Quantcast

രണ്ടാം റാങ്കുകാരൻ 15 ആയി; 19-ാമന്‍ നാലും-ചട്ടങ്ങൾ ലംഘിച്ച് കാലടിയിൽ ഗവേഷണ വിദ്യാർത്ഥി പ്രവേശനമെന്ന് പരാതി

മലയാളം വകുപ്പിലെ ലിസി മാത്യു, ഡോ. സുനിൽ പി. ഇളയിടം എന്നിവർ ഉൾപ്പെടെ ഏഴുപേർ അടങ്ങുന്ന ഇന്റർവ്യൂ ബോർഡാണ് റാങ്ക് പട്ടിക തയാറാക്കിയത്

MediaOne Logo

Web Desk

  • Published:

    20 Dec 2022 1:16 AM GMT

രണ്ടാം റാങ്കുകാരൻ 15 ആയി; 19-ാമന്‍ നാലും-ചട്ടങ്ങൾ ലംഘിച്ച് കാലടിയിൽ ഗവേഷണ വിദ്യാർത്ഥി പ്രവേശനമെന്ന് പരാതി
X

കൊച്ചി: കാലടി സംസ്‌കൃത സർവകലാശാലയിൽ ഗവേഷണ വിദ്യാർത്ഥി പ്രവേശനം യു.ജി.സി ചട്ടങ്ങൾ ലംഘിച്ചെന്ന് പരാതി. പ്രവേശന പരീക്ഷയിൽ പിന്നിലായവരെ യോഗ്യരാക്കാൻ ക്രമക്കേട് നടന്നെന്നാണ് ആരോപണം. പ്രവേശന പരീക്ഷയുടെ മാർക്ക് അവഗണിച്ച് റാങ്ക് പട്ടിക തയാറാക്കിയതെന്ന് ചൂണ്ടിക്കാട്ടി സേവ് യൂനിവേഴ്‌സിറ്റി കാംപയിൻ ഗവർണർക്ക് പരാതി നൽകി.

മലയാളം വകുപ്പിൽ പി.എച്ച്.ഡി ഗവേഷണത്തിന് ഒൻപത് ഒഴിവുകളാണുള്ളത്. യു.ജി.സി നിയമപ്രകാരം പ്രവേശന പരീക്ഷയിൽ ലഭിച്ച മാർക്കിന്റെ 70 ശതമാനത്തോടൊപ്പം അഭിമുഖത്തിന്റെ 30 ശതമാനം മാർക്ക് കൂട്ടിച്ചേർത്തു വേണം അവസാന റാങ്ക് പട്ടിക തയാറാക്കാൻ. എന്നാൽ, ഇതിനു വിരുദ്ധമായി അഭിമുഖം മാത്രം പരിഗണിച്ച് ലിസ്റ്റ് തയാറാക്കിയെന്നാണ് പരാതി.

അന്തിമപട്ടികയിൽ പ്രവേശന പരീക്ഷയിൽ ആദ്യ റാങ്കുകളിൽ ഉണ്ടായിരുന്നവർ വളരെ പിന്നിലായി. രണ്ടാം റാങ്കുകാരൻ പതിനഞ്ചാം സ്ഥാനത്തേക്കും മൂന്നാം റാങ്ക് ലഭിച്ചയാൾ ഒൻപതാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. നാലാം റാങ്കിലുണ്ടായിരുന്നയാൾ 36 ആയി. എന്നാൽ, മറുവശത്ത് അഞ്ചാം റാങ്ക് ഒന്നാമതും പത്തൊമ്പതാം റാങ്ക് നാലാമതുമായി. പതിനാലാം റാങ്കുകാരന് ആറാം സ്ഥാനത്തേക്കും പതിനഞ്ചാം റാങ്കുകാരന് ഏഴാം റാങ്കിലേക്കും സ്ഥാനക്കയറ്റം കിട്ടി. ചട്ടങ്ങൾ അട്ടിമറിച്ച് ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ ഇടപെടൽ നടന്നുവെന്നാണ് ആരോപണമുയരുന്നത്.

മലയാളം വകുപ്പിലെ ലിസി മാത്യു, ഡോ. സുനിൽ പി. ഇളയിടം എന്നിവർ ഉൾപ്പെടെ ഏഴുപേർ അടങ്ങുന്ന ഇന്റർവ്യൂ ബോർഡാണ് റാങ്ക് പട്ടിക തയാറാക്കിയത്. സർവകലാശാലയിലെ ഈ വർഷത്തെ എല്ലാ ഗവേഷണ വിദ്യാർത്ഥി പ്രവേശനനടപടികളും നിർത്തിവയ്ക്കണമെന്നും യു.ജി.സി ചട്ടപ്രകാരം പ്രവേശനം നടത്താൻ വി.സിക്ക് നിർദേശം നൽകണമെന്നുമുള്ള ആവശ്യമാണ് സേവ് യൂനിവേഴ്‌സിറ്റി കാംപയിൻ മുന്നോട്ടുവയ്ക്കുന്നത്.

Summary: Complaint that admission of research students in Sree Sankaracharya University of Sanskrit, Kalady, violated UGC rules

TAGS :

Next Story