Quantcast

വേൾഡ് സെൻട്രൽ കിച്ചൺ പ്രവർത്തകർക്ക് നേരെ ഇസ്രായേൽ ആക്രമണം; യു.എസ്, യു.കെ പൗരൻമാർ ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടു

അന്വേഷണം ആവശ്യപ്പെട്ട് അമേരിക്കയും ബ്രിട്ടണും പോളണ്ടും

MediaOne Logo

Web Desk

  • Updated:

    2024-04-02 16:09:23.0

Published:

2 April 2024 4:02 PM GMT

world central kitchen
X

ഗസ്സയിൽ സന്നദ്ധ പ്രവർത്തകർക്ക് നേരെയുള്ള ക്രൂരത തുടർന്ന് ഇസ്രായേൽ സൈന്യം. ഗസ്സയിലെ ജനങ്ങൾക്ക് ഭക്ഷണമെത്തിക്കുന്ന വേൾഡ് സെൻട്രൽ കിച്ചണിൽ ജോലി ചെയ്യുന്ന ഏഴ് പേർ ഇ​സ്രായേൽ വ്യോമാക്രമണത്തിൽ ചൊവ്വാഴ്ച കൊല്ലപ്പെട്ടു. ആസ്ത്രേലിയ, പോളണ്ട്, ബ്രിട്ടൺ എന്നീ രാജ്യങ്ങളിലെ പൗരൻമാരും അമേരിക്കയുടെയും കാനഡയുടെയും ഇരട്ട പൗരത്വമുള്ളയാളും ഫലസ്തീൻ സ്വദേശികളുമാണ് കൊല്ലപ്പെട്ടത്.

കടൽ വഴി വന്ന 100 ടണ്ണിലധികം മാനുഷിക സഹായം ഇറക്കിയശേഷം ഡീൽ അൽ ബാലഹിലെ വെയർ ഹൗസിൽനിന്ന് തിരിച്ചുപോകുമ്പോഴാണ് ആക്രമണമുണ്ടാകുന്നത്. വേൾഡ് സെൻട്രൽ കിച്ചണിന്റെ ലോഗോ പതിച്ച വാഹനത്തിന് നേരരെയായിരുന്നു ആക്രമണം. ഇസ്രായേൽ പ്രതിരോധ സേനയുമായി ഏകോപിപ്പിച്ചായിരുന്നു യാത്രയെന്ന് വേൾഡ് സെൻട്രൽ കിച്ചൺ അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.

ഇത് വേൾഡ് സെൻട്രൽ കിച്ചണിനെതിരായ ആക്രമണം മാത്രമല്ല, ഭക്ഷണം യുദ്ധയുധമായി ഉപയോഗിക്കുന്ന ഏറ്റവും മോശമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന മാനുഷിക സംഘടനകൾക്ക് നേരെയുള്ള ആക്രമണമാണ്. ഇത് ഒരിക്കലും പൊറുക്കാനവില്ലെന്നും ഡബ്ല്യു.സി.കെയുടെ സി.ഇ.ഒ എറിൻ ഗോറി പറഞ്ഞു.

ഏഴ് ഡബ്ല്യു.സി.കെ പ്രവർത്തകരെ ഇസ്രയേൽ കൊലപ്പെടുത്തിയതിൽ താൻ അതീവ ദുഃഖിതനും പരിഭ്രാന്തനുമാണെന്ന് അധിനിവേശ ഫലസ്തീൻ പ്രദേശത്തിന്റെ ഹ്യൂമാനിറ്റേറിയൻ കോഓഡിനേറ്റർ ജാമി മക്ഗോൾഡ്രിക്ക് പ്രസ്താവനയിൽ പറഞ്ഞു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. 2023 ഒക്ടോബർ മുതൽ മാർച്ച് 20 വരെ അധിനിവേശ ഫലസ്തീൻ പ്രദേശത്ത് കുറഞ്ഞത് 196 മനുഷ്യസ്നേഹികൾ കൊല്ലപ്പെട്ടു. ഒരു വർഷത്തിനിടെ ഏതെങ്കിലും ഒരു സംഘർഷത്തിൽ രേഖപ്പെടുത്തിയ മരണസംഖ്യയുടെ ഏകദേശം മൂന്നിരട്ടിയാണിത്.

2023 ഒക്‌ടോബർ മുതൽ അധിനിവേശ ഫലസ്തീൻ ലോകത്തിലെ ഏറ്റവും അപകടകരവും ജോലി ചെയ്യാൻ ബുദ്ധിമുട്ടുള്ളതുമായ സ്ഥലങ്ങളിൽ ഒന്നായി മാറി. ഗസ്സയിൽ സുരക്ഷിതമായ ഒരു സ്ഥലവും അവശേഷിക്കുന്നില്ല. ഇവിടെ കടുത്ത പ്രയാസങ്ങളും കഷ്ടപ്പാടുകളും നിറഞ്ഞ സമയത്താണ് ഈ ആക്രമണം ഉണ്ടായത്’ -ജാമി മക്ഗോൾഡ്രിക്ക് വ്യക്തമാക്കി. ഗസ്സയിലെ 2.2 ദശലക്ഷം ജനങ്ങൾ കടുത്ത ഭക്ഷ്യക്ഷാമത്തിലൂടെയാണ് കടന്നുപോകുന്നത്. ഇവർക്ക് ആവശ്യമായ ഭക്ഷണം നൽകുകയാണ് ഡബ്ല്യു.സി.കെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ ദാരുണമായ സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തുമെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു. ഗസ്സയിൽ സന്നദ്ധപ്രവർത്തകർ കൊല്ലപ്പെട്ടതിനെക്കുറിച്ച് അന്വേഷിക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഇസ്രായേലിനോട് ആവശ്യപ്പെട്ടു. എന്താണ് സംഭവിച്ചതെന്ന് അടിയന്തിരമായി അന്വേഷിക്കാൻ ഞങ്ങൾ ഇസ്രായേലിനോട് ആവശ്യപ്പെടുന്നു. വ്യക്തമായും ഉത്തരം നൽകേണ്ട ചോദ്യങ്ങൾ ഇതിലുണ്ടെന്നും ഋഷി സുനക് പറഞ്ഞു. സംഭവം നിഷ്പക്ഷ അന്വേഷണം വേണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു.

ഗാസയിൽ ഏഴ് വിദേശ സന്നദ്ധ പ്രവർത്തകർ കൊല്ലപ്പെട്ടതിൽ ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് അമർഷം രേഖപ്പെടുത്തി. ‘ഒരു വെടിനിർത്തൽ ഉണ്ടാകുന്നതുവരെ ഇനിയും എത്ര ജീവനുകൾ നഷ്ടപ്പെടും? ഗസ്സയിലെ മാനുഷിക പ്രവർത്തകർ കൊല്ലപ്പെട്ടതിൽ ഞങ്ങൾ രോഷാകുലരാണ്’ -ഗെബ്രിയേസസ് എക്‌സിൽ കുറിച്ചു.

‘ജീവൻ രക്ഷാ സഹായം എത്തിക്കാനുള്ള അടിസ്ഥാന ആവശ്യകത സുരക്ഷയാണ്. വേൾഡ് സെൻട്രൽ കിച്ചൺ സംഘത്തിനും മരിച്ചവരുടെ കുടുംബങ്ങൾക്കും ഞങ്ങളുടെ അഗാധമായ അനുശോചനം. ഗസ്സയിലുടനീളമുള്ള സന്നദ്ധ പ്രവർത്തകരുടെ സംരക്ഷണത്തിനായി ഞങ്ങൾ ഒരിക്കൽ കൂടി ആവശ്യപ്പെടുന്നു’ -അദ്ദേഹം കൂട്ടിച്ചേർത്തു.

പോളിഷ് സന്നദ്ധ പ്രവർത്തകന്റെ മരണത്തിൽ പോളണ്ട് വിദേശകാര്യ മന്ത്രാലയം അനുശോചനം അറിയിച്ചു. ഗസ്സ മുനമ്പിലെ ഫലസ്തീൻ ജനതക്ക് സഹായം നൽകുന്ന സന്നദ്ധപ്രവർത്തകന്റെ കുടുംബത്തിന് ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളോടുള്ള അവഗണനയെയും മാനുഷിക തൊഴിലാളികൾ ഉൾപ്പെടെയുള്ള സാധാരണക്കാരെ സംരക്ഷിക്കാത്തതിനെയും പോളണ്ട് എതിർക്കുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി.

സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പോളിഷ് ഡെപ്യൂട്ടി ജസ്റ്റിസ് മന്ത്രി അർക്കാഡിയസ് മിർച്ച പറഞ്ഞു. തീർച്ചയായും ഓരോ മരണവും വിശദീകരിക്കണം. അത്തരം നടപടികൾ ഇവിടെ ആരംഭിക്കണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സന്നദ്ധ പ്രവർത്തകരെ ഇസ്രായേൽ ലക്ഷ്യമിടുന്നതിനെ ശക്തമായ ഭാഷയിൽ അപലപിക്കുന്നതായി ഹമാസ് പറഞ്ഞു. നിരായുധരായ സിവിലിയൻമാരോടും സന്നദ്ധ പ്രവർത്തകരോടുമുള്ള ഇത്തരം ക്രൂരതകൾ ഇസ്രായേലിന്റെ വംശഹത്യ സ്വഭാവത്തിന്റെ തെളിവാണ്. സഹായം നൽകുന്നവരെ ഭയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരം ആക്രമണങ്ങൾ. ആക്രമണത്തെ അപലപിക്കാനും ഗസ്സയിലെ ഫലസ്തീൻ ജനതയ്‌ക്കെതിരായ ഇസ്രായേൽ കുറ്റകൃത്യങ്ങളും ആക്രമണങ്ങളും അവസാനിപ്പിക്കാൻ നടപടിയെടുക്കാനും ഹമാസ് അന്താരാഷ്ട്ര സമൂഹത്തോടും യു.എൻ രക്ഷാസമിതിയോടും ആവശ്യപ്പെട്ടു.

അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻ.ജി.ഒയാണ് വേൾഡ് സെൻട്രൽ കിച്ചൺ. പ്രകൃതിദുരന്തങ്ങളിൽ അകപ്പെട്ട ജനതക്ക് ഭക്ഷണം നൽകുകയാണ് ഇവരുടെ പ്രധാന പ്രവർത്തനം. സ്പാനിഷ് അമേരിക്കൻ ഷെഫും റെസ്റ്റോറേറ്ററുമായ ജോസ് ആൻഡ്രേസാണ് 2010ൽ സംഘടന സ്ഥാപിക്കുന്നത്. ഹെയ്തിയിലുണ്ടായ വിനാശകരമായ ഭൂകമ്പത്തെത്തുടർന്നാണ് ഇതിന്റെ ആരംഭം. പ്രാദേശിക പാചകക്കാരു​മായി സഹകരിച്ചാണ് ഇതിന്റെ പ്രവർത്തനം. ഡൊമിനിക്കൻ റിപ്പബ്ലിക്, നിക്കരാഗ്വ, സാംബിയ, പെറു, ക്യൂബ, ഉഗാണ്ട, ബഹാമാസ്, കംബോഡിയ, ഉക്രെയ്ൻ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിലെല്ലാം പല സമയത്തായി സംഘടന സഹായ പ്രവർത്തനവുമായി രംഗത്തിറങ്ങി.

ഭൂകമ്പത്തെത്തുടർന്ന് 2023 ഫെബ്രുവരിയിൽ വേൾഡ് സെൻട്രൽ കിച്ചൻ തുർക്കിയിലും സിറിയയിലും മൊബൈൽ അടുക്കളകൾ സ്ഥാപിച്ചു. ഗസ്സയിൽ 2024 മാർച്ച് വരെ 32 ദശലക്ഷത്തിലധികം ഭക്ഷണമാണ് സംഘടന വിതരണം ചെയ്തത്.

TAGS :

Next Story