Quantcast

മൂല്യം 11 രൂപയിൽനിന്ന് ഒരു ലക്ഷം രൂപയിലേക്ക്; എംആർഎഫിന്റെ കഥ

സെഞ്ച്വറി തികച്ച് ക്രീസിന് നടുവിൽനിന്ന് ആകാശത്തേക്ക് ഹെൽമറ്റും ബാറ്റുമുയർത്തി നിൽക്കുന്ന സച്ചിൻ ആരാധകർക്ക് വികാര നിർഭരമായ ആവേശമായിരുന്നു എങ്കിൽ എംആർഎഫിനത് എല്ലാം തികഞ്ഞ ബിസിനസ് എക്‌സിബിഷനായിരുന്നു.

MediaOne Logo

എം അബ്ബാസ്‌

  • Updated:

    2023-06-16 10:28:22.0

Published:

16 Jun 2023 10:24 AM GMT

MRF
X

മരക്കഷ്ണം കൊണ്ട് ചെത്തിയുണ്ടാക്കിയ ബാറ്റിൽ എംആർഎഫ് എന്നെഴുതി വച്ച ഒരു കാലമുണ്ടായിരുന്നു നൈന്റീസ് കിഡ്‌സിന്. പാടത്തും പറമ്പിലും കളിക്കാനിറങ്ങിയ ഏതു ക്രിക്കറ്റ് പ്രേമിയുടെയും ഹരമായിരുന്നു മൂന്നക്ഷരത്തിന്റെ സ്റ്റിക്കറൊട്ടിച്ച ആ ബാറ്റ്. ഗ്രൗണ്ടിൽ എംആർഎഫിന്റെ ബാറ്റേന്തിയത് സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ. സച്ചിൻ ഔട്ടായിപ്പോകുമ്പോൾ ടിവി ഓഫാക്കിപ്പോകുന്ന ലക്ഷക്കണക്കിന് ക്രിക്കറ്റ് ആരാധകരുള്ളൊരു രാജ്യത്ത് എംആർഎഫ് അങ്ങനെ വലിയൊരു ബ്രാൻഡായി മാറി. എംആർഎഫ് ക്രിക്കറ്റ് ബാറ്റുണ്ടാക്കുന്നൊരു കമ്പനിയാണ് എന്നു കരുതിയിരുന്നവരും ഏറെ.

ഏതായാലും, സച്ചിൻ എന്ന ഇതിഹാസത്തിനൊപ്പം ഇന്ത്യൻ മനസ്സുകളിൽ ഇടം നേടിയ എംആർഎഫ്, 2023 ജൂൺ 13ന് ഓഹരി വിപണിയിൽ ഒരു ചരിത്ര നേട്ടം സ്വന്തമാക്കി. ഒരു ഓഹരിക്ക് ഒരു ലക്ഷം രൂപയുള്ള ഇന്ത്യയിലെ ആദ്യത്തെ കമ്പനിയായി മാറി എംആർഎഫ്. ലളിതമായി പറഞ്ഞാൽ എംആർഎഫിന്റെ ഓരോഹരി സ്വന്തമാക്കണമെങ്കിൽ ഒരു ലക്ഷം രൂപാ മുടക്കണം. ലക്ഷം രൂപ മൂല്യമുള്ള ഓഹരി ദലാൽ സ്ട്രീറ്റിലെ ബഞ്ച് മാർക്കാണ്. ഒരു മൈൽസ്റ്റോൺ.

ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്ത 1993ൽ വെറും 11 രൂപയായിരുന്നു എംആർഎഫിന്റെ ഓഹരി വില. 20 കൊല്ലം മുമ്പ് ഒരു മാരുതി കാർ വാങ്ങുന്നതിന് പകരം ആ പണം എംആർഎഫിൽ നിക്ഷേപിക്കുകയായിരുന്നു എങ്കിൽ ഇന്ന് ഒരു ഔഡി വാങ്ങാനുള്ള കാശുണ്ടാകുമായിരുന്നു എന്ന് ചുരുക്കം.

മലയാള മനോരമയുടെ എഡിറ്റർ കെ.സി മാമ്മൻ മാപ്പിളയുടെ ഇളയ മകൻ കെഎം മാമ്മൻ മാപ്പിള സ്ഥാപിച്ചതാണ് എംആർഎഫ് എന്നു ചുരുക്കപ്പേരുള്ള മദ്രാസ് റബര്‍ ഫാക്ടറി. കേട്ടിരിക്കേണ്ട കഥയാണത്. അക്കഥ പിൽക്കാലത്ത് മനോരമ ചീഫ് എഡിറ്ററായിരുന്ന മാമ്മൻ മാത്യു ആത്മകഥയായ എട്ടാമത്തെ മോതിരത്തിൽ ഇങ്ങനെ എഴുതിയിട്ടുണ്ട്.



'ഞങ്ങളുടെ കുടുംബമെന്ന കപ്പലിനെ നിരാശയുടെ നടുക്കടലിൽനിന്ന് ഐശ്വര്യത്തിന്റെ കരയിലേക്കടുപ്പിച്ചതിന്റെ മുഖ്യ കാരണക്കാരൻ ബേബി എന്ന കെഎം മാമ്മൻ മാപ്പിള ആയിരുന്നു. 1946ൽ, 24-ാം വയസ്സിൽ പതിനായിരം രൂപ മൂലധനവും ദൃഢനിശ്ചയവും മാത്രം കൈമുതലാക്കി ബേബി മാറ്റിയത് കൺമുന്നിൽ, അതിശയത്തോടെ ഞാൻ കണ്ടു നിന്ന ചരിത്രമാണ്. സിപി ചുട്ടുകരിച്ച ഞങ്ങളുടെ സ്വപ്നങ്ങളുടെ ചാരത്തിൽനിന്നു പറന്നുയരാൻ ഞങ്ങളുടെ കുടുംബത്തിന് ചിറകുകൾ നൽകുകയായിരുന്നു ബേബി.'

ട്രാവൻകൂർ നാഷണൽ ആന്റ് ക്വയിലോൺ ബാങ്ക് തകർന്നതിന്റെയും മനോരമ കണ്ടുകെട്ടിയതിന്റെയും ആഘാതം കണ്ടത്തിൽ കുടുംബത്തെ പ്രയാസപ്പെടുത്തിയ കാലത്ത്, മദ്രാസിലെ തിരുവട്ടിയൂരിൽ ഒരു ബലൂൺ നിർമാണ യൂണിറ്റായാണ് എംആർഎഫിന് അസ്തിവാരമിടുന്നത്. എന്തെങ്കിലുമൊക്കെ സ്വന്തമായി ചെയ്യണമെന്ന ആശയിൽ നടക്കുകയായിരുന്ന മാമ്മൻമാപ്പിള മീൻവളർത്തലിനെ കുറിച്ചാണ് ആദ്യം ആലോചിച്ചത്. ബംഗാളിലേക്ക വണ്ടി കയറി അതു പഠിക്കുകയും ചെയ്തു. എന്നാൽ ചരിത്രം തീരുമാനിച്ചത് മറ്റൊന്നായിരുന്നു.

അപ്പൻ വാങ്ങിയ തിരുവട്ടിയൂരിലെ സ്ഥലത്ത് മാമ്മൻ മാപ്പിളയും ഭാര്യ കുഞ്ഞും ഒരു ബലൂൺ യൂണിറ്റ് തുടങ്ങി- 1946ൽ. 1949ൽ മദ്രാസിലെ തമ്പുചെട്ടി സ്ട്രീറ്റിൽ ഓഫീസായി. 1961ൽ പബ്ലിക് ലിമിറ്റഡ് കമ്പനിയായി. യുഎസിലെ മാൻസ്ഫീൽഡ് ടയർ കമ്പനിയുമായി സഹകരിച്ച് ടയർനിർമാണം ആരംഭിച്ചു. വലിയ ചരിത്രത്തിലേക്കുള്ള ചെറിയ ചുവടുവയ്പ്. തിരുവട്ടിയൂരിൽ എംആർഎഫിന്റെ ആദ്യത്തെ ടയർ പ്ലാന്റ് ഉദ്ഘാടനം ചെയ്തത് അന്നത്തെ മുഖ്യമന്ത്രി കെ കാമരാജാണ്. രണ്ടു വർഷത്തിനു ശേഷം സാക്ഷാൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു എംആർഎഫിന്റെ റബ്ബർ റിസർച്ച് സെന്റർ ഉദ്ഘാടനം ചെയ്തു.

ഡൺലിപ്, ഗുഡ് ഇയർ, ഫയർ സ്റ്റോൺ തുടങ്ങിയ അന്താരാഷ്ട്ര ബ്രാൻഡുകളോട് മത്സരിച്ചാണ് എംആർഎഫ് ടയർ വിപണി പിടിച്ചത്. പിന്നീട് കമ്പനിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. കോട്ടയത്തുൾപ്പെടെ ഇന്ത്യയിൽ പത്തിടത്ത് കമ്പനിക്ക് നിർമാണ യൂണിറ്റുകളായി. കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾക്കായി 1987ൽ ഫൺസ്‌കൂൾ കമ്പനി ആരംഭിച്ചു. അതിനൊപ്പം ആഗോള തലത്തിൽ നിരവധി കാർ റാലികളും റേസിങ്ങുകളും സ്‌പോൺസർ ചെയ്തു.




ഇന്ത്യൻ ക്രിക്കറ്റ് ടീമിന് മികച്ച പേസ് ബൗളർമാരെ സംഭാവന ചെയ്ത എംആർഎഫ് പേസ് ഫൗണ്ടേഷൻ കമ്പനിയുടെ ചരിത്രത്തിലെ നിർണായക മുദ്രയാണ്. ജവഗൽ ശ്രീനാഥ്, വെങ്കിടേഷ് പ്രസാദ്, സഹീർ ഖാൻ, ഇർഫാൻ പത്താൻ, എസ് ശ്രീശാന്ത് തുടങ്ങി ഇന്ത്യൻ പേസ് ബൗളിങ്ങിന് ചുക്കാൻ പിടിച്ച നിരവധി താരങ്ങൾക്ക് ഫൗണ്ടേഷൻ പരിശീലനം നൽകി.

ബാറ്റിങ് മാസ്‌ട്രോ സച്ചിനുമായുള്ള എംആർഎഫിന്റെ ബന്ധം ആരംഭിക്കുന്നത് 1996ലാണ്. 2009ൽ അവസാനിച്ച ആ ബന്ധം കമ്പനിക്ക് ജനഹൃദയങ്ങളിൽ നൽകിയ സ്വീകാര്യത ചെറുതായിരുന്നില്ല. സെഞ്ച്വറി തികച്ച് ക്രീസിന് നടുവിൽനിന്ന് ആകാശത്തേക്ക് ഹെൽമറ്റും ബാറ്റുമുയർത്തി നിൽക്കുന്ന സച്ചിൻ ആരാധകർക്ക് വികാര നിർഭരമായ ആവേശമായിരുന്നു എങ്കിൽ എംആർഎഫിനത് എല്ലാം തികഞ്ഞ ബിസിനസ് എക്‌സിബിഷനായിരുന്നു.

ഇങ്ങനെയൊക്കെയാണ് എംആർഎഫിന്റെ കഥ.

ടയറുരുട്ടി ചരിത്രത്തിലേക്ക് ഓടിക്കയറുന്ന കമ്പനിയുടെ ഇന്നത്തെ വിപണി മൂല്യം 42000 കോടി രൂപയാണ്. എന്നാൽ വിപണിവലിപ്പത്തിന്റെ കണക്കെടുക്കുമ്പോൾ സ്‌റ്റോക് എക്‌സ്‌ചേഞ്ചിലെ ആദ്യ വലിയ നൂറു കമ്പനികളിൽ പോലും എംആർഎഫില്ല എന്നതാണ് കൗതുകം. 16.8 ലക്ഷം കോടി രൂപ ആസ്തിയുള്ള മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസാണ് അതിൽ ഒന്നാമത്. രത്തൻ ടാറ്റയുടെ ടിസിഎസ് 11.8 ലക്ഷം കോടി രൂപയുടെ മൂല്യവുമായി രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് എച്ച്ഡിഎഫ്‌സി- ആസ്തി ഒമ്പത് ലക്ഷം കോടി.

ഇനി സച്ചിനിലേക്ക് തന്നെ മടങ്ങിവരാം. സച്ചിൻ അന്താരാഷ്ട്ര കരിയറിനോട് വിട പറഞ്ഞ 2013ൽ വെറും 1400-1500 രൂപ മാത്രമായിരുന്നു എംആർഎഫിന്റെ ഓഹരി വില. ഇന്നത് ഒരു ലക്ഷം. ഓഹരിവില ലക്ഷത്തിൽ നിൽക്കുന്നു എങ്കിലും സ്‌റ്റോക് എക്‌സ്‌ചേഞ്ചിലെ ഏറ്റവും കരുത്തുറ്റ ഓഹരി എംആർഎഫിന്റേതാണ് എന്നൊന്നും പറയാൻ കഴിയില്ല. മാർക്കറ്റ് കാപിറ്റലൈസേഷൻ അഥവാ വിപണി മൂല്യം, പ്രൈസ് ടു ഏണിങ് റേഷ്യോ, ലാഭം, മറ്റു ബിസിനസ് മാനദണ്ഡങ്ങൾ എന്നിവയെല്ലാം കണക്കാക്കിയാണ് ഓഹരിയുടെ കരുത്ത് കണക്കാക്കുന്നത്. ഇതുപ്രകാരം 2500 രൂപ മാത്രമുള്ള റിലയൻസ് ഓഹരിയും 3200 രൂപ വിലയുള്ള ടിസിഎസ് സ്റ്റോക്കും എംആർഎഫിനേക്കാൾ കരുത്തുറ്റതാണ്.

അപ്പോൾ എങ്ങനെയാണ് എംആർഎഫ് ഇത്രയും കരുത്തുള്ള ഓഹരിയിലേക്ക് എത്തി എന്നൊരു ചോദ്യമുണ്ട്. വളർച്ച കൈവരുമ്പോൾ സാധാരണ കമ്പനികൾ സ്റ്റോക് വിഭജിക്കുന്നതും റീട്ടെയിൽ നിക്ഷേപകർക്ക് കൂടുതൽ ബോണസ് ? നൽകുന്നത് പതിവാണ്. കഴിഞ്ഞ അമ്പതു വർഷമായി എംആർഎഫ് ഇതൊന്നും ചെയ്തിട്ടില്ല.

ബഹളങ്ങളില്ലാതെ, കൃത്യമായ ബ്രാൻഡിങ്ങുകൊണ്ട് ഒരു കമ്പനിക്ക് എങ്ങനെ ലോകം കീഴടക്കാനാകും എന്നതിന്റെ പാഠപുസ്തകമാണ് എംആർഎഫ്. അവർ ഇതുവരെ വിറ്റത് സത്യത്തിൽ ടയറായിരുന്നില്ല. ഇറ്റ് വാസ് എ ബ്രാൻഡ്.





TAGS :

Next Story