Quantcast

സംഗീത സംവിധായകന്‍ കെ.ജെ ജോയ് അന്തരിച്ചു

തൃശൂർ നെല്ലിക്കുന്ന് സ്വദേശിയായ ജോയ് ചെന്നൈയിലെ വസതിയിൽ ഇന്ന് പുലർച്ചെയാണ് മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2024-01-15 02:47:32.0

Published:

15 Jan 2024 2:40 AM GMT

kj joy
X

കെ.ജെ ജോയ്

തൃശൂര്‍: സംഗീത സംവിധായകൻ കെ.ജെ ജോയ് അന്തരിച്ചു. 77 വയസ്സായിരുന്നു. തൃശൂർ നെല്ലിക്കുന്ന് സ്വദേശിയായ ജോയ് ചെന്നൈയിലെ വസതിയിൽ ഇന്ന് പുലർച്ചെയാണ് മരിച്ചത്. ദക്ഷിണേന്ത്യൻ സിനിമയിൽ ആദ്യമായി കീബോർഡ് ഉപയോഗിച്ചത് കെ.ജെ ജോയ് ആയിരുന്നു . 1975ൽ പുറത്തിറങ്ങിയ ലവ് ലെറ്ററാണ് ആദ്യമായി സംഗീത സംവിധാനമൊരുക്കിയ മലയാള ചിത്രം.

ആദ്യകാലത്ത് പള്ളികളിലെ ക്വയർ സംഘത്തിന് വയലിൻ വായിച്ച് കൊണ്ടാണ് സംഗീത രംഗത്ത് തുടക്കം കുറിക്കുന്നത്.അക്കോർഡിയൻ വായനക്കാരനായിട്ടാണ് ജോയ് സിനിമാരംഗത്തേക്കു പ്രവേശിക്കുന്നത്. നൂറോളം സംഗീത സംവിധായകർക്കു വേണ്ടി അക്കോർഡിയനും കീബോർഡും വായിച്ച ബഹുമതി ജോയ്ക്ക് സ്വന്തമാണ്. അക്കോർഡിയൻ എന്ന സംഗീതോപകരണം ഏറ്റവും വിദഗ്ദമായി കൈകാര്യം ചെയ്യാനറിയാവുന്ന ചുരുക്കം ചില സംഗീതജ്ഞരിലൊരാളാണ് കെ. ജെ ജോയ്. കെ.വി. മഹാദേവന്‍റെയും എം.എസ്. വിശ്വനാഥന്‍റെയും വാദ്യവൃന്ദത്തിൽ പ്രവർത്തിക്കുവാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. തുടർന്ന് ലിസ, സർപ്പം, ഹൃദയം പാടുന്നു, മുത്തുച്ചിപ്പി തുടങ്ങി 62 ചിത്രങ്ങള്‍ക്ക് സംഗീതം നൽകി. 'സതേൺ കമ്പൈൻസ്' എന്ന റെക്കോഡിംഗ് സ്റ്റുഡിയോ ഉടമയുമാണ്.

കസ്തൂരി മാന്‍മിഴി മലര്‍ശരമെയ്തു, എന്‍ സ്വരം പൂവിടും, സ്വര്‍ണമീനിന്‍റെ ,കാലിത്തൊഴുത്തില്‍ പിറന്നവനെ, അക്കരയിക്കരെ, തുടങ്ങി നിരവധി നിത്യഹരിത ഗാനങ്ങള്‍ക്ക് ഈണമൊരുക്കിയത് ജോയ് ആണ്.

1990 വരെ മലയാളചലച്ചിത്രഗാനരംഗത്ത് സജീവമായിരുന്ന ജോയ് ഒരു കൂട്ടം കഴിവുള്ള ഗായകരെയും ഗാനരചയിതാക്കളെയും പരിചയപ്പെടുത്തിയിരുന്നു.ചലച്ചിത്രങ്ങൾക്ക് സംഗീതമൊരുക്കുന്നതിൽ മാത്രമായിരുന്നില്ല ജോയിയുടെ താല്പര്യം.ഏകദേശം പന്ത്രണ്ടോളം ഹിന്ദി ചലച്ചിത്രങ്ങൾക്ക് പശ്ചാത്തല സംഗീതമൊരുക്കി.അതോടൊപ്പം തന്നെ നൗഷാദ്,ലക്ഷ്മികാന്ത് പ്യാരിലാൽ,മദന്മോഹൻ,ബാപ്പി ലഹരി,ആർ ഡി ബർമ്മൻ തുടങ്ങിയ സംഗീത ഇതിഹാസങ്ങളോടൊത്ത് ജോലി ചെയ്യാനും ജോയിക്ക് കഴിഞ്ഞു.

TAGS :

Next Story