന്നൂറിലേറെ പേര്‍ക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. മുപ്പതോളം പേര്‍ക്ക് എലിപ്പനിയും ബാധിച്ചു. വൈറല്‍ പനി ബാധിച്ച് അഞ്ച് ദിവസത്തിനിടെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത് 40,000ത്തോളം രോഗികളാണ്. രോഗബാധിതര്‍ കൂടുമ്പോഴും കാരുണ്യ ഫാര്‍മസികളിലടക്കം മരുന്ന് ക്ഷാമവും രൂക്ഷമാണ്.

നീണ്ടനിരയാണ് സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം. പനിക്ക് ചികിത്സ തേടിയെത്തുന്ന ആളുകളുടെ എണ്ണത്തില്‍ കുറവില്ല. നവംബറിലും ഡിസംബറിലും കണ്ട അതേ കാഴ്ചയാണ് പുതുവര്‍ഷത്തിലും സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് മുന്നില്‍. പ്രതിദിന പനിബാധിതരുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്. മലപ്പുറത്തും കോഴിക്കോട്ടുമാണ് പനിബാധിതരില്‍ കൂടുതലും.

സാധാരണ വൈറല്‍ പനിക്കൊപ്പം ഡെങ്കിയും എലിപ്പനിയും ആളുകളെ ബാധിക്കുന്നുണ്ട്. അഞ്ച് ദിവസത്തിനിടെ ഡെങ്കി സ്ഥിരീകരിച്ചത് ഇരുന്നൂറിലേറെ പേര്‍ക്കാണ്. ഒരു മരണവും ഡെങ്കിമൂലമുണ്ടായി. മുപ്പതിലേറെ പേര്‍ക്ക് എലിപ്പനിയും ബാധിച്ചു. ചിക്കന്‍പോക്സും എച്ച് വണ്‍ എന്‍ വണ്ണും ബാധിച്ചും ആളുകള്‍ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് എത്തുന്നു.

പനിയും അനുബന്ധ രോഗങ്ങളും ബാധിക്കുമ്പോള്‍ മരുന്ന് ക്ഷാമം രോഗികളെ രോഗത്തേക്കാളേറെ ബുദ്ധിമുട്ടിക്കുന്നു. സര്‍ക്കാര്‍ ആശുപത്രികളിലും കാരുണ്യ ഫാര്‍മസികളിലും വേണ്ടത്ര മരുന്നില്ല. രോഗിക്ക് അഞ്ചോ ആറോ മരുന്ന് ഡോക്ടര്‍ കുറിച്ച് നല്‍കിയാല്‍ രണ്ടെണ്ണം മാത്രമാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ലഭിക്കുക. ബാക്കി പുറത്തെ സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് ഭീമമായ തുക നല്‍കി വാങ്ങേണ്ടിവരുന്നു.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് പറയുമ്പോഴും രോഗവ്യാപനത്തില്‍ കുറവില്ല. കഴിഞ്ഞ മാസങ്ങളില്‍ പനി ബാധിതരുടെ എണ്ണം കൂടുമെന്ന വിലയിരുത്തല്‍ വകുപ്പിന് ഉണ്ടായിരുന്നു. പുതുവര്‍ഷത്തിലെ ആദ്യ ഒരാഴ്ചയിലും സ്ഥിതിക്ക് മാറ്റമില്ല. കാലാവസ്ഥാമാറ്റം രോഗവ്യാപനത്തിന് കാരണമായിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പ് കണക്കുകൂട്ടുന്നത്.

Summary: The number of people affected by dengue fever and Rat-bite fever rise in Kerala

TAGS :
Next Story