Quantcast

'ഇൻസ്റ്റഗ്രാമിലും കുടുംബ ഗ്രൂപ്പുകളിലും അശ്ലീല വിഡിയോയും മോശം ചിത്രങ്ങളും പ്രചരിപ്പിക്കുന്നു'; ആരോപണവുമായി കെ.കെ ശൈലജ

പാനൂർ ബോംബ് സ്‌ഫോടനത്തിൽ പാർട്ടിയ്ക്ക് പങ്കില്ലെന്നും പ്രതിക്കൊപ്പം താൻ നിൽക്കുന്നു എന്ന പേരിൽ ഫോട്ടോ പ്രചരിപ്പിക്കുന്നത് വ്യാജമാണെന്നും ശൈലജ

MediaOne Logo

Web Desk

  • Updated:

    2024-04-15 17:20:43.0

Published:

15 April 2024 3:23 PM GMT

UDF is spreading obscene videos and bad pictures against me on Instagram and family groups: Alleges Vatakara LDF candidate KK Shailaja, Lok Sabha elections 2024, Elections 2024, Lok Sabha 2024
X

കോഴിക്കോട്: യു.ഡി.എഫിനും ഷാഫി പറമ്പിലിനുമെതിരെ കടുത്ത ആരോപണങ്ങളുമായി വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ ശൈലജ. സ്ഥാനാർഥി എന്ന നിലയിൽ യു.ഡി.എഫ് സ്ഥാനാർഥിയും മീഡിയ വിങ്ങും വ്യക്തിഹത്യ നടത്തുന്നു. ഇൻസ്റ്റഗ്രാം പേജിലൂടെ മോശം ചിത്രങ്ങളും വിഡിയോയും പ്രചരിപ്പിക്കുന്നു. കുടുംബ ഗ്രൂപ്പുകളിൽ അശ്ലീല വിഡിയോ പ്രചരിപ്പിക്കുന്നുവെന്നും തെരഞ്ഞെടുപ്പ് കമ്മിഷനും വരണാധികാരിക്കും വീണ്ടും പരാതി നൽകുമെന്നും ശൈലജ അറിയിച്ചു.

തന്നെ തേജോവധം ചെയ്യുന്നത് സ്ഥിരമാക്കുകയാണ്. വൃത്തികെട്ട ഗൂഢസംഘമാണ് യു.ഡി.എഫിന്റെ പ്രചാരണത്തിലുള്ളത്. ജീവിതത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു തേജോവധം അനുഭവിക്കുന്നത്. സ്ഥാനാർഥിയെന്ന നിലയിൽ തുടർച്ചയായി ആക്ഷേപം നടത്തുന്നു. വ്യാജ വിഡിയോ ഉണ്ടാക്കാൻ പ്രത്യേക സംഘം തന്നെ യു.ഡി.എഫിനുണ്ടെന്നും ശൈലജ ആരോപിച്ചു.

'എന്റെ വടകര KL18' എന്ന പേരിലുള്ള ഇൻസ്റ്റഗ്രാം പേജിലാണു മോശം ചിത്രങ്ങളും വിഡിയോയും പ്രചരിപ്പിക്കുന്നതെന്നും അവർ ആരോപിച്ചു. കുടുംബ ഗ്രൂപ്പുകളിലാണ് ഇത് കൂടുതൽ വരുന്നത്. തനിക്ക് പിന്തുണ ഏറുന്നത് കണ്ടാവും കുടുംബഗ്രൂപ്പിൽ അശ്ലീല വിഡിയോ പ്രചരിപ്പിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി.

പാനൂർ ബോംബ് സ്‌ഫോടനത്തിൽ പാർട്ടിയ്ക്ക് പങ്കില്ലെന്നും ശൈലജ ആവർത്തിച്ചു. പ്രതിയ്‌ക്കൊപ്പം താൻ നിൽക്കുന്നു എന്ന പേരിൽ ഫോട്ടോ പ്രചരിപ്പിക്കുന്നുണ്ട്. നൗഫൽ കൊട്ടിയത്ത് എന്ന ചെറുപ്പക്കാരന്റെ ചിത്രമാണ് പ്രതി അമൽ കൃഷ്ണയുടെ പേരിൽ പ്രചരിപ്പിച്ചതെന്നും അവർ പറഞ്ഞു.

മുതിർന്ന നേതാക്കാൾക്കെതിരെ ഉൾപ്പെടെ ഒരുപാട് തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്. അന്നൊന്നും ഇതുപോലെ വ്യക്തിഹത്യ ഉണ്ടായിട്ടില്ല. തെറിക്ക് വേണ്ടി ഒരു സംഘത്തെ കൊണ്ടുവന്നിരിക്കുകയാണ്. സ്ഥാനാർഥിയുടെ അറിവോടെയാണിതു നടക്കുന്നത്. ഇത് നിങ്ങൾക്ക് ബൂമറാങ്ങായി വരും. എന്നെ കരിവാരിത്തേച്ചാൽ ജനം മനസിലാക്കും. നുണപ്രചാരണത്തിൽ വോട്ടർമാർ വിശ്വസിക്കരുത്. എന്നെപ്പറ്റി അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ നേരിട്ട് ചോദിക്കാമെന്നും കെ.കെ ശൈലജ കൂട്ടിച്ചേർത്തു.

Summary: 'UDF is spreading obscene videos and bad pictures against me on Instagram and family groups': Alleges Vatakara LDF candidate KK Shailaja

TAGS :

Next Story