Quantcast

'നാഗ്പൂരിൽനിന്ന് ദോഹ വഴി ലോകം ചുറ്റിക്കാണാം'; ബഹിഷ്‌ക്കരണ കാംപയിനിനിടെ വൈറലായി ഖത്തർ എയർവേയ്‌സ് പരസ്യം

ഖത്തർ എയർവേയ്സിനെ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനത്തിൽ ഉത്തർപ്രദേശ് ബി.ജെ.പി വക്താവ് ഗൗരവ് ഗോയൽ, ചണ്ഡിഗഡ് ബി.ജെ.പി സംസ്ഥാന സെക്രട്ടറി അമിത് റാണ തുടങ്ങിയ പ്രമുഖർ തന്നെ പങ്കുചേർന്നിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-06-07 15:43:04.0

Published:

7 Jun 2022 2:24 PM GMT

നാഗ്പൂരിൽനിന്ന് ദോഹ വഴി ലോകം ചുറ്റിക്കാണാം; ബഹിഷ്‌ക്കരണ കാംപയിനിനിടെ വൈറലായി ഖത്തർ എയർവേയ്‌സ് പരസ്യം
X

ദോഹ: സംഘ്പരിവാർ അനുകൂലികളുടെ ബഹിഷ്‌ക്കരണ ആഹ്വാനങ്ങൾക്കിടെ വൈറലായി ഖത്തർ എയർവേയ്‌സ് പരസ്യം. നാഗ്പൂരിൽനിന്ന് ലോകം പറന്നുകാണൂവെന്ന തലവാചകത്തോടെയുള്ള വിമാന കമ്പനിയുടെ പരസ്യമാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

ഖത്തർ എയർവേയ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.qatarairways.com ന്റെ ഹോംപേജിലാണ് പ്രത്യേക താളായി തന്നെ നാഗ്പൂരിൽനിന്ന് ദോഹയിലേക്കുള്ള യാത്രാവിവരങ്ങൾ ചേർത്തിരിക്കുന്നത്. നാഗ്പൂരിൽനിന്ന് നാല് പ്രതിവാര ഫ്‌ളൈറ്റുകളാണ് ദോഹയിലേക്കുള്ളത്. അടുത്ത അവധി ദിനത്തിൽ തന്നെ ഇന്ത്യയിൽനിന്ന് ദോഹ രാജ്യാന്തര വിമാനത്താവളം വഴി 140 അവിസ്മരണീയ സ്ഥലങ്ങളിലേക്ക് യാത്രപോകൂവെന്നാണ് ഖത്തർ എയർവേയ്‌സിന്റെ ക്ഷണം.

ബി.ജെ.പി വക്താവായിരുന്നു നുപൂർ ശർമയുടെ പ്രവാചകനിന്ദയിൽ അന്താരാഷ്ട്ര പ്രതിഷേധം ഉയരുന്നതിനിടെയാണ് ഖത്തർ എയർവേയ്‌സിനെതിരെ സംഘ്പരിവാർ അനുകൂല ഹാൻഡിലുകൾ ബഹിഷ്‌ക്കരണ കാംപയിൻ നടത്തുന്നത്. വിവാദ പരാമർശത്തിൽ ആദ്യമായി പ്രതിഷേധമറിയിച്ച രാജ്യമാണ് ഖത്തർ. ദോഹയിലെ ഇന്ത്യൻ അംബാസഡറെ വിളിച്ചുവരുത്തിയാണ് ഖത്തർ പ്രതിഷേധം അറിയിച്ചത്. പിന്നാലെ കുവൈത്ത്, ബഹ്‌റൈൻ, സൗദി അറേബ്യ, ഒമാൻ, ഇറാൻ, യു.എ.ഇ, ജോർദാൻ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളും രംഗത്തെത്തി. ഇതിനിടെ അന്താരാഷ്ട്ര സമ്മർദത്തെ തുടർന്ന് നുപൂറിനെ പാർട്ടി പ്രാഥമികാംഗത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്യുകയുമുണ്ടായി.

ഖത്തറിന്റെ ഔദ്യോഗിക വിമാനക്കമ്പനിയാണ് ഖത്തർ എയർവേയ്സ്. കമ്പനിയെ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം ട്വിറ്ററിൽ ടോപ് ട്രെൻഡിങ്ങിൽ വന്നിരുന്നു. ആദ്യഘട്ടത്തിൽ അക്ഷരപ്പിശകുള്ള Bycott എന്ന വാക്കുൾക്കൊള്ളുന്ന #BycottQatarAirways എന്ന ഹാഷ് ടാഗിലായിരുന്നു ബഹിഷ്‌കരണാഹ്വാനം. രണ്ടുലക്ഷത്തിലേറെ ട്വീറ്റുകളാണ് ഈ ടാഗിൽ വന്നത്. പിന്നീട് ഇത് #BoycottQatarAirways എന്ന് തിരുത്തുകയായിരുന്നു.

ഖത്തർ എയർവേയ്സിനെ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനത്തിൽ ഉത്തർപ്രദേശ് ബി.ജെ.പി വക്താവ് ഗൗരവ് ഗോയൽ, ചണ്ഡിഗഡ് ബി.ജെ.പി സംസ്ഥാന സെക്രട്ടറി അമിത് റാണ തുടങ്ങിയ പ്രമുഖർ തന്നെ പങ്കുചേർന്നിട്ടുണ്ട്. അതേസമയം, ഖത്തർ എയർവേയ്സിനെതിരായ ബഹിഷ്‌കരണ ആഹ്വാനം അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന്റെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കുമെന്ന് തെലങ്കാന രാഷ്ട്ര സമിതി സോഷ്യൽ മീഡിയ കൺവീനർ കൃഷ്ണൻ കെ അഭിപ്രായപ്പെട്ടു.

Summary: Explore the world from Nagpur: Qatar Airways' advertorial goes viral amidst boycott campaign

TAGS :

Next Story