Quantcast

വിമാനയാത്ര ഇനി 'ചീപ്പാകും'; ടാറ്റയ്ക്കു പിന്നാലെ മത്സരത്തിനൊരുങ്ങി ആകാശയും ജെറ്റ് എയർവേസും എത്തുന്നു

എയർ ഇന്ത്യ ടാറ്റ ഏറ്റെടുത്തതിനു പിന്നാലെ ആരംഭിച്ച പുതിയ ട്രെൻഡിലേക്ക് ആകാശ എയറും ജെറ്റ് എയർവേസുമെത്തുകയാണ്. ഇതോടെ മറ്റ് കമ്പനികളും പുതിയ മാറ്റങ്ങളുടെ ഭാഗമാകാൻ നിർബന്ധിതരാകുമെന്നുറപ്പാണ്

MediaOne Logo

Web Desk

  • Published:

    30 Jan 2022 6:33 PM GMT

വിമാനയാത്ര ഇനി ചീപ്പാകും; ടാറ്റയ്ക്കു പിന്നാലെ മത്സരത്തിനൊരുങ്ങി ആകാശയും ജെറ്റ് എയർവേസും എത്തുന്നു
X

ഇന്ത്യയിൽ ആഭ്യന്തര വിമാനയാത്രാ ചെലവ് കുത്തനെ കുറയാൻ സാധ്യത. യാത്രക്കാർക്ക് കൂടുതൽ ലാഭകരമാകുന്ന തരത്തിലുള്ള മത്സരത്തിനാണ് ആഭ്യന്തര വിമാന സർവീസ് വിപണി സാക്ഷ്യംവഹിക്കാൻ പോകുന്നത്. എയർ ഇന്ത്യ ടാറ്റ ഏറ്റെടുത്തതിനു പിന്നാലെ ആരംഭിച്ച പുതിയ ട്രെൻഡിലേക്ക് ആകാശ എയറും ജെറ്റ് എയർവേസുമെത്തുകയാണ്. ഇതോടെ മറ്റ് കമ്പനികളും പുതിയ മാറ്റങ്ങളുടെ ഭാഗമാകാൻ നിർബന്ധിതരാകുമെന്നുറപ്പാണ്.

ആകാശയാത്രയിൽ വിപ്ലവമുണ്ടാക്കാൻ ആകാശ എയർ

ഓഹരി വിപണിയിലെ രാജാവായ ശതകോടീശ്വരൻ രാകേഷ് ജുൻജുൻവാലയുടെ നേതൃത്വത്തിൽ വരുന്ന വിമാനകമ്പനി 'ആകാശ എയർ' തന്നെയാകും ഇന്ത്യൻ വ്യോമയാനരംഗത്ത് പുതിയ മത്സരങ്ങൾക്ക് തുടക്കമിടുക. എല്ലാവർക്കും താങ്ങാനാകുന്ന തരത്തിലേക്ക് വിമാനയാത്രയെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ആകാശ എയർ എത്തുന്നത്. അടുത്ത ജൂണോടെ സർവീസ് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.

ജെറ്റ് എർവേസ് മുൻ സിഇഒ വിനയ് ദുബെ, ഇൻഡിഗോ മുൻ പ്രസിഡന്റ് ആദിത്യ ഘോഷ് എന്നിവർക്കെല്ലാം കമ്പനിയിൽ നിക്ഷേപമുണ്ട്. ആകാശയാത്രയെ ജനാധിപത്യവൽക്കരിക്കുകയാണ് കമ്പനിയുടെ പ്രഥമ ലക്ഷ്യം. കുറഞ്ഞ ടിക്കറ്റ് നിരക്കിൽ വിമാനയാത്ര സാധ്യമാക്കാനാണ് പദ്ധതിയിടുന്നത്. ഇതോടൊപ്പം ഭക്ഷണം, സീറ്റ് തിരഞ്ഞെടുപ്പ് അടക്കമുള്ള സൗകര്യങ്ങളെല്ലാം അധിക ചെലവിലും ലഭ്യമാക്കും.

തിരിച്ചുവരവിനൊരുങ്ങി ജെറ്റ് എയർവേസ്

സാമ്പത്തിക പ്രതിസന്ധിമൂലം പ്രവർത്തനം നിലച്ച ജെറ്റ് എയർവേസ് തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്. 2019ൽ താൽക്കാലികമായി പ്രവർത്തനം നിർത്തിവച്ച കമ്പനി കൂടുതൽ കരുത്തോടെയാകും ആഭ്യന്തര സർവീസിൽ തിരിച്ചെത്തുക. ഈ വർഷം ആദ്യത്തിൽ തന്നെ മുഴുവൻ സേവനങ്ങളോടെയും വിമാനം സർവീസ് പുനരാരംഭിക്കുമെന്നാണ് അറിയുന്നത്.

ജലൻ-കൽറോക്ക് കൺസോർഷ്യം ആണ് കമ്പനിയുടെ പുതിയ ഉടമകൾ. വിമാനത്താവളത്തിലെ സ്ലോട്ടും അടിസ്ഥാന സൗകര്യങ്ങളുമടക്കമുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട് വ്യോമയാന വൃത്തങ്ങളുമായി ചർച്ച പുരോഗമിക്കുകയാണ്. ന്യൂഡൽഹി, മുംബൈ അടക്കമുള്ള പ്രധാന വിമാനത്താവളങ്ങളിൽ രാത്രി പാർക്കിങ്ങിനുള്ള ചർച്ചകളും തുടരുന്നു.

പുതിയ വിമാനങ്ങൾ ഇറക്കുന്നതിന്റെ ഭാഗമായി എയർബസ്, ബോയിങ് കമ്പനികളുമായി ചർച്ച നടത്തിക്കഴിഞ്ഞിട്ടുണ്ട്. അടുത്ത ആറുമാസത്തിനകം 1,500 കോടി രൂപയാണ് ജലൻ-കൽറോക്ക് കൺസോർഷ്യം കമ്പനിയിൽ നിക്ഷേപിക്കുക.

ടാറ്റാ ട്രെൻഡ്

ടാറ്റ ഏറ്റെടുത്തതിനു പിന്നാലെ ഭക്ഷണസേവനം മെച്ചപ്പെടുത്താനുള്ള നടപടികൾ എയർ ഇന്ത്യാ വിമാനങ്ങളിൽ ആരംഭിച്ചിട്ടുണ്ട്. ഉപയോക്താക്കൾക്ക് നൽകുന്ന മറ്റ് സേവനങ്ങളും മെച്ചപ്പെടുത്താനായി പ്രത്യേക എക്‌സിക്യൂട്ടീവ് ഹെൽപ് ഡെസ്‌ക്കിനും കമ്പനി തുടക്കമിട്ടിട്ടുണ്ട്. സർക്കാർ വൃത്തങ്ങൾ, മുതിർന്ന ബിസിനസ് എക്‌സിക്യൂട്ടീവുകൾ അടങ്ങുന്നതാണ് ഹെൽപ് ഡെസ്‌ക്ക്. വിമാനയാത്ര കൂടുതൽ സുഖകരമാക്കാനുള്ള മറ്റു പദ്ധതികളും ആലോചനയിലുണ്ടെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന വിവരം.

TAGS :

Next Story