Quantcast

''ഡ്രോണൊന്നുമല്ല, വെറും കളിപ്പാട്ടം': ഇസ്രായേൽ വ്യോമാക്രമണത്തെ പരിഹസിച്ച് ഇറാൻ

ഇറാന്റെ ഇസ്ഫഹാൻ ലക്ഷ്യമാക്കി ഇസ്രായേൽ മിസൈലുകൾ വിക്ഷേപിച്ചെന്ന റിപ്പോർട്ടുകൾക്കിടെയാണ് വിദേശകാര്യമന്ത്രിയുടെ മറുപടി വരുന്നത്

MediaOne Logo

Web Desk

  • Updated:

    2024-04-21 07:22:16.0

Published:

21 April 2024 7:21 AM GMT

Iranian Foreign Minister Hossein Amir-Abdollahian
X

ഇറാൻ വിദേശകാര്യമന്ത്രി ഹുസൈൻ ആമിർ അബ്ദുള്ളാഹിയാൻ- ബെഞ്ചമിന്‍ നെതന്യാഹു

തെഹ്‌റാൻ: ഇറാനിലെ ഇസ്രായേൽ വ്യോമാക്രമണത്തെ പരിഹസിച്ച് ഇറാനിയൻ വിദേശകാര്യ മന്ത്രി ഹുസൈൻ ആമിർ അബ്ദുള്ളാഹിയാൻ. അവരുടെ ആയുധങ്ങൾ നമ്മുടെ കുട്ടികൾ കളിക്കുന്ന കളിപ്പാട്ടങ്ങൾ പോലെയാണെന്ന് അദ്ദേഹം പറഞ്ഞു. ഇറാന് നേരെ നടന്നതൊരു ആക്രമണമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാന്റെ ഇസ്ഫഹാൻ ലക്ഷ്യമാക്കി ഇസ്രായേൽ മിസൈലുകൾ തൊടുത്തെന്ന റിപ്പോർട്ടുകൾക്കിടെയാണ് വിദേശകാര്യമന്ത്രിയുടെ മറുപടി വരുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഇറാന് നേരെ ആക്രമണമുണ്ടായത്. ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമിച്ചുവെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ അതിര്‍ത്തി കടന്നെത്തിയത് ഡ്രോണുകളല്ലെന്നും കളിപ്പാട്ടമാണെന്നുമാണ് വിദേശകാര്യമന്ത്രി പറഞ്ഞത്.

''അത് ഡ്രോണുകളല്ല, കുട്ടികള്‍ കളിക്കാന്‍ ഉപയോഗിക്കുന്ന കളിപ്പാട്ടമാണത്. ഇതും ഇസ്രായേലും തമ്മില്‍ എന്തെങ്കിലും ബന്ധമുള്ളതായി തെളിഞ്ഞിട്ടില്ലെന്നും'' അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞയാഴ്ചയാണ് 600ലധികം മിസൈലുകളും ഡ്രോണുകളും റോക്കറ്റുകളും ഉപയോഗിച്ച്, ഇസ്രായേലിനെ, ഇറാന്‍ ആക്രമിക്കുന്നത്. ഇതിനുള്ള തിരിച്ചടി എന്ന നിലയ്ക്കാണ് ഇസ്രായേല്‍ വെള്ളിയാഴ്ച ഇറാന്‍ നേരെ ഡ്രോണുകള്‍ തൊടുത്തത്.

അതേസമയം ഇസ്രായേലിന്റെ ഭാഗത്ത് നിന്നും പ്രകോപനം ഉണ്ടാകാതെ സംഘർഷം വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഉന്നത ഇറാനിയൻ നയതന്ത്ര വിദഗ്ധർ വ്യക്തമാക്കിയിരുന്നു. ഇതെ അഭിപ്രായം തന്നെയാണ് ഇറാൻ വിദേശകാര്യമന്ത്രിയും പങ്കുവെച്ചത്. എന്നാല്‍ ഇസ്രായേൽ ആക്രമണത്തിന് മുതിർന്നാൽ, ഉചിതമായതും അതിവേഗത്തിലുള്ളതുമായ മറുപടി കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

''ഇസ്രായേലിന് നേരെ ഇറാൻ നടത്തിയ ആക്രമണം ഒരു മുന്നറിയിപ്പാണ്. ഇസ്രായേലിലെ ഹൈഫ, ടെൽ അവീവ് നഗരങ്ങളിൽ ഞങ്ങളുടെ മിസൈൽ പതിച്ചതായും ഇറാന്‍ വിദേശകാര്യമന്ത്രി അവകാശപ്പെട്ടു. ഇസ്രായേലിന്റെ എല്ലാ സാമ്പത്തിക മേഖലകളെയും ഞങ്ങൾക്ക് ലക്ഷ്യംവെക്കാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിറിയയിലെ തങ്ങളുടെ കോണ്‍സുലേറ്റിനുനേരെ നടത്തിയ വ്യോമാക്രമണത്തിനു തിരിച്ചടിയായാണ് ഇസ്രായേലില്‍, ഡ്രോണ്‍-മിസൈല്‍ ആക്രമണം ഇറാന്‍ നടത്തിയത്. ഇസ്രായേല്‍ നടത്തുന്ന കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷയാണ് ആക്രമണമെന്നായിരുന്നു ഇറാന്റെ നിലപാട്. ഏഴ് നയതന്ത്ര ഉദ്യോഗസ്ഥരുടെ മരണത്തിന് കാരണമായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനോ നിരസിക്കാനോ ഇസ്രായേല്‍ തയ്യാറായിട്ടില്ല.

Summary-'Toys our children play with': Iranian Foreign Minister mocks Israel's airstrike

TAGS :

Next Story