Quantcast

ദോഹ വിമാനത്താവളത്തില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവം: മാതാപിതാക്കള്‍ ഏഷ്യക്കാരെന്ന് തെളിഞ്ഞു

പ്രതികളെ ചോദ്യം ചെയ്ത് വരികയാണെന്നും അറസ്റ്റ് ഉടനെന്നും പബ്ലിക് പ്രോസിക്യൂഷന്‍

MediaOne Logo

  • Published:

    23 Nov 2020 5:30 PM GMT

ദോഹ വിമാനത്താവളത്തില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവം: മാതാപിതാക്കള്‍ ഏഷ്യക്കാരെന്ന് തെളിഞ്ഞു
X

ദോഹ വിമാനത്താവളത്തില്‍ നവജാത ശിശുവിനെ ടോയ്ലറ്റിലെ ചവര്‍ ബോക്സില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കവെയാണ് ഖത്തര്‍ പബ്ലിക് പ്രോസിക്യൂഷന്‍ നിര്‍ണായക വെളിപ്പടുത്തല്‍ നടത്തിയത്. കുഞ്ഞിന്‍റെ മാതാപിതാക്കളെ തിരിച്ചറിഞ്ഞതായും ഇവര്‍ ഏഷ്യന്‍ രാജ്യക്കാരാണെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായി പ്രോസിക്യൂഷന്‍ പുറത്തിറക്കിയ വാര‍്ത്താകുറിപ്പില്‍ വ്യക്തമാക്കി. കുഞ്ഞിന്‍റെ ഡിഎന്‍എ പരിശോധനയില്‍ നിന്നും ഇവര്‍ തന്നെയാണ് മാതാപിതാക്കളെന്ന് സ്ഥിരീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ടോയ്ലറ്റിലെ വേയ്സ്റ്റ് ബോക്സില്‍ കുഞ്ഞിനെ ഉപേക്ഷിക്കുന്നതിന് മുമ്പ് മാതാവ് പിതാവിന് കുഞ്ഞിന്‍റെ ഫോട്ടോ ഫോണ്‍ വഴി അയച്ചുകൊടുത്തതായും കണ്ടെത്താന്‍ കഴിഞ്ഞു. പിതാവിനെ ചോദ്യം ചെയ്തതില്‍ നിന്നും ഇക്കാര്യം സ്ഥീരിക്കപ്പെടുകയും ചെയ്തു. കുഞ്ഞിനെ ഉപേക്ഷിച്ച ശേഷം മാതാവ് രാജ്യം വിടുകയായിരുന്നു.

പ്രതികളെ ചോദ്യം ചെയ്യല്‍ തുടരുകയാണെന്നും ഉടന്‍ തന്നെ അറസ്റ്റുണ്ടാകുമെന്നും വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. കുറ്റം തെളിയുന്ന മുറയ്ക്ക് 15 വര്‍ഷത്തെ ജയില്‍ ശിക്ഷ ഇവര്‍ അനുഭവിക്കേണ്ടി വരും. എന്നാല്‍ ഇവര്‍ ഏത് രാജ്യക്കാരാണെന്നോ എന്തിനാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നോ ഈ ഘട്ടത്തില്‍ വെളിപ്പെടുത്തിയിട്ടില്ല. ഉപേക്ഷിക്കപ്പെട്ടതിന് തൊട്ടുപിന്നാലെ തന്നെ എയര്‍പോര്‍ട്ട് ജീവനക്കാരുടെ ശ്രദ്ധയില്‍ പെട്ട കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയും പൂര‍്ണമായ ആരോഗ്യത്തോടെ ചൈല്‍ഡ് കെയര്‍ സെന്‍ററില്‍ തുടരുകയുമാണ്. അന്വേഷണവുമായി ബന്ധപ്പെട്ട് നിരവധിയാളുകളുടെ മൊഴിയെടുത്തതായും കാമറാ, ഫോണ്‍ ദൃശ്യങ്ങളും ശേഖരിച്ചതായും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

സംഭവത്തിന് പിന്നാലെ എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ യാത്രക്കാരായ ഓസ്ട്രേലിയന്‍ വനിതകളെ ദേഹ പരിശോധനയ്ക്ക് വിധേയമാക്കിയതിനെതിരെ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ രംഗത്ത് വരികയും ഖത്തര്‍ ഭരണകൂടം നേരിട്ട് തന്നെ ഇക്കാര്യത്തില്‍ ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു

TAGS :

Next Story