Quantcast

ഹാർമോണിയം പൂട്ടി, മെഹ്ഫിൽ നിര്‍ത്തി പങ്കജ് ഉധാസ് മടങ്ങുമ്പോള്‍

എത്ര പ്രണയദാഹങ്ങൾക്ക് ശമനം നൽകിക്കാണണം, എത്ര പ്രണയാർദ്രമായ രാവുകൾക്കു കൂട്ടിരുന്നു കാണും ആ മാസ്മരികശബ്ദം. വിരഹത്തിന്റെ, വേർപാടിന്റെ വേദനയിൽ പിടഞ്ഞുമരിക്കേണ്ട എത്രയധികം ജന്മങ്ങളെ ജീവിതത്തിലേക്കു തിരിച്ചുവിളിച്ചുകാണും

MediaOne Logo

മുഹമ്മദ് ശഹീര്‍

  • Updated:

    2024-02-26 17:22:52.0

Published:

26 Feb 2024 4:29 PM GMT

ഹാർമോണിയം പൂട്ടി, മെഹ്ഫിൽ നിര്‍ത്തി പങ്കജ് ഉധാസ് മടങ്ങുമ്പോള്‍
X

നാട്ടിൽനിന്ന്

കത്ത് വന്നിരിക്കുന്നു,

നാട് നഷ്ടപ്പെട്ടു കഴിയുന്ന

നമ്മൾക്ക് നാടിന്റെ മണവുമായി

ഏറെനാളിനുശേഷമൊരു

കത്ത് വന്നിരിക്കുന്നു...

ആനന്ദ് ബക്ഷിയുടെ രചനയിൽ, ലക്ഷ്മികാന്ത്-പ്യാരേലാൽ സംഗീതത്തിൽ പിറന്ന 'ഛിട്ടി ആയി ഹെ', വിരഹവേദനയാൽ മുറിഞ്ഞ ശബ്ദത്തിൽ പങ്കജ് ഉധാസ് പാടുമ്പോൾ കണ്ണുനനയാൻ അകലങ്ങളിൽ പ്രിയപ്പെട്ടവരെ ഓർത്ത് കഴിയുന്ന പ്രവാസിയാകണമെന്നില്ല നിങ്ങൾ. പാട്ടുകേൾക്കുന്ന നിമിഷം ആരും ആ വികാരപ്രപഞ്ചത്തില്‍ മുങ്ങിയില്ലാതായിപ്പോകും.

1986ൽ പുറത്തിറങ്ങി ബോക്‌സോഫിസിൽ ഹിറ്റടിച്ച മഹേഷ് ഭട്ട് ചിത്രം 'നാമി'ന്റെ സൗണ്ട്ട്രാക്ക് ആയിരുന്നു ഛിട്ടി ആയി ഹെ. ചിത്രം തിയറ്ററിലും ജനഹൃദയങ്ങളിലും ഒരുപോലെ തരംഗമാക്കിയ ഗാനം. ബി.ബി.സി റേഡിയോ നൂറ്റാണ്ടിന്റെ നൂറുഗാനങ്ങൾ തിരഞ്ഞെടുത്തപ്പോൾ അക്കൂട്ടത്തിൽ ഛിട്ടി ആയി ഹെയും ഉണ്ടായിരുന്നു.

ദാരിദ്ര്യത്തിന്റെ കഷ്ടതകളില്‍നിന്ന് കുടുംബത്തെ കരകയറ്റാൻ ദുബൈ വഴി ഹോങ്കോങ്ങിലേക്കു കടന്ന യുവാവിന്റെ കഥ പറയുന്ന ചിത്രമാണ് നാം. ജോലി തട്ടിപ്പിനിരയായി ഹോങ്കോങ്ങിൽ ദുരിതപർവം താണ്ടുന്ന വിക്കി കപൂറായി വേഷമിട്ടത് സഞ്ജയ് ദത്ത്. ഭാഗ്യം തേടി അക്കരെ പറ്റിയ അനേകായിരങ്ങളുടെ പ്രതിനിധിയാണു വിക്കി. അവരുടെ വേദനകളും ഗൃഹാതുരതകളുമെല്ലാം അപ്പടി പാട്ടിലാക്കിയാണ്, പാടി അഭിനയിച്ചാണ് പങ്കജ് ഉധാസ് സംഗീതഹൃദയങ്ങൾ കീഴടക്കുന്നത്.

1950കളിലും 60കളിലും ബേഗം അഖ്തർ ഗസൽ സദിരുകളിൽ നിറഞ്ഞാടിയ കാലത്താണ് ഇങ്ങനെയൊരു പാട്ടുശൈലി ശ്രദ്ധിക്കുന്നതും ഇഷ്ടപ്പെടുന്നതുമെന്ന് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു പങ്കജ് ഉധാസ്. സീരിയസായി അതിനെ ഉള്ളിലേക്ക് എടുത്തത് ഉറുദുവിന്റെ ഭാഷാസൗകുമാര്യത്തിൽ ആകൃഷ്ടനായുമായിരുന്നു.

ഗസൽ എന്ന ഉറുദു സംഗീതമാന്ത്രികലോകത്തെ സുൽത്താൻ ഉസ്താദ് മെഹ്ദി ഹസനാണെങ്കിൽ, ബാക്കിയുള്ളവരെല്ലാം ഉസ്താദിലേക്കുള്ള അനേകം കൈവഴികളാണെന്നു പറയാറുണ്ട്. ഗസലിന്റെ അർത്ഥ-ശബ്ദമാധുരി കേട്ടുപരിചയിച്ചുവരുന്നവർക്ക് ഉസ്താദിനെ തൊടുക അത്ര എളുപ്പമല്ല. അവിടെ ചെന്നുചേർന്നവരും, 'കേൾവിപ്പെട്ട്' അതിൽ ലയിച്ചുചേർന്നവരുമെല്ലാം വന്ന വഴികൾ പലതാകും. ഗുലാം അലി, ജഗ്ജിത്ത് സിങ്, ചിത്ര സിങ്, പങ്കജ് ഉധാസ്, തലത് അസീസ്, ചന്ദൻ ദാസ്, ഹരിഹരൻ.. അങ്ങനെ..

അക്കൂട്ടത്തിൽ ഗസലിന്റെ ജനപ്രിയശബ്ദമായി വേറിട്ടുനിൽക്കുന്നു, പങ്കജ് ഉധാസ്. ഗസലിന്റെ പോപ്പുലർ ശബ്ദം എന്നു വേണമെങ്കിൽ പറയാം. ഉറുദു ഭാഷയുടെ സൗന്ദര്യമത്രയും വഴിഞ്ഞൊഴുകുന്ന, കവിതയുടെ വശീകരണശേഷിയെ പാട്ടിലാക്കിയ മാസ്മരികതയാണ് ഗസൽ. ബോളിവുഡ് ഉൾപ്പെടെ ജനപ്രിയ സംഗീതരൂപങ്ങളിൽനിന്നെല്ലാം വ്യത്യസ്തമാണ് അതിന്റെ ശൈലിയും ശീലങ്ങളും. അതുകൊണ്ടൊക്കെത്തന്നെ സാധാരണ കേൾവിക്കാരന് ഗസൽ ദഹിക്കാൻ പലപ്പോഴും സമയമെടുക്കും.

ഗസലിന്റെ അർത്ഥഗരിമയും മാധുര്യവും നുണയാൻ സാമാന്യജനത്തിനും സംഗീതാസ്വാദകർക്കും വേദി തുറക്കുകയായിരുന്നു പങ്കജ് ഉധാസ് ചെയ്തത്. പാട്ടും പ്രണയവും കവിതയും ഒന്നായൊരു ശിൽപം പോലെ വിടരുന്ന ഗസൽ മെഹ്ഫിലുകളിൽ എല്ലാവർക്കുമായി തുറന്നിടപ്പെട്ടൊരു വാതിലുണ്ടെന്ന് ആളുകൾ കേട്ടറിഞ്ഞു. നാനാതുറകളിൽനിന്നുമുള്ള ജീവിതങ്ങളെയും പങ്കജ് ഗസലിൽ പാടിമയക്കിക്കിടത്തിയതങ്ങനെയാണ്. ഏറ്റം ദുർഗ്രഹവും കഠിനവുമായ സംഗീതമാണ് ഗസലെന്ന് ആളുകൾക്കിടയിലൊരു ധാരണയുണ്ടെന്നും അതുകൊണ്ടാണു പുതിയ തലമുറ ഇങ്ങോട്ട് അടുക്കാത്തതെന്നും ഒരിക്കൽ പങ്കജ് തന്നെ പരിഭവം പറഞ്ഞിരുന്നു. ശരിയാണ്, ഈ സംഗീതത്തിലേക്കു കടക്കാൻ അൽപം സമയമെടുത്തേക്കാം. പരിചയിച്ചുകഴിഞ്ഞാൽ, പിന്നീട് അതിൽ ലയിച്ചുചേരലാണു പതിവെന്നും അദ്ദേഹം പറഞ്ഞു.

ഗസലിൽ ഓരോ പാട്ടുകാരനും ഓരോ സ്‌കൂളാണ്. മെഹ്ദി ഹസൻ ഗസലുകൾ വരികൾ കൊണ്ടും സംഗീതം കൊണ്ടും കുറച്ചേറെ ഗാഢവും നിഗൂഢവുമാണ്. സംഗതി പിടിച്ചെടുക്കാൻ ഇത്തിരി സമയമെടുക്കും. വെസ്റ്റേൺ മ്യൂസിക്കിനെ കൂടി ഗസലിൽ ബ്ലെൻഡ് ചെയ്ത ജഗ്ജിത്ത് വരികളിലും ആ സമന്വയവും പരീക്ഷണവും കൊണ്ടുവന്നു. ഗുലാം അലി സംഗീതത്തിലും സാഹിത്യത്തിലും വേറൊരു റൂട്ടിലൂടെ നടക്കുന്നു. പങ്കജ് ഉധാസ് മിക്കവാറും രണ്ടിലും ഏറ്റവും താഴേ സ്ട്രിങ് ആണു പിടിക്കുന്നത്. അതുകൊണ്ടൊക്കെ തന്നെ ഗസലിൽ പിച്ചവയ്ക്കുന്നവർക്ക് പെട്ടെന്ന് ഓടിക്കയറാൻ പറ്റിയ ഒരു പാട്ടുവണ്ടിയാണത്.

ഇക് തറഫ് ഉസ്‌കാ ഘർ, ജിയേ തോ ജിയേ കൈസേ, ആഹിസ്ത, ചാന്ദി ജൈസാ രംഗ്, നിക്‌ലോ ന ബേനഖാബ് എല്ലാം അങ്ങനെ എല്ലാവർക്കും പ്രിയപ്പെട്ട ഗസലുകളായി മാറി. എന്നാൽ, കുടിച്ചോളൂ.. പക്ഷെ, ഒരു കണക്കു വേണമെന്ന് 'തോഡി തോഡി പിയാ കരോ' പാടി പങ്കജ് ഓർമിപ്പിച്ചത് ഗസലിന്റെ മധുചഷകം നുണയാനെത്തിയവരെ കൂടിയാകണം. ഗസൽലഹരിയിലേക്കു ചെവി തുറക്കുംമുൻപ് ആ കരുതൽ വേണം. അകത്തു പെട്ടുകഴിഞ്ഞാൽ പിന്നെ അതിൽനിന്നൊരു മോചനമുണ്ടാകില്ല.

എത്ര പ്രണയദാഹങ്ങൾക്ക് ശമനം നൽകിക്കാണണം, എത്ര പ്രണയാർദ്രമായ രാവുകൾക്കു കൂട്ടിരുന്നു കാണും ആ മനോഹരശബ്ദം. പ്രണയനഷ്ടത്തിൽ നിദ്രാവിഹീനമായി ഉഴറിനടന്ന എത്ര ഹൃദയങ്ങൾക്ക് ആശ്വാസത്തിന്റെ കുളിരുപകർന്നുകാണും. വിരഹത്തിന്റെ, വേർപാടിന്റെ വേദനയിൽ പിടഞ്ഞുമരിക്കേണ്ട എത്രയധികം ജന്മങ്ങളെ ജീവിതത്തിലേക്കു തിരിച്ചുവിളിച്ചുകാണും. ഏകാന്തതയുടെ മടുപ്പിക്കുന്ന ഒറ്റമുറിയിരുട്ടിൽപെട്ടുപോയ എത്ര മനുഷ്യർക്ക് വെളിച്ചം തുറന്നുകാണും.

ഡോക്ടറാകാൻ ഒരുങ്ങിയിറങ്ങിയയാളാണ് പങ്കജ്. എങ്ങനെയോ വഴിതെറ്റിയാണ് പാട്ടിന്റെ ലോകത്ത് എത്തിപ്പെടുന്നത്. പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ലെങ്കിലും ഇടയ്ക്കിടയ്ക്ക് പഴയ പാഷൻ പൊടിതട്ടിയെടുക്കാറുണ്ടെന്ന് ഒരു അഭിമുഖത്തിൽ അദ്ദേഹം പറയുന്നുണ്ട്. വൈദ്യശാസ്ത്രത്തിൽ വരുന്ന പുതിയ മാറ്റങ്ങളെല്ലാം തിരയുകയും പുതിക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ശീലമുണ്ടത്രെ. അങ്ങനെ താൻ കുടുംബത്തിൽ സ്വയം പ്രഖ്യാപിത ഡോക്ടറായി മാറിയെന്നും ചിലരെയെങ്കിലും ചികിത്സിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

ഒരുകാര്യം ഉറപ്പാണ്, പാട്ടുകൊണ്ട് അനേകായിരങ്ങൾക്കു മരുന്നുപുരട്ടിയ മാന്ത്രികശബ്ദത്തിന്റെ പേരാണ് പങ്കജ് ഉധാസ്. പാട്ടുപെട്ടി പൂട്ടിവച്ച് അദ്ദേഹം മെഹ്ഫിലിൽനിന്ന് ഇറങ്ങിനടന്നിരിക്കുന്നു. എന്നാല്‍, പങ്കജ് പാടിവച്ചതെല്ലാം ഇനിയുമനേകം കാലം, അനേകം മനുഷ്യരുടെ ഹൃദയങ്ങളിൽ മരിക്കാതെകിടക്കും!

Summary: Ghazal maestro Pankaj Udhas obituary

TAGS :

Next Story