Quantcast

ഒൻപതാം വയസിൽ ബാഫഖി തങ്ങൾക്കൊപ്പം ചുരംകയറിയപ്പോൾ; ഹൈദരലി തങ്ങളുടെ പ്രിയപ്പെട്ട യാത്ര

ബാഫഖി തങ്ങൾ ചുരത്തെക്കുറിച്ച് പറഞ്ഞുകൊടുത്തു. ഇടയ്ക്ക് പത്രം വായിച്ചുകൊടുക്കാൻ പറഞ്ഞു. ശബ്ദം താണപ്പോൾ ഉച്ചത്തിൽ വായിക്കാൻ ആവശ്യപ്പെട്ടു

MediaOne Logo

Shaheer

  • Updated:

    2022-03-06 17:30:57.0

Published:

6 March 2022 5:06 PM GMT

ഒൻപതാം വയസിൽ ബാഫഖി തങ്ങൾക്കൊപ്പം ചുരംകയറിയപ്പോൾ; ഹൈദരലി തങ്ങളുടെ പ്രിയപ്പെട്ട യാത്ര
X

പാണക്കാട്ടെ തങ്ങൾ കുടുംബത്തിന്റെ ഡയറിയിൽ വിശ്രമമെന്നൊരു വാക്കില്ല. നിരന്തര യാത്രകളും വിശ്രമരഹിതമായ ജീവിതവും. അതിരാവിലെ എണീറ്റാൽ രാവ് പുലരുവോളം നീളുന്ന യാത്രകൾ. നാടിന്റെ മുക്കുമൂലകളിലും സമൂഹത്തിന്റെ വിവിധ തുറകളിലുമെല്ലാമുള്ള എണ്ണമറ്റ മനുഷ്യർ അവരുടെ സാന്നിധ്യവും വരവും കാത്ത് പ്രതീക്ഷയോടെ ഇരിക്കുന്നുണ്ടാകും. പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങൾ തൊട്ട് പാണക്കാടിന്‍റെ പാരമ്പര്യം അതാണ്.

സമാശ്വാസത്തിന്റെയും സാന്ത്വനത്തിന്റെയും കരുതലിന്റെയും കരങ്ങൾ നീട്ടിയുള്ള ആ അശ്രാന്തയാത്രയ്‌ക്കൊടുവിൽ ഹൈദരലി ശിഹാബ് തങ്ങളും എന്നെന്നേക്കുമുള്ള വിശ്രമമെടുത്തിരിക്കുകയാണ്. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾക്കുശേഷം ശാന്തിദൂതുമായി, സഹാനുഭൂതിയുടെ സാന്നിധ്യമായി കേരളത്തിന്റെ മുക്കുമൂലകളിലേക്ക് നിരന്തരം യാത്ര ചെയ്യുകയായിരുന്നു ഏഴു പതിറ്റാണ്ടിന്റെ വലിയ മനുഷ്യായുസ്സില്‍ തങ്ങൾ. എന്നാൽ, ജീവിതത്തിൽ മറക്കാനാകാത്തൊരു യാത്രാ അനുഭവവുമുണ്ട് ഹൈദരലി തങ്ങൾക്ക്. അഭിമാനപൂർവം എന്നും മനസിൽ താലോലിച്ചിരുന്ന ഒരു യാത്രയുടെ ഓർമയാണത്.

പത്രം വായിച്ചുകൊടുത്തു, റേഡിയോ കേട്ടു

ഒൻപതാം വയസിലായിരുന്നു അത്. കോഴിക്കോട് മദ്റസത്തുൽ മുഹമ്മദിയ്യയിൽ സ്‌കൂൾ പഠനം തുടരുന്ന കാലം. ഒരു ദിവസം പിതാവ് പി.എം.എസ്.എ പൂക്കോയ തങ്ങളാണ് വയനാട് വരെ പോയിവരാൻ പറയുന്നത്. എന്നാൽ, പിതാവിനൊപ്പമായിരുന്നില്ല ആ യാത്ര. പകരം കേരള രാഷ്ട്രീയത്തിൽ മുടിചൂടാമന്നനും മുസ്‌ലിം ലീഗിന്റെ ആദരണീയനായ നേതാവുമായിരുന്ന സയ്യിദ് അബ്ദുറഹ്‌മാൻ ബാഫഖി തങ്ങളായിരുന്നു സഹയാത്രികൻ!

വയനാട്ടിലേക്കുള്ള ആദ്യ യാത്രയാണ്. ആദ്യമായി ചുരം കയറുകയാണ്. നന്നേ ചെറിയ പ്രായമായതിനാൽ അത്യധികം ആവേശത്തോടെയും ഉത്സാഹത്തോടെയുമായിരുന്നു യാത്ര പുറപ്പെട്ടത്. പുറത്തെ മനോഹരകാഴ്ചകൾ കണ്ടുകണ്ട് ചുരംകയറി.


ബാഫഖി തങ്ങൾ ചുരത്തെക്കുറിച്ച് വിവരിച്ചുകൊടുക്കുന്നുണ്ടായിരുന്നു. ഇടയ്ക്ക് പത്രം വായിച്ചുകൊടുക്കാൻ പറഞ്ഞു. ശബ്ദം താണപ്പോൾ ഉച്ചത്തിൽ വായിക്കാൻ ആവശ്യപ്പെട്ടു. പത്രംവായന കഴിഞ്ഞപ്പോൾ ബാഫഖി തങ്ങൾ റേഡിയോ കേൾക്കാൻ തുടങ്ങി. ഏറ്റവും പുതിയ വാർത്തകളിലേക്ക് കാതോർക്കുകയാണ് തങ്ങൾ.

ജീവിതത്തിൽ അത്രയും മനോഹരവും വിലപ്പെട്ടതുമായൊരു ചുരംയാത്ര പിന്നീടുണ്ടായിട്ടില്ല. വലിയൊരു മനുഷ്യനൊപ്പം, അദ്ദേഹത്തിന്റെ അനുഭവങ്ങളും പാഠങ്ങളും ഉപദേശങ്ങളും കഥകളും കേട്ടുള്ള ഒരു യാത്രയായിരുന്നു അത്.

പുലർച്ചെ തൊട്ട് പുലരുവോളം

പുലർച്ചെ പ്രഭാതനമസ്‌കാരം കഴിഞ്ഞിറങ്ങിയാൽ രാവ് പുലരുവോളം നീളുന്ന യാത്രകൾ. വെളിച്ചം പരക്കുംമുൻപ് തൊട്ടടുത്തൊരു വീടുകൂടലിൽ തുടങ്ങുന്ന ആ യാത്ര അർധരാത്രി ചെന്നുനിൽക്കുന്നത് ഒരുപക്ഷെ കേരളത്തിന്റെ അങ്ങേതലയ്ക്കലുള്ള ഏതെങ്കിലും ഓണംകേറാമൂലയിലാകും. വീടുകൂടൽ മുതൽ വിവാഹവും മരണവീടും കടന്ന് കടയുദ്ഘാടനവും പള്ളിയിലെ നമസ്കാരാരംഭവും കുറിച്ച് പാർട്ടി പരിപാടിയിലും പങ്കെടുത്തുകഴിയുമ്പോൾ രാവ് വെളുക്കുന്ന അനുഭവങ്ങളും കുറവല്ല.

തങ്ങളുടെ വെറുമൊരു നിമിഷസാന്നിധ്യം. അതുമാത്രം ആഗ്രഹിച്ച് ഓരോ ചൊവ്വാഴ്ചയും പാണക്കാട്ടെ വസതിയിലെത്തി തിയതി വാങ്ങിയുറപ്പിച്ച് കാത്തിരിക്കുന്നവരാകും അവരെല്ലാം. ഒരാളെയും-അവർ സമൂഹത്തിന്റെ ഏതേതു തട്ടുകളിലും തുറകളിലുമുള്ളവരാണെങ്കിലും-തങ്ങൾ നിരാശപ്പെടുത്തില്ല. ഒരാൾക്കും കൂടുതൽ പരിഗണനയുമില്ല.

രാവിലെ പുറപ്പെട്ടാൽ കാറിൽ പത്രങ്ങളുണ്ടാകും. പത്രംവായന യാത്രയിലാകും. മറ്റു പുസ്തകങ്ങളും വായിക്കാൻ ലഭിക്കുന്ന ആകെ ഒഴിഞ്ഞുകിട്ടുന്ന അപൂർവം നിമിഷങ്ങളാകുമത്. അതിനിടയിൽ ഇഷ്ടഗ്രന്ഥങ്ങളും പുസ്തകങ്ങളും വായിക്കും. വിശ്രുതനായ ഇസ്‌ലാമിക പണ്ഡിതൻ ഇമാം ഗസ്സാലിയുടെ വിഖ്യാതരചനയായ 'ഇഹ്യാ ഉലൂമുദ്ദീൻ' ആണ് യാത്രയിലെ സന്തതസഹചാരി.


റമദാൻ മാസം മാത്രമായിരിക്കും യാത്രകൾ വെട്ടിക്കുറച്ച് വീട്ടിലേക്ക് ഒതുങ്ങുക. പരിപാടികളും യാത്രകളുമെല്ലാം കുറച്ച് ആരാധനകളായിരിക്കും ഒരുമാസക്കാലം. അപ്പോഴും പെട്ടെന്നുണ്ടാകുന്ന ആവശ്യങ്ങൾക്കും ആലോചനകൾക്കുമായി പുറത്തിറങ്ങേണ്ടിവരും. വീട്ടിലുണ്ടാകുമ്പോഴും ഒഴിഞ്ഞിരിക്കുക എന്നൊന്നില്ല. സന്ദർശകരൊഴിഞ്ഞ സമയം അപൂർവം. അങ്ങനെ നിരന്തരം, നിലക്കാതെ ജനങ്ങൾക്കിടയിൽ പരന്നൊഴുകിയൊരു ജീവിതയാത്രയ്ക്ക് പരിസമാപ്തി.

Summary: Wayanad trip with Bafakhy Thangal at the age of 9; Favourite travel memory of Hyderali Shihab Thangal

TAGS :

Next Story