Quantcast

ചന്ദ്രനിലിറങ്ങി ഇന്ത്യ, ത്രീഡി പ്രിന്റിങ്ങിൽ ഉയരുന്ന കെട്ടിടങ്ങൾ; ഡീപ് ഫേക്ക് പേടിപ്പെടുത്തിയ വർഷം

Year Ender 2023

MediaOne Logo
3d building
X

ടെക് ലോകത്ത് സംഭവബഹുലമായ വർഷമായിരുന്നു 2023. ഏറെ നേട്ടങ്ങളും വളർച്ചകളും കണ്ട നാളുകൾ. അതോടൊപ്പം തന്നെ ടെക്നോളജിയുടെ ദുരുപയോഗം മാനവരാശിക്ക് ഏൽപ്പിക്കുന്ന പരിക്ക് ചില്ലറയല്ലെന്ന് ഓർമപ്പെടുത്തുകയും ചെയ്ത സംഭവങ്ങൾ. 2023ൽ ശാസ്ത്ര സാ​ങ്കേതിക രംഗത്തെ പ്രധാന സംഭവവികാസങ്ങൾ പരിശോധിക്കാം.

ചന്ദ്രനിലെത്തിയ ഇന്ത്യ

ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നിമിഷമായിരുന്നു ചാന്ദ്രയാൻ -3ന്റെ വിക്ഷേപണം. ചന്ദ്രോപരിതലത്തിലെ പാറയും മണ്ണും ഭൂമിയിലെത്തിച്ചു ഗവേഷണം നടത്താൻ ലക്ഷ്യമിട്ടുള്ള ഐഎസ്ആർഒയുടെ മൂന്നാമത്തെ ചാന്ദ്ര ദൗത്യമായിരുന്നു ചന്ദ്രയാൻ-3. 2023 ജൂലൈ 14നാണ് ചന്ദ്രയാൻ -3 കുതിച്ചുയർന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ വിക്ഷേപണതറയിൽ നിന്നും എൽ.വി.എം 3 റോക്കറ്റിലായിരുന്നു പേടകത്തിന്‍റെ യാത്ര. ഭൂമിയിൽ നിന്ന് 3,84,000 കിലോമീറ്റർ അകലെയുള്ള ചന്ദ്രനിൽ ഇറങ്ങുകയായിരുന്നു യാത്രയുടെ ലക്ഷ്യം.


ആഗസ്റ്റ് 23ന് വൈകുന്നേരം 6.04ന് ചന്ദ്രൻറെ ദക്ഷിണ ധ്രുവത്തിൽ ചന്ദ്രയാൻ -3 അതിസങ്കീർണമായ സോഫ്റ്റ് ലാൻഡിങ് വിജയകരമായി നടത്തി. ഇതോടെ ദക്ഷിണ ധ്രുവത്തിൽ പേടകത്തെ ഇറക്കിയ ആദ്യ രാജ്യമായി ഇന്ത്യ മാറി. കൂടാതെ, അമേരിക്കക്കും സോവിയറ്റ് യൂണിയനും ചൈനക്കും പിന്നാലെ ചന്ദ്രനിൽ ഒരു പേടകത്തെ ഇറക്കുന്ന നാലാമത്തെ രാജ്യവുമായി.

സൂര്യനെ പഠിക്കാൻ ആദിത്യ എൽ1

രാജ്യത്തിന്റെ പ്രഥമ സൗര്യപര്യവേക്ഷണ ദൗത്യമായ ആദ്യത എൽ1 വിക്ഷേപണവും വലിയ വിജയകരമായി. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്ന് സെപ്റ്റംബർ രണ്ടിന് രാവിലെ 11.50നാണ് ആദിത്യ എൽ1നെയും വഹിച്ച് പിഎസ്എൽവി സി 57 കുതിച്ചുയർന്നത്.

ഭൂമിയിൽനിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റർ അകലെ ഒന്നാം ലഗ്രാൻഷെ ബിന്ദു ലക്ഷ്യമാക്കി ആദിത്യ കുതിച്ചുകൊണ്ടിരിക്കുകയാണ്. ജനുവരി ആറിന് ലക്ഷ്യസ്ഥാനത്ത് എത്തുമെന്നാണ് പ്രതീക്ഷ. സൂര്യന്റെ പുറംഭാഗത്തെ താപവ്യതിയാനം, ബഹിരാകാശ കാലാവസ്ഥ ഉള്‍പ്പടെ സൂര്യനെ കുറിച്ചുള്ള വിശദ പഠനമാണ് ഐഎസ്ആർഒ ലക്ഷ്യമിടുന്നത്.

അതിവേഗം 5ജി

2022ന്റെ അവസാനത്തിലാണ് രാജ്യത്ത് 5ജി നെറ്റ്‍വർക്കുകൾ വിവിധ ടെലകോം കമ്പനികൾ ആരംഭിക്കുന്നത്. 2023ഓടെ രാജ്യമെങ്ങും 5ജി വ്യാപിക്കുന്നതാണ് കണ്ടത്. 5ജി ഡൗൺലോഡ് വേഗത്തിൽ ലോകത്തിലെ ആദ്യ 10 രാജ്യങ്ങളിൽ ഇന്ത്യ ഇടംപിടിച്ച വർഷം കൂടിയാണിത്.

ഇന്ത്യയിലെ ശരാശരി 5ജി ഡൗൺലോഡ് വേഗം സെക്കൻഡിൽ 312.5 എംബിയാണ്. ആദ്യമായാണ് ഇന്ത്യ ഈ പട്ടികയിലെത്തുന്നത്. ബ്രിട്ടനെയും ജപ്പാനെയും പിന്തള്ളിയാണ് ആദ്യ പത്തിലെത്തിയത്.

ട്വിറ്ററിൽനിന്ന് എക്സിലേക്ക്

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററിന്റെ പേര് ഇലോൺ മസ്ക് എക്സ് എന്നാക്കി മാറ്റിയതായിരുന്നു പോയവർഷത്തെ ടെക് ലോകത്തെ പ്രധാന വാർത്തകളിലൊന്ന്. പുനർനാമകരണം ഞെട്ടലോടെയാണ് ലോകം കേട്ടത്. 2022ലാണ് ട്വിറ്ററിനെ മസ്ക് ഏറ്റെടുക്കുന്നത്. 2023 ജൂലൈയിലാണ് പേരും ലോഗോയുമെല്ലാം മാറ്റുകയാണെന്ന വിവരം പുറത്തുവിട്ടത്.

എന്നാൽ, പിന്നീട് മസ്ക് വിചാരിച്ച പോലെയായിരുന്നില്ല കാര്യങ്ങൾ. വലിയ പ്രതിസന്ധിയിലൂടെയാണ് എക്സ് കടന്നുപോകുന്നത്. ട്വിറ്ററിനെ ഏറ്റെടുക്കാനായി ഇലോൺ മസ്‌ക് നൽകിയതിന്‍റെ പകുതിയിൽ താഴെയാണ് ഇപ്പോൾ കമ്പനിയുടെ മൂല്യം. മസ്ക് ട്വിറ്റർ ഏറ്റെടുത്തശേഷം ട്വിറ്ററിന്‍റെ സി.ഇ.ഒയെയും മറ്റ് എക്സിക്യൂട്ടീവ് ഓഫിസർമാരെയും പിരിച്ചുവിട്ടിരുന്നു. ഇതോടെ ഉപഭോക്താക്കളുടെ എണ്ണത്തിലും പരസ്യവരുമാനത്തിലും വലിയ കുറവാണ് കമ്പനി രേഖപ്പെടുത്തിയത്.

ത്രെഡ്ഡുപോയ ത്രെഡ്​സ്​

വൻ പ്രതിസന്ധിയിലായ എക്സിന് ബദലായി മാർക്ക് സക്കർബർഗ് ഇൻസ്റ്റഗ്രാമിന് കീഴിൽ അവതരിപ്പിച്ച മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോമായിരുന്നു ത്രെഡ്സ്. 2023 ജൂലൈയിലാണ് ത്രെഡ്സ് ആരംഭിക്കുന്നത്. ഏറെ കൊട്ടിഘോഷിച്ചെത്തിയ ത്രെഡ്സ് എന്ന ടെക്സ്റ്റ് ബേസ്ഡ് ആപ്പ് ആദ്യം അഞ്ച് ദിവസം കൊണ്ട് 100 ദശലക്ഷം യൂസർമാരെ സ്വന്തമാക്കി റെക്കോർഡും സൃഷ്ടിച്ചു.

ഇൻസ്റ്റഗ്രാം യൂസർമാർ കൂട്ടമായെത്തിയതായിരുന്നു ത്രെഡ്സിന് നേട്ടമായത്. എന്നാൽ, ആപ്പിനോടുള്ള ആവേശം കെട്ടടങ്ങിയതോടെ എല്ലാവരും ഇറങ്ങിപ്പോകുന്ന സ്ഥിതിയുണ്ടായി. പ്രതിദിനം 10 ദശലക്ഷം സജീവ ഉപയോക്താക്കൾ മാത്രമുള്ള ആപ്പായി ത്രെഡ്സ് മാറി.

ചാനലുമായി വാട്ട്സ്ആപ്പ്

വാട്ട്സ്ആപ്പിൽ ഒരുപാട് മാറ്റങ്ങൾ വന്ന വർഷമായിരുന്നു 2023. ഇതിൽ പ്രധാനപ്പെട്ടതാണ് ചാനലുകൾ. വൺ-വേ ബ്രോഡ്‌കാസ്റ്റ് ടൂളാണ് വാട്ട്‌സ്ആപ്പ് ചാനലുകൾ. വാർത്തകളും സെലിബ്രിറ്റികളുടെയടക്കമുള്ള അപ്‌ഡേറ്റുകളും ചാനലുകള്‍ വഴി അറിയാന്‍ സാധിക്കും.

മെസേജുകൾ എഡിറ്റ് ചെയ്യാനുള്ള ഫീച്ചർ ഈ വർഷമാണ് വാട്ട്സ്ആപ്പ് കൊണ്ടുവന്നത്. അതുപോലെ ചാറ്റുകൾ ലോക്ക് ചെയ്യാനുള്ള സൗകര്യവും ഹൈ ഡെഫിനിഷൻ ഫോ​ട്ടോകളും വീഡിയോകളും അയക്കാനുള്ള സംവിധാനവും കൊണ്ടുവന്നു.

ഒരേ സമയം വ്യത്യസ്ത ഡിവൈസുകളിൽ വാട്ട്സ്ആപ്പ് ഉപയോഗിക്കാം എന്ന ഫീച്ചറും അവതരിപ്പിച്ചു. വാട്ട്സ്ആപ്പ് വെബിൽ ഫോൺ നമ്പർ ഇല്ലാതെ തന്നെ യൂസർനെയിം ഉപയോഗിച്ച് മെസേജ് അയക്കാനുള്ള സൗകര്യം വരുമെന്ന പ്രഖ്യാപനവും വന്നുകഴിഞ്ഞു.


നിർമിത ബുദ്ധിയുടെ സാധ്യതകൾ

നിർമിത ബുദ്ധി കൂടുതൽ ജനകീയമായ വർഷമാണ് കടന്നുപോകുന്നത്. ഓപൺ എഐയുടെ ചാറ്റ് ജിപിടിയുടെ വരവോടെയാണ് ലോകം നിർമിത ബുദ്ധിയുടെ സാധ്യതകൾ തിരിച്ചറിയുന്നത്. ഇതിനെ മറികടക്കാൻ ഗൂഗിൾ തങ്ങളുടെ ബാർഡുമായും മൈക്രോ സോഫ്റ്റ് കോപൈലറ്റുമായും രംഗത്ത് വന്നു. റിലയൻസിന്‍റെ എഐ സംവിധാനം ഭാരത്​ ജിപിടിയും അണിയറയിൽ ഒരുങ്ങുകയാണ്​.

ചിത്രങ്ങൾ തയാറാക്കുക, പാട്ടിന്റെ വരികൾ രചിക്കുക, കത്തുകൾ തയാറാക്കുക, വീഡിയോകൾ സൃഷ്ടിക്കുക തുടങ്ങി എന്തും ഇത്തരം സംവിധാനങ്ങൾ ചെയ്ത് തരും. വരും വർഷം നിർമിത ബുദ്ധിയുടെ നൂതന വകഭേദങ്ങളായിരിക്കും കാണാനാവുക എന്നത് ഉറപ്പാണ്. ഓപ്പൺ എഐയുടെ സിഇഒ സ്ഥാനത്തുനിന്ന് സാം ആൾട്ട്​ മാനെ ഡയറക്ടർ ബോർഡ് പുറത്താക്കിയതും പ്രതിഷേധങ്ങളെ തുടർന്ന് അദ്ദേഹം തൽസ്ഥാനത്തേക്ക് തിരിച്ചെത്തിയതുമെല്ലാം 2023ലെ വലിയ വാർത്തയായി.

പേടിപ്പെടുത്തുന്ന ഡീപ് ഫേക്ക്

ഡീപ് ഫേക്കിന്റെ ഭീകരരൂപം ചർച്ചയായ വർഷം കൂടിയാണ് 2023. നിർമിത ബുദ്ധിയോടൊപ്പം തന്നെ വളർന്നുവരുന്ന പ്രതിഭാസമാണ് ഡീപ് ഫേക്ക്. യാഥാർഥ്യമെന്ന് തോന്നിപ്പിക്കുന്ന വ്യാജ ദൃശ്യങ്ങളും വീഡിയോകളും നിർമിക്കുന്ന ഡീപ് ഫേക് സാങ്കേതിക വിദ്യക്ക് സമീപകാലത്ത് വലിയ പ്രചാരണമാണ് ലഭിച്ചത്.

നടി രശ്മിക മന്ദാനയുടേതെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ ഇതിന്റെ ഉത്തമ ഉദാഹരണമായിരുന്നു. മറ്റൊരു വ്യക്തിയുടെ വീഡിയോയാണ് എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് രശ്മികയുടെ മുഖം ചേർത്ത് പ്രചരിപ്പിച്ചത്. ഡീപ് ഫേക്ക് ഉപയോഗിച്ച് പണം തട്ടിയ സംഭവങ്ങൾ വരെയുണ്ടായി. ഇത്തരം സംഭവങ്ങൾ വ്യാപകമായതോടെ ഡീപ് ഫേക്ക് വീഡിയോകളും വ്യാജപ്രചാരണങ്ങളും നേരിടാന്‍ നിയമം കൊണ്ടുവരുന്നത് കേന്ദ്ര സര്‍ക്കാറിന്റെ പരിഗണനയിലുണ്ട്.

ഗൂഗിളിന് 25 വയസ്സ്

ലോകത്തെ വിരൽത്തുമ്പിലേക്ക് ചുരുക്കിയ ഗൂഗിളിന് 25 വയസ്സ് തികഞ്ഞ വർഷം കൂടിയാണ് 2023. 1998ൽ സെപ്റ്റംബർ നാലിന് സ്റ്റാൻസ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളായ ലാറി പേജും സെർജി ബ്രിന്നും ചേർന്നായിരുന്നു ഗൂഗിൾ വികസിപ്പിച്ചെടുത്തത്.


കേവലം വെബ് സെർച്ച് എൻജിനിൽ നിന്നും അവിശ്വസനീയ ജനപ്രീതിയിലേക്ക് പെട്ടെന്ന് തന്നെ വളരാൻ ഗൂഗിളിന് സാധിച്ചു. ചിത്രങ്ങളും വീഡിയോകളും മുതൽ ഇന്ന് എ ഐ സംവിധാനങ്ങൾ വരെ വാഗ്ദാനം ചെയ്യുന്ന ഗൂഗിൾ ഏറ്റവും മൂല്യമുള്ള ടെക് കമ്പനി കൂടിയാണ്. യൂട്യൂബ്, ആൻഡ്രോയ്ഡ്, വെയ്സ്, ആഡ് സെൻസ്, ക്രോം, പി​ക്സെൽ, ഡ്രൈവ്, നെസ്റ്റ് തുടങ്ങി നിരവധി കമ്പനികളാണ് ഗൂഗിളിന് കീഴിലുള്ളത്.

എന്തും നിർമിക്കാൻ ത്രീഡി പ്രിന്റിങ്

ത്രീഡി പ്രിന്റിങ്ങിന്റെ അനന്തസാധ്യതയിലേക്ക് ലോകം മുന്നേറുന്ന കാഴ്ചക്ക് കൂടി ലോകം സാക്ഷ്യം വഹിക്കുകയുണ്ടായി. കേരളത്തിലടക്കം കെട്ടിടങ്ങൾ ഉൾപ്പെടെ ത്രീഡി പ്രിന്റിങ്ങിൽ നിർമിക്കുന്ന കാലമെത്തിക്കഴിഞ്ഞു. ഒരു വെർച്വൽ ഡിസൈൻ ഉണ്ടാക്കിയശേഷമാണ് ത്രീഡി പ്രിന്റിങ് പ്രവർത്തിക്കുന്നത്. കളിപ്പാട്ടങ്ങളും ഫോൺ കേസുകളും ടൂളുകളും വസ്ത്രങ്ങളും ഫർണിച്ചറുമെല്ലാം ഉണ്ടാക്കാൻ ത്രീഡി പ്രിന്റിങ് ഉപയോഗിക്കുന്നു.

ലഡാക്കിലെ സൈനികർക്കായി ത്രീഡി പ്രിന്റിങ് ഉപയോഗിച്ച് ഇന്ത്യൻ കരസേന ബങ്കറുകൾ നിർമിച്ചതും വാർത്തയായിരുന്നു. കൂടാതെ സ്വിസ് ഗവേഷകർ റോബോട്ടിക് കൈ നിർമിച്ചതും പുതിയ സാധ്യതകളാണ് തുറന്നുനൽകുന്നത്. ഒരു രോഗിയുടെ കോശങ്ങൾ ഉപയോഗിച്ച് തന്നെ അയാളുടെ ശരീരാവയവങ്ങൾ പ്രിന്റ് ചെയ്തെടുക്കുന്ന തലത്തിലേക്ക് ഈ സാങ്കേതികവിദ്യ മാറുമെന്നാണ് കരുതപ്പെടുന്നത്.

വേദനയായി ടൈറ്റൻ

2023ൽ ഏറ്റവും ചർച്ചയായ സംഭവങ്ങളിലൊന്നായിരുന്നു ടൈറ്റൻ അപകടം. 1912ൽ അറ്റ്‌ലാന്റിക്‌ സമുദ്രത്തിൽ മുങ്ങിയ ആഡംബരക്കപ്പൽ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ പോയ ടൈറ്റൻ അന്തർവാഹിനിയിലെ യാത്രക്കാരായ അഞ്ചു പേരും മരിച്ചെന്ന വാർത്ത ലോകം ഞെട്ടലോടെയാണ് കേട്ടത്. ഓഷ്യൻഗേറ്റ് എക്‌സ്‌പെഡിഷൻസ് ഈ യാത്രക്ക് 250,000 ഡോളറാണ് (രണ്ടുകോടി രൂപ) ഈടാക്കിയിരുന്നത്.


ബ്രിട്ടീഷ് വ്യവസായി ഹാമിഷ് ഹാർഡിങ് , എൻഗ്രോയുടെ വൈസ് ചെയർമാനും ശതകോടീശ്വരനുമായ ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ, ഫ്രഞ്ച് പൗരൻ പോൾ ഹെൻ‌റി നാർസലേ, ഓഷ്യൻഗേറ്റ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ സ്റ്റോക്ടൻ റഷ് എന്നിവരാണ് മരണപ്പെട്ടത്. ടൈറ്റൻ അകത്തേക്ക് പൊട്ടിത്തെറിച്ചാണ് അഞ്ച് യാത്രക്കാരും മരിച്ചത്. കടലിനടിയിലെ ശക്തമായ മര്‍ദത്തില്‍ പേടകം പൊട്ടിത്തെറിക്കുകയായിരുന്നു.

TAGS :
Next Story